Tuesday, January 05, 2010

'കെപ്ലാറി'ന്റെ പുതുവത്സര സമ്മാനം- 5 അന്യഉപഗ്രഹങ്ങള്‍

അന്യഗ്രഹവേട്ടയ്ക്ക് നാസ അയച്ച 'കെപ്ലാര്‍ ബഹിരാകാശ ടെലസ്‌കോപ്പ്' ആദ്യമായി അഞ്ച് അന്യഗ്രഹങ്ങളെ കണ്ടെത്തി. വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ തേടുകയാണ് കെപ്ലാറിന്റെ ലക്ഷ്യം.

2009 അവസാനം വരെ സൗരയൂഥത്തിന് വെളിയില്‍ 415 ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആ ഗണത്തിലേക്ക് കെപ്ലാറിന്റെ പുതുവത്സര സമ്മാനമയാണ് പുതിയ ഗ്രഹങ്ങള്‍ എത്തുന്നത്. ഇതോടെ മനുഷ്യന്‍ തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ എണ്ണം 420 ആയി.

കെപ്ലാര്‍ 4b, 5b, 6b, 7b, 8b എന്നിങ്ങനെയാണ് പുതിയ അന്യഗ്രഹങ്ങള്‍ക്ക് പേരിട്ടിട്ടുള്ളതെന്ന്, വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗവേഷകര്‍ അറിയിച്ചു. വലിപ്പവും ഊഷ്മാവും കൂടുതലായതിനാല്‍ 'ചൂടന്‍ വ്യാഴങ്ങള്‍' (hot Jupiters) എന്ന വിഭാഗത്തിലാണ് പുതിയ ഗ്രഹങ്ങളും പെടുന്നത്.

നെപ്ട്യൂണിന്റെ വലിപ്പമുള്ളത് മുതല്‍ വ്യാഴത്തിനെക്കാള്‍ വലുതുവരെ കെപ്ലാര്‍ കണ്ടെത്തിയവയില്‍ പെടുന്നു. 3.3 ദിവസം മുതല്‍ 4.9 ദിവസം വരെയാണ് പരിക്രമണ കാലയളവ്. താപനിലയാണെങ്കില്‍, 2,200 മുതല്‍ 3,000 ഡിഗ്രി ഫാരന്‍ഹെയ്്റ്റ് വരെ (തിളച്ചുമറിയുന്ന ലാവയുടേതിനെക്കാള്‍ കൂടുതല്‍!).

അഞ്ച് ഉപഗ്രഹങ്ങളുടെയും മാതൃനക്ഷത്രങ്ങള്‍ക്ക് സൂര്യനെക്കാള്‍ ചൂടും വലിപ്പവും കൂടുതലുണ്ട്. നക്ഷത്രങ്ങളുടെ സമീപത്താണ് ഗ്രഹങ്ങളുടെ ഭ്രമണപഥം. അതാണ് ഗ്രഹങ്ങള്‍ക്ക് ഇത്രയും താപനില വരാന്‍ കാരണം.

വാതകധൂളീവലയങ്ങളില്‍ നിന്ന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉള്‍പ്പെട്ട സംവിധാനം എങ്ങനെ ഉരുത്തിരിയുന്നു എന്നകാര്യം കൂടുതല്‍ വ്യക്തമാകാന്‍ കെപ്ലാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ സഹായിക്കുമെന്ന്, നാസയുടെ ആമെസ് റിസര്‍ച്ച് സെന്ററിലെ വില്യം ബൊറുക്കി പറഞ്ഞു. കെപ്ലാര്‍ ദൗത്യത്തിന്റെ മുഖ്യശാസ്ത്രജ്ഞനാണ് അദ്ദേഹം.

മാത്രമല്ല, കെപ്ലാര്‍ നന്നായി പ്രവര്‍ത്തിക്കുന്നു, അതിന് ലക്ഷ്യം നേടാനാകും എന്നും ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 2009 മാര്‍ച്ച് ആറിന് ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ വ്യോമത്താവളത്തില്‍ നിന്നാണ് കെപ്ലാര്‍ വിക്ഷേപിക്കപ്പെട്ടത്.

ഏതാണ്ട് ഒന്നര ലക്ഷത്തോളം നക്ഷത്രങ്ങളെ കെപ്ലാര്‍ തുടര്‍ച്ചയായി സര്‍വെ ചെയ്യുന്നു. കെപ്ലാറിലെ മുഖ്യനിരീക്ഷണോപകരണമായ ഫോട്ടോമീറ്ററിന്, ഗ്രഹങ്ങളാകാന്‍ സാധ്യതയുള്ള നൂറുകണക്കിന് ആകാശവസ്തുക്കളുടെ സൂചന ലഭിച്ചു കഴിഞ്ഞു.

ആ സൂചനകളുടെ ആദ്യവിശകലനത്തിലാണ് അഞ്ച് ഗ്രഹങ്ങളെ തിരിച്ചറിയാന്‍ സാധിച്ചത്. ഭൂമിയിലുള്ള ടെലസ്‌കോപ്പുകളുടെ സഹായത്തോടെ ആ കണ്ടെത്തല്‍ സ്ഥിരീകരിച്ച ശേഷമാണ് ഇപ്പോള്‍ വിവരം പുറത്തു വിട്ടത്.

വിദൂര ഗ്രഹങ്ങള്‍ അവയുടെ മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നു പോകുമ്പോള്‍ (സംതരണ വേളയില്‍) ഉണ്ടാകുന്ന പ്രകാശവ്യതിയാനം നിര്‍ണയിച്ചാണ് കെപ്ലാര്‍ ഗ്രഹസാന്നിധ്യം അറിയുന്നത്. ഭൂമിയുടെ വലിപ്പവും താപനിലയുമുള്ള ഗ്രഹങ്ങള്‍, 'ചൂടന്‍ വ്യാഴങ്ങളെ' അപേക്ഷിച്ച് മാതൃനക്ഷത്രത്തില്‍ നിന്ന് അകലെയാകും സ്ഥിതിചെയ്യുക. മിക്കവാറും വര്‍ഷത്തില്‍ ഒരിക്കലേ അവ മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകൂ.

അത്തരം മൂന്ന് സംതരണങ്ങള്‍ നിരീക്ഷിച്ചാലേ ഗ്രഹസാന്നിധ്യം സ്ഥിരീകരിക്കാനാകൂ. അതിന് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണം. 2012 വരെയാണ് കെപ്ലാറിന്റെ പ്രവര്‍ത്തന കാലപരിധി.

ഭൂമിയുടെ വലിപ്പവും താപനിലയുമുള്ള ഗ്രഹങ്ങളെന്നാല്‍, അവിടെ ജലസാന്നിധ്യവും ഒരുപക്ഷേ ജീവന്റെ സാന്നിധ്യവും ഉണ്ടാകാം. എന്നുവെച്ചാല്‍, മനുഷ്യചരിത്രത്തിലെ ഏറ്റവും വിലപ്പെട്ട ചോദ്യത്തിന്, ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന ചോദ്യത്തിന്, ഉത്തരം തേടുകയാണ് കെപ്ലാര്‍ ചെയ്യുന്നതെന്ന് സാരം. (അവലംബം: നാസയുടെ വാര്‍ത്താക്കുറിപ്പ്)

4 comments:

Joseph Antony said...

അന്യഗ്രഹവേട്ടയ്ക്ക് നാസ അയച്ച 'കെപ്ലാര്‍ ബഹിരാകാശ ടെലസ്‌കോപ്പ്' ആദ്യമായി അഞ്ച് അന്യഗ്രഹങ്ങളെ കണ്ടെത്തി. വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ തേടുകയാണ് കെപ്ലാറിന്റെ ലക്ഷ്യം.
2009 അവസാനം വരെ സൗരയൂഥത്തിന് വെളിയില്‍ 415 ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആ ഗണത്തിലേക്ക് കെപ്ലാറിന്റെ പുതുവത്സര സമ്മാനമയാണ് പുതിയ ഗ്രഹങ്ങള്‍ എത്തുന്നത്. ഇതോടെ മനുഷ്യന്‍ തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ എണ്ണം 420 ആയി.

- സാഗര്‍ : Sagar - said...

കെപ്ളാറിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്റെ വക ഒരു സല്യൂട്ട്..!!

നന്ദി JA!!

നന്ദന said...

മനുഷ്യചരിത്രത്തിലെ ഏറ്റവും വിലപ്പെട്ട ചോദ്യത്തിന്
ഉത്തരം തേടാം

പാര്‍ത്ഥന്‍ said...

ഭൂമിയുടെ വലിപ്പവും താപനിലയുമുള്ള ഗ്രഹങ്ങളെന്നാല്‍, അവിടെ ജലസാന്നിധ്യവും ഒരുപക്ഷേ ജീവന്റെ സാന്നിധ്യവും ഉണ്ടാകാം.
---------------------------
മതം വളർത്തിയെടുത്ത ദൈവം ഭൂമിയിൽ മാത്രമെ ജീവജാലങ്ങളെ സൃഷ്ടിച്ചിട്ടുള്ളൂ എന്നാണ് പറയുന്നത്.
അതുപോലെ തന്നെയാണോ ശാസ്ത്രജ്ഞന്മാരും വിശ്വസിക്കുന്നത്. ഉയർന്ന താപവ്യവസ്ഥയിലും ജീവൻ നിലനിൽക്കും എന്ന് സ്ഥിരീകരിച്ചിട്ടുള്ളപ്പോൾ ഭൂമിയിലേതല്ലാത്ത വേറൊരു താപവ്യവസ്ഥയിൽ ജീവികൾ ഉണ്ടായിരിക്കേണ്ടതല്ലെ.
[ചുമ്മാ ഒരു സംശയം.] :)