Sunday, January 11, 2009

ഔഷധപ്രയോഗത്തിന്‌ നൂതനമാര്‍ഗം

മലയാളിയായ ഡോ.ജോര്‍ജ്‌ ജോണും കൂട്ടരും കണ്ടെത്തിയ മാര്‍ഗം, ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന 'സ്‌മാര്‍ട്ട്‌ഔഷധങ്ങള്‍'ക്ക്‌ വഴിതുറക്കും.

ശരീരത്തിന്‌ ആവശ്യമുള്ള സമയത്തത്ത്‌ കിട്ടത്തക്കവിധം ഔഷധങ്ങളെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്യാവുന്ന സങ്കേതം കണ്ടെത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഔഷധപ്രയോഗം കൂടുതല്‍ ഫലവത്താക്കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്‌ക്കാനും സഹായിക്കുന്ന നൂതനമാര്‍ഗം, ന്യൂയോര്‍ക്കില്‍ സിറ്റിയൂണിവേഴ്‌സിറ്റിയിലെ മലയാളിയായ ജോര്‍ജ്‌ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ വികസിപ്പിച്ചത്‌. രോഗവുമായി ബന്ധപ്പെട്ട പ്രത്യേക രാസാഗ്നികളുടെ (എന്‍സൈം) സാന്നിധ്യത്തില്‍ മാത്രം സ്വതന്ത്രമാക്കാന്‍ പാകത്തില്‍ ഔഷധത്തെ പ്രോഗ്രാം ചെയ്യാന്‍ ഇതുവഴി കഴിയും. മാരകമായ പോളിമറുകളുടെ സഹായമില്ലാതെയാണ്‌ ഗവേഷകര്‍ പുതിയ മുന്നേറ്റം നടത്തിയത്‌.

ശരീരത്തില്‍ കാണപ്പെടുന്ന ഒരു സാധാരണ രാസാഗ്നിയുടെ സാന്നിധ്യത്തില്‍ സ്വതന്ത്രമാകാന്‍ പാകത്തില്‍, നമുക്ക്‌ പരിചിതമായ ഔഷധത്തെ പ്രോഗ്രാം ചെയ്യുന്നതിലാണ്‌ ഗവേഷകര്‍ ആദ്യം വിജയിച്ചത്‌. വേദനാസംഹാരിയായ പാരസെറ്റാമോള്‍ (അസെറ്റാമിനോഫെന്‍) ആണ്‌ ഇത്തരത്തില്‍ പ്രോഗ്രാം ചെയ്യപ്പെട്ടത്‌. 'ജലസ്‌നേഹി' (water-loving)യായ ഔഷധതന്മാത്രയുടെ അഗ്രത്തില്‍ 'ജലവിരോധി'(water-hating)യായ ഒരിനം ഫാറ്റിആസിഡിനെ കൊളുത്തിഘടിപ്പിക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ഈ സംവിധാനത്തില്‍ ജലവിരോധിയായ ഫാറ്റിആസിഡ്‌ അഗ്രങ്ങള്‍ പരസ്‌പരം ചേര്‍ന്നിരിക്കാന്‍ പ്രവണത കാട്ടും, ജലസ്‌നേഹികളായ ഔഷധഅഗ്രങ്ങളും അങ്ങനെ തന്നെ.

ജലവിരോധികളായ ഫാറ്റിആസിഡ്‌ അഗ്രങ്ങള്‍ ഉള്ളിലും പാസെറ്റാമോള്‍ അഗ്രങ്ങള്‍ പുറത്തേക്ക്‌ തിരിഞ്ഞിരിക്കുന്ന വിധത്തിലും ഒരിനം നാനോനാരുകള്‍ (നാനോഫൈബറുകള്‍) ഇതുവഴി സൃഷ്ടിക്കപ്പെടും. ഇത്തരം നാനോനാരുകള്‍ കൂട്ടുചേര്‍ന്ന്‌ ഒരു സൂക്ഷ്‌മവലയുണ്ടാകുന്നു. പാരസെറ്റാമോള്‍ തന്മാത്രകള്‍ ഫാറ്റിആസിഡുമായി കൂട്ടുചേര്‍ന്ന്‌ വലയായി രൂപപ്പെട്ടിരിക്കുന്നതിനാല്‍ ശരീരത്തിലെത്തുമ്പോഴും അതങ്ങനെ തന്നെ തുടരും. എന്നാല്‍, ബന്ധപ്പെട്ട രാസാഗ്നിയുടെ സാന്നിധ്യത്തില്‍ പാരസെറ്റാമോളും ഫാറ്റിആസിഡും തമ്മിലുള്ള ബന്ധം തകരുകയും, ഔഷധം സ്വതന്ത്രമാകുകയും ചെയ്യും. ഫാറ്റിആസിഡുകള്‍ സ്വാഭാവികമായിത്തന്നെ ശരീരത്തില്‍ ഉള്ളതിനാല്‍, ഔഷധത്തിന്റെ വിഘടനം മൂലം ശരീരത്തിന്‌ ദോഷമുണ്ടാക്കുന്ന ഉപോത്‌പന്നങ്ങളൊന്നും ഉണ്ടാകുന്നില്ല.

ഒരു പ്രത്യേക രോഗമോ ശരീരാവസ്ഥയോ ഉള്ളപ്പോള്‍ മാത്രം ഔഷധം എത്തേണ്ട സ്ഥാനത്ത്‌ കൃത്യമായി ലഭിക്കാന്‍ ഈ സങ്കേതം പരിഷ്‌ക്കരിക്കാനാകുമെന്ന്‌ ഗവേഷകര്‍ വിശ്വസിക്കുന്നു. ഉദാഹരണത്തിന്‌ നീരും വേദനയും കുറയ്‌ക്കാനുള്ള ഒരു മരുന്നിന്റെ കാര്യം പരിഗണിക്കുക. അത്തരം അവസ്ഥയില്‍ ശരീരത്തില്‍ പ്രത്യേകം രാസാഗ്നികള്‍ പ്രത്യക്ഷപ്പെടും. അത്തരം രാസാഗ്നിയുടെ സാന്നിധ്യത്തിലേ ഔഷധം സ്വതന്ത്രമാക്കപ്പെടൂ എങ്കില്‍, ഔഷധം പാഴാകുന്നില്ല എന്ന്‌ ഉറപ്പിക്കാം. കീമോതെറാപ്പിക്കുപയോഗിക്കുന്ന ഔഷധങ്ങള്‍ ഇത്തരത്തില്‍ രൂപപ്പെടുത്തിയാല്‍, ട്യൂമറുകളുടെ പരിസരത്ത്‌ അവ പുറത്തുവിടുന്ന രാസാഗ്നിയുടെ സാന്നിധ്യത്തിലേ ഔഷധം സ്വതന്ത്രമാകാന്‍ പാടുള്ളൂ എന്ന്‌ പ്രോഗ്രാം ചെയ്യാം. ആരോഗ്യമുള്ള കോശങ്ങള്‍ കീമോതെറാപ്പി മൂലം നശിക്കുന്നത്‌ ഇത്തരത്തില്‍ ചെറുക്കാനാകും-'ന്യൂ സയന്റിസ്റ്റ്‌' വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

പാരസെറ്റാമോള്‍ മാത്രമല്ല, അര്‍ബുദ ഔഷധമായ 'കുര്‍കുമിനെ'യും പ്രോഗ്രാം ചെയ്യുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. സുരക്ഷിതവും പാര്‍ശ്വഫലമില്ലാത്തതുമായ 'സ്‌മാര്‍ട്ട്‌ ഔഷധപ്രയോഗ'ത്തിന്‌ വഴിയൊരുക്കുന്ന ഈ സങ്കേതത്തിന്‌ വന്‍സാധ്യതയാണ്‌ ഭാവിയില്‍ ഉണ്ടാവുകയെന്ന്‌ കരുതപ്പെടുന്നു. സിറ്റി സര്‍വകലാശാലയിലെ അസ്സോസിയേറ്റ്‌ പ്രൊഫസറാണ്‌ ഇടുക്കി സ്വദേശിയായ ജോര്‍ജ്‌ ജോണ്‍. പാറത്തോട്ടിലെ പൊട്ടക്കല്‍ കുടുംബാംഗം. നാനോസങ്കേതത്തിന്റെ സഹായത്തോടെ അണുക്കളെയകറ്റുന്ന ചായം കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനുള്ള വിദ്യ ജോര്‍ജ്‌ ജോണും സംഘവും കണ്ടെത്തിയത്‌ കഴിഞ്ഞ വര്‍ഷം മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ ഗവേഷണത്തില്‍ ഡോ. ജോണിനെക്കൂടാതെ 
ആന്ധ്രപ്രദേശ്‌ സ്വദേശിയായ  പ്രവീണ്‍ കെ.വേമുളയും മുഖ്യപങ്ക്‌ വഹിച്ചു. (അവലംബം: ബയോമെറ്റീരിയല്‍സ്‌, ന്യൂസയന്റിസ്‌റ്റ്‌).

കാണുക: അണുക്കളെ അകറ്റുന്ന ചായം; നാനോവിദ്യയിലൂടെ

2 comments:

Joseph Antony said...

ശരീരത്തിന്‌ ആവശ്യമുള്ള സമയത്തത്ത്‌ കിട്ടത്തക്കവിധം ഔഷധങ്ങളെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്യാവുന്ന സങ്കേതം കണ്ടെത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഔഷധപ്രയോഗം കൂടുതല്‍ ഫലവത്താക്കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്‌ക്കാനും സഹായിക്കുന്ന നൂതനമാര്‍ഗം, ന്യൂയോര്‍ക്കില്‍ സിറ്റിയൂണിവേഴ്‌സിറ്റിയിലെ മലയാളിയായ ജോര്‍ജ്‌ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ വികസിപ്പിച്ചത്‌.

ജെ പി വെട്ടിയാട്ടില്‍ said...

നാനൊ ടെക്നോളജി പഠിച്ചിട്ടുള്ള ഞങ്ങളുടെ വീട്ടിലെ ഒരു കുട്ടിക്ക് പ്ലേസ്മെന്റ് കിട്ടിയിട്ടില്ല്ല ഇത് വരെ.
ജോലി സാധ്യതകളെപറ്റി അറിയുമെങ്കില്‍ ദയവായി അറിയിക്കുക...
prakashmash@gmail.com