കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ കൊളാവിപ്പാലം ബീച്ചിലെ 'തീരം-പ്രകൃതിസംരക്ഷണ സമിതി'യുടെ പ്രവര്‍ത്തകരിലൊരാളായ കെ.വിജയന്‍ ഒരാഴ്ചയായി മീന്‍പിടിക്കാന്‍ കടലിലായിരുന്നു, ഏപ്രില്‍ രണ്ടാനാണ് കരയ്ക്കണഞ്ഞത്. കാപ്പാട് മുതല്‍ ഏഴിമല വരെയുള്ള മേഖലയില്‍, തീരത്തുനിന്ന് മുപ്പത് കിലോമീറ്ററോളം അകലെ പുറംകടലില്‍ അവരുടെ ബോട്ട് ചുറ്റിത്തിരിയുന്നതിനിടെ, വിജയനെ വല്ലാതെ വേദനിപ്പിച്ച അനുഭവമുണ്ടായി. പല ദിവസങ്ങളിലായി അഞ്ചു കടലാമകള്‍ ചത്തുപൊങ്ങിയിരിക്കുന്നു.
ഒന്നര പതിറ്റാണ്ടായി കടലാമകളുടെ സംരക്ഷണത്തിന് സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന സംഘത്തില്‍പെട്ടയാളാണ് വിജയന്‍. അത്തരമൊരാളെ ഈ കാഴ്ച വേദനിപ്പിച്ചതില്‍ അത്ഭുതമില്ല. 'ഞങ്ങളുടെ ബോട്ടിനരികില്‍ അഞ്ച് ചത്ത ആമകളെ കണ്ടെങ്കില്‍, ആരും ശ്രദ്ധിക്കാതെ എത്ര ആമകള്‍ നമ്മുടെ തീരക്കടലില്‍ നശിക്കുന്നുണ്ടാവാം'-ഈ സംഭവം ഫോണ്‍ വഴി വിശദീകരിക്കുമ്പോള്‍ വിജയന്‍ പറഞ്ഞു.
ട്രോളിങിനുപയോഗിക്കുന്ന വലയില്‍ കുടുങ്ങിയാണ് ആമകള്‍ നശിക്കുന്നത്. 'തീരത്തുനിന്ന് 30 കിലോമീറ്റര്‍ അകലെയെത്തിയാല്‍ കടലില്‍ മറ്റൊരു ലോകമാണ് നമ്മള്‍ കാണുന്നത്'-വിജയന്‍ അറിയിച്ചു. ബോട്ടുകളുടെയും ട്രോളറുകളുടെയും വന്‍തിരക്കാണവിടെ. കടലില്‍ നടക്കുന്നത് അമിതമായ ചൂഷണമാണെന്ന് സാരം. ആ തിരക്കിനും മത്സരത്തിനുമിടിയില്‍ സാധുക്കളായ ആമകള്‍ വലയില്‍ കുടുങ്ങിയാല്‍ തന്നെ അക്കാര്യം ശ്രദ്ധിക്കാന്‍ ആര്‍ക്ക് സമയം!
വിജയന്‍ പുറംകടലില്‍ കണ്ട സങ്കടകരമായ കാഴ്ചയ്‌ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്ന് കൊളാവിപ്പാലം കടപ്പുറത്തെ ആമസംരക്ഷണ പ്രവര്‍ത്തകരുടെ മ്യൂസിയത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും കൊളാവിപ്പാലം തീരത്ത് എത്തിയ ആമകളുടെ എണ്ണം, ശേഖരിച്ച ആമമുട്ടകളുടെ കണക്ക്, വിരിഞ്ഞു കടലിലിറക്കിവിട്ട ആമക്കുഞ്ഞുങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളിലാണ് ആ രജിസ്റ്ററിലുള്ളത്. അതില്‍ ആമസംരക്ഷണ പ്രവര്‍ത്തനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഉത്ക്കണ്ഠയുണര്‍ത്തുന്ന വിവരം എന്താണെന്ന് ചോദിച്ചാല്‍, ഓരോ വര്‍ഷവും മുട്ടയിടാന്‍ എത്തുന്ന ആമകളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നു എന്നതാണ്.
സങ്കടങ്ങളുടെ കണക്കുപുസ്തകം
2002-2003 സീസണില്‍ 48 ആമകള്‍ എത്തിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 5605 മുട്ടകള്‍ ശേഖരിച്ചു, അതില്‍ 4646 എണ്ണം വിരിഞ്ഞു, കടലിലിറക്കി വിട്ടു. 2003-2004 സീസണില്‍ വന്ന ആമകളുടെ എണ്ണം 26 ആയി. മുട്ടകളുടെയും ആമക്കുഞ്ഞുങ്ങളുടെയും സംഖ്യ അതിന് ആനുപാതികമായി കുറഞ്ഞു. അതുകഴിഞ്ഞാല്‍ (2004 മുതല്‍ 2009 വരെ) ഓരോ സീസണിലും എത്തിയ ആമകളുടെ എണ്ണം യഥാക്രമം 8, 8, 23, 9, 6 എന്നിങ്ങനെയാണ്. ഈ സീസണില്‍ (2009-2010) 11 ആമകള്‍ എത്തി. 1214 മുട്ടകള്‍ ശേഖരിച്ചു, 947 കുഞ്ഞുങ്ങള്‍ വിരിഞ്ഞു.

എന്നുവെച്ചാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി, ഒരു സീസണിലൊഴികെ ബാക്കിയെല്ലാറ്റിലും, കൊളാവിപ്പാലത്ത് മുട്ടയിടാന്‍ എത്തിയതായി രേഖപ്പെടുത്തിയ കടലാമകളുടെ എണ്ണം പത്തില്‍ താഴെയായി. തീരം തേടിയെത്തുന്ന ആമകളുടെ സംഖ്യയില്‍ ഇത്തരത്തില്‍ കുറവു വന്നതിന്റെ മുഖ്യകാരണമാവാം വിജയന്‍ പുറംകടലില്‍ കണ്ട ചത്ത ആമകള്‍. പക്ഷേ, അതുമാത്രമല്ല കാരണം. കൊളാവിപ്പാലത്ത് ആ ചെറുപ്പക്കാര്‍ കടലാമസംരക്ഷണം തുടങ്ങുന്ന കാലത്തുണ്ടായിരുന്ന തീരമേ ഇന്നില്ല. സ്വാഭാവികമായും തുറന്ന തീരത്തെ മണല്‍പ്പരപ്പ് തേടിയെത്തുന്ന ആമകള്‍ കൊളാവിപ്പാലം കടപ്പുറത്ത് കയറി മുട്ടയിടാതെ മടങ്ങിയിട്ടുണ്ടാകാം. തീരം ശോഷിക്കാന്‍ കാരണം എന്ന് അവര്‍ കരുതുന്ന കോട്ടപ്പുഴ അഴിമുഖത്തെ മണലെടുപ്പ് പക്ഷേ ഇപ്പോഴും തുടരുന്നു, അതിനെതിരെയുള്ള ഗ്രാമവാസികളുടെ സമരവും.
കോട്ടപ്പുഴ അഴിമുഖത്തെ മണലെടുപ്പ് മാത്രമാകുമോ തീരം കടലെടുത്തു പോകാന്‍ കാരണം. കൊളാവിപ്പാലത്തെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം, അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷത്തിലുള്ള കാരണം അതുതന്നെയാണ്. എന്നാല്‍, അതിന് മറ്റൊരു കാരണം കൂടി ചൂണ്ടിക്കാട്ടാനാകും എന്നാണ് പുതിയ പഠനങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി കടല്‍നിരപ്പുയരുന്നത് ഇന്ത്യന്‍തീരത്തും വര്‍ധിച്ചിരിക്കുന്നു എന്ന കണ്ടെത്തലാണത്. കൊളാവിപ്പാലം കടപ്പുറം ഉള്‍പ്പടെ, കേരളത്തിന്റെ തീരം നേരിടുന്ന ശോഷണത്തിനും ഒരു കാരണം ആഗോളതാപനം തന്നെ എന്നു വരുന്നു.
കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യന്‍തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോത് കൂടുകയാണെന്ന് ജനവരി ആദ്യ ആഴ്ചയില്‍ തിരുവനന്തപുരത്ത് നടന്ന ദേശീയശാസ്ത്രകോണ്‍ഗ്രസ്സില്‍ സംസാരിക്കവെ, കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ.ശൈലേഷ് നായക് വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിവര്‍ഷം 3.1 മില്ലിമീറ്റര്‍ എന്ന തോതിലാണ് സമുദ്രനിരപ്പ് ഉയരുന്നത്. രണ്ടായിരം വരെ പ്രതിവര്‍ഷം ഇത് 1.3 മില്ലിമീറ്റര്‍ ആയിരുന്നു. വെറും അഞ്ചുവര്‍ഷംകൊണ്ടുണ്ടായ ഈ മാറ്റം ആശങ്കാജനകമാണ് (മാതൃഭൂമി, ജനവരി 6, 2010). എന്നുവെച്ചാല്‍, കൊളാവിപ്പാലത്തെ ആമമ്യൂസിയത്തിലെ രജിസ്റ്റര്‍ നല്‍കുന്ന ആപത് സൂചനയും ഒരര്‍ഥത്തില്‍ വിരല്‍ചുണ്ടുന്നത് ലോകം നേരിടുന്ന വലിയൊരു പരിസ്ഥിതി പ്രതിസന്ധിയിലേക്ക് കൂടിയാണെന്നു സാരം.
വലയില്‍ ഒടുങ്ങുന്നത് ലക്ഷക്കണക്കിന് കടലാമകള്‍

കൊളാവിപ്പാലം ആമമ്യൂസിയത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ കണക്കുകളുമായി ചേര്‍ത്ത് വായിക്കേണ്ട ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ബി.ബി.സി. റിപ്പോര്‍ട്ടു ചെയ്തു. ലോകത്താകമാനം രണ്ടുപതിറ്റാണ്ടിനിടെ മത്സ്യബന്ധന വലകളില്‍ കുടുങ്ങി ലക്ഷക്കണക്കിന് കടലാമകള്‍ ഒടുങ്ങി എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത് ഗവേഷകര്‍ എത്തിയ നിഗമനം, 'കണ്‍സര്‍വേഷന്‍ ലെറ്റേഴ്‌സ്' ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കടലാമകള്‍ കുടുങ്ങാതിരിക്കാനുള്ള സുരക്ഷിതത്വ സംവിധാനം ഇല്ലാത്ത വലകള്‍ ഉപയോഗിക്കുന്നതാണ് ഇത്തരമൊരു ദുസ്ഥിതിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കടലാമകളുടെ സുരക്ഷ ഉറപ്പാക്കാനായി സുരക്ഷിതത്വ സംവിധാനമുള്ള വലകള്‍ ഉപയോഗിക്കാന്‍ റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. കടലാമകളുടെ അറിയപ്പെടുന്ന ഏഴിനങ്ങളില്‍ ആറും ചുമപ്പ്പട്ടികയിലാണെന്ന കാര്യംകൂടി പരിഗണിക്കുമ്പോഴേ കടലാമകള്‍ ആ ജീവിവര്‍ഗം നേരിടുന്ന ഭീഷണിയുടെ യഥാര്‍ഥ വ്യാപതി മനസിലാകൂ.
'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലി'ന്റെ ഗ്ലോബര്‍ മറൈന്‍ ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകനായ, ഡ്യൂക്ക് സര്‍വകലാശാലയിലെ ഡോ. ബ്രയാന്‍ വാലസ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 1990-2008 കാലയളവില്‍ ലോകത്താകെ 85000 കടലാമകള്‍ വലയില്‍ കുടുങ്ങി നശിച്ചതായി രേഖകളില്‍ കാണുന്നു. റിക്കോര്‍ഡില്‍ കാണുന്നത് യഥാര്‍ഥ കണക്കിന്റെ വളരെ ചെറിയൊരംശമേ ആകുന്നുള്ളു. കാരണം ചെറുകിട മത്സ്യബന്ധനം നടത്തുന്ന ആരും കണക്ക് സൂക്ഷിക്കാറില്ല.
വലയില്‍ കുടുങ്ങി നശിക്കുന്ന കടലാമകളുടെ മൊത്തം സംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ, രേഖപ്പെടുത്തിയ കണക്ക് പ്രതിഫലിപ്പിക്കുന്നുള്ളു എന്ന് ഡോ. വാലസ് പറയുന്നു. അതിനാല്‍, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് ആമകള്‍ നശിച്ചിട്ടുണ്ടാകാമെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.
കൊളാവിപ്പാലത്തെ തീരം സമിതി പ്രവര്‍ത്തകര്‍ സൂക്ഷിക്കുന്ന ആമ രജിസ്റ്റര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്തുകൊണ്ട് സങ്കടങ്ങളുടെ കണക്കുപുസ്തകമായി മാറുന്നു എന്നതിന് ഈ റിപ്പോര്‍ട്ട് വിശദീകരണം നല്‍കുന്നു, വിജയന്‍ പുറംകടലില്‍ കണ്ട ദയനീയമായ കാഴ്ച മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും!
ഭൂഗോളത്തിന്റെ മറുവശത്ത് ശാന്തസമുദ്രത്തില്‍ എല്‍നിനോ സാഹചര്യം ശക്തിപ്പെടുന്നത് കേരളത്തെ എന്തിന് ആശങ്കപ്പെടുത്തണം. കിഴക്കന്‍ ശാന്തസമുദ്ര മേഖലയില്‍ ഉപരിതല ഊഷ്‌മാവ് ഇപ്പോള്‍ പതിവിലും അരഡിഗ്രി കൂടുതലാണെന്ന റിപ്പോര്‍ട്ടും, നമ്മുടെ ഇടവപ്പാതിക്ക് ഇതുവരെ അതിന്റെ യഥാര്‍ഥ സ്വഭാവം കൈവന്നിട്ടില്ല എന്നകാര്യവും ചേര്‍ത്തു വായിക്കുമ്പോള്‍, നമ്മള്‍ എന്തിന് ആശങ്കപ്പെടണം എന്ന് വ്യക്തമാകും.
ഇന്ത്യന്‍ മണ്‍സൂണിന്റെ താളം തെറ്റിക്കാന്‍ ശേഷിയുള്ള കാലാവസ്ഥാ പ്രതിഭാസമാണ് എല്‍നിനോ. ജൂലായില്‍ ഉണ്ടാകുമെന്ന് കരുതിയ എല്‍നിനോ സാഹചര്യം ജൂണില്‍ തന്നെ പ്രത്യക്ഷപ്പെട്ടതാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ താളംതെറ്റിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരംഭിച്ച് 22 ദിവസമായിട്ടും കേരളത്തില്‍ ഇതുവരെ ഇടവപ്പാതി യഥാര്‍ഥ രൂപത്തില്‍ ശക്തിപ്പെട്ടിട്ടില്ല. മാത്രവുമല്ല, രാജ്യത്തിന്റെ വടക്കോട്ടുള്ള കാലവര്‍ഷത്തിന്റെ ഗതി തടസ്സപ്പെട്ടിരിക്കുകയുമാണ്.
കേരളത്തില്‍ ഈ വര്‍ഷം വേനല്‍മഴ സാധാരണയിലും 25 ശതമാനം കുറവായിരുന്നു. ആ നിലയ്‌ക്ക് ഇടവപ്പാതി കൂടി ശരിക്ക് ലഭിച്ചില്ലെങ്കില്‍ കഠിനമായ വരള്‍ച്ചയും ജലക്ഷാമവുമാകും ഫലം. കാര്‍ഷിക മേഖലയ്‌ക്കും അത് വന്‍ തിരിച്ചടിയാകും. 2008-ല്‍ സംസ്ഥാനത്ത് ലഭിച്ച മഴ സാധാരണയിലും 22 ശതമാനം കുറവായിരുന്നു. അതേ ഗതിയാണോ ഈ വര്‍ഷവുമെന്ന ആശങ്ക, പുതിയ സാഹചര്യത്തില്‍ വര്‍ധിക്കുകയാണ്. എന്നാല്‍, ജൂണ്‍ 16-ഓടെ ആന്‍ഡമാന്‍-നിക്കോബാര്‍ പ്രദേശത്ത് രൂപംകൊള്ളുന്ന ന്യൂനമര്‍ദം ഇടവപ്പാതിക്ക് അതിന്റെ കരുത്ത് തിരിച്ചു നല്‍കുമെന്നും, അതിനാല്‍ ഭയപ്പെടാനില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രം മേധാവി ഡോ.എം.ഡി.രാമചന്ദ്രന്‍ പറയുന്നു.
ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തെ അകാരണമായി ചൂട് പിടിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ (El Nino). രൂപംകൊള്ളുന്നത് ശാന്തസമുദ്രത്തിലാണെങ്കിലും, ഇന്ത്യന്‍ മണ്‍സൂണ്‍ അടക്കം ലോകത്താകമാനം കാലാവസ്ഥ തകിടം മറിക്കാന്‍ ശേഷിയുള്ള പ്രതിഭാസമാണത്. ആഗോളതലത്തില്‍ അത് പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കും. സാധാരണഗതിയില്‍ മഴ ലഭിക്കുന്ന രാജ്യങ്ങള്‍ കൊടുംവരള്‍ച്ചയുടെ വറുതിയിലാകും. ചൂടുള്ള കാലാവസ്ഥ അനുഭവിക്കുന്ന മേഖലകള്‍ ശൈത്യത്തിന്റെയും പേമാരിയുടെയും പിടിയിലാകും.
ഇന്ത്യയില്‍ കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന് 2006 സപ്‌തംബര്‍ എട്ടിന് 'സയന്‍സ്' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റിയോരോളജി'യിലെ ഡോ.കെ.കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 2002-ല്‍ പ്രത്യക്ഷപ്പെട്ട ശക്തികുറഞ്ഞ എല്‍നിനോ ഇന്ത്യയില്‍ കൊടുംവരള്‍ച്ചയാണ് ഉണ്ടാക്കിയത്. 2006-2007 കാലത്താണ് ഏറ്റവുമൊടുവില്‍ എല്‍നിനോ പ്രത്യക്ഷപ്പെട്ടത്.
കിഴക്കന്‍ ശാന്തസമുദ്രത്തില്‍ സമുദ്രോപരിതല ഊഷ്‌്‌മാവ് ഇപ്പോള്‍ സാധാരണയിലും അര ഡിഗ്രി സെല്‍സിയസ് കൂടുതലാണെന്ന വിവരം യു.എസ്. 'ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍' (CPC) പുറത്തുവിട്ടത്. ജൂലായ്-ആഗസ്‌തോടെ സാമാന്യം ശക്തമായ എല്‍നിനോ രൂപപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ 'നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫറിക് അഡ്‌മിനിസ്‌ട്രേഷന്‍'(NOAA) ഇക്കാര്യം ശരിവെച്ചിട്ടുമുണ്ട്.
ജൂലായോടുകൂടിയേ എല്‍നിനോ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ എന്നായിരുന്നു കണക്കുകൂട്ടല്‍. അതിനാല്‍ മണ്‍സൂണിന്റെ ആദ്യഘട്ടം പ്രവചനത്തില്‍ എല്‍നിനോയുടെ കാര്യം ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് പരിഗണിച്ചില്ല. എന്നാല്‍, അത് ജൂണില്‍ തന്നെ പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക് അടുത്തഘട്ടം പ്രവചനത്തില്‍ അക്കാര്യംകൂടി കണക്കിലെടുക്കുമെന്ന് ഡോ. എം.ഡി.രാമചന്ദ്രന്‍ അറിയിച്ചു.
ജൂണ്‍ 23-ന് ഇത്തവണ കാലവര്‍ഷം ആരംഭിച്ചെങ്കിലും, മഴ ശക്തപ്രാപിക്കുന്നതിന് തടസ്സമായത് ബംഗാളില്‍ ആഞ്ഞടിച്ച 'ഐല' ചുഴലിക്കൊടുങ്കാറ്റാണ്‌്. തെക്കന്‍ പ്രദേശത്തുനിന്ന് ഈര്‍പ്പവും നീരാവിയും ആ ചുഴലിക്കാറ്റ് കൊണ്ടുപോയതിനാല്‍ കാലവര്‍ഷം പിന്‍വാങ്ങി. പിന്നീട് ജൂണ്‍ അഞ്ചോടെ ശക്തിപ്പെട്ട കാലവര്‍ഷം രണ്ടുദിവസത്തിന് ശേഷം ദുര്‍ബലമായി. അതിന് ശേഷം ജൂണ്‍ 12-ഓടെ വീണ്ടും ശക്തിപ്രാപിക്കുമെന്നായിരുന്നു പ്രവചനം. പക്ഷേ, ന്യൂനമര്‍ദത്തിന് പകരം അന്തരീക്ഷത്തില്‍ രണ്ട് കിലോമീറ്റര്‍ മുകളിലൂടെയുള്ള വായൂപ്രവാഹമാണ് പ്രത്യക്ഷപ്പെട്ടത്. അത് കാലവര്‍ഷത്തിന്റെ മുന്നോട്ടുള്ള ഗതിയ്‌ക്ക് തടസ്സമായി. ഇനി ജൂണ്‍ 16-ഓടെ ന്യൂനമര്‍ദം പ്രത്യക്ഷപ്പെടുമെന്നും അതോടെ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷ.
ജൂണില്‍ ആദ്യത്തെ പത്തു ദിവസം സാധാരണയിലും ഒന്‍പത് ശതമാനം കുറച്ച് മഴയാണ് കേരളത്തില്‍ ലഭിച്ചത്. 20 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 18.2 ശതമാനം ലഭിച്ചതായി ഡോ. രാമചന്ദ്രന്‍ അറിയിക്കുന്നു. എന്നാല്‍, ദേശീയ തലത്തില്‍ ജൂണ്‍ ആദ്യവാരം ലഭിച്ച മഴ സാധാരണയിലും 35 ശതമാനം കുറവാണെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.
ഇത്തവണ കാലവര്‍ഷം മെയ് 23-ന് ആരംഭിച്ച സ്ഥിതിക്ക് ഇതിനകം തന്നെ രാജ്യത്തിന്റെ മധ്യമേഖലയിലേക്ക് ഇതിനകം കാലവര്‍ഷം മുന്നേറേണ്ടതായിരുന്നു. എന്നാല്‍, ശക്തമായ ന്യൂനമര്‍ദത്തിന്റെ അഭാവത്തില്‍ മുന്നേറ്റം നിലച്ചിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ജൂണ്‍ ഏഴിന് ശേഷം മണ്‍സൂണ്‍ പുരോഗമിച്ചിട്ടില്ല. ഇതുമൂലം മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൊയാബീന്‍, പരുത്തി, കരിമ്പ്, പയര്‍വര്‍ഗങ്ങള്‍, നിലക്കടല തുടങ്ങിയവ സമയത്ത് കൃഷി ചെയ്യാനാവാതെ വന്നിരിക്കുകയാണ്.
കാണുക:
കാലവര്‍ഷത്തിന്റെ കാലിടറുന്നു
ഉറുമ്പുകള്‍ കാലാവസ്ഥ പ്രവചിക്കുമ്പോള്‍
ലാനിനായും ആനകളുടെ മദംപൊട്ടലും
എല്‍നിനോ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍
ഭൂമിയുടെ ചൂട് വര്‍ധിക്കുന്നത് നമ്മുടെ കാലവര്‍ഷത്തിന്റെയും താളംതെറ്റിക്കുന്നതായി സൂചന. സംസ്ഥാനത്ത് സമീപകാലത്ത് കാലവര്‍ഷം പരാജയപ്പെടുന്നതിന്റെ തോത് ആശങ്കയുണര്‍ത്തും വിധം വര്‍ധിക്കുകയാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സംസ്ഥാനത്ത് മഴ 20 ശതമാനത്തിലും കുറഞ്ഞത് അഞ്ച് തവണ മാത്രമാണ്. അതേസമയം, കഴിഞ്ഞ വെറും പത്ത് വര്‍ഷത്തിനിടെ അഞ്ചു തവണ കേരളത്തില്‍ കാലവര്‍ഷം 20 ശതമാനത്തിലും കുറഞ്ഞു. മുമ്പ് അമ്പത് വര്‍ഷംകൊണ്ട് സംഭവിച്ച കാര്യം ഇപ്പോള്‍ ഒരു പതിറ്റാണ്ടിനിടെ ഉണ്ടാകുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ലോക കാലാവസ്ഥാ അസോസിയേഷന്റെ പഠനം അനുസരിച്ച്, രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ പതിറ്റാണ്ട് 1998-2007 ആയിരുന്നു എന്നകാര്യം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയിലാണ് കേരളവുമെന്ന് കാണാം.
ഇത്തവണ സാധാരണ മഴ ലഭിക്കും എന്നാണ് പ്രവചനമെങ്കിലും, കേരളത്തില്‍ വേനല്‍മഴയില്‍ 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 428 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് കിട്ടിയത് 398 മി.മീ. വേനല്‍മഴ മാത്രം. ഇടവപ്പാതി (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) ഇത്തവണ മെയ് 23-ന് ആരംഭിച്ചത് പ്രതീക്ഷയുണര്‍ത്തിയെങ്കിലും, ബംഗാളില്‍ നാശംവിതച്ച ഐല ചുഴലിക്കൊടുങ്കാറ്റ് കാര്യങ്ങളെയാകെ തകിടം മറിച്ചു. തെക്കന്‍ മേഖലയില്‍നിന്ന് അന്തരീക്ഷത്തിലെ ബാഷ്‌പവും നീരാവിയും ഐല അകറ്റിയതിനാല്‍ കാലവര്‍ഷം ആശങ്കയുണര്‍ത്തിക്കൊണ്ട് പിന്‍വാങ്ങിയിരിക്കുകയാണ്. ദേശീയതലത്തില്‍ കാലവര്‍ഷത്തിന്റെ മുന്നേറ്റം തടയപ്പെട്ടു. ജൂണ്‍ ആദ്യവാരം രാജ്യത്ത് 35 ശതമാനം മഴ കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് പറയുന്നു. ഐല പോലെ സംഹാരശേഷിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ വരവും കാലാവസ്ഥാമാറ്റത്തിന്റെ തെളിവാണ്.
കാലാവസ്ഥയുടെ തകിടംമറിയല്‍ ആണ് ആഗോളതാപനത്തിന്റെ ദുരന്തഫലങ്ങളില്‍ പ്രധാനപ്പെട്ടതായി പറയപ്പെടുന്നത്. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കുക, മഴ പെയ്യേണ്ടിടത്ത് അത് കുറയുക, വരള്‍ച്ച അനുഭവപ്പെടേണ്ട മേഖലയില്‍ പേമാരി നാശം വിതയ്‌ക്കുക എന്നിങ്ങനെ. കേരളത്തില്‍ കാലവര്‍ഷവും അത്തരമൊരു ദുരന്തഫലത്തിന്റെ ഇരയാവുകയാവുയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരളത്തിലെ താപനില 0.8 ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചതായി 2005-ല്‍ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുകയുണ്ടായി. ലോകത്താകെ 1880-ന് ശേഷമുണ്ടായ ശരാശരി താപവര്‍ധനയ്‌ക്ക് തുല്യമാണിത്.

പുതിയ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം കേരളത്തിലെ ശരാശരി വര്‍ഷപാതം 3108 മില്ലിമീറ്ററാണ്. അതില്‍ 70 ശതമാനം ഇടവപ്പാതിയിലാണ് ലഭിക്കേണ്ടത്. തുലാവര്‍ഷം (വടക്കുകിഴക്കന്‍ കാലവര്‍ഷം), വേനല്‍മഴ എന്നിവ വഴിയാണ് ബാക്കി മഴ കിട്ടുക. 1901 മുതല്‍ ഇതുവരെ 18 തവണ കേരളത്തില്‍ മഴ 20 ശതമാനത്തിലേറെ കുറഞ്ഞു. ഏറ്റവും വലിയ കുറവ് 1918-ലാണ് രേഖപ്പെടുത്തിയത്; 47 ശതമാനം. ഈ കാലയളവില്‍ ഏറ്റവുമധികം മഴ ലഭിച്ചത് 1924-ലാണ്; 64 ശതമാനം കൂടുതല്‍.
കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മഴയുടെ അളവ് 20 ശതമാനത്തിലും കുറഞ്ഞത് 1918 (47 ശതമാനം കുറവ്), 1928 (22 ശതമാനം), 1934 (21 ശതമാനം), 1935 (20 ശതമാനം), 1944 (29 ശതമാനം) എന്നീ അഞ്ച് വര്‍ഷങ്ങളില്‍ മാത്രമാണ്. നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ 1951 (35 ശതമാനം), 1952 (32 ശതമാനം), 1965 (27 ശതമാനം), 1966 (26 ശതമാനം), 1976 (33 ശതമാനം), 1986 (23 ശതമാനം), 1987 (31 ശതമാനം), 1990 (25 ശതമാനം), 1999 (25 ശതമാനം) എന്നിങ്ങനെ ഒന്‍പത് തവണ കാലവര്‍ഷം കാര്യമായി കുറഞ്ഞു. കാലവര്‍ഷം കുറയുന്നതിന്റെ തോത് കാലം പുരോഗമിക്കുന്തോറും വര്‍ധിക്കുന്നതായി ഈ കണക്ക് വ്യക്തമാക്കുന്നു. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗോളതാപനം രൂക്ഷമാകാന്‍ തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണെന്ന വസ്‌തുതകൂടി ഓര്‍ക്കുക.
അതേസമയം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്ന് ഒരു പതിറ്റാണ്ട് തികയും മുമ്പ് നാല് തവണ സംസ്ഥാനത്ത് കാലവര്‍ഷം പരാജയപ്പെട്ടു- 2002 (35 ശതമാനം കുറവ്), 2003 (27 ശതമാനം), 2004 (22 ശതമാനം), 2008 (22 ശതമാനം). കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ കാര്യം പരിഗണിച്ചാല്‍ 1999-ലെ കണക്കുകൂടി കൂട്ടേണ്ടി വരും. കഴിഞ്ഞ പതിറ്റാണ്ടില്‍ അഞ്ചു തവണ കേരളത്തില്‍ കാലവര്‍ഷം സാരമായി കുറഞ്ഞെന്ന് കാണാം. യഥാര്‍ഥത്തില്‍ 2000 (18 ശതമാനം കുറവ്), 2001 (13 ശതമാനം കുറവ്) വര്‍ഷങ്ങളിലും മഴ ലഭ്യത കുറഞ്ഞിരുന്നു, കുറവ് അത്ര സാരമായ തോതില്‍ അല്ലായിരുന്നു എന്നുമാത്രം. അതുകൂടി ചേര്‍ത്താല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ശരാശരിയിലും താഴെ മഴ ലഭിച്ച വര്‍ഷങ്ങളുടെ എണ്ണം ഏഴാകും. മഴ കൂടുതല്‍ ലഭിച്ചത് 2007-ല്‍ മാത്രം; 30 ശതമാനം കൂടുതല്‍.
ഇരുപതാം നൂറ്റാണ്ടിലെ കാര്യം പരിഗണിച്ചാല്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം മഴ കുറയുന്ന സംഭവം നാല് തവണ ആവര്‍ത്തിച്ചതായി കാണാം; 1934-1935, 1951-1952, 1965-1966, 1986-1987 എന്നീ സമയങ്ങളില്‍. മൂന്ന് വര്‍ഷം തുടര്‍ച്ചയായി കാലവര്‍ഷം പരാജയപ്പെട്ട ഒരു സംഭവവും പോയ നൂറ്റാണ്ടിലില്ല. എന്നാല്‍, പുതിയ നൂറ്റാണ്ടില്‍ അതും സംഭവിച്ചു-2002, 2003, 2004 വര്‍ഷങ്ങളില്‍. ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തിലാണ്, കേരളത്തില്‍ കാലം ചെല്ലുന്തോറും കാലവര്‍ഷത്തിന്റെ താളംതെറ്റുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോളതാപനത്തിന്റെ പിടി മുറുകുന്നത് കാലവര്‍ഷത്തെയും കുഴപ്പത്തിലാക്കുന്നു എന്നുവേണം അനുമാനിക്കാന്‍.
ഭൗമാന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കാന്‍ കാരണം കാര്‍ബണ്‍ഡയോക്‌സയിഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ (green house gases) ആധിക്യം ഏറുന്നതാണ്. ഊര്‍ജോത്‌പാദനം, വ്യവസായവത്‌ക്കരണം, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകളൊക്കെ കാര്‍ബണ്‍ വ്യാപനത്തിന് ആക്കംകൂട്ടുന്നു. വ്യവസായവിപ്ലവം തുടങ്ങുന്ന കാലത്ത് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 280 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആയിരുന്നത്, ഇപ്പോള്‍ 384 പി.പി.എം.ആയി എന്നാണ് കണക്ക്. പോയ നൂറ്റാണ്ടില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വ്യാപനത്തിന്റെ പ്രതിവര്‍ഷ വര്‍ധന 1.8 ശതമാനമായിരുന്നെങ്കില്‍, 2002, 2003 കാലത്ത് അത് 2.54 ശതമാനമായതായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ സമീപകാല പഠനം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ആഗോളതാപനത്തിന്റെ അനന്തരഫലങ്ങള്‍ക്ക് പുതിയ നൂറ്റാണ്ടില്‍ ആക്കംകൂടിയത് എന്തുകൊണ്ടെന്ന് ഇക്കാര്യം സൂചന നല്‍കുന്നു. (കടപ്പാട്: IMD)
കാണുക:
സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പില്‍ പതിനായിരം ലേഖനങ്ങള്‍ തികഞ്ഞു. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സേവനതത്‌പരരായ ഒരുപിടി ആളുകളുടെ ശ്രമഫലമായി ആറര വര്‍ഷം കൊണ്ടാണ് 'മലയാളം വിക്കി' ഈ നേട്ടം കൈവരിച്ചത്.
ആര്‍ക്കും എഴുതാവുന്ന, എഡിറ്റ് ചെയ്യാവുന്ന, സൗജന്യമായി ഉപയോഗിക്കാവുന്ന സ്വതന്ത്രവിജ്ഞാനകോശമാണ് വിക്കിപീഡിയ. കല, ചരിത്രം, ഭൂമിശാസ്‌ത്രം, ശാസ്‌ത്രം, സാങ്കേതികം, സാമൂഹികം എന്നീ വിഭാഗങ്ങളും വാര്‍ത്തകളുമാണ് മലയാളം വിക്കിയിലുള്ളത്. ജൂണ്‍ ഒന്നിന് മലയാളം വിക്കിയില്‍ 10,007 ലേഖനങ്ങളുണ്ട്.
ജിമ്മി വെയ്‌ല്‍സും ലാറി ലേസഞ്ചറും ചേര്‍ന്ന് 2001 ജനവരി 15-ന് ആരംഭിച്ച ഇംഗ്ലീഷ് എഡിഷനാണ് വിക്കിപീഡിയയുടെ മാതൃസംരംഭം. വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പില്‍ ഇപ്പോള്‍ മുപ്പത് ലക്ഷത്തോളം ലേഖനങ്ങളുണ്ട്. ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തേടുന്നവരുടെ ഏറ്റവും വലിയ ആശ്രമയമായി വിക്കിപീഡിയ ഇന്ന് മാറിയിരിക്കുന്നു.
ലോകത്തെ ഇരുന്നൂറ്റി മുപ്പതോളം ഭാഷകളില്‍ വിക്കി പതിപ്പുകളുണ്ട്. അതിലൊന്നാണ് 'മലയാളം വിക്കിപീഡിയ'. ഇംഗ്ലീഷ് വിക്കിപീഡിയ ആരംഭിച്ച് ഏതാണ്ട് രണ്ടുവര്‍ഷം കഴിഞ്ഞ്, 2002 ഡിസംബര്‍ 21-നാണ് മലയാളം വിക്കിയുടെ തുടക്കം. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് മേനോന്‍ എം.പി.യാണ് മലയാളം വിക്കിയുടെ തുടക്കക്കാരന്‍.
തുടക്കത്തില്‍ ഭാഷാകമ്പ്യൂട്ടിങിന്റെയും മറ്റും ഗൗരവമേറിയ പ്രശ്‌നങ്ങള്‍ നേരിട്ട മലയാളം വിക്കിസംരംഭത്തിന് 2004 വരെ കാര്യമായ പുരോഗതി സാധ്യമായില്ല. രണ്ടുവര്‍ഷമെടുത്തു മലയാളം വിക്കിയില്‍ ആദ്യ നൂറ് ലേഖനങ്ങള്‍ തികയാന്‍.
എന്നാല്‍, 2004 മധ്യത്തോടെ മലയാളം കമ്പ്യൂട്ടിങ് രംഗത്തുണ്ടായ മുന്നേറ്റം വിക്കി സംരംഭത്തിനും തുണയായി. മലയാളഭാഷയില്‍ യുണീകോഡ് എഴുത്ത് സാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായത് ഇക്കാലത്താണ്. മലയാളം ബ്ലോഗുകളും ഇക്കാലത്ത് ഇന്റര്‍നെറ്റില്‍ സജീവമായി. ബ്ലോഗിങിലെ താത്‌പര്യം മൂലം കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പഠിച്ചവരില്‍ പലരും മലയാളം വിക്കിയിലേക്കും സംഭാവന നല്‍കിത്തുടങ്ങി.
2006 മുതലാണ് ശരിക്ക് പറഞ്ഞാല്‍ മലയാളം വിക്കിക്ക് പ്രകടമായ പുരോഗതി സാധ്യമായത്. ആ വര്‍ഷം ഏപ്രിലില്‍ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. അതേ സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം ആയിരം കടന്നു. 2007 സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം 3500 ആയി. അതാണ് വീണ്ടും രണ്ടുവര്‍ഷം കഴിയുമ്പോള്‍ പതിനായിരം കടക്കുന്നത്. 10,564 ഉപഭോക്താക്കള്‍ നിലവില്‍ മലയാളം വിക്കിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
കേരളത്തിന് വെളിയില്‍ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന വിജ്ഞാനകുതുകികളാണ് മലയാളം വിക്കിക്ക് സംഭാവന നടത്തുന്നവരില്‍ ഏറെയും. കേരളത്തില്‍ നിന്നുതന്നെ കാര്യമായ സംഭാവന ഉണ്ടായാലേ, മലയാളത്തില്‍ സമഗ്രമായ ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമായി വിക്കിയെ മാറ്റാനാകൂ എന്ന് ഈ രംഗത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
മെയ് 22 - അന്താരാഷ്ട്ര ജൈവവൈവിധ്യദിനം
ഒന്നര പതിറ്റാണ്ട് മുമ്പാണ്, കേരളത്തിലെ തേനീച്ചകൃഷിക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ടു. ഏതോ അജ്ഞാതകാരണത്താല്‍ തേനീച്ച മുഴുവന്‍ ചത്തടിഞ്ഞു. ലോണെടുത്തും മറ്റും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് മുന്നില്‍ വഴിമുട്ടി. കണ്ണൂരിലെ മലയോര പ്രദേശത്താണ് ഏറ്റവും കൂടുതല്‍ പ്രഹരമേറ്റത്. കൂടുതല്‍ തേനുണ്ടാക്കും എന്ന് അവകാശപ്പെട്ട്, ഇറ്റലിയില്‍നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌ത ഒരിനം തേനീച്ചയ്‌ക്കൊപ്പം ഇവിടെയെത്തിയ മാരകവൈറസാണ്, നാടന്‍ തേനീച്ചകളുടെ അന്തകനായതെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. മറ്റൊരു കാര്യംകൂടി താമസിയാതെ മനസിലായി, കേരളത്തില്‍ വളര്‍ത്തുതേനീച്ചകര്‍ മാത്രമല്ല, കാട്ടിലെ തേനീച്ചയ്‌ക്കും കൂട്ടനാശം സംഭവിച്ചിരിക്കുന്നു. ഇടുക്കിയിലും തെക്കന്‍ കേരളത്തിലും കാട്ടില്‍നിന്ന് തേന്‍ ശേഖരിച്ച് ജീവിക്കുന്ന ആദിവാദികളുടെ ജീവിതം അവതാളത്തിലായി.
ഇനി വേറൊരു സംഭവം. 2001-ല്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടര്‍ന്നുപിടിച്ചത് ബ്രിട്ടനില്‍ വന്‍പ്രത്യാഘാതം സൃഷ്ടിച്ചു. കാലിവ്യവസായം തകര്‍ച്ച നേരിട്ടു. എഴുപത് ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടി വന്നു. പൊതുതിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവെച്ചു. ഒട്ടേറെ കായിക-വിനോദ പരിപാടികള്‍ റദ്ദാക്കി. 1600 കോടി ഡോളര്‍ (80,000 കോടി രൂപ) നഷ്ടം ആ മൃഗരോഗം ബ്രട്ടന് വരുത്തിയെന്നാണ് കണക്ക്. രോഗത്തിന്റെ വേരുകള്‍ തേടിപ്പോയ ഗവേഷകര്‍ എത്തിയത് പക്ഷേ, ഇന്ത്യയിലാണ്-ഉത്തര്‍പ്രദേശില്‍! തൊണ്ണൂറുകളില്‍ ഉത്തര്‍പ്രദേശില്‍നിന്ന് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്‌ത ആടുകളിലൂടെ ഇവിടെ നിന്ന് പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവില്‍ ബ്രിട്ടനിലെത്തി നാശംവിതച്ചത്.

അന്യജീവജാതികള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെരുകി അവിടുത്തെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്നതിന് ഉദാഹരണങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇത്തരം ഭീഷണിയാണ് ജൈവഅധിനിവേശം (Bioinvasion) എന്ന് അറിയപ്പെടുന്നത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്‌നങ്ങളിലൊന്നായി ജൈവഅധിനിവേശം വിലയിരുത്തപ്പെടുന്നു. കേരളീയര്‍ക്കും ഈ ഭീഷണി അപരിചിതമല്ല, മേല്‍വിവരിച്ച ഇറ്റാലിയന്‍ വൈറസിനെപ്പോലെ ആഫ്രിക്കന്‍ പായലും അക്കേഷ്യയും പാര്‍ത്തനീയവും ആഫ്രിക്കന്‍ മുഷിയും തിലാപ്പിയ മത്സ്യവും ആഫ്രിക്കന്‍ ഭീമന്‍ ഒച്ചുമൊക്കെ മറ്റ്‌രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തി ഇവിടുത്തെ കൃഷിക്കും ആവാസവ്യവസ്ഥയ്‌ക്കും ഭീഷണിസൃഷ്ടിക്കുന്ന ഇനങ്ങളാണ്. കേരളമുള്‍പ്പടെ ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗര്‍ കൊതുക് ചിക്കുന്‍ ഗുനിയ ഉള്‍പ്പടെ 21-ഓളം വൈറസുകളുടെ വാഹകരാണ്.
ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് ഇത്തവണ അന്താരാഷ്ട്ര ജൈവവൈവിധ്യദിനത്തി (മെയ് 22) ന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന് യു.എന്‍. നിശ്ചയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ അധിനിവേശ ജീവജാതികള്‍ വരുത്തുന്ന വിളനാശവും, വനത്തിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും, ഇവ നിയന്ത്രിക്കാന്‍ വേണ്ടിവരുന്ന ചെലവും, രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കും ഉണ്ടാകുന്ന നാശവുമെല്ലാം കണക്കാക്കിയാല്‍ പ്രതിവര്‍ഷം കോടിക്കണക്കിന്, ഒരുപക്ഷേ ഒരുലക്ഷം കോടി ഡോളറിന്റെ വരെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്. ഗതാഗതത്തിലുണ്ടായ വര്‍ധനയും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന് ആക്കംകൂട്ടുന്നതായി വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട് പറയുന്നു. ഏപ്രില്‍ ആദ്യം മെക്‌സിക്കോയില്‍ മനുഷ്യരെ ബാധിച്ച പന്നിപ്പിനി വൈറസ് എന്ന എച്ച്1എന്‍1 വൈറസ് വകഭേദം എത്രവേഗമാണ് മറ്റ് രാജ്യങ്ങളിലെത്തിയത്.
ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അധിനിവേശ ജീവജാതികളെക്കുറിച്ച് ആധികാരികമായി മനസിലാക്കാന്‍ 'ഗ്ലോബല്‍ ഇന്‍വേസീവ് സ്‌പീഷിസ് ഡേറ്റാബേസ്' (GISD) സന്ദര്‍ശിച്ചാല്‍ മതി. ജൈവഅധിനിവേശമുയര്‍ത്തുന്ന ഭീഷണിയെപ്പറ്റി ലോകവ്യാപകമായി ബോധവത്‌ക്കരണം ശക്തിപ്പെടുത്താനാണ് ഈ വെബ്ബ്‌സൈറ്റ് ശ്രമിക്കുന്നത്. 'ഗ്ലോബല്‍ ഇന്‍വേസീവ് സ്‌പീഷിസ് പ്രോഗ്രാ'മിന്റെ ഭാഗമായി 1998-ല്‍ ആരംഭിച്ചതാണിത്. ലോകത്തെ വിവിധ മേഖലകളില്‍ അധിനിവേശം നടത്തിയിട്ടുള്ള ഇനങ്ങളെ മേഖല തിരിച്ച് തന്നെ ഈ സൈറ്റില്‍നിന്ന് മനസിലാക്കാം. പരിസ്ഥിതി, വിതരണം, അധിനിവേശജാതികള്‍ വരുത്തുന്ന പ്രത്യാഘാതമൊക്കെ ഈ സൈറ്റ് വ്യക്തമായി വിവരിക്കുന്നു.
അനുബന്ധം: യു.എന്‍. ജനറല്‍ അസംബ്ലിയുടെ രണ്ടാംകമ്മറ്റി 1993 മുതലാണ് 'ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' (അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം) ആചരിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 29 ആണ് ഈ ദിനമായി ആചരിച്ചിരുന്നത്. 2000 മുതല്‍ അത് മെയ് 22 ആയി മാറ്റി നിശ്ചയിച്ചു. റിയോ ഡി ജനീറോയിലെ ഭൗമഉച്ചകോടിയില്‍ 'കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' അംഗീകരിക്കപ്പെട്ടത് 1992 മെയ് 22-ന് ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് ദിനാചരണം മെയ് 22 ആക്കിയത്. 2010-ലെ ജൈവവൈവിധ്യ ദിന സന്ദേശമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് 'വികസനത്തിന് ജൈവവൈവിധ്യം' എന്ന വിഷയമാണ്. (കടപ്പാട്: ജി.ഐ.എസ്.ഡി, യു.എന്‍, വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്).
- കേരളത്തില്‍ അധിനിവേശം നടത്തിയിട്ടുള്ള വൈദേശികയിനങ്ങളെക്കുറിച്ച് അറിയാന്‍ ഇത് കാണുക
പാലക്കാട് വിക്ടോറിയ കോളേജില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 46-ാം വാര്‍ഷികസമ്മേളനത്തില്‍ (2009 ഫിബ്ര.13-15) ഡോ.താണു പത്മനാഭന്‍ നടത്തിയ ഉദ്‌ഘാടനപ്രഭാഷണത്തെ ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട്.
ചരിത്രാതീതകാലം മുതല്‍ മനുഷ്യനെ ഭ്രമിപ്പിക്കുകയും ആകര്‍ഷിക്കുകയും ജിജ്ഞാസുവാക്കുകയും ചെയ്‌തതാണ് പ്രപഞ്ചം. പ്രപഞ്ചത്തെ സംബന്ധിച്ച ഒട്ടേറെ മാതൃകകള്‍ ഓരോ കാലഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും ഇങ്ങേയറ്റത്തുള്ളതിനെ ഒറ്റ വാക്യത്തില്‍ ഒതുക്കാം: `ഭൂമി ഒന്നിന്റെയും കേന്ദ്രമല്ല, എന്നാല്‍ എല്ലാറ്റിന്റെയും കേന്ദ്രമാണ്`. ഈ സങ്കല്‍പ്പിത്തിലേക്കെത്താന്‍ മനുഷ്യന് കാലവും ഒട്ടേറെ കടമ്പകളും കടക്കേണ്ടതുണ്ടായിരുന്നു. നാഴികക്കല്ലുകളെ പിന്നിടേണ്ടതുണ്ടായിരുന്നു. തെറ്റുകളില്‍ നിന്ന് ശരികളിലേക്കും ശരികളില്‍ നിന്ന് കൂടുതല്‍ ശരികളിലേക്കും വരേണ്ടതുണ്ടായിരുന്നു. മുന്നേറ്റത്തില്‍നിന്ന് പ്രതിസന്ധിയും, പ്രതിസന്ധിയില്‍ നിന്ന് മുന്നേറ്റവുമുണ്ടാക്കുന്ന ശാസ്‌ത്രത്തിന്റെ രീതി സ്വായത്തമാക്കേണ്ടതുണ്ടായിരുന്നു. ഭരണാധിപന്‍മാരെ പിന്‍പറ്റിയും മതസങ്കല്‍പ്പങ്ങളോട് പടവെട്ടിയുമാണ് പ്രപഞ്ചസങ്കല്‍പ്പം വളര്‍ന്നത്.
ടോളമി, കോപ്പര്‍നിക്കസ്, ടൈക്കോ ബ്രാഹെ, ജോഹാന്നസ് കെപ്ലാര്‍, ഗലീലിയോ, ഐസക് ന്യൂട്ടണ്‍, ജയിംസ് ക്ലാര്‍ക്ക് മാക്‌സ്‌വെല്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ തുടങ്ങിയവരിലൂടെ വികസിച്ചുവന്ന പ്രപഞ്ചസങ്കല്‍പ്പം, ഇന്ന് വെറുമൊരു സങ്കല്‍പ്പം മാത്രമല്ല. പ്രപഞ്ചസിദ്ധാന്തങ്ങള്‍ പരീക്ഷണങ്ങളിലൂടെ പരീക്ഷിച്ചും നിരീക്ഷിച്ചും തീര്‍പ്പുകളിലെത്താവുന്ന തരത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കാര്യങ്ങള്‍ മാറിയിരിക്കുന്നു. അതിനാവശ്യമായ സാങ്കേതിക മുന്നേറ്റം ഉണ്ടായിരിക്കുന്നു. ഇന്ന് പ്രപഞ്ചത്തെപ്പറ്റി പറയുന്ന വസ്‌തുതകളൊന്നും സങ്കല്‍പ്പങ്ങളോ അഭ്യൂഹങ്ങളോ അല്ല, നിരീക്ഷിച്ചറിഞ്ഞ വസ്‌തുതകളാണ്.
പ്രപഞ്ചത്തില്‍ വെറും നാല് ശതമാനം മാത്രമേ ദൃശ്യദ്രവ്യം ഉള്ളൂ എന്നും, 26 ശതമാനം ശ്യാമദ്രവ്യവും 70 ശതമാനം ശ്യാമോര്‍ജവുമാണെന്നത് നിരീക്ഷണങ്ങളിലൂടെ അറിഞ്ഞ വസ്‌തുതയാണ്. അടുത്ത പതിനഞ്ച് വര്‍ഷത്തിനകം ശ്യാമദ്രവ്യം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. അതിന്റെ നിഗൂഢത അതോടെ ചുരുളഴിയും. പത്തോ പതിനഞ്ചോ വര്‍ഷത്തിന് ശേഷമാണ് പ്രപഞ്ച സങ്കല്‍പ്പത്തെക്കുറിച്ച് ഇത്തരമൊരു വേദിയില്‍ സംസാരിക്കേണ്ടി വരുന്നതെങ്കില്‍, തികച്ചും വ്യത്യസ്‌തമായ ചിത്രമാകും ഒരുപക്ഷേ അന്ന് മുന്നോട്ട് വെയ്‌ക്കാന്‍ കഴിയുക.
'മാറുന്ന പ്രപഞ്ചസങ്കല്‍പ്പം' എന്ന വിഷയത്തില്‍ ഡോ. താണു പത്മനാഭന്‍ നടത്തിയ പ്രഭാഷണത്തെ വേണമെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്ന് ഖണ്ഡികകളായി ചുരുക്കാം. പക്ഷേ, അതുകൊണ്ട് പ്രഭാഷണത്തിന്റെ റിപ്പോര്‍ട്ട് പൂര്‍ണമാകില്ല. പ്രപഞ്ചസങ്കല്‍പ്പമായിരുന്നു വിഷയമെങ്കിലും, അത് സരളവും ലളിതവുമായി വിവരിച്ചു പോകുന്നതിനിടെ, ആധുനികശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ തന്നെയാണ് വിഖ്യാതനായ ആ ശാസ്‌ത്രജ്ഞന്‍ സഞ്ചരിച്ചത്. ഒപ്പം ശാസ്‌ത്രത്തിന്റെ രീതികളും ചട്ടങ്ങളും നര്‍മംതികഞ്ഞ പരാമര്‍ശങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടു. മാറ്റമില്ലാതെ തുടരുകയെന്നത് ശാസ്‌ത്രത്തിന്റെ വഴിയല്ലെന്നും, ശാസ്‌ത്രാന്വേഷണം എപ്പോഴും ചലനാത്മകമായിരിക്കണമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
യഥാര്‍ഥ ശാസ്‌ത്രപുരോഗതി സാധ്യമാകാന്‍ സമൂഹത്തിന് ശാസ്‌ത്രീയ മനോഭാവം വേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രഭാഷണത്തിന്റെ തുടക്കം. അവിടെ നിന്ന് വാക്കുകളിലൂടെ അദ്ദേഹം പുരാതന സംസ്‌ക്കാരങ്ങളുടെ കാലത്ത് മനുഷ്യന്‍ പ്രപഞ്ചത്തെ ആകാംക്ഷയോടെയും അത്ഭുതത്തോടെയും നിരീക്ഷിച്ചിരുന്നത് എങ്ങനെയെന്നതിലേക്ക് സഞ്ചരിച്ചു. `എല്ലാ പുരാതന സമൂഹങ്ങളും സ്വര്‍ഗത്തെ (ആകാശത്തെ) സംബന്ധിച്ച് ജിജ്ഞാസയുള്ളവരായിരുന്നു. ആകാശത്ത് നോക്കി അത്ഭുതംകൂറാത്ത ഒരു സമൂഹവുമില്ല`. എന്താണ് ആകാശത്ത് സംഭവിക്കുന്നത്? അറിയില്ല. അതിനാല്‍ ''എല്ലാറ്റിനും അവര്‍ ദൈവികമായ പരിവേഷം നല്‍കി. ഒരു പ്രാചീന ജനസമൂഹവും ഇതില്‍നിന്ന് വ്യത്യസ്‌തരല്ലായിരുന്നു`.
പ്രപഞ്ചത്തെ സംബന്ധിച്ച് അത്ഭുതപ്പെടുക എന്നതല്ലാതെ, എങ്ങനെയാണ് പ്രപഞ്ചം എന്നതിന് ഒരു മാതൃക ആദ്യം അവതരിപ്പിച്ചത് ടോളമിയായിരുന്നു. അദ്ദേഹത്തിന്റെ 'ഭൗമകേന്ദ്രിതസിദ്ധാന്തം' അനുസരിച്ച് ഭൂമിയായിരുന്നു പ്രപഞ്ചകേന്ദ്രം. മനുഷ്യവിജ്ഞാനത്തിന്റെ അന്നത്തെ അതിരുകള്‍വെച്ചുനോക്കിയാല്‍, വലിയൊരു പുരോഗതിയാണ് ടോളമിയുടെ പ്രപഞ്ചസങ്കല്‍പ്പത്തിലൂടെ സംഭവിച്ചത്. ഒന്നര സഹസ്രാബ്ദം മാറ്റമില്ലാതെ നിലനിന്ന ടോളമിയുടെ പ്രപഞ്ചസങ്കല്‍പ്പത്തിന് ഉലച്ചില്‍ തട്ടുന്നത് കോപ്പര്‍നിക്കസ് (1473-1543) പുതിയ പ്രപഞ്ചമാതൃകയുമായി എത്തുന്നതോടെയാണ്. ഭൂമിയല്ല, സൂര്യനാണ് പ്രപഞ്ചകേന്ദ്രം എന്ന് വാദിക്കുന്ന 'സൗരകേന്ദ്രിത സിദ്ധാന്ത'മായിരുന്നു കോപ്പര്‍നിക്കസിന്റെ സംഭാവന. ചരിത്രത്തിലാദ്യമായി പൊതുസമൂഹം, പ്രത്യേകിച്ചും മതസമൂഹം, ശാസ്‌ത്രവുമായി സംഘര്‍ഷത്തിലാകുന്ന ഘട്ടമായിരുന്നു അത്.
പിന്നീട് വന്ന രണ്ടുപേര്‍-ടൈക്കോ ബ്രാഹെ (1546-1601), ജോഹാന്നസ് കെപ്ലാര്‍ (1571-1630)-നിരീക്ഷണത്തിന്റെയും ഗണിതവത്‌ക്കരണത്തിന്റെയും സഹായത്തോടെ പ്രപഞ്ചസങ്കല്‍പ്പങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. രാജാക്കന്‍മാരുടെ പിന്‍ബലമില്ലാതെ ശാസ്‌ത്രഗവേഷണം അക്കാലത്ത് അസാധ്യമായിരുന്നു എന്നതിന് ഏറ്റവും മുന്തിയ ഉദാഹരണമാണ് ഡാനിഷ് വാനശാസ്‌ത്രജ്ഞനായിരുന്ന ബ്രാഹെയുടെ ഗവേഷണവും ജീവിതവും. ചെറിയച്ഛന്‍ തട്ടിക്കൊണ്ടുപോയി പഠിപ്പിച്ച് വളര്‍ത്തിയതാണ് ആ ശാസ്‌ത്രജ്ഞെനെ. ഡെന്‍മാര്‍ക്കിലെ ഫ്രെഡറിക് രണ്ടാമന്‍ രാജാവ് വിട്ടുകൊടുത്ത ദ്വീപ് അദ്ദേഹം അന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാനനിരീക്ഷണകേന്ദ്രമാക്കി മാറ്റി. ടെലസ്‌കോപ്പിന് മുമ്പുള്ള കാലമായിരുന്നു അത്.
ബ്രാഹെയുടെ വാനനിരീക്ഷണഫലങ്ങളെ അടിസ്ഥാനമാക്കിയാണ് കെപ്ലാര്‍ ഗ്രഹചലനത്തെ സംബന്ധിച്ച സുപ്രധാനമായ മൂന്ന് നിയമങ്ങള്‍ രൂപപ്പെടുത്തിയത്. പ്രപഞ്ചത്തെ സംബന്ധിച്ച ഗൗരവതരവും ശാസ്‌ത്രീയവുമായ ആദ്യകണ്ടെത്തലായിരുന്നു കെപ്ലാറുടെ നിയമങ്ങള്‍ എന്നുപറഞ്ഞാല്‍ തെറ്റില്ല. പ്രപഞ്ചം കുറ്റമറ്റതാണ് എന്ന ഗ്രീക്ക് സങ്കല്‍പ്പത്തിന് ക്ഷതമേല്‍ക്കുന്നതായിരുന്നു കെപ്ലാറുടെ നിയമങ്ങള്‍. അദ്ദേഹത്തിന്റെ നിയമം അനുസരിച്ച് ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നത് കുറ്റമറ്റ വൃത്തപഥത്തിലല്ല, മറിച്ച് വാര്‍ത്തുള ഭ്രമണപഥത്തിലാണ്. കെപ്ലാറുടെ കാലത്ത് തന്നെയാണ് ശാസ്‌ത്രചരിത്രത്തിലെ മഹാരഥന്‍മാരിലൊരാളായ ഗലീലിയോ (1564-1642) ജീവിച്ചിരുന്നതും. അദ്ദേഹം ടെലസ്‌കോപ്പ് ഉപയോഗിച്ച് നോക്കിയപ്പോള്‍ ചന്ദ്രപ്രതലം കുറ്റമറ്റതല്ല, കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന് കണ്ടു. ശുക്രന് വൃദ്ധിക്ഷയങ്ങളുണ്ടെന്ന് അദ്ദേഹം മനസിലാക്കി. ആകാശം മാറ്റമില്ലാത്തതും കുറ്റമറ്റതുമാണെന്ന് പ്രാചീനസങ്കല്‍പ്പത്തിന് ഉലച്ചില്‍ തട്ടുകയായിരുന്നു.
ഇവരുടെ തുടര്‍ച്ചയായാണ് ന്യൂട്ടന്റെ (1642-1727) രംഗപ്രവേശം. പ്രപഞ്ചത്തെ സംബന്ധിച്ച മൗലീകമായ ചില പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയത് ന്യൂട്ടനാണ്. ആപ്പിള്‍ താഴേക്ക് വീഴുന്നത് എല്ലാവരും കണ്ടിരിക്കണം. വസ്‌തുക്കള്‍ താഴെ വീഴുക തന്നെ ചെയ്യുമെന്നറിയാത്ത ഒരു സമൂഹവും ചരിത്രത്തിലുണ്ടാവില്ല. പക്ഷേ, എന്തുകൊണ്ട് വസ്‌തുക്കള്‍ താഴെ വീഴുന്നു എന്ന് ചിന്തിച്ചിടത്താണ്, അതിന് ഉത്തരം കണ്ടെത്തിയിടത്താണ് ന്യൂട്ടന്റെ പ്രതിഭ. ഗുരുത്വാകര്‍ഷണമെന്നൊരു ബലമുണ്ടെന്നും, ആപ്പിള്‍ താഴെ വീഴുന്നതിന് പിന്നിലും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിന് പിന്നിലും ഒരേ ബലം തന്നെയാണെന്ന് പ്രവര്‍ത്തിക്കുന്നതെന്നും മനസിലാക്കിയിടത്താണ് ന്യൂട്ടന്റെ വിജയം. ഭൂമിയിലെ നിയമങ്ങള്‍ തന്നെയാണ് ആകാശത്തും കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന് ആദ്യമായി ലോകം മനസിലാക്കുകയായിരുന്നു. ആകാശത്തെയും ഭൂമിയിലെയും നിയമങ്ങള്‍ ഏകീകരിക്കുകയാണ് ന്യൂട്ടണ്‍ ചെയ്‌തതെന്ന് മറ്റൊരര്‍ഥത്തില്‍ പറയാം.
ശാസ്‌ത്രചരിത്രത്തില്‍ സുപ്രധാനമായ മറ്റൊരു ഏകീകരണം നടത്തിയത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജയിംസ് ക്ലാര്‍ക്ക് മാക്‌സ്‌വെല്‍ (1831-1879) ആണ്. വൈദ്യുതകാന്തികതയെയും പ്രകാശത്തെയും അദ്ദേഹം ഏകീകരിച്ചു. പ്രകാശം വൈദ്യുതകാന്തികതരംഗങ്ങളാണെന്ന് അദ്ദേഹം ഗണിത സമീകരണത്തിലൂടെ സ്ഥാപിച്ചു. അത്തരമൊരു മുന്നേറ്റമുണ്ടായപ്പോള്‍, പ്രകാശത്തിന്റെ സ്വഭാവം സംബന്ധിച്ച് ഒരു പ്രതിസന്ധി ഉടലെടുത്തു. ആ പ്രതിസന്ധി മറികടക്കാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) രംഗത്തെത്തേണ്ടതുണ്ടായിരുന്നു. പ്രതിസന്ധി, അത് മറികടക്കാന്‍ പുതിയൊരു മുന്നേറ്റം, പുതിയ മുന്നേറ്റം പിന്നെയും മറ്റൊരു പ്രതിസന്ധി കൊണ്ടുവരുന്നു-അങ്ങനെയാണ് ശാസ്‌ത്രം പുരോഗമിക്കുന്നത്.
(ഗലീലിയോ മരിച്ചതും ന്യൂട്ടന്‍ ജനിച്ചതും 1642-ല്‍, മാക്‌സ്‌വെല്‍ മരിച്ചതും ഐന്‍സ്‌റ്റൈന്‍ പിറന്നതും 1879-ല്‍. ശാസ്‌ത്രചരിത്രത്തിലെ ശരിക്കുള്ള തുടര്‍ച്ച തന്നെ -ലേഖകന്‍).
1905-ല്‍ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐന്‍സ്റ്റൈന്‍ പ്രകാശത്തിന്റെ സ്വാഭാവം പുനര്‍നിര്‍ണയിച്ചു. പ്രപഞ്ചത്തില്‍ ഒന്നിനും പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാവില്ല എന്നതായിരുന്നു കണ്ടെത്തല്‍. പക്ഷേ, അപ്പോള്‍ ഒരു പ്രശ്‌നം. അത് ന്യൂട്ടണ്‍ പറഞ്ഞതുമായി യോജിക്കുന്നില്ല. സൂര്യന്‍ ഈ നിമിഷം ഇല്ലാതായാല്‍ ഭൂമിയില്‍ അക്കാര്യം അറിയുക എട്ടു മിനിറ്റ് കഴിഞ്ഞായിരിക്കും. കാരണം പ്രകാശത്തിന് സൂര്യനില്‍നിന്ന് ഇവിടെയെത്താന്‍ അത്രയും സമയം വേണം. അങ്ങനെയെങ്കില്‍ ഭൂമിക്ക് മേലുള്ള സൂര്യന്റെ 'ഗുരുത്വാകര്‍ഷണ പിടി' എപ്പോള്‍ പോകും. ന്യൂട്ടന്റെ സിദ്ധാന്തം അനുസരിച്ചാണെങ്കില്‍ ഉടന്‍ തന്നെ അത് സംഭവിക്കം, എട്ടുമിനിറ്റ് കഴിയില്ല. അപ്പോള്‍ ഗുരുത്വാകര്‍ഷണബലം പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്നാണോ. അങ്ങനെയെങ്കില്‍ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം തെറ്റല്ലേ. അവിടെ ഐന്‍സ്‌റ്റൈന് ഗുരുത്വാകര്‍ഷം എന്തെന്ന് പുനര്‍നിര്‍ണയം ചെയ്യേണ്ടി വന്നു. പത്തുവര്‍ഷം കഴിഞ്ഞ് പുറത്ത് വന്ന സാമാന്യആപേക്ഷികതാ സിദ്ധാന്തം അതാണ്. ഗുരുത്വാകര്‍ഷണം ഐന്‍സ്റ്റൈന്‍ പുനര്‍നിര്‍വചിച്ചപ്പോള്‍, അന്നുവരെയുണ്ടായിരുന്ന പ്രപഞ്ചസങ്കല്‍പ്പം അടിമുടി മാറി.
പത്തുകിലോയും അഞ്ചുകിലോയുമുള്ള വസ്‌തുക്കള്‍ താഴേയ്‌ക്കിട്ടാല്‍, ഭാരം പ്രശ്‌നമല്ല, അവ രണ്ടും ഒരേ സമയത്ത് നിലംപതിക്കും. ഗലീലിയോ തെളിയിച്ചതാണിത്. അന്നുമുതല്‍ ആര്‍ക്കും ഇതില്‍ തര്‍ക്കമില്ല. പക്ഷേ, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ഭാരം രണ്ടായിട്ടും ഇരുവസ്‌തുക്കളും എന്തുകൊണ്ട് ഒരേസമയം നിലംപതിക്കുന്നു എന്ന മൗലികചിന്തയിലാണ് ഐന്‍സ്റ്റൈന്റെ പ്രതിഭ കുടികൊള്ളുന്നത്. അക്കാര്യം വിശദീകരിക്കാന്‍ അദ്ദേഹം സ്ഥലകാലത്തിലെ വക്രതയായി ഗുരുത്വാകര്‍ഷണത്തെ പുനര്‍നിര്‍വചിച്ചു. ബുധന്റെ ഭ്രമണപഥത്തിനുണ്ടായിരുന്ന 'വൈകല്യം' ന്യൂട്ടനെ കബളിപ്പിച്ചതാണ്. ഐന്‍സ്റ്റൈന്റെ സിദ്ധാന്തത്തിന് മുന്നില്‍ അത് വഴങ്ങി.
ഗുരുത്വാകര്‍ഷണബലത്തിന്റെ പുനര്‍നിര്‍വചനം മാത്രമായിരുന്നില്ല ഐന്‍സ്റ്റൈന്‍ നടത്തിയത്. മുഴുവന്‍ പ്രപഞ്ചത്തിന്റെയും സ്വഭാവമാണ് തന്റെ സിദ്ധാന്തത്തിലൂടെ ഐന്‍സ്റ്റൈന്‍ പുനര്‍നിര്‍ണയിച്ചത്. ഒരുകൂട്ടം സൂത്രവാക്യങ്ങള്‍ ഐന്‍സ്റ്റൈന് മുന്നില്‍ തെളിഞ്ഞു. അതിലൂടെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അമ്പരപ്പോടെ മനസിലാക്കി. മനുഷ്യന്റെ മുഴുവന്‍ നാഗരികതയെടുത്താലും അതിലെ ഏറ്റവും മഹനീയമായ നിമിഷമായിരിക്കണം അത്. തനിക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്ന് ഐന്‍സ്റ്റൈന്‍ കരുതി. ആ തെറ്റ് തിരുത്താന്‍ ഒരു സ്ഥിരാംങ്കം അദ്ദേഹം ഉള്‍പ്പെടുത്തി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്ന് പിന്നീട് ആ സ്ഥിരാങ്കത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം. വെറും നാല് ശതമാനം മാത്രം ദൃശ്യദ്രവ്യമുള്ള പ്രപഞ്ചം. 26 ശതമാനത്തോളം നിഗൂഢമായ ശ്യാമദ്രവ്യവും , 70 ശതമാനം അതിനിഗൂഢമായ ശ്യാമോര്‍ജവുമടങ്ങിയ പ്രപഞ്ചം. സൂക്ഷ്‌്‌മകണങ്ങളാണ് ശ്യാമദ്രവ്യത്തിന്റെ ഘടകങ്ങള്‍ എന്നാണ് കരുതുന്നത്. ഗാലക്‌സികളെ ഇന്നത്തെ നിലയ്‌ക്ക് നിലനിര്‍ത്തുന്ന ആ നിഗൂഢദ്രവ്യരൂപം അടുത്ത പത്തോ പതിനഞ്ചോ വര്‍ഷത്തിനകം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടേക്കാം. അതോടെ അതിന്റെ നിഗൂഢത ചുരുളഴിയും. ദ്രവാവസ്ഥപോലുള്ള എന്തോ ഒരു ഊര്‍ജരൂപം, പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാലകശക്തി, അതാണ് ശ്യാമോര്‍ജം. വിപരീതസമ്മര്‍ദമാണ് അത് പ്രപഞ്ചത്തില്‍ ഏല്‍പ്പിക്കുന്നത്. ഈ നിഗൂഢതകള്‍ ചുരുളഴിയുന്നതോടെ, ഭൗതികശാസ്‌ത്രം ഏറെക്കാലമായി കാക്കുന്ന ഏകീകൃതസിദ്ധാന്തം സാധ്യമാകും.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ പ്രപഞ്ചത്തെ സംബന്ധിച്ച കാര്യങ്ങള്‍ സങ്കല്‍പ്പങ്ങളോ സിദ്ധാന്തങ്ങളോ മാത്രമായിരുന്നെങ്കില്‍, ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ആധുനിക പ്രപഞ്ചസങ്കല്‍പ്പത്തെക്കുറിച്ച് ഇന്ന് പറയുന്ന കാര്യങ്ങളൊക്കെ നിരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിലൂള്ളതാണ്. പരിഹരിക്കാന്‍ പ്രശ്‌നങ്ങളുണ്ട്, അതില്ലെങ്കില്‍ ശാസ്‌ത്രമില്ല. ഒരുകാലത്ത് ഭൂമിയായിരുന്നു മനുഷ്യന്റെ സങ്കല്‍പ്പത്തിലെ പ്രപഞ്ചകേന്ദ്രം. പിന്നീടത് മാറി. ഇന്ന് ചിത്രം മറ്റൊന്നാണ്. ഭൂമി സൂര്യനെ ചുറ്റുന്നുവെങ്കില്‍ സൂര്യന്‍ ആകാശഗംഗയുടെ കേന്ദ്രത്തെ ചുറ്റുകയാണ്. ആകാശഗംഗ ഒന്നോടെ ഭ്രമണം ചെയ്യുന്നു. പ്രപഞ്ചവികാസം മൂലം, ഗാലക്‌സികള്‍ പരസ്‌പരം അകലുന്നു. നമ്മള്‍ എങ്ങോട്ട് നോക്കിയാലും പ്രപഞ്ചം ഒരേപോലെ കാണപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, "ഭൂമി ഒന്നിന്റെയും കേന്ദ്രമല്ല, അതേസമയം എല്ലാറ്റിന്റെയും കേന്ദ്രമാണ്". ഇതാണ് നിലവില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ പ്രപഞ്ചസങ്കല്‍പ്പം.
വാല്‍ക്കഷണം: "കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ നല്ല ശാസ്‌ത്രജ്ഞനാവുക ബുദ്ധിമുട്ടാണ്. വലിയ പ്രതിഭകള്‍ക്കൊക്കെ കോമണ്‍സെന്‍സ് കുറവായിരുന്നു എന്നുകാണാം"-പതിനെട്ട് വയസ്സുവരെ ഒരാളുടെ തലയില്‍ കയറിപ്പറ്റുന്ന മുന്‍വിധികളുടെ പേരാണ് കോമണ്‍സെന്‍സ് എന്ന് ഐന്‍സ്‌റ്റൈന്‍ പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ട് ഡോ. താണു പത്മനാഭന്‍.
ഡോ. താണു പത്മനാഭന്‍: ലോകപ്രശസ്‌തനായ കോസ്‌മോളജിസ്‌റ്റ്. 1957 മാര്‍ച്ച് 10-ന് തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം ബിരുദവും ബിരൂദാനന്തരബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് നേടിയ ശേഷം, മുംബൈയില്‍ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (TIFR) നിന്ന് ഗവേഷണബിരുദം കരസ്ഥമാക്കി. ബ്രിട്ടനില്‍ കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഇസ്റ്റിട്ട്യൂട്ട് ഓഫ് അസ്‌ട്രോണമിയില്‍ നിന്ന് പോസ്‌റ്റ് ഡോക്ടറര്‍ ഗവേഷണം പൂര്‍ത്തിയാക്കിയ പത്മനാഭന്‍, ഇപ്പോള്‍ പൂണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സില്‍ ശാസ്‌ത്രജ്ഞനാണ്. ശാന്തി സ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ് (1996), സി.എസ്.ഐ.ആറിന്റെ മില്ലിനിയം മെഡല്‍, ജി.ഡി. ബിര്‍ല അവാര്‍ഡ് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് (2003), പത്മശ്രീ (2007), ജെ.സി.ബോസ് ഫെലോഷിപ്പ് (2008) തുടങ്ങി ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മലയാളിയായ ഡോ.ജോര്‍ജ് ജോണും കൂട്ടരും കണ്ടെത്തിയ മാര്‍ഗം, ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന 'സ്‌മാര്‍ട്ട്‌ഔഷധങ്ങള്‍'ക്ക് വഴിതുറക്കും.
ശരീരത്തിന് ആവശ്യമുള്ള സമയത്തത്ത് കിട്ടത്തക്കവിധം ഔഷധങ്ങളെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്യാവുന്ന സങ്കേതം കണ്ടെത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഔഷധപ്രയോഗം കൂടുതല്‍ ഫലവത്താക്കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്‌ക്കാനും സഹായിക്കുന്ന നൂതനമാര്‍ഗം, ന്യൂയോര്‍ക്കില്‍ സിറ്റിയൂണിവേഴ്‌സിറ്റിയിലെ മലയാളിയായ ജോര്‍ജ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വികസിപ്പിച്ചത്. രോഗവുമായി ബന്ധപ്പെട്ട പ്രത്യേക രാസാഗ്നികളുടെ (എന്‍സൈം) സാന്നിധ്യത്തില്‍ മാത്രം സ്വതന്ത്രമാക്കാന്‍ പാകത്തില്‍ ഔഷധത്തെ പ്രോഗ്രാം ചെയ്യാന്‍ ഇതുവഴി കഴിയും. മാരകമായ പോളിമറുകളുടെ സഹായമില്ലാതെയാണ് ഗവേഷകര്‍ പുതിയ മുന്നേറ്റം നടത്തിയത്.
ശരീരത്തില്‍ കാണപ്പെടുന്ന ഒരു സാധാരണ രാസാഗ്നിയുടെ സാന്നിധ്യത്തില്‍ സ്വതന്ത്രമാകാന്‍ പാകത്തില്‍, നമുക്ക് പരിചിതമായ ഔഷധത്തെ പ്രോഗ്രാം ചെയ്യുന്നതിലാണ് ഗവേഷകര്‍ ആദ്യം വിജയിച്ചത്. വേദനാസംഹാരിയായ പാരസെറ്റാമോള്‍ (അസെറ്റാമിനോഫെന്‍) ആണ് ഇത്തരത്തില്‍ പ്രോഗ്രാം ചെയ്യപ്പെട്ടത്. 'ജലസ്‌നേഹി' (water-loving)യായ ഔഷധതന്മാത്രയുടെ അഗ്രത്തില്‍ 'ജലവിരോധി'(water-hating)യായ ഒരിനം ഫാറ്റിആസിഡിനെ കൊളുത്തിഘടിപ്പിക്കുകയാണ് ഗവേഷകര്‍ ചെയ്‌തത്. ഈ സംവിധാനത്തില്‍ ജലവിരോധിയായ ഫാറ്റിആസിഡ് അഗ്രങ്ങള്‍ പരസ്‌പരം ചേര്‍ന്നിരിക്കാന്‍ പ്രവണത കാട്ടും, ജലസ്‌നേഹികളായ ഔഷധഅഗ്രങ്ങളും അങ്ങനെ തന്നെ.
ജലവിരോധികളായ ഫാറ്റിആസിഡ് അഗ്രങ്ങള്‍ ഉള്ളിലും പാസെറ്റാമോള്‍ അഗ്രങ്ങള്‍ പുറത്തേക്ക് തിരിഞ്ഞിരിക്കുന്ന വിധത്തിലും ഒരിനം നാനോനാരുകള്‍ (നാനോഫൈബറുകള്‍) ഇതുവഴി സൃഷ്ടിക്കപ്പെടും. ഇത്തരം നാനോനാരുകള്‍ കൂട്ടുചേര്‍ന്ന് ഒരു സൂക്ഷ്‌മവലയുണ്ടാകുന്നു. പാരസെറ്റാമോള്‍ തന്മാത്രകള്‍ ഫാറ്റിആസിഡുമായി കൂട്ടുചേര്‍ന്ന് വലയായി രൂപപ്പെട്ടിരിക്കുന്നതിനാല്‍ ശരീരത്തിലെത്തുമ്പോഴും അതങ്ങനെ തന്നെ തുടരും. എന്നാല്‍, ബന്ധപ്പെട്ട രാസാഗ്നിയുടെ സാന്നിധ്യത്തില്‍ പാരസെറ്റാമോളും ഫാറ്റിആസിഡും തമ്മിലുള്ള ബന്ധം തകരുകയും, ഔഷധം സ്വതന്ത്രമാകുകയും ചെയ്യും. ഫാറ്റിആസിഡുകള്‍ സ്വാഭാവികമായിത്തന്നെ ശരീരത്തില്‍ ഉള്ളതിനാല്‍, ഔഷധത്തിന്റെ വിഘടനം മൂലം ശരീരത്തിന് ദോഷമുണ്ടാക്കുന്ന ഉപോത്‌പന്നങ്ങളൊന്നും ഉണ്ടാകുന്നില്ല.
ഒരു പ്രത്യേക രോഗമോ ശരീരാവസ്ഥയോ ഉള്ളപ്പോള്‍ മാത്രം ഔഷധം എത്തേണ്ട സ്ഥാനത്ത് കൃത്യമായി ലഭിക്കാന്‍ ഈ സങ്കേതം പരിഷ്‌ക്കരിക്കാനാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഉദാഹരണത്തിന് നീരും വേദനയും കുറയ്‌ക്കാനുള്ള ഒരു മരുന്നിന്റെ കാര്യം പരിഗണിക്കുക. അത്തരം അവസ്ഥയില്‍ ശരീരത്തില്‍ പ്രത്യേകം രാസാഗ്നികള്‍ പ്രത്യക്ഷപ്പെടും. അത്തരം രാസാഗ്നിയുടെ സാന്നിധ്യത്തിലേ ഔഷധം സ്വതന്ത്രമാക്കപ്പെടൂ എങ്കില്‍, ഔഷധം പാഴാകുന്നില്ല എന്ന് ഉറപ്പിക്കാം. കീമോതെറാപ്പിക്കുപയോഗിക്കുന്ന ഔഷധങ്ങള്‍ ഇത്തരത്തില്‍ രൂപപ്പെടുത്തിയാല്‍, ട്യൂമറുകളുടെ പരിസരത്ത് അവ പുറത്തുവിടുന്ന രാസാഗ്നിയുടെ സാന്നിധ്യത്തിലേ ഔഷധം സ്വതന്ത്രമാകാന്‍ പാടുള്ളൂ എന്ന് പ്രോഗ്രാം ചെയ്യാം. ആരോഗ്യമുള്ള കോശങ്ങള്‍ കീമോതെറാപ്പി മൂലം നശിക്കുന്നത് ഇത്തരത്തില്‍ ചെറുക്കാനാകും-'ന്യൂ സയന്റിസ്റ്റ്' വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
പാരസെറ്റാമോള്‍ മാത്രമല്ല, അര്‍ബുദ ഔഷധമായ 'കുര്‍കുമിനെ'യും പ്രോഗ്രാം ചെയ്യുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. സുരക്ഷിതവും പാര്‍ശ്വഫലമില്ലാത്തതുമായ 'സ്‌മാര്‍ട്ട് ഔഷധപ്രയോഗ'ത്തിന് വഴിയൊരുക്കുന്ന ഈ സങ്കേതത്തിന് വന്‍സാധ്യതയാണ് ഭാവിയില്‍ ഉണ്ടാവുകയെന്ന് കരുതപ്പെടുന്നു. സിറ്റി സര്‍വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസറാണ് ഇടുക്കി സ്വദേശിയായ ജോര്‍ജ് ജോണ്‍. പാറത്തോട്ടിലെ പൊട്ടക്കല്‍ കുടുംബാംഗം. നാനോസങ്കേതത്തിന്റെ സഹായത്തോടെ അണുക്കളെയകറ്റുന്ന ചായം കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനുള്ള വിദ്യ ജോര്‍ജ് ജോണും സംഘവും കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ ഗവേഷണത്തില്‍ ഡോ. ജോണിനെക്കൂടാതെ ആന്ധ്രപ്രദേശ് സ്വദേശിയായ പ്രവീണ്‍ കെ.വേമുളയും മുഖ്യപങ്ക് വഹിച്ചു. (അവലംബം: ബയോമെറ്റീരിയല്‍സ്, ന്യൂസയന്റിസ്‌റ്റ്).
കാണുക: അണുക്കളെ അകറ്റുന്ന ചായം; നാനോവിദ്യയിലൂടെ
അജിനോമോട്ടോ കൊണ്ട് സ്വാദ് വര്‍ധിപ്പിച്ച പഴകിയ മാംസവും, വേവാത്ത മാംസവുമൊക്കെ കഴിക്കുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഡോ. അജിത് വര്‍ക്കിയുടെ കണ്ടെത്തല്‍.
മാംസാഹാരം ശരീരത്തിന് അത്ര നന്നല്ല എന്നതിന് ഒരു തെളിവ് കൂടി. മാട്ടിറച്ചിയും ആട്ടിറച്ചിയും മറ്റും കഴിക്കുമ്പോള്‍ മനുഷ്യശരീരത്തിലെത്തുന്ന അന്യതന്മാത്ര, ഒരിനം മാരകരോഗാണുവിന് ശരീരത്തെ ആക്രമിക്കാന്‍ അവസരമൊരുക്കുമത്രേ. അപകടകരമായ ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമാകും. ഒരര്‍ഥത്തില്‍ ശരീരത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണിത്. മലയാളി ഗവേഷകന്‍ ഡോ. അജിത് വര്‍ക്കിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷണസംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.
ഇറച്ചിയിലൂടെയും മറ്റും ശരീരത്തിലെത്തുന്ന ഒരിനം പഞ്ചസാര തന്മാത്രയുടെ സഹായത്തോടെ ബാക്ടീരിയയ്‌ക്ക് ഭക്ഷ്യവിഷബാധ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കണ്ടെത്തുന്നത് ആദ്യമായാണ്. 'നേച്ചര്‍' ഗവേഷണവാരികയുടെ പുതിയ ലക്കത്തിലാണ്, അമേരിക്കയിലെ സാന്‍ ഡിയേഗോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ (യു.സി.എസ്.ഡി) ഗവേഷകനായ ഡോ. അജിത് വര്‍ക്കിയുടെയും സംഘത്തിന്റെയും ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ശരിയായി വേവാത്ത മാംസവും പഴകിയ മാംസവും പാലുത്‌പന്നങ്ങളും ഉപയോഗിക്കുന്നത് മാരകമായ ഫലമുണ്ടാക്കാമെന്ന് ഈ പഠനം മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍, പഴങ്ങള്‍ പച്ചക്കറികള്‍ മുതലായവയില്‍ ഇത്തരം പഞ്ചസാര തന്മാത്രകളുടെ സാന്നിധ്യം വളരെ കുറവാണ്.
മനുഷ്യരിലില്‍ കാണപ്പെടാത്ത ഒന്നാണ് 'എന്‍-ഗ്ലൈക്കോലൈല്‍ന്യൂറാമിനിക് ആസിഡ്' (N-glycolylneuraminic acid -Neu5Gc) എന്ന പഞ്ചസാര തന്മാത്ര. മറ്റ് ജീവികളില്‍ ഈ തന്മാത്ര സുലഭമായുണ്ട്. മാംസാഹാരം വഴി ഇത് മനുഷ്യ ശരീരത്തിലെത്തുന്നു. മാരകമായ ഭക്ഷ്യവിഷബാധയ്‌ക്കിടയാക്കുന്ന 'സബ്‌ടിലേസ് സൈറ്റോടോക്‌സിന്‍' (subtilase cytotoxin) എന്ന വിഷവസ്‌തു ഉത്‌പാദിപ്പിക്കാന്‍ ഒരിനം ഇ-കോളി ബാക്ടീരിയയ്‌ക്ക് ഈ തന്മാത്ര അവസരമൊരുക്കുന്നു എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. രക്തത്തോടുകൂടിയ കഠിന വയറിളക്കത്തിന് ഈ വിഷവസ്‌തു കാരണമാകും.
ഹീമോലിറ്റിക്ക് യുറേമിക് സിന്‍ഡ്രോം (HUS) എന്ന് ഈ മാരകരോഗം, 'ഹാംബര്‍ഗര്‍ രോഗം' എന്നും അറിയപ്പെടുന്നു. കേടുവന്ന ഇറച്ചി കഴിക്കുന്നവരില്‍ ഉണ്ടാകുന്ന അസുഖമായതിനാലാണ് ഈ പേര്. `ശരീരം ആഗിരണം ചെയ്യുന്ന ആ പഞ്ചസാര തന്മാത്രകള്‍, ഇ-കോളി ബാക്ടീരിയ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുവിന്റെ പ്രവര്‍ത്തന ലക്ഷ്യമാവുകയാണ് സംഭവിക്കുന്നത്'-ഡോ. അജിത് വര്‍ക്കി പറയുന്നു.
മനുഷ്യരിലില്ലാത്തതും മറ്റ് ജീവികളില്‍ കാണപ്പെടുന്നതുമായ ആ സവിശേഷ പഞ്ചസാര തന്മാത്രയെക്കുറിച്ച് വര്‍ഷങ്ങളായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ശാസ്‌ത്രജ്ഞനാണ് ഡോ. അജിത് വര്‍ക്കി. മനുഷ്യപരിണാമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍, ഏതാണ്ട് 30 ലക്ഷം വര്‍ഷം മുമ്പാണ് ആ തന്മാത്രയ്‌ക്ക് കാരണമായ ജീന്‍ മനുഷ്യന് നഷ്ടമായതെന്ന് അദ്ദേഹവും സഹപ്രവര്‍ത്തകരും വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ചില അസുഖങ്ങള്‍ മനുഷ്യരെ മാത്രം ബാധിക്കുന്നതിനും, മറ്റു ജീവികള്‍ക്ക് പ്രശ്‌മുണ്ടാക്കാത്തതിനും ഒരു കാരണം ആ പഞ്ചസാര തന്മാത്രയുടെ അഭാവമാണെന്ന് കരുതുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന പല സവിശേഷതകള്‍ക്കും (മസ്‌തിഷ്‌ക്ക വലിപ്പം ഉദാഹരണം) കാരണം ആ ജീന്‍ നഷ്ടമാണെന്നും വാദമുണ്ട്.
മാംസവും പാലുത്‌പന്നങ്ങളും കഴിക്കുമ്പോള്‍ Neu5Gc എന്ന തന്മാത്ര മനുഷ്യന്റെ കോശപാളികള്‍ ആഗിരണം ചെയ്യുന്നതായി അഞ്ചുവര്‍ഷം മുമ്പ് ഡോ. അജിത് വര്‍ക്കി കണ്ടെത്തുകയുണ്ടായി. രക്തധമനികളിലും കുടലിലുമുള്ള കോശങ്ങളുടെ പ്രതലത്തിലാണ് ഈ തന്മാത്ര കുടിയേറുകയെന്നും തെളിയുകയുണ്ടായി. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ പ്രതികരണമുണ്ടാക്കാന്‍ ഈ തന്മാത്രകള്‍ക്കു കഴിയും. അതിന്റെ ഫലമായി കോശപാളികളില്‍ നീര്‍ക്കെട്ടുണ്ടാകാറുമുണ്ട്.
യു.സി.എസ്.ഡി.യിലെ 'ഗ്ലൈക്കോബയോളജി റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററി'ന്റെ സഹമേധാവിയായ ഡോ. അജിത് വര്‍ക്കിയുടെ കുടുംബവേരുകള്‍ കേരളത്തിലാണ്. മാവേലിക്കര ആലിന്റെ തെക്കേതില്‍ കുടുംബത്തിലെ അംഗവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന എ. എം. വര്‍ക്കിയുടെ മകന്‍ മാത്യു വര്‍ക്കിയാണ് ഡോ. അജിത് വര്‍ക്കിയുടെ പിതാവ്. പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ പോത്തന്‍ ജോസഫിന്റെ മകള്‍ അന്ന വര്‍ക്കിയാണ് മാതാവ്. വെല്ലൂര്‍ മെഡിക്കല്‍കോളേജില്‍ നിന്ന് മെഡിസിനില്‍ ബിരുദമെടുത്ത അജിത് വര്‍ക്കി, സെന്റ് ലൂയിസിലെ വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കാലിഫോണിയ സര്‍വകലാശാലയില്‍ ചേര്‍ന്നത്. ഭാര്യ ഡോ. നിസ്സി വര്‍ക്കിയും ഇതേ സര്‍വകലാശാലയില്‍ ഗവേഷകയാണ്. പുതിയ കണ്ടെത്തല്‍ നടത്തിയ സംഘത്തില്‍ ഡോ. നിസ്സിയും അംഗമായിരുന്നു.
(അവലംബം: നേച്ചര്‍, കാലിഫോര്‍ണിയ സര്‍വകലാശാല-സാന്‍ ഡിയേഗോയുടെ വാര്‍ത്താക്കുറിപ്പ്. കടപ്പാട്: മാതൃഭൂമി)
പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ചു പഠിക്കാന്‍ കാട്ടിയ പ്രതിബദ്ധതയ്‌ക്ക് അംഗീകാരംഅന്താരഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (IUCN) ഇത്തവണത്തെ 'സാബിന്‍ പുരസ്‌കാര'ത്തിന് മലയാളി ശാസ്‌ത്രജ്ഞനായ എസ്.ഡി.ബിജു അര്‍ഹനായി. ഐ.യു.സി.എന്നിന്റെ 'ഉഭയജീവി സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പാ'ണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച് പഠിക്കാന്‍ ഒന്നര പതിറ്റാണ്ടായി നടത്തുന്ന ശ്രമങ്ങളെ മുന്‍നിര്‍ത്തിയാണ്, കൊല്ലം ജില്ലയില്‍ കടയ്‌ക്കല്‍ സ്വദേശിയായ ഡോ. ബിജുവിനെ കാല്‍ലക്ഷം ഡോളര്‍ (ഏതാണ്ട് പത്തുലക്ഷം രൂപ) സമ്മാനത്തുകയുള്ള ഈ ബഹുമതി തേടിയെത്തിയത്. തിരുവനന്തപുരത്തിനടുത്ത് പലോട്ട് പ്രവര്‍ത്തിക്കുന്ന 'ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടി'(TBG&RI)ലെ ഗവേഷകനായിരുന്ന ഡോ. ബിജു ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയിലെ അസോസ്സിയേറ്റ് പ്രൊഫസറാണ്. പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച് പഠിക്കുന്ന പ്രത്യേകഗ്രൂപ്പിന്റെ മേധാവിയുമാണ് അദ്ദേഹം (ഇത് കാണുക). കടുത്ത വംശനാശഭീഷണി നേരിടുന്ന പശ്ചിമഘട്ട ഉഭയജീവികളെ തേടി കണ്ടെത്താനും സംരക്ഷിക്കാനും അങ്ങേയറ്റം പ്രതിജ്ഞാബദ്ധത കാട്ടുന്ന ഗവേഷകനാണ് ഡോ.ബിജുവെന്ന്, ഐ.യു.സി.എന്‍. വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജീവശാസ്‌ത്രജ്ഞനായി പ്രവര്‍ത്തനം തുടങ്ങി, ഒടുവില്‍ ഉഭയജീവികളുടെ ലോകത്ത് എത്തിച്ചേര്‍ന്ന ഗവേഷകനാണ് ഡോ.ബിജു. പശ്ചിമഘട്ടത്തില്‍ നടത്തിയ ശ്രമകരമായ പര്യവേക്ഷണങ്ങള്‍ വഴി, ഏതാണ്ട് 850 ഉഭയജീവി വര്‍ഗങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശാസ്‌ത്രലോകത്തിന് ലഭിക്കാന്‍ അദ്ദേഹം വഴിയൊരുക്കി. നൂറ്റാണ്ടുകളായി ആരും കണ്ടിട്ടില്ലാത്ത എത്രയോ തവള വര്‍ഗങ്ങളെ, അദ്ദേഹം വീണ്ടും കണ്ടുപിടിച്ചു. ശാസ്‌ത്രത്തിന് ഇതുവരെ അറിയില്ലായിരുന്ന നൂറോളം ഉഭയജീവികളെ അദ്ദേഹം കണ്ടെത്തി. നാലുവര്‍ഷം മുമ്പ് ഡോ.ബിജു കണ്ടെത്തിയ പുതിയ തവളകുടുംബം (Nasikabatrachidae) ലോകശ്രദ്ധ നേടി. മുക്കാല്‍ നൂറ്റാണ്ടിനു ശേഷം ഭൂമുഖത്ത് പുതിയൊരു തവളകുടുംബം കണ്ടുപിടിക്കപ്പെടുകയായിരുന്നു. പരിണാമശാസ്‌ത്രരംഗത്തും ഭൗമശാസ്‌ത്രരംഗത്തും ഒരേപോലെ പ്രധാന്യമര്‍ഹിക്കുന്ന കണ്ടെത്തലായിരുന്നു ആ 'മൂക്കന്‍ തവള'യുടേത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഒരുകാലത്ത് ഗ്വാണ്ടനാമോ എന്നറിയപ്പെടുന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്ന വാദത്തിനുള്ള തെളിവായി ആ തവള വിശേഷിപ്പിക്കപ്പെട്ടു. (അവലംബം: Amphibian Specialist Group).കാണുക: ഇന്ത്യയിലെ ഏറ്റവും ചെറിയ തവള, പശ്ചിമഘട്ടത്തിലെ തവളകളെത്തേടി
ഇന്ത്യയിലെ ഏറ്റവും വലിയ ആസ്‌പത്രിമാലിന്യ സംസ്‌കരണ പ്ലാന്റായ 'ഇമേജി'നെക്കുറിച്ചും, ആരോഗ്യപാലനത്തില്‍ കേരളം പോലൊരു സംസ്ഥാനത്ത് അതെങ്ങനെ മാതൃകയാവുന്നു എന്നതിനെക്കുറിച്ചും.
ആലുവായ്ക്കടുത്ത് കീഴ്‌മാട് പഞ്ചായത്തിലെ എടയപ്പുറത്ത് ആളൊഴിഞ്ഞ കെട്ടിടം എടപ്പള്ളി സ്വദേശിയായ ഒരാള്‍ നാലുമാസം മുമ്പ് വാടകയ്‌ക്കെടുത്തത് കരകൗശലവസ്‌തുക്കള്‍ നിര്‍മിക്കാനെന്നു പറഞ്ഞാണ്. വാഹനങ്ങളില്‍ അവിടെ സാധനങ്ങള്‍ കൊണ്ടിറക്കുന്നതും കയറ്റുന്നതുമൊന്നും ആദ്യം ആരും കാര്യമായി ശ്രദ്ധിച്ചില്ല. പിന്നീട് നാട്ടുകാരായ ചില സ്‌ത്രീകള്‍ക്ക് അവിടെ ജോലി നല്‍കി. ആ സ്‌ത്രീകള്‍ വഴിയാണ് അത്ര പന്തയല്ലാത്ത കാര്യങ്ങളാണെന്ന് നടക്കുന്നതെന്ന സൂചന കിട്ടിയത്. കഴിഞ്ഞ മെയ് ആറിന് പോലീസ് ആ വീട് റെയ്‌ഡ് ചെയ്‌തു. അത്യന്തം അപകടകാരിയായ 50 ടണ്‍ ആസ്‌പത്രിമാലിന്യം അവിടെ ശേഖരിച്ചിട്ടുള്ളതായി കണ്ടെത്തി. ഉപയോഗിച്ച സിറിഞ്ചുകള്‍, ബ്ലഡ്‌ബാഗുകള്‍, കത്തീറ്ററുകള്‍, മൂത്രബാഗുകള്‍, ഡയാലിസിസ് കിറ്റുകള്‍ ഒക്കെ ഉള്‍പ്പെട്ട ആസ്‌പത്രിമാലിന്യം.എറണാകുളത്തെ ചില ആസ്‌പത്രികളില്‍നിന്ന് തനിക്ക് വിറ്റതാണ് ആ മാലിന്യമെന്ന് പിടിയിലായ ആള്‍ പോലീസിനോട് സമ്മതിച്ചു. അതു മുഴുവന്‍ കഴുകി വൃത്തിയാക്കി കോയമ്പത്തൂരിന് സംസ്‌ക്കരിക്കാന്‍ കൊണ്ടുപോവുകയാണെന്നും അയാള്‍ പറഞ്ഞു. അണുമുക്തമാക്കാത്ത ആ സിറിഞ്ചുകളും ബ്ലഡ്‌ബാഗുകളുമൊക്കെ പുതിയ പാക്കറ്റുകളിലാക്കി വീണ്ടും ഇവിടെ തന്നെ തിരിച്ചെത്തും, മെഡിക്കല്‍സ്റ്റോറുകള്‍ വഴി. കേന്ദ്രബയോമെഡിക്കല്‍ മാലിന്യനിര്‍മാര്‍ജനച്ചട്ടം അനുസരിച്ച് കഠിനമായ നിയമലംഘനമാണിത്. ആതുരസേവനമെന്നത് വെറും ലാഭക്കച്ചവടമായി മാത്രം കാണുന്ന ചില ആസ്‌പത്രികളാണ് ഇതില്‍ മുഖ്യപ്രതി. രാഷ്ട്രീയസ്വാധീനമുപയോഗിച്ച് വെറും മാലിന്യം ശേഖരിച്ചു എന്നു മാത്രമാക്കി ആലുവായിലെ കേസ് ഒതുക്കി. ആസ്‌പത്രിമാലിന്യം എന്നകാര്യം പോലീസ് കേസില്‍നിന്ന് ഒഴിവാക്കി. അതുള്‍പ്പെടുത്തിയാല്‍ മാലിന്യം നല്‍കിയ ആസ്‌പത്രികളും കുടുങ്ങും.ഇനി വേറൊരു ഉദാഹരണം. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ കഴിഞ്ഞ ഏപ്രില്‍ 28 പുലര്‍ന്നപ്പോള്‍ നാട്ടുകാര്‍ കണ്ടത് അത്യന്തം അറപ്പുളവാക്കുന്ന ഒരു ദൃശ്യമാണ്. പന്തലാംപാടം മുതല്‍ തേനിടുക്ക് വരെയുള്ള ഏഴുകിലോമീറ്റര്‍ ദൂരത്ത് റോഡിന്റെ വശങ്ങളില്‍, മാംസാവശിഷ്ടങ്ങളും മുറിവുകെട്ടിയ പഞ്ഞിയും പ്ലാസ്റ്ററുകളും ഉള്‍പ്പടെയുള്ള ദുര്‍ഗന്ധം പരത്തുന്ന ആസ്‌പത്രിമാലിന്യം വിതറിയിരിക്കുന്നു! എറണാകുളം ഭാഗത്തുള്ള ചില ആസ്‌പത്രികളില്‍നിന്ന് പുലര്‍ച്ചെ ആളൊഴിഞ്ഞ സമയത്ത് വണ്ടിയില്‍ കൊണ്ടിട്ടതാണ് അതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ഏതായാലും ആര്‍ക്കെതിരെയും ഇതുവരെയും നടപടിയൊന്നും ഉണ്ടായില്ല. കേരളത്തിലെ ആസ്‌പത്രിമാലിന്യ സംസ്‌ക്കരണത്തിന്റെ വികൃതമുഖമാണ് മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളും അനാവരണം ചെയ്യുന്നത്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ വേഗം വാര്‍ത്താപ്രാധാന്യം നേടും അത് സ്വാഭാവികം മാത്രം. ഇത്തരം പ്രവണതകള്‍ അനുവദിച്ചുകൂട തന്നെ. പക്ഷേ, ഇതിനൊരു മറുവശമുണ്ട്, അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒന്ന്. ഇന്ത്യയിലാകെയുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ 26 ശതമാനം സ്ഥിതിചെയ്യുന്ന കേരളത്തില്‍, ബയോമെഡിക്കല്‍ മാലിന്യവുമായി ബന്ധപ്പെട്ട് ഇത്തരം ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോരാ എന്നതാണത്. പ്രത്യേകിച്ചും പൊതുമാലിന്യം സംസ്‌ക്കരിക്കുന്ന കാര്യത്തില്‍ കേരളത്തിന്റെ പരിതാപകരമായ അവസ്ഥയുമായി തട്ടിച്ചുനോക്കിയാല്‍. നഗരമാലിന്യപ്രശ്‌നത്തില്‍ കേരളത്തില്‍ എത്ര സ്ഥലത്താണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുള്ളത്. എത്ര കോടതി വിധികളാണ് നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും എതിരെ ഉണ്ടാകുന്നത്. ആസ്‌പത്രിമാലിന്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് അത്തരം സംഭവങ്ങള്‍ കേരളത്തില്‍ വിരളമായിരിക്കുന്നു; ഇത്രയേറെ ആസ്‌പത്രികളും ലബോറട്ടറികളും ഉണ്ടായിട്ടും.
അതിന് ഉത്തരം തേടിപ്പോയാല്‍ ചെന്നെത്തുക ഒരുപക്ഷേ, പാലക്കാട് ജില്ലയിലെ കഞ്ചിക്കോടിനടുത്ത് പുതുശ്ശേരി വില്ലേജിലെ മാന്‍തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന 'ഇമേജ്'(IMAGE) എന്ന സംസ്‌ക്കരണപ്ലാന്റിലാകും. കേരളത്തിലുണ്ടാകുന്ന അപകടകാരിയായ ആസ്‌പത്രി മാലിന്യത്തില്‍ മൂന്നിലൊന്ന് സംസ്‌ക്കരിക്കുന്നത് ഇവിടെയാണ്. സംസ്ഥാനത്തെ 14 ജില്ലകളില്‍ ആസ്‌പത്രികളിലും ലബോറട്ടറികളിലും നിന്ന് ദിവസവും നേരിട്ടു ശേഖരിച്ച് മാലിന്യം ഇവിടെ സുരക്ഷിതമായി എത്തിച്ച് സംസ്‌ക്കരിക്കുന്നു. ദിനംപ്രതി ആറരടണ്‍ മാലിന്യം സംസ്‌ക്കരിക്കുന്ന ഇമേജ്, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആസ്‌പത്രിമാലിന്യ സംസ്‌ക്കരണപ്ലാന്റാണ്. അധികമാരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ മാന്‍തുരുത്തിയുടെ വിജനപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, കേരളത്തെ അപകടകാരിയായ ആസ്‌പത്രിമാലിന്യത്തില്‍നിന്ന് രക്ഷിക്കുന്നതില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്.(ആലുവായില്‍നിന്ന് പിടിച്ചെടുത്ത ആസ്‌പത്രിമാലിന്യവും ഇമേജിലാണ് സംസ്‌ക്കരിച്ചത്).കേരളത്തിലെ ആസ്‌പത്രിമാലിന്യപ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കേരളഘടകം ആരംഭിച്ചതാണ് ഇമേജ്. ('ഐ.എം.എ.ഗോസ് ഇക്കോഫ്രണ്ട്‌ലി' എന്നതിന്റെ ചുക്കെഴുത്താണ് ഇമേജ്). മാന്‍തുരുത്തിയില്‍ ഐ.എം.എ.യുടെ വകയായുള്ള 23 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സംസ്‌ക്കരണപ്ലാന്റില്‍, 5700 ചതുരശ്രഅടി വരുന്ന മുഖ്യകെട്ടിടം, മാലിന്യവുമായെത്തുന്ന ട്രക്കുകള്‍ കഴുകി അണുമുക്തമാക്കാനുപയോഗിക്കുന്ന 2000 ചതുരശ്രഅടി സിമന്റ്‌തറ, വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള ജലസംസ്‌ക്കരണപ്ലാന്റ്, ഇന്‍സിനറേറ്ററുമായി ബന്ധിപ്പിക്കപ്പെട്ട 30 മീറ്റര്‍ ഉയരമുള്ള പുകക്കുഴല്‍, മാലിന്യങ്ങള്‍ ഭസ്‌മീകരിക്കുമ്പോള്‍ ലഭിക്കുന്ന ചാരം മറവുചെയ്യുന്ന ലാന്‍ഡ്‌ഫില്‍ പ്രദേശം ഒക്കെ ഉള്‍പ്പെടുന്നു. ഹൈദരാബാദ്, ചെന്നെ തുടങ്ങിയ നഗരങ്ങളില്‍ വര്‍ഷങ്ങളായി ആസ്‌പത്രിമാലിന്യസംസ്‌കരണപ്ലാന്റ് നടത്തി അനുഭവസമ്പത്തുള്ള 'ജി.ജെ.മള്‍ട്ടിവേവ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡി'നെയാണ് ഇമേജിന്റെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.കേരളത്തിലെ ആസ്‌പത്രികളില്‍ കിടക്കയൊന്നിന് 1.3 മുതല്‍ രണ്ട് കിലോഗ്രാംവരെ ഖരമാലിന്യവും 450 ലിറ്റര്‍ ദ്രവമാലിന്യവും ദിനംപ്രതി ഉണ്ടാകുന്നു എന്നാണ് കണക്ക്. ആസ്‌പത്രികളില്‍നിന്നുള്ളത് മുഴുവനും അപകടകാരിയായ മാലിന്യമല്ല. അതില്‍ 85 ശതമാനം സാധാരണ നഗരമാലിന്യത്തോടൊപ്പം സംസ്‌ക്കരിക്കാം. ചികിത്സയുടെയും പരിശോധനകളുടെയും ശസ്‌ത്രക്രിയകളുടെയും ഭാഗമായുണ്ടാകുന്ന അണുബാധയുള്ള അപകടകാരിയായ മാലിന്യം പത്തുശതമാനമേ വരൂ, അഞ്ചു ശതമാനം വിഷമാലിന്യവും. അണുബാധയുള്ള മാലിന്യങ്ങളും ശരീരഭാഗങ്ങളും ഒരു കാരണവശാലും മറ്റ് മാലിന്യവുമായി കൂടിക്കലരാന്‍ പാടില്ല. അത് അത്യുന്നത ഊഷ്‌മാവില്‍ എരിച്ചുകളയുകയാണ് (ഇന്‍സിനറേറ്റ് ചെയ്യുക) ചെയ്യേണ്ടത്. ഉപയോഗിച്ച സൂചികളും സിറിഞ്ചുകളുമൊക്കെ ഒരു കാരണവശാലും പുനരുപയോഗം നടത്താന്‍ ഇടയാകരുത്. അണുമുക്തമാക്കിയ ശേഷം അവ കഷണങ്ങളാക്കി മാറ്റണം.
വെളുത്തപുക ശുഭസൂചകംആസ്പത്രിമാലിന്യം ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അത് വഴിവെക്കും. എച്ച്.ഐ.വി, ഹെപ്പറ്റിറ്റിസ് ബി, സി തുടങ്ങിയ മാരകരോഗങ്ങള്‍ പടരാനും, പ്രതിരോധശേഷി കൂടിയ രോഗാണുക്കള്‍ പ്രത്യക്ഷപ്പെടാനുമൊക്കെ അതിടയാക്കും. ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) നടത്തിയിട്ടുള്ള പഠനം വെളിവാക്കുന്നത്, ലോകത്ത് പ്രതിദിനം 50,000 പേര്‍ പകര്‍ച്ചവ്യാധികളാല്‍ മരിക്കുന്നുവെന്നാണ്. അതിന് ഒരു കാരണം മാലിന്യനിര്‍മാര്‍ജനം ശരിയായി നടക്കാത്തതാണ്. ഈ പശ്ചാത്തലത്തിലാണ് ആസ്‌പത്രിമാലിന്യ സംസ്‌ക്കരണത്തിന് 1998-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയത് (Biomedical Waste (Management and Handling)Rules,1998).ഓരോ ആസ്‌പത്രിയും അവിടെയുണ്ടാകുന്ന മാലിന്യം ശാസ്‌ത്രീയമായും സുരക്ഷിതമായും നിര്‍മാര്‍ജനം ചെയ്യണമെന്ന് ഈ നിയമം അനുശാസിക്കുന്നു. അതിനുള്ള സംവിധാനവും സജ്ജീകരണങ്ങളും അതാത് ആസ്‌പത്രികള്‍ തന്നെ ഒരുക്കണം. അതിന് കഴിയുന്നില്ലെങ്കില്‍, കേന്ദ്രീകൃതപ്ലാന്റ് സ്ഥാപിച്ച് ഒരു പ്രദേശത്തെ ആസ്‌പത്രിമാലിന്യങ്ങള്‍ അവിടെ സംസ്‌കരിക്കണം. ആസ്‌പത്രിമാലിന്യം സംസ്‌ക്കരിക്കാനുള്ള പ്ലാന്റ് ജനനിബിഡമായ പ്രദേശത്ത് പാടില്ല എന്നതാണ് കേന്ദ്രനിയമത്തിലെ മറ്റൊരു നിബന്ധന. സംസ്‌ക്കരണത്തിന്റെ ഭാഗമായുണ്ടാകുന്നത് വെളുത്ത പുകയായിരിക്കണം. സംസ്‌ക്കരണത്തിന്റെ അവസാനഘട്ടത്തില്‍ രോഗാണുക്കളോ, മണ്ണ്,വായു,വെള്ളം മുതലായവ മലിനമാക്കുന്നതോ പരിസ്ഥിതിക്കു യോജിക്കാത്തതോ ആയ യാതൊരു വസ്‌തുവും അവശേഷിക്കരുത്. മാത്രമല്ല, ഈ പ്ലാന്റുകള്‍ ഏതുസമയത്തും പരിശോധിക്കാനും നിയമം തെറ്റിച്ചുവെന്നു കണ്ടാല്‍ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പിനും അവകാശമുണ്ടായിരിക്കും. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ആസ്‌പത്രിമാലിന്യസംസ്‌കരണം ഏറ്റെടുക്കാന്‍ ഐ.എം.എ.തയ്യാറാകണമെന്ന് ആവശ്യപ്പെട്ടത് അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ്. കേരളത്തില്‍ നാലിടത്ത് പ്ലാന്റുകള്‍ സ്ഥാപിക്കാനായിരുന്നു ഐ.എം.എ. ആദ്യം പദ്ധതിയിട്ടത്. കൊല്ലത്ത് പാരിപ്പള്ളിയിലും കണ്ണൂരില്‍ തളിപ്പറമ്പിലുമൊക്കെ സ്ഥലം നോക്കിയെങ്കിലും ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. ഒടുവില്‍ പാലക്കാട്ടേത് മാത്രമാണ് യാഥാര്‍ഥ്യമായത്. കേരളത്തിലെ മുഴവന്‍ ആസ്‌പത്രിമാലിന്യവും റോഡു മാര്‍ഗം പാലക്കാട്ട് എത്തിക്കണം എന്നത് വന്‍ചെലവാണുണ്ടാക്കുന്നത്. അതിനാല്‍, തെക്കന്‍ കേരളത്തില്‍ പുതിയൊരു പ്ലാന്റ് സ്ഥാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഐ.എം.എ.ബാഗുകള്‍ കഥപറയുന്നുആസ്പത്രിമാലിന്യസംസ്ക്കരണത്തിന് സംസ്ഥാനത്ത് ശ്രദ്ധേയമായ ഒരു മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇമേജിന്റെ പ്രസക്തി. മാലിന്യശേഖരണം മുതല്‍ സംസ്‌ക്കരണം വരെയുള്ള ഘട്ടത്തില്‍ അത് പ്രകടമാണ്. ബയോമെഡിക്കല്‍ മാലിന്യത്തിന്റെ നിര്‍മാര്‍ജനത്തില്‍ മുഖ്യമായും അഞ്ചു ഘട്ടങ്ങളുണ്ട്; തരംതിരിക്കല്‍, ശേഖരണം, നീക്കംചെയ്യല്‍, സംസ്‌ക്കരണം, നിര്‍മാര്‍ജനം. ഇതില്‍ ആദ്യഘട്ടമായ തരംതിരിക്കല്‍ ആസ്‌പത്രികളിലാണ് നടക്കുന്നത്. ആസ്‌പത്രിജീവനക്കാരാണ് അത് ചെയ്യേണ്ടത്. അതിനുള്ള പരിശീലനവും ഇമേജ് നല്‍കുന്നു. മാലിന്യങ്ങളെ തരംതിരിച്ച് പ്രത്യേകം കവറുകളിലോ ടിന്നുകളിലോ വേണം സൂക്ഷിക്കാന്‍. ഇതിനായി ഒരു മഞ്ഞബാഗും, ഒരു ചുവന്ന ബാഗും, രണ്ട് പ്ലാസ്റ്റിക് ടിന്നുകളും ഉണ്ടാകും. ശസ്‌ത്രക്രിയാവേളയില്‍ നീക്കംചെയ്യുന്ന ശരീരഭാഗങ്ങള്‍, പ്രസവവേളയില്‍ നീക്കംചെയ്യുന്ന മറുപിള്ള (പ്ലാസന്റ), മുറിവുകെട്ടാനുപയോഗിച്ച ബാന്‍ഡേജുകള്‍, തുണി, രക്തവും പഴുപ്പും പറ്റിയ പഞ്ഞി, ഒടിവ് ചികിത്സയ്‌ക്കുപയോഗിച്ച പ്ലാസ്റ്റര്‍ ഓഫ് പാരീസ്, ലാബ് പരിശോധനകളുടെ അവശിഷ്ടങ്ങള്‍, മെഡിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായുള്ള മാലിന്യങ്ങള്‍ തുടങ്ങിയവ മഞ്ഞബാഗിലാണ് സൂക്ഷിക്കുക. ഇവ ഏതാണ്ട് 850 ഡിഗ്രിസെല്‍സിയസ് ഊഷ്‌മാവിന് മേല്‍ എരിച്ചുകളയേണ്ട (ഇന്‍സിനറേറ്റ് ചെയ്യേണ്ട) മാലിന്യങ്ങളാണ്. കത്തിക്കാന്‍ പാടില്ലാത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍-ഉപയോഗിച്ച സിറിഞ്ച്, ട്രിപ്പ് ഇടാനുപയോഗിച്ച ട്യൂബുകള്‍, മൂത്രബാഗുകള്‍, ഡയാലിസിസ് കിറ്റ്, കത്തീറ്ററുകള്‍, രക്തബാഗുകള്‍ തുടങ്ങിയവ-ചുവപ്പുബാഗില്‍ സൂക്ഷിക്കുന്നു. മൂര്‍ച്ചയുള്ള അവശിഷ്ടങ്ങള്‍ കുത്തിവെക്കാനുപയോഗിച്ച സൂചി മുതലായവ അണുനാശകലായനി ഒഴിച്ച രണ്ട് ടിന്നുകളിലായാണ് സൂക്ഷിക്കുക-ലോഹാവശിഷ്ടങ്ങള്‍ ഒന്നിലും ഗ്ലാസ്‌കൊണ്ടുള്ളവ മറ്റൊന്നിലും.
ഇമേജിന്റെ പ്രത്യേക സജ്ജീകരണമുള്ള 18 വാഹനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ഓരോ ആസ്‌പത്രിയിലും ദിവസവും നേരിട്ടെത്തി മാലിന്യം ശേഖരിച്ച്, കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ കൊണ്ടുവന്നിട്ട്, അവിടെനിന്ന് അത് ഇമേജിലെത്തിച്ച് 48 മണിക്കൂറിനകം സംസ്‌ക്കരിക്കുന്നു. കേരളത്തില്‍ ദിനംപ്രതി 22 ടണ്‍ ആസ്‌പത്രി മാലിന്യം ഉണ്ടാകുന്നു എന്നാണ് കണക്ക്. അതില്‍ ആറര ടണ്ണാണ് ഇമേജില്‍ സംസ്‌ക്കരിക്കുന്നത്. സംസ്ഥാനത്ത് ആകെയുണ്ടാകുന്ന ആസ്‌പത്രിമാലിന്യത്തില്‍ ഏതാണ്ട് മൂന്നിലൊന്ന് ഇമേജാണ് കൈകാര്യം ചെയ്യുന്നതെന്ന് സാരം. വന്‍കിട ആസ്‌പത്രികളും ചില മെഡിക്കല്‍ കോളേജുകളും സ്വന്തമായി ഇന്‍സിനറേറ്റര്‍ വെച്ച് മാലിന്യസംസ്‌ക്കരണം നടത്തുന്നുണ്ട്. കുറെ മാലിന്യം 'ആലുവാമോഡലി'ല്‍ പോകുന്നുണ്ടെന്ന് വ്യക്തമാണ്. 2003 ഡിസംബര്‍ 14-ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട ഇമേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 2004 ജനവരിയിലാണ്. രണ്ടുകോടി രൂപ ഇമേജിന് മുടക്കുമുതല്‍ വേണ്ടിവന്നു. ഇമേജില്‍ അഫിലിയേറ്റ് ചെയ്‌ത ആസ്‌പത്രികള്‍ നല്‍കിയ സംഖ്യയായിരുന്നു പ്രവര്‍ത്തന മൂലധനം. അഫിലിയേഷന് സ്വകാര്യ ആസ്‌പത്രികള്‍ കിടക്കയൊന്നിന് ആയിരംരൂപാ വീതം നല്‍കണം. നൂറു കിടക്കയുള്ള ആസ്‌പത്രിക്ക് ഒരുലക്ഷം രൂപാ അഫിലിയേഷന്‍ ഫീസ് ആകും. മാലിന്യം നീക്കംചെയ്യാന്‍ കിടക്കയൊന്നിന് ദിവസം 3.5 രൂപാ വീതമാണ് നല്‍കേണ്ടത്. 2005 ജൂലായില്‍ ഐ.എം.എ.യും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് സര്‍ക്കാര്‍ ആസ്‌പത്രികള്‍ക്ക് അഫിലിയേഷന്‍ ഫീസ് ഇല്ല; കിടക്കയൊന്നിന് ദിനംപ്രതി 2.75 രൂപാ മതി. സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ സ്വകാര്യമേഖലയില്‍ 1413 ആരോഗ്യസ്ഥാപനങ്ങളും, 75 സര്‍ക്കാര്‍ ആസ്‌പത്രികളും ഇമേജില്‍ അഫിലിയേറ്റ് ചെയ്‌തിട്ടുണ്ട്. സ്വകാര്യമേഖലയില്‍നിന്ന് 26,338 കിടക്കകളും, സര്‍ക്കാര്‍ മേഖലയില്‍നിന്ന് 11,335 കിടക്കകളും. ആകെ 37,673 കിടക്കകളില്‍നിന്നുള്ള ആസ്‌പത്രിമാലിന്യം ഇമേജ് കൈകാര്യം ചെയ്യുന്നു. അഫിലിയേഷന്‍ ഫീസ് വളരെ ഉയര്‍ന്നതാണ് എന്നതാണ് ഇമേജിനെപ്പറ്റി പല ആസ്‌പത്രികളും ഉന്നയിക്കുന്ന മുഖ്യ ആക്ഷേപം. എന്നാല്‍, ഐ.എം.എ.യുടെ നിലപാട് അതിന് വിരുദ്ധമാണ്. തുടക്കത്തില്‍ വെറും 900 കിടക്ക മാത്രമാണ് ഇമേജില്‍ അഫിലിയേറ്റ് ചെയ്‌തിരുന്നത്. ആദ്യരണ്ടുവര്‍ഷം സ്ഥാപനത്തിന് 30 ലക്ഷം രൂപ നഷ്ടം നേരിടേണ്ടിവന്നു. മാത്രമല്ല, ഇന്‍സിനറേറ്ററുകളും മറ്റ് യന്ത്രങ്ങളും പത്തുവര്‍ഷം നിലനില്‍ക്കുമെന്നാണ്, അവ സ്ഥാപിച്ച കമ്പനികള്‍ തുടക്കത്തില്‍ അവകാശപ്പെട്ടതെങ്കിലും മൂന്നുവര്‍ഷമായപ്പോള്‍ തന്നെ പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കേണ്ടി വന്നു. ഇപ്പോള്‍ മൂന്നാമത്തെ ഇന്‍സിനറേറ്ററിന്റെ നിര്‍മാണം നടക്കുകയാണ്. അഫിലിയേഷന്‍ ഫീസ് ഇത്രയും ഇല്ലായിരുന്നെങ്കില്‍ ഇതിനകം ഇമേജ് പൂട്ടിപ്പോകുമായിരുന്നു എന്നാണ് ഇമേജ് സെക്രട്ടറി ഡോ.ജെ.രാജഗോപാലന്‍നായര്‍ പറയുന്നത്. കേരളത്തിനൊട്ടാകെ പ്രയോജനം ചെയ്യുന്ന ഈ പ്ലാന്റിന് നാലുവര്‍ഷമായിട്ടും അധികൃതര്‍ വൈദ്യുതികണക്ഷന്‍ നല്‍കിയിട്ടില്ല. ജനറേറ്ററാണ് ഇപ്പോഴും ആശ്രയം. അതിന് മണിക്കൂറില്‍ 15 ലിറ്റര്‍ ഡീസല്‍ വേണം. ഇന്ധനത്തിനും ഗതാഗതത്തിനുമായാണ് ഇമേജിന്റെ ചെലവില്‍ 75-80 ശതമാനവും പോകുന്നതെന്ന് അധികൃതര്‍ പറയുന്നു. ഒരു ദിവസം ഈ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞത് 75,000 രൂപ ചെലവ് വരുമെന്ന്, ഇമേജിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ 'ജി.ജെ.മള്‍ട്ടിവേവി'ന്റെ ടി.ജയരാജ് അറിയിക്കുന്നു.പ്ലാന്റില്‍ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളം പോലും ഇമേജില്‍നിന്ന് പരിസരത്തേക്കു തുറന്നു വിടുന്നില്ല. ശുദ്ധീകരിച്ച വെള്ളം ഇമേജ് കോംപൗണ്ടിലെ ചെടികള്‍ നനയ്‌ക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഇന്‍സിനറേഷന് ശേഷം ലഭിക്കുന്ന ചാരം മറവുചെയ്യുന്നതില്‍ ഇപ്പോഴും പ്രശ്‌നം അവശേഷിക്കുന്നു. (ഒരു ടണ്‍ മാലിന്യം ഇന്‍സിനറേറ്റ് ചെയ്യുമ്പോള്‍ അഞ്ചുകിലോഗ്രാം ചാരം ഉണ്ടാകും). അത് മണ്ണില്‍ കുഴിയെടുത്ത് ഇഷ്ടികനിരത്തി അതില്‍ മറവുചെയ്യുകയാണ് ചെയ്യുന്നത്. കേന്ദ്രനിയമത്തില്‍ പറയുംപ്രകാരമാണ് ഇതെന്ന് ഇമേജ് അധികൃതര്‍ അറിയിക്കുന്നു. എന്നാല്‍, ചാരത്തില്‍ ഘനലോഹങ്ങളുടെ സാന്നിധ്യം ഉണ്ടാകാമെന്നും മണ്ണില്‍ മറവുചെയ്യുന്നത് സുരക്ഷിതമല്ലെന്നും കരുതുന്ന പരിസ്ഥിതി വിദഗ്‌ധരുണ്ട്. ഏതാനും മാസത്തിനം ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇമേജ്. അപകകാരമായ മാലിന്യം സംസ്‌ക്കരിക്കാന്‍ എറണാകുളത്ത് കെ.എസ്.ഐ.ഡി.സി.യുടെ മേല്‍നോട്ടത്തില്‍ രൂപംനല്‍കിയ കമ്പനി പ്രവര്‍ത്തനം തുടങ്ങിയാല്‍, ഇമേജിലെ ചാരം അവിടെയെത്തിച്ച് മറവുചെയ്യാനാണ് പരിപാടി. 'കേരള എന്‍വിരോഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ലിമിറ്റഡ്' എന്ന കമ്പനി, അമ്പലമുകള്‍ ഭാഗത്ത് 50 ഏക്കര്‍ സ്ഥലത്താണ് മാലിന്യസംസ്‌ക്കരണം നടത്തുക. കേരളത്തിന്റെ ആരോഗ്യ പരിരക്ഷാരംഗത്ത് അധികമാരുടെയും ശ്രദ്ധയില്‍ പെടാത്ത സുപ്രധാന കര്‍ത്തവ്യം നിര്‍വഹിക്കുന്നു എന്നത് മാത്രമല്ല ഇമേജിന്റെ പ്രസക്തി, ശാസ്‌ത്രീയമായി നടത്തിയാല്‍ മാലിന്യസംസ്‌ക്കരണം ഒരു പ്രശ്‌നമല്ലെന്ന് കേരളീയരെ ബോധ്യപ്പെടുത്തുകകൂടി ഈ സ്ഥാപനം ചെയ്യുന്നു. 'ആലുവാമോഡല്‍' മാലിന്യസംസ്‌ക്കരണം ഇല്ലാതാക്കാനും ഇമേജ് പോലുള്ള സ്ഥാപനങ്ങള്‍ കൂടുതലുണ്ടായാലേ കഴിയൂ. (വിവരങ്ങള്‍ക്ക് കടപ്പാട്: ഐ.എം.എ; ഡോ.ജെ.രാജഗോപാലന്‍നയര്‍, സെക്രട്ടറി, ഇമേജ്; വി.എസ്.എസ്.നായര്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എസ്.യു.റ്റി.ഹോസ്‌പിറ്റല്‍, തിരുവനന്തപുരം; ഇ.ജെ.വിജയഭാസ്, ചീഫ് എന്‍വിരോണ്‍മെന്റല്‍ എന്‍ജിനിയര്‍ (റിട്ട.), സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്, കേരള എണ്‍വിരോണ്‍മെന്റ് കോണ്‍ഗ്രസ്-2008). (2008 ആഗസ്‌ത് ലക്കം 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ പ്രസിദ്ധീകരിച്ചത്)
എണ്ണപ്പാടയില്‍നിന്ന് സമുദ്രങ്ങളെ രക്ഷിക്കാനും, മാലിന്യം കലര്‍ന്ന ഭൂഗര്‍ഭജലം ശുദ്ധീകരിക്കാനും, ഒരുപക്ഷേ ഭാവിയില്‍ ശരീരത്തിനുള്ളില്‍ കൃത്യമായ സ്ഥാനങ്ങളില്‍ ഔഷധമെത്തിക്കാനും നാനോടെക്‌നോളജി വഴിയൊരുക്കുന്നു. മലയാളികളായ പ്രൊഫ.പുളിക്കല്‍ എം. അജയനും, ഡോ.ഷൈജുമോന്‍ മാണിക്കോത്തുമാണ് ഈ മുന്നേറ്റത്തിന് പിന്നില്‍.
സ്വയംസമ്മേളിച്ച് ഒറ്റ ഘടനയായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള നാനോദണ്ഡുകളെക്കുറിച്ച് ആലോചിച്ചു നോക്കൂ. വെള്ളത്തില്‍ കലര്‍ന്ന മാലിന്യകണങ്ങളെ ആവരണംചെയ്‌ത് സ്വയം പാക്കറ്റുകള്‍ പോലയാവുകയും, വെള്ളത്തെ ഒഴിവാക്കുകയും ചെയ്യുന്ന സൂക്ഷ്‌മദണ്ഡുകള്‍. എണ്ണപ്പാട കലര്‍ന്ന് മലിനമായ ജലത്തില്‍നിന്ന് എണ്ണകണങ്ങള്‍ മാത്രം ഇത്തരത്തില്‍ വേര്‍തിരിച്ചു മാറ്റാം. ആള്‍ട്രോവയലറ്റ് കിരണങ്ങളുടെയും കാന്തികമണ്ഡലങ്ങളുടെയും സഹായത്തോടെ, പിന്നീട് നാനോപാക്കറ്റ് വിടര്‍ത്തി അതില്‍ സംഭരിച്ച എണ്ണ വീണ്ടെടുക്കുകയും ആവാം. ജലമലിനീകരണം തടയാന്‍ നവീനമായൊരു വഴി തുറക്കുകയാണ്.പ്രവചനാതീതമായ കാര്യങ്ങളാണ് നാനോടെക്‌നോളജിയെന്ന നവശാസ്‌ത്രശാഖ അതിന്റെ ആവനാഴിയില്‍ കരുതിവെച്ചിരിക്കുന്നത്. അതിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളിലൊന്നാണിത്. നാനോടെക്‌നോളജി രംഗത്ത് ഇതിനകം ആഗോളതലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളിയായ പ്രശസ്‌ത അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ പ്രൊഫ. പുളിക്കല്‍ എം. അജയനും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും കണ്ണൂര്‍ സ്വദേശിയുമായ ഡോ.ഷൈജുമോന്‍ മാണിക്കോത്തുമാണ് പുതിയ സങ്കേതം കണ്ടെത്തുന്നതില്‍ വിജയിച്ചത്. (ഇതിനകം തന്നെ ലോകത്തെ അമ്പരിപ്പിച്ച കണ്ടെത്തലുകള്‍ നടത്തിയ ടീമാണ് ഇവര്‍. ഒരു ഉദാഹരണം ഇവിടെ). റൈസ് സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ആന്‍ഡ് മെറ്റീരിയല്‍സ് സയന്‍സ് വകുപ്പിലെ പ്രൊഫസറാണ് അജയന്‍. സ്വയം പ്രവര്‍ത്തനനിരതമാകുന്ന 'സ്‌മാര്‍ട്ട്‌വസ്‌തു'ക്കളുടെ നിര്‍മാണത്തിന് നാനോടെക്‌നോളജി സഹായിക്കുമെന്നതിന്റെ ഒരു ഉദാഹരണം കൂടിയാവുകയാണ് പുതിയ ഗവേഷണം. പെന്‍സിലിന്റെ ഒരറ്റത്ത് റബ്ബര്‍കട്ട ഘടിപ്പിച്ചതുപോലെ, അതിസൂക്ഷ്‌മമായ കാര്‍ബണ്‍ നാനോട്യൂബുകളുടെ അഗ്രഭാഗത്ത് സ്വര്‍ണത്തിന്റെ സൂക്ഷ്‌മകണങ്ങള്‍ പിടിപ്പിച്ചുണ്ടാക്കായ നാനോദണ്ഡുകളാണ്, വെള്ളത്തില്‍നിന്ന് എണ്ണ വേര്‍തിരിക്കാന്‍ പ്രൊഫ. അജയനും സംഘവും ഉപയോഗിച്ചതെന്ന്, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഗവേഷണപ്രസിദ്ധീകരണമായ 'നാനോ ലെറ്റേഴ്‌സി'ല്‍ വന്ന പഠനറിപ്പോര്‍ട്ട് പറയുന്നു. `വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയംസമ്മേളിക്കുന്ന അകാര്‍ബണിക നാനോകണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയെന്നതാണ് നാനോടെക്‌നോളജി വിപ്ലവത്തിന്റെ കാതല്‍'-പ്രൊഫ.അജയന്‍ പറയുന്നു. സ്വര്‍ണകണങ്ങള്‍ അഗ്രത്ത് ഘടിപ്പിച്ച കാര്‍ബണ്‍ നാനോദണ്ഡുകളുടെ രൂപകല്‍പ്പനയ്‌ക്ക് ഗവേഷകരെ പ്രേരിപ്പിച്ചത് അടിസ്ഥാന രസതന്ത്രത്തിലെ ഒരു വസ്‌തുതയാണ്. ക്രാര്‍ബണ്‍അഗ്രം ജലത്തില്‍നിന്ന് അകന്നു നില്‍ക്കും (hydrophobic) എന്ന കാര്യവും, സ്വര്‍ണം ജലത്തെ ഇഷ്ടപ്പെടും (hydrophilic) എന്നതുമാണത്. ഇങ്ങനെ ജലം ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ രാസവസ്‌തുക്കള്‍ കൂട്ടിപ്പിണഞ്ഞുണ്ടായ ആവരണത്തിനുള്ളിലാണ്, നമ്മുടെ ശരീരത്തിലെ ഓരോ കോശവും ജലസമൃദ്ധമായി സ്ഥിതിചെയ്യുന്നത്. നാനോദണ്ഡുകളുപയോഗിച്ചു സൃഷ്ടിച്ച പാക്കറ്റുകള്‍ കോശആവരണത്തിന് സമാനമാണ്.പ്രൊഫ.അജയനും ഡോ.ഷൈജുമോനും ഉള്‍പ്പെട്ട ടീമില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഫുങ് സുവോങ് ഓയുവും അംഗമായിരുന്നു. നാനോദണ്ഡുകളിലെ കാര്‍ബണ്‍അഗ്രം വെള്ളത്തില്‍നിന്ന് വിട്ടുനില്‍ക്കും എന്നതിനാല്‍, വെള്ളത്തില്‍ കലര്‍ന്ന എണ്ണതുള്ളിയെ ഇവ കൂട്ടിപ്പിണഞ്ഞ് പാക്കറ്റുപോലെ ഉള്ളിലാക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ ഗവേഷകര്‍ക്കായി. എണ്ണയില്‍ പതിച്ച വെള്ളത്തുള്ളികളുടെ കാര്യത്തില്‍ നാനോദണ്ഡുകളുടെ പ്രവര്‍ത്തനം വിപരീതദിശയിലായി. ഇത്തരം നാനോദണ്ഡുകളില്‍ രാസപരിഷ്‌ക്കരണങ്ങള്‍ വരുത്തി, പ്രായോഗികതലത്തില്‍ പ്രയോജനപ്പെടുത്താനാണ് ഇനിയുള്ള ശ്രമമെന്ന് ഗവേഷകര്‍ പറയുന്നു. സ്വയംസമ്മേളിക്കുന്ന നാനോദണ്ഡുകള്‍ ഉപയോഗിച്ച്, വിഷമയമല്ലാത്ത രീതിയില്‍ ഈ പ്രക്രിയ വികസിപ്പിക്കുന്നതിനും അപ്പുറത്തേക്ക് ഈ ആശയം പോകേണ്ടതുണ്ടെന്ന് പ്രൊഫ.അജയന്‍ പറയുന്നു. സ്വയംസമ്മേളിക്കുന്ന ഇത്തരം നാനോഘടനകള്‍ക്ക് യഥാര്‍ഥ ലോകത്ത് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. (അവലംബം: റൈസ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).കാണുക:
കറുപ്പിന്റെ ഏഴഴക്അണുക്കളെ അകറ്റുന്ന ചായംനാനോകോണ്ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍
പല വഴികള്‍ ഒത്തുചേരണംഅരനൂറ്റാണ്ടുമുമ്പ് ലോകം വികസിപ്പിച്ച ടെക്‌നോളജിയാണ് കംപോസ്‌റ്റിങ് രംഗത്ത് ഇപ്പോള്‍ കേരളം ഉപയോഗിക്കുന്നത്. അതിനുമുകളില്‍ മാത്രം അടയിരിക്കാതെ പുതിയ സങ്കേതങ്ങള്‍കൂടി പരീക്ഷിക്കാന്‍ കേരളം തയ്യാറാകണമെന്ന അഭിപ്രായക്കാരുമുണ്ട്. ഇസ്രായേലി ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത 'ആരോബയോ'സങ്കേതമാണ് ഇതിന് ഉദാഹരണം.
ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണിക്കുമ്പോള്‍ അതില്‍ വലിയൊരളവ് മീഥേന്‍ ആയി മാറും. ശരിയായ സംസ്‌ക്കരണം നടന്നില്ലെങ്കില്‍ നഗരമാലിന്യത്തിന്റെ (കേരളത്തില്‍ 85 ശതമാനം ജൈവമാലിന്യമാണെന്ന് ഓര്‍ക്കുക) ഏതാണ്ട് 25-30 ശതമാനം മീഥേന്‍ ആയി മാറും. ശരിക്കു പറഞ്ഞാല്‍ ഇത് അനുഗ്രഹമാണ്. കാരണം സാക്ഷാല്‍ ബയോഗ്യാസാണ് ഈ വാതകം. ഊര്‍ജാവശ്യത്തിന് ഇതുപയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു അനുഗ്രഹം തന്നെ. പക്ഷേ, തുറസ്സായ സ്ഥലത്ത് കിടന്ന് മാലിന്യം അഴുകുമ്പോള്‍ മീഥേന്‍ മുഴുവന്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും. കാര്‍ബണ്‍ഡൈയോക്‌സയിഡിനെ (CO2) അപേക്ഷിച്ച് 21 മടങ്ങ് ആഗോളതാപനശേഷിയുള്ള വാതകമാണ് മീഥേന്‍. ഒരു മീഥേന്‍ ആറ്റം, 21 CO2 ആറ്റങ്ങളുണ്ടാക്കുന്നത്ര ആഗോളതാപനം സൃഷ്ടിക്കുമെന്ന് സാരം. കേരളത്തില്‍ ദിവസവുമുണ്ടാകുന്ന 6756 ടണ്‍ മാലിന്യത്തില്‍ എത്ര കുറച്ചേ ശരിയായി സംസ്‌ക്കരിക്കാന്‍ നമുക്ക് കഴിയുന്നുള്ളു. ആ നിലയ്‌ക്ക് ഭൂമിയെ ചൂടുപിടിപ്പിക്കുന്നതില്‍, മാലിന്യത്തിന്റെ രൂപത്തില്‍ കേരളീയര്‍ എത്ര സംഭാവനയാണ് ചെയ്യുന്നത്. അടിയന്തരമായി നമ്മുടെ സമൂഹം പരിഹരിക്കേണ്ട ഒരു വലിയ പാരിസ്ഥിതികപ്രശ്‌നം കൂടിയാണ് മാലിന്യത്തിന്റേതെന്ന് സാരം.ആകെയുള്ള മാലിന്യത്തില്‍ 25-30 ശതമാനം മീഥേന്‍ ആകും. സംസ്‌ക്കരിച്ചു കഴിഞ്ഞാല്‍, 30-35 ശതമാനം തിരസ്‌കൃത അവശിഷ്ടങ്ങളാണ്; സാനിറ്ററി എന്‍ജിനിയേര്‍ഡ് ലാന്‍ഡ്‌ഫില്‍ ആക്കി മറവുചെയ്യേണ്ടവ. ഇതുവെച്ചു നോക്കിയാല്‍, സംസ്‌ക്കരണം എന്ന് നമ്മള്‍ ഉദ്ദേശിക്കുന്ന കംപോസ്‌റ്റിങിന്, ആകെയുള്ള മാലിന്യത്തില്‍ എത്ര ശതമാനം ഉപയോഗിക്കാനാവും എന്ന് കണക്കാക്കാവുന്നതേയുള്ളൂ. ഏതാണ്ട് 30 ശതമാനമേ കംപോസ്‌റ്റാക്കി സംസ്‌ക്കരിക്കാനാവൂ. എന്നുവെച്ചാല്‍, കേരളത്തില്‍ ദിവസവുമുണ്ടാകുന്ന 6756 ടണ്‍ നഗരമാലിന്യത്തില്‍ 2250 ടണ്‍ മാത്രമേ പരമാവധി ശ്രമിച്ചാലും കംപോസ്‌റ്റ് ആക്കാന്‍ കഴിയൂ. അതിലും കൂടുതല്‍ ലാന്‍ഡ്‌ഫില്‍ ആക്കി മറവുചെയ്യേണ്ടി വരും. ദിവസവും ഇത്രയേറെ തിരസ്‌കൃത മാലിന്യങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കേന്ദ്രനിയമപ്രകാരം വിന്‍ഡ്രോ കംപോസ്‌ററിങ് ആണ് നഗരമാലിന്യസംസ്‌ക്കരണത്തിന് മുഖ്യമായും ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഈ രീതിയുടെ ദൗര്‍ബല്യവും പരിമിതിയും മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പരിമിതി മറികടക്കാനുള്ള ഒരു പോംവഴി തിരസ്‌കൃത മാലിന്യത്തിന്റെ അളവ് കുറയ്‌ക്കുകയെന്നതാണ്. ഉത്ഭവസ്ഥാനത്ത് വെച്ചുതെന്ന പ്ലാസ്റ്റിക്ക്, കുപ്പിച്ചില്ല്, ജൈവമാലിന്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കിട്ടുകയാണ് അതിന് വേണ്ടത്. കേരളത്തെ സംബന്ധിച്ച് അത്തരമൊരു സംസ്‌ക്കാരത്തിലേക്ക് നമ്മള്‍ വേഗമെത്തെട്ടെ എന്ന് ആശിക്കാനേ ഇന്നത്തെ നിലയ്‌ക്കു കഴിയൂ. ഒപ്പം മാലിന്യം മുഴുവന്‍ കമ്പോസ്‌റ്റിങിന് വിടുകയെന്ന രീതി മാറ്റി, ബയോഗ്യാസാക്കാന്‍ പറ്റുന്നിടത്തോളം അത്തരത്തില്‍ മാറ്റണം. മീഥേന്‍ വാതകം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഒരുപരിധി വരെ തടയാന്‍ ഇത് സഹായിക്കും. കംപോസ്‌റ്റ് നിര്‍മാണത്തിന് കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി ഇവിടുത്തെ കാലാവസ്ഥയാണ്. വിന്‍ഡ്രോ കംപോസ്‌റ്റിങ് നടക്കുമ്പോള്‍, അന്തരീക്ഷത്തിലെ ആര്‍ദ്രത 55 ശതമാനത്തില്‍ കൂടരുത്. എന്നാല്‍, വര്‍ഷകാലത്ത് ഇവിടെയത് 90 ശതമാനത്തിന് മീതെയാകും. 1950-കളില്‍ ലോകം വികസിപ്പിച്ച ടെക്‌നോളജിയാണ് കംപോസ്‌റ്റിങിന് ഇപ്പോള്‍ കേരളം ഉപയോഗിക്കുന്നത്. അതിനുമുകളില്‍ മാത്രം അടയിരിക്കാതെ പുതിയ സങ്കേതങ്ങള്‍കൂടി പരീക്ഷിക്കാന്‍ കേരളം തയ്യാറാകണമെന്ന അഭിപ്രായക്കാരുണ്ട്. ഇസ്രായേലി ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത 'ആരോബയോ'(ArrowBio) സങ്കേതമാണ് ഇതിന് ഉദാഹരണം. ഈ സങ്കേതമുപയോഗിച്ചുള്ള ആദ്യസംസ്‌ക്കരണപ്ലാന്റ് ടെല്‍ അവീവില്‍ 2002-ലാണ് സ്ഥാപിച്ചത്. ഇപ്പോള്‍ ഓസ്‌ട്രേലിയ, സ്‌കോട്ട്‌ലന്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ ഒട്ടേറെ നഗരഭരണകൂടങ്ങള്‍ ആരോബയോപ്ലാന്റ് സ്ഥാപിക്കുകയാണ്. ദുര്‍ഗന്ധമില്ലാതെ നഗരമാലിന്യം സംസ്‌ക്കരിക്കാം എന്നതാണ് ഈ ആരോബയോ സങ്കേതത്തിന്റെ ഏറ്റവും വലിയ മേന്‍മയായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ദിവസവും 200 ടണ്‍ മാലിന്യം സംസ്‌ക്കരിക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ വെറും രണ്ടര ഏക്കര്‍ സ്ഥലം മതി. ചെലവും ഒരു കമ്പോസ്‌റ്റിങ് പ്ലാന്റിനെക്കാള്‍ കൂടുതല്‍ വരില്ല (സ്ഥലവില കൂടി കണക്കിലെടുക്കുമ്പോള്‍. കമ്പോസ്‌റ്റിങിന് വിശാലമായ സ്ഥലം വേണമല്ലോ). വായൂമലിനീകരണമോ ജലമലിനീകരണമോ സൃഷ്ടിക്കാത്തതിനാല്‍, നഗരത്തിനുള്ളില്‍തന്നെ ആരോബയോ പ്ലാന്റ് സ്ഥാപിക്കാവുന്നതേയുള്ളു. നഗരമാലിന്യത്തിന്റെ ദുരിതം ഗ്രാമങ്ങള്‍ പേറേണ്ടി വരുന്നു എന്ന കാലാകാലമായുള്ള ആരോപണത്തിന് പരിഹാരവുമാകും. ഈ സങ്കേതത്തില്‍ മാലിന്യം സംസ്‌ക്കരിക്കുമ്പോള്‍ അല്‍പ്പവും മീഥേന്‍ പുറത്തുപോകുന്നില്ല. മാലിന്യം മുന്‍കൂട്ടി വേര്‍തിരിക്കണമെന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. കേരളത്തെ സംബന്ധിച്ച് കീറാമുട്ടിയായ ആ പ്രശ്‌നം ഇവിടെ പ്രശ്‌നമേയല്ല എന്ന് സാരം. മാലിന്യത്തില്‍ 90 ശതമാനത്തിലേറെ വീണ്ടെടുക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അവശിഷ്ടങ്ങള്‍ പത്തുശതമാനത്തില്‍ താഴെയേ വരൂ. എന്നുവെച്ചാല്‍, നിലവില്‍ മാലിന്യസംസ്‌ക്കരണം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം സമഗ്രമാവും സമര്‍ഥവുമായ പരിഹാരം ആരോബയോ സങ്കേതത്തിലുണ്ടെന്നു സാരം. മാലിന്യം ഒന്നോടെ വെള്ളത്തിലിട്ടാല്‍ പ്ലാസ്റ്റിക്ക് പോലുള്ള കനംകുറഞ്ഞവ പൊങ്ങിക്കിടക്കുകയും, കുപ്പിച്ചില്ല്, ലോഹഭാഗങ്ങള്‍ മുതലായവ അടിയിലെത്തുകയും, മാലിന്യത്തിലെ നാറ്റമുണ്ടാക്കുന്ന ദ്രവഭാഗം വെള്ളത്തിലൊഴുകി പോവുകയും ചെയ്യും എന്ന ലളിതമായ തത്ത്വമാണ് ഈ സങ്കേതത്തില്‍ പ്രയോജനപ്പെടുത്തുന്നത്. പ്ലാസ്റ്റിക്കും ലോഹങ്ങളും ഗ്ലാസും മറ്റും കഴുകി വൃത്തിയാക്കിയ നിലയില്‍ ലഭിക്കുമെന്നതിനാല്‍ അത് പുനരുപയോഗം ചെയ്യാന്‍ ബുദ്ധിമുട്ടില്ല. ജൈവസമ്പുഷ്ടമായ ജലം ഒരു പ്ലാന്റിലാണ് എത്തുക. അതില്‍നിന്നുള്ള ഗ്യാസ് വൈദുതിയുത്‌പാദനത്തിന് ഉപയോഗിക്കും. ബാക്കിയുള്ള ജൈവമാലിന്യത്തെ വെള്ളവും വായുവുമുപയോഗിച്ച് ശക്തിയായി സ്‌പ്രേ ചെയ്‌ത് ഉടച്ചെടുത്ത് ഒരു പ്ലാന്റിലെത്തിക്കും. അവിടെയും ഗ്യാസ് വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിക്കും. പ്ലാന്റില്‍ അവശേഷിക്കുന്നത് വളമാക്കും. പ്രക്രിയ പൂര്‍ത്തിയായാല്‍ വെള്ളം സംസ്‌ക്കരിച്ച് ഉപയോഗിക്കാം. ദിനംപ്രതി 200 ടണ്‍ മാലിന്യം കൈകാര്യം ചെയ്യുന്ന ഒരു ആരോബയോ പ്ലാന്റിന് പരമാവധി ഒന്‍പത് ജോലിക്കാര്‍ മതി. ഇത്തരമൊരു പ്ലാന്റ് ദിവസവും മൂന്ന് മെഗാവാട്ട് വൈദ്യുതിയുത്‌പാദിപ്പിക്കും. അതില്‍ അര മെഗാവാട്ട് മതി പ്ലാന്‍റിന്റെ പ്രവര്‍ത്തനത്തിന്, ബാക്കി വിറ്റു കാശാക്കാം. ഇതാണ് നഗരമാലിന്യസംസ്‌ക്കരണത്തിന് വികസിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ സങ്കേതം. എന്തുകൊണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ ഇത്തരമൊരു ആരോബയോപ്ലാന്റ് തുടങ്ങിക്കൂടാ. കംപോസ്‌റ്റിങിലൂടെ മാത്രം ഏതായാലും നമ്മുടെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. ആ നിലയ്‌ക്ക് പുതിയ വഴികള്‍ തേടാന്‍ നമ്മള്‍ തയ്യാറായേ പറ്റൂ. (അവസാനിച്ചു).(ഈ ലേഖന പരമ്പരയ്‌ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹകരിച്ച ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ക്ക് സൗമനസ്യത്തോടെ മറുപടി നല്‍കാന്‍ സമയം കണ്ടെത്തിയവര്‍, എനിക്കു വേണ്ടി കാത്തുനിന്നവര്‍. അവരുടെയൊക്കെ സഹായംകൊണ്ട് മാത്രമാണ് ഈ വിഷയത്തെക്കുറിച്ച് ഇത്രയും എഴുതാന്‍ കഴിഞ്ഞത്. പാലക്കാട് മുണ്ടൂരിലെ 'ഐ.ആര്‍.ടി.സി', തിരുവനന്തപുരത്തെ 'സെന്റര്‍ ഫോര്‍ എന്‍വിരോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ്'(സി.ഇ.ഡി) തുടങ്ങിയ സ്ഥാപനങ്ങളോടും, പ്രൊഫ.ആര്‍.വി.ജി.മേനോന്‍, 'ശുചിത്വ മിഷന്‍' എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ആര്‍.അജയകുമര്‍വര്‍മ, സംസ്ഥാന മനിലീകരണനിയന്ത്രണബോര്‍ഡിലെ എന്‍വിരോണ്‍മെന്റല്‍ എന്‍ജിനിയര്‍ എം.ദിലീപ്‌കുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിനിലെ ഡോ. കെ.വിജയകുമാര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.ബി.പത്മകുമാര്‍, തിരുവനന്തപുരം നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഡി.ശ്രീകുമാര്‍, കോഴിക്കോട് നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.കെ.ബീനാകുമാരി, കണ്ണൂര്‍ വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് ലിമിറ്റഡിലെ ബയോടെക്‌നോളജിസ്‌റ്റ് ഡോ. ഇ.ശ്രീനിവാസന്‍, സി.ഇ.ഡി.എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ബാബു അമ്പാട്ട്, കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വിരോണ്‍മെന്റല്‍ സ്‌റ്റഡീസിന്റെ മുന്‍ഡയറക്ടര്‍ പ്രൊഫ.വി.എന്‍.ശിവശങ്കരപിള്ള, നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.എ.അലി, കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ സി.കെ.മണിശങ്കര്‍, ഐ.ടി.ഇ.സി.യിലെ അഡ്വ.ആര്‍.സാജു തുടങ്ങിയ വ്യക്തികളോടുമുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു).