Sunday, January 04, 2009

വരുന്നു 'സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍'!

പ്രമേഹരോഗികള്‍ക്ക്‌ സഹായമായേക്കാവുന്ന സങ്കേതം. ശരീരത്തിന്റെ ആവശ്യം രാസപരമായി തിരിച്ചറിഞ്ഞ്‌ ഇന്‍സുലിന്‍ രക്തത്തില്‍ കലര്‍ത്താന്‍ ഇതിനാകും

രക്തത്തിലെ പഞ്ചസാരയുടെ നില ആവശ്യത്തിനനുസരിച്ച്‌ ക്രമീകരിക്കുക വഴി പ്രമേഹരോഗികള്‍ക്ക്‌ ഏറെ ആശ്വാസം പകരുന്ന 'സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍' താമസിയാതെ വിപണിയിലെത്തിയേക്കും. പഞ്ചസാരനില മാറുന്നത്‌ രാസപരമായി മനസിലാക്കി അതിനനുസരിച്ച്‌ ആവശ്യത്തിന്‌ ഇന്‍സുലിന്‍ ശരീരത്തിന്‌ നല്‍കാന്‍ ശേഷിയുള്ള സ്‌മാര്‍ട്ട്‌ഔഷധത്തിന്റെ പരീക്ഷണം മൃഗങ്ങളില്‍ പുരോഗമിക്കുകയാണ്‌. പരീക്ഷണഘട്ടം കഴിഞ്ഞ്‌ അത്‌ രംഗത്തെത്താന്‍ അധികം വൈകില്ല എന്ന്‌ 'ടെക്‌നോളജി റിവ്യു' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കോശങ്ങളില്‍വെച്ച്‌ ഗ്ലൂക്കോസിനെ വിഘടിപ്പിച്ച്‌ ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്‌ ഇന്‍സുലിന്‍. രക്തത്തില്‍ ഗ്ലൂക്കോസ്‌നില ഉയരുമ്പോള്‍ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ അതിനനുസരിച്ച്‌ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്നു. ആവശ്യാനുസരണം ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കാനാവാത്ത വിധം ബീറ്റാകോശങ്ങള്‍ക്ക്‌ നാശം സംഭവിക്കുന്നതാണ്‌ ടൈപ്പ്‌ രണ്ട്‌ പ്രമേഹത്തിന്‌ മുഖ്യകാരണം. ജീവിതശൈലീരോഗമായ ഇത്‌ രൂക്ഷമാകുമ്പോള്‍ ശരീരത്തിന്‌ ഇന്‍സുലിന്‍ കൃത്രിമമായി നല്‍കേണ്ടി വരുന്നു. കുത്തിവെപ്പോ ഇന്‍സുലിന്‍ പേനകളോ ഒക്കെയാണ്‌ ഇതിന്‌ പ്രമേഹരോഗികള്‍ ആശ്രയിക്കുന്നത്‌.

ശരീരത്തില്‍ ഗ്ലൂക്കോസ്‌നില അധികം ഉയരാതെ നോക്കുക എന്നതാണ്‌ കടുത്ത പ്രമേഹമുള്ളവര്‍ നേരിടുന്ന പ്രശ്‌നം. അതിന്‌ രക്തത്തിലെ പഞ്ചസാരനില തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടിവരും, ഇന്‍സുലിന്‍ ദിവസത്തില്‍ ഒന്നിലേറെ പ്രാവശ്യം കുത്തിവെക്കേണ്ടിയും വരും. ഇത്തരം പരാധീനതകള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്‌ 'സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍' (SmartInsulin). അമേരിക്കയില്‍ മസാച്യൂസെറ്റ്‌സിലെ ബിവെര്‍ലിയിലുള്ള 'സ്‌മാര്‍ട്ട്‌സെല്‍സ്‌'(SmartCells) കമ്പനിയാണ്‌ പുതിയ സങ്കേതം വികസിപ്പിക്കുന്നത്‌. കുത്തിവെയ്‌ക്കാവുന്ന രൂപത്തിലുള്ളതാണ്‌ സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍. ശരീരത്തിന്റെ ആവശ്യം മനസിലാക്കി ഇന്‍സുലിന്‍ സ്വതന്ത്രമാക്കാന്‍ ഇതിന്‌ ശേഷിയുണ്ട്‌. ദിവസവും പല തവണ വേണ്ടിവരുന്ന വേദനാജനകമായ കുത്തിവെപ്പ്‌ ഒഴിവാക്കാന്‍ പുതിയ സങ്കേതം സഹായിക്കും.

നിലവിലുള്ള പ്രമേഹചികിത്സയില്‍ സംഭവിക്കാവുന്ന ഒരു പ്രധാന അപകടം 'ഹൈപ്പോഗ്ലൈസീമിയ' (hypoglycemia) എന്ന മാരകമായ അവസ്ഥയാണ്‌. ഇന്‍സുലിന്‍ കുത്തിവെയ്‌ക്കുമ്പോള്‍, അത്‌ ആവശ്യത്തില്‍ കൂടുതല്‍ (അധിക ഡോസ്‌) ആവുകയും, ശരീരത്തില്‍ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി താണുപോവുകയും ചെയ്‌ത്‌ അപകടമുണ്ടാകുന്ന അവസ്ഥയാണിത്‌. എന്നാല്‍, സ്വയംക്രമീകരണശേഷിയുള്ള സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍ ഈ അപകടാവസ്ഥയ്‌ക്ക്‌ സാധ്യത വളരെ കുറയ്‌ക്കുന്നതായി സ്‌മാര്‍ട്ട്‌സെല്‍സിന്റെ മേധാവിയും ഗവേഷകനുമായ ടോഡ്‌ സിയോണ്‍ പറയുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ സാന്ദ്രത ഒരു പ്രത്യേക നിലയിലെത്തിയാല്‍ മാത്രമേ സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍ പ്രവര്‍ത്തനനിരതമാകൂ. ഗ്ലൂക്കോസ്‌ സാന്ദ്രത നിശ്ചിത അളവിന്‌ താഴെയാണെങ്കില്‍, മരുന്ന്‌ രക്തത്തില്‍ കലരില്ല.

മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്യേൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)യില്‍ ഗവേഷകനായിരിക്കുമ്പോഴാണ്‌ സിയോണ്‍ പുതിയ സങ്കേതം രൂപപ്പെടുത്തിയത്‌. ഷുഗര്‍ഗ്രൂപ്പുകളുമായി സഹവസിക്കാന്‍ പാകത്തില്‍ ഇന്‍സുലിനെ രാസപരിഷ്‌ക്കരണത്തിന്‌ വിധേയമാക്കുകയാണ്‌ അദ്ദേഹം ആദ്യം ചെയ്‌തത്‌. ജൈവവിഘടനത്തിന്‌ വിധേയമാകുന്ന ഒരിനം പോളിമറില്‍ ആലേഖനം ചെയ്‌ത ഷുഗര്‍ഗ്രൂപ്പുകളുമായി ഇന്‍സുലിന്‍ സഹവസിക്കുന്ന സംവിധാനം അടുത്തതായി രൂപപ്പെടുത്തി. ഷുഗറുമായി സഹവസിക്കുന്നതാകയാല്‍, ഇന്‍സുലിന്‍ തന്മാത്രകളും ഷുഗര്‍ തന്മാത്രകളും ചേര്‍ന്നൊരു പരസ്‌പരബന്ധിത ശൃംഗല രൂപപ്പെടും. എന്നാല്‍, ഈ സംവിധാനത്തില്‍ വേറെ ഷുഗര്‍ഗ്രൂപ്പുകള്‍ സന്നിവേശിപ്പിച്ചാല്‍, ഷുഗറിന്റെ സാന്ദ്രത കൂടുന്ന ഭാഗത്തേക്ക്‌ ഇന്‍സുലിന്റെ ആകര്‍ഷണം മാറും. ഷുഗറിന്റെ അളവ്‌ കൂടുതലുള്ള ലായനിയിലാകുമ്പോള്‍ പോളിമറില്‍നിന്ന്‌ പിടിവിട്ട്‌ ഇന്‍സുലിന്‍ ലായനിലിയേക്ക്‌ 'അലിഞ്ഞു' ചേരാന്‍ തുടങ്ങുമെന്ന്‌ സാരം.

ഈ രാസതന്ത്രമാണ്‌ സിയോണ്‍ സ്‌മാര്‍ട്ട്‌ഇന്‍സുലിന്റെ കാര്യത്തില്‍ പ്രയോഗിച്ചിരിക്കുന്നത്‌. മനുഷ്യരിലെ പ്രമേഹ അന്തരീക്ഷത്തോട്‌ സാമ്യമുള്ള ശരീരസ്ഥിതിയുള്ള നൂറുകണക്കിന്‌ എലികളില്‍ ഇത്‌ പരീക്ഷിച്ചു കഴിഞ്ഞു. ഗ്ലൂക്കോസിന്റെ അളവ്‌ വര്‍ധിക്കുമ്പോള്‍ മാത്രമേ ശരീരത്തില്‍ ഇന്‍സുലിന്‍ സ്വതന്ത്രമാകുന്നുള്ളു എന്നാണ്‌ ഇതുവരെ കണ്ടത്‌. രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ ഔഷധം മനുഷ്യരില്‍ പരീക്ഷിക്കാന്‍ കഴിയും എന്ന്‌ കമ്പനി പ്രതീക്ഷിക്കുന്നു. `ആവശ്യമുള്ളപ്പോള്‍ മാത്രം ഇന്‍സുലിന്‍ പുറത്തുവിടുന്ന സംവിധാനം വന്നാല്‍, പ്രമേഹരോഗികള്‍ക്ക്‌ ദിവസത്തില്‍ ഒന്നോ അല്ലെങ്കില്‍ മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ മാത്രമോ എന്ന കണക്കിനേ കുത്തിവെപ്പ്‌ വേണ്ടിവരൂ. അത്‌ പ്രമേഹചികിത്സയില്‍ ആശ്വാസകരമായ മുന്നേറ്റമായിരിക്കും`-ടൊറന്റൊ സര്‍വകലാശാലയിലെ പ്രൊഫ. മൈക്കല്‍ സെഫ്‌ടോണ്‍ പറയുന്നു. പുതിയ സങ്കേത്തതിന്റെ പ്രാരംഭപരീക്ഷണം വലിയ പ്രതീക്ഷ നല്‍കുന്നതായി അദ്ദേഹം അറിയിക്കുന്നു. (അവലംബം: ടെക്‌നോളജി റിവ്യൂ, കടപ്പാട്‌: മാതൃഭൂമി)

3 comments:

Joseph Antony said...

ശരീരത്തില്‍ ഗ്ലൂക്കോസ്‌നില അധികം ഉയരാതെ നോക്കുക എന്നതാണ്‌ കടുത്ത പ്രമേഹമുള്ളവര്‍ നേരിടുന്ന പ്രശ്‌നം. അതിന്‌ രക്തത്തിലെ പഞ്ചസാരനില തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടിവരും, ഇന്‍സുലിന്‍ ദിവസത്തില്‍ ഒന്നിലേറെ പ്രാവശ്യം കുത്തിവെക്കേണ്ടിയും വരും. ഇത്തരം പരാധീനതകള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്‌ 'സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍'.

മുസ്തഫ|musthapha said...

നല്ല ലേഖനം, ഈ വിവരം അറിയിച്ചു തന്നതിനു നന്ദി...

'സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍' എന്തുകൊണ്ട് ഇത്തരത്തിലൊന്ന് കണ്ടുപിടിക്കുന്നില്ല എന്നു ചിന്തിച്ചിട്ടുണ്ട് പലപ്പോഴും... പിന്നെ അതൊരു അത്യാഗ്രഹമല്ലേ എന്നു കരുതാറാണ് പതിവ്.

Joseph Antony said...

അഗ്രജന്‍,
ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം.

നമ്മള്‍ കഴിക്കുന്ന പല ഔഷധങ്ങളും അനവസരത്തിലോ ആവശ്യത്തില്‍ കൂടുലോ കുറവോ ഒക്കെ ആകാറുണ്ട്‌. പാര്‍ശ്വഫലങ്ങള്‍ വര്‍ധിക്കുന്നത്‌ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും അതിടിയാക്കും. ഈ പരിമിതി മറികടക്കാനാണ്‌, ശരീരത്തിന്റെ ആവശ്യം മനസിലാക്കി പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട്‌ഔഷധങ്ങള്‍ക്ക്‌ ഗവേഷകലോകം ശ്രമിക്കുന്നത്‌.

മലയാളികളായി ചിലരും ഈ മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്‌ (അതിലൊരെണ്ണം കുറിഞ്ഞി ഓണ്‍ലൈനില്‍ അടുത്തയാഴ്‌ച പ്രതീക്ഷിക്കാം).

പുതുവര്‍ഷാശംസകള്‍ നേരിടുന്നു