Tuesday, January 12, 2010

50,000 വര്‍ഷം മുമ്പും 'മേക്കപ്പ്'

മേക്കപ്പ് ഒരു കലയാണ്, സൗന്ദര്യവര്‍ധക മാര്‍ഗമാണ്, അതിലുപരി കോടികളുടെ ബിസിനസാണ്. ഇങ്ങനെയൊക്കെയുള്ള ഈ ഏര്‍പ്പാട് ആധുനികകാലത്തിന്റെ സന്തതിയെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍, അതത്ര ശരിയല്ലെന്ന് ഒരുസംഘം ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. 50,000 വര്‍ഷംമുമ്പ്, ഇന്നത്തെ മനുഷ്യന്റെ പൂര്‍വികവര്‍ഗമായ നിയാണ്ടെത്തലുകളും 'മേക്കപ്പ്' നടത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയിരിക്കുകയാണ് അവര്‍.

അരലക്ഷം മുമ്പ് നിയാണ്ടെര്‍ത്തല്‍ മനുഷ്യര്‍ ശരീരത്തില്‍ ചായം പൂശിയിരുന്നതിന് തെളിവ് ലഭിച്ച വിവരം, 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ (PNAS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണുള്ളത്.

പ്രാചീനമനുഷ്യര്‍ ചായപാത്രങ്ങളായി ഉപയോഗിച്ചിരുന്ന ചിപ്പിത്തോടുകള്‍ രണ്ട് ഉത്ഖനന മേഖലകളില്‍നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചു. തെക്കന്‍ സ്‌പെയിനിലെ മുര്‍സിയ പ്രവിശ്യയിലെ ഉത്ഖനന പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച ചിപ്പിത്തോടുകളില്‍ ചായത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്.

വിവിധ ചായങ്ങള്‍ കൂട്ടിക്കലര്‍ത്താനും സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നവയാണ് ആ ചിപ്പിത്തോടുകളെന്ന് വ്യക്തമായെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടനില്‍ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ പ്രൊഫ. ജൊവോ സില്‍ഹാവോ പറഞ്ഞു.

ശരീരത്തില്‍ പൂശാനുള്ള ചായമായി നിയാണ്ടെര്‍ത്തലുകള്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ള മാംഗനീസിന്റെ കറുത്ത ദണ്ഡുകള്‍ മുമ്പ് ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സൗന്ദര്യവര്‍ധനവിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും മേക്കപ്പ് ഉപയോഗിച്ചു തുടങ്ങിയത് ആധുനിക മനുഷ്യരാണെന്ന് മിക്ക ഗവേഷകരും കരുതിയിരുന്നു. എന്നാല്‍, നിയാണ്ടെര്‍ത്തലുകള്‍ ശരീരത്തില്‍ ചായം പൂശിയിരുന്നു എന്നതിനുള്ള വിശ്വസനീയമായ ആദ്യതെളിവാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രൊഫ.സില്‍ഹാവോ വാദിക്കുന്നു.

ആധുനിക മനുഷ്യരും നിയാണ്ടെര്‍ത്തലുകളും ഒരേസമയം നിലനിന്ന ഒരു കാലഘട്ടമുണ്ട്; അപ്പര്‍ പാലിയോലിത്തിക് യുഗം. ആ സമയത്ത് മനുഷ്യര്‍ ഉപയോഗിച്ചതായിക്കൂടേ ഈ ചായക്കൂട്ടുകള്‍ എന്ന് സംശയം തോന്നാം.

എന്നാല്‍, ഇരു വിഭാഗവും ഒരേസമയം നിലനിന്ന കാലത്തെക്കാള്‍ പതിനായിരം വര്‍ഷം പഴക്കമുള്ളതാണ് പുതിയ തെളിവുകളെന്ന് ഗവേഷകര്‍ പറയുന്നു. അതിനാല്‍, അവ നിയാണ്ടെര്‍ത്തല്‍ മനുഷ്യരുടേത് തന്നയാകാനാണ് സാധ്യത. (അവലംബം: PNAS)

5 comments:

Joseph Antony said...

മേക്കപ്പ് ആധുനികകാലത്തിന്റെ സന്തതിയെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍, അതത്ര ശരിയല്ലെന്ന് ഒരുസംഘം ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. 50,000 വര്‍ഷംമുമ്പ്, ഇന്നത്തെ മനുഷ്യന്റെ പൂര്‍വികവര്‍ഗമായ നിയാണ്ടെത്തലുകളും 'മേക്കപ്പ്' നടത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയിരിക്കുകയാണ് അവര്‍.

നന്ദന said...

വിസ്മയം

Visala Manaskan said...

അപ്പോ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലാല്ലേ? സമാധാനമായി! :)

താങ്ക്സ്!

ശ്രീ said...

അപ്പോപ്പിന്നെ ഇന്നത്തെ തലമുറയെ പറഞ്ഞിട്ടെന്തു കാര്യം?

ash said...

:) Thanks