Monday, January 19, 2009

'കുത്തിവെയ്‌ക്കാവുന്ന അസ്ഥി'

അപകടങ്ങളിലും മറ്റും എല്ലൊടിഞ്ഞവര്‍ക്ക്‌ തുണയായി 'കുത്തിവെയ്‌ക്കാവുന്ന അസ്ഥി' രംഗത്തെത്തുന്നു.

ഒടിവുണ്ടായിടത്ത്‌ കുത്തിവെച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉറച്ച്‌ കട്ടിയാവുകയും, പൊട്ടിയ ഭാഗത്ത്‌ എല്ലിന്‌ വളര്‍ന്നുവരാനുള്ള താങ്ങായിത്തീരുകയും ചെയ്യുന്ന പോളിമര്‍ ബ്രിട്ടീഷ്‌ ഗവേഷകരാണ്‌ വികസിപ്പിച്ചത്‌. ജൈവവിഘടനത്തിന്‌ വിധേയമാകുന്ന ഈ പോളിമര്‍ ശരീരത്തിന്‌ ദോഷം വരുത്തില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു.

സാധാരണ മുറിയിലെ താപനിലയില്‍ ടൂത്ത്‌പേസ്റ്റ്‌ പോലെ സ്ഥിതിചെയ്യുന്ന പോളിമര്‍വസ്‌തു, ശരീരതാപനിലയില്‍ ഉറച്ചുകട്ടിയാകുന്നു. അതിനാല്‍, എല്ലിന്‌ പൊട്ടലോ ഒടിവോ ഉണ്ടായ സ്ഥലത്ത്‌ കുത്തിവെച്ചാല്‍ സ്വയം കട്ടപിടിച്ച്‌ അത്‌ എല്ലിന്‌ താങ്ങായിക്കൊള്ളും. നോട്ടിങ്‌ഹാം സര്‍വകലാശാലയിലെ പ്രൊഫ. കെവിന്‍ ഷേക്‌ഷെഫ്‌ വികസിപ്പിച്ച ഈ വസ്‌തു, ബ്രിട്ടനില്‍ ഉടന്‍ പരീക്ഷണാര്‍ഥം രോഗികളില്‍ ഉപയോഗിച്ചു തുടങ്ങും. ഒന്നര വര്‍ഷത്തിനകം അമേരിക്കയിലും ഇതിന്റെ പരീക്ഷണ ഉപയോഗം ആരംഭിക്കും.

പൊട്ടലുണ്ടായ അസ്ഥി യോജിപ്പിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നത്‌ ചിലയിനം സിമന്റുകളാണ്‌. ഇത്തരം സിമന്റുകളുടെ പ്രശ്‌നം, കട്ടപിടിക്കുമ്പോള്‍ അവ താപം ബഹിര്‍ഗമിപ്പിക്കുകയും സമീപത്തെ കോശങ്ങളെ കൊല്ലുകയും ചെയ്യും എന്നതാണ്‌. അതിനാല്‍, ശരീരത്തില്‍ പല ഭാഗങ്ങളിലും അത്‌ ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍, പുതിയ പോളിമര്‍ താപം പുറത്തേക്ക്‌ പ്രസരിപ്പിക്കുന്നില്ല. മാത്രമല്ല, ശരീരം കീറിമുറിക്കാതെ തന്നെ ഇത്‌ ഒടിവുണ്ടായ ഭാഗത്ത്‌ എത്തിക്കാനും കഴിയും; ഒരു സൂചിയുടെ സഹായമേ വേണ്ടൂ- പ്രൊഫ. ഷേക്‌ഷെഫ്‌ അറിയിക്കുന്നു.

സാധാരണഗതിയില്‍ എല്ലൊടിഞ്ഞ ഭാഗത്തെ വിടവ്‌ നികത്താന്‍, ശരീരത്തിന്റെ ഇതരഭാഗത്തുനിന്ന്‌ മുറിച്ചെടുക്കുന്ന അസ്ഥിഭാഗം ഉപയോഗിച്ച്‌ ഗ്രാഫ്‌ട്‌ ചെയ്യുകയാണ്‌ പതിവ്‌. അതിന്‌ ശരീരം കീറിമുറിച്ചുള്ള ശസ്‌ത്രക്രിയ വേണ്ടിവരും. പുതിയ സങ്കേതം ഉപയോഗിക്കുമ്പോള്‍ ശസ്‌ത്രക്രിയയുടെ ആവശ്യം വരില്ല, പ്രൊഫ. ഷേക്‌ഷെഫ്‌ പറയുന്നു. മാത്രമല്ല, ഒടിഞ്ഞ അസ്ഥിഭാഗം ചേര്‍ന്നുവരാന്‍ സ്ഥാപിച്ച താങ്ങ്‌ എടുത്ത്‌ മാറ്റാനുള്ള വേദനാജനകമായ ശസ്‌ത്രക്രിയയും പുതിയ മാര്‍ഗം പ്രയോഗിക്കുമ്പോള്‍ വേണ്ടിവരില്ല.

വലിയ സാധ്യതകളാണ്‌ ഉള്ളതെങ്കിലും, പുതിയ സങ്കേതത്തിന്‌ പരിമിതികള്‍ ഇല്ലാതില്ല. ഒടിവുണ്ടായ ഭാഗത്ത്‌ വളരെ വേഗം ഉറച്ചുകട്ടിയാകാന്‍ പുതിയ പോളിമറിന്‌ കഴിയുമെങ്കിലും, പഴയ അസ്ഥിഭാഗം ദുര്‍ബലമായതിനാല്‍ കാലിലും മറ്റും ഒടിവുണ്ടാകുമ്പോള്‍ ലോഹദണ്ഡുകള്‍ ഉപയോഗിച്ച്‌ അസ്ഥിഭാഗത്തെ നേരെ ഉറപ്പിച്ചു വെയ്‌ക്കേണ്ടി വരുന്നത്‌ ഒഴിവാക്കാനാവില്ല.

ശരീരത്തില്‍വെച്ച്‌ ഉറച്ചുകട്ടിയാകുമ്പോള്‍ ചൂടാകില്ല എന്നതിനാല്‍ പുതിയ വസ്‌തുവിന്റെ ഉപയോഗം അസ്ഥികളുടെ ചികിത്സയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്ന്‌ ഗവേഷകര്‍ കരുതുന്നു. ശരീരത്തില്‍ കേടുവന്ന ഏത്‌ ഭാഗത്തും പുതിയ കോശങ്ങള്‍ക്ക്‌ വളര്‍ന്ന്‌ വരാനുള്ള താങ്ങായി പുതിയ വസ്‌തു പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഭാവിയില്‍ ഹൃദ്രഗചികിത്സയില്‍ പോലും പുത്തന്‍ സങ്കേതത്തിന്റെ പ്രയോജനം കിട്ടിക്കൂടെന്നില്ല.
(കടപ്പാട്‌: ബി.ബി.സി, മാതൃഭൂമി).

3 comments:

Joseph Antony said...

സാധാരണ മുറിയിലെ താപനിലയില്‍ ടൂത്ത്‌പേസ്റ്റ്‌ പോലെ സ്ഥിതിചെയ്യുന്ന പോളിമര്‍വസ്‌തു, ശരീരതാപനിലയില്‍ ഉറച്ചുകട്ടിയാകുന്നു. അതിനാല്‍, എല്ലിന്‌ പൊട്ടലോ ഒടിവോ ഉണ്ടായ സ്ഥലത്ത്‌ കുത്തിവെച്ചാല്‍ സ്വയം കട്ടപിടിച്ച്‌ അത്‌ എല്ലിന്‌ താങ്ങായിക്കൊള്ളും. അപകടങ്ങളിലും മറ്റും എല്ലൊടിഞ്ഞവര്‍ക്ക്‌ തുണയായി 'കുത്തിവെയ്‌ക്കാവുന്ന അസ്ഥി'യെപ്പറ്റി

ശ്രീ said...

പുതിയ അറിവിനു നന്ദി

Ashly said...

Great and very useful inventions !!!

Thanks for sharing.