Friday, June 05, 2009

കാലവര്‍ഷത്തിന്റെ കാലിടറുന്നു

ഭൂമിയുടെ ചൂട്‌ വര്‍ധിക്കുന്നത്‌ നമ്മുടെ കാലവര്‍ഷത്തിന്റെയും താളംതെറ്റിക്കുന്നതായി സൂചന. സംസ്ഥാനത്ത്‌ സമീപകാലത്ത്‌ കാലവര്‍ഷം പരാജയപ്പെടുന്നതിന്റെ തോത്‌ ആശങ്കയുണര്‍ത്തും വിധം വര്‍ധിക്കുകയാണ്‌.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സംസ്ഥാനത്ത്‌ മഴ 20 ശതമാനത്തിലും കുറഞ്ഞത്‌ അഞ്ച്‌ തവണ മാത്രമാണ്‌. അതേസമയം, കഴിഞ്ഞ വെറും പത്ത്‌ വര്‍ഷത്തിനിടെ അഞ്ചു തവണ കേരളത്തില്‍ കാലവര്‍ഷം 20 ശതമാനത്തിലും കുറഞ്ഞു. മുമ്പ്‌ അമ്പത്‌ വര്‍ഷംകൊണ്ട്‌ സംഭവിച്ച കാര്യം ഇപ്പോള്‍ ഒരു പതിറ്റാണ്ടിനിടെ ഉണ്ടാകുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ലോക കാലാവസ്ഥാ അസോസിയേഷന്റെ പഠനം അനുസരിച്ച്‌, രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ പതിറ്റാണ്ട്‌ 1998-2007 ആയിരുന്നു എന്നകാര്യം കൂടി ചേര്‍ത്ത്‌ വായിക്കുമ്പോള്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയിലാണ്‌ കേരളവുമെന്ന്‌ കാണാം.

ഇത്തവണ സാധാരണ മഴ ലഭിക്കും എന്നാണ്‌ പ്രവചനമെങ്കിലും, കേരളത്തില്‍ വേനല്‍മഴയില്‍ 25 ശതമാനം കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 428 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത്‌ കിട്ടിയത്‌ 398 മി.മീ. വേനല്‍മഴ മാത്രം. ഇടവപ്പാതി (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) ഇത്തവണ മെയ്‌ 23-ന്‌ ആരംഭിച്ചത്‌ പ്രതീക്ഷയുണര്‍ത്തിയെങ്കിലും, ബംഗാളില്‍ നാശംവിതച്ച ഐല ചുഴലിക്കൊടുങ്കാറ്റ്‌ കാര്യങ്ങളെയാകെ തകിടം മറിച്ചു. തെക്കന്‍ മേഖലയില്‍നിന്ന്‌ അന്തരീക്ഷത്തിലെ ബാഷ്‌പവും നീരാവിയും ഐല അകറ്റിയതിനാല്‍ കാലവര്‍ഷം ആശങ്കയുണര്‍ത്തിക്കൊണ്ട്‌ പിന്‍വാങ്ങിയിരിക്കുകയാണ്‌. ദേശീയതലത്തില്‍ കാലവര്‍ഷത്തിന്റെ മുന്നേറ്റം തടയപ്പെട്ടു. ജൂണ്‍ ആദ്യവാരം രാജ്യത്ത്‌ 35 ശതമാനം മഴ കുറഞ്ഞതായി കാലാവസ്ഥ വകുപ്പ്‌ പറയുന്നു. ഐല പോലെ സംഹാരശേഷിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ വരവും കാലാവസ്ഥാമാറ്റത്തിന്റെ തെളിവാണ്‌.

കാലാവസ്ഥയുടെ തകിടംമറിയല്‍ ആണ്‌ ആഗോളതാപനത്തിന്റെ ദുരന്തഫലങ്ങളില്‍ പ്രധാനപ്പെട്ടതായി പറയപ്പെടുന്നത്‌. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കുക, മഴ പെയ്യേണ്ടിടത്ത്‌ അത്‌ കുറയുക, വരള്‍ച്ച അനുഭവപ്പെടേണ്ട മേഖലയില്‍ പേമാരി നാശം വിതയ്‌ക്കുക എന്നിങ്ങനെ. കേരളത്തില്‍ കാലവര്‍ഷവും അത്തരമൊരു ദുരന്തഫലത്തിന്റെ ഇരയാവുകയാവുയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരളത്തിലെ താപനില 0.8 ഡിഗ്രി സെല്‍സിയസ്‌ വര്‍ധിച്ചതായി 2005-ല്‍ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുകയുണ്ടായി. ലോകത്താകെ 1880-ന്‌ ശേഷമുണ്ടായ ശരാശരി താപവര്‍ധനയ്‌ക്ക്‌ തുല്യമാണിത്‌.

പുതിയ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം കേരളത്തിലെ ശരാശരി വര്‍ഷപാതം 3108 മില്ലിമീറ്ററാണ്‌. അതില്‍ 70 ശതമാനം ഇടവപ്പാതിയിലാണ്‌ ലഭിക്കേണ്ടത്‌. തുലാവര്‍ഷം (വടക്കുകിഴക്കന്‍ കാലവര്‍ഷം), വേനല്‍മഴ എന്നിവ വഴിയാണ്‌ ബാക്കി മഴ കിട്ടുക. 1901 മുതല്‍ ഇതുവരെ 18 തവണ കേരളത്തില്‍ മഴ 20 ശതമാനത്തിലേറെ കുറഞ്ഞു. ഏറ്റവും വലിയ കുറവ്‌ 1918-ലാണ്‌ രേഖപ്പെടുത്തിയത്‌; 47 ശതമാനം. ഈ കാലയളവില്‍ ഏറ്റവുമധികം മഴ ലഭിച്ചത്‌ 1924-ലാണ്‌; 64 ശതമാനം കൂടുതല്‍.

കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മഴയുടെ അളവ്‌ 20 ശതമാനത്തിലും കുറഞ്ഞത്‌ 1918 (47 ശതമാനം കുറവ്‌), 1928 (22 ശതമാനം), 1934 (21 ശതമാനം), 1935 (20 ശതമാനം), 1944 (29 ശതമാനം) എന്നീ അഞ്ച്‌ വര്‍ഷങ്ങളില്‍ മാത്രമാണ്‌. നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ 1951 (35 ശതമാനം), 1952 (32 ശതമാനം), 1965 (27 ശതമാനം), 1966 (26 ശതമാനം), 1976 (33 ശതമാനം), 1986 (23 ശതമാനം), 1987 (31 ശതമാനം), 1990 (25 ശതമാനം), 1999 (25 ശതമാനം) എന്നിങ്ങനെ ഒന്‍പത്‌ തവണ കാലവര്‍ഷം കാര്യമായി കുറഞ്ഞു. കാലവര്‍ഷം കുറയുന്നതിന്റെ തോത്‌ കാലം പുരോഗമിക്കുന്തോറും വര്‍ധിക്കുന്നതായി ഈ കണക്ക്‌ വ്യക്തമാക്കുന്നു. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗോളതാപനം രൂക്ഷമാകാന്‍ തുടങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണെന്ന വസ്‌തുതകൂടി ഓര്‍ക്കുക.

അതേസമയം, ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ പിറന്ന്‌ ഒരു പതിറ്റാണ്ട്‌ തികയും മുമ്പ്‌ നാല്‌ തവണ സംസ്ഥാനത്ത്‌ കാലവര്‍ഷം പരാജയപ്പെട്ടു- 2002 (35 ശതമാനം കുറവ്‌), 2003 (27 ശതമാനം), 2004 (22 ശതമാനം), 2008 (22 ശതമാനം). കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ കാര്യം പരിഗണിച്ചാല്‍ 1999-ലെ കണക്കുകൂടി കൂട്ടേണ്ടി വരും. കഴിഞ്ഞ പതിറ്റാണ്ടില്‍ അഞ്ചു തവണ കേരളത്തില്‍ കാലവര്‍ഷം സാരമായി കുറഞ്ഞെന്ന്‌ കാണാം. യഥാര്‍ഥത്തില്‍ 2000 (18 ശതമാനം കുറവ്‌), 2001 (13 ശതമാനം കുറവ്‌) വര്‍ഷങ്ങളിലും മഴ ലഭ്യത കുറഞ്ഞിരുന്നു, കുറവ്‌ അത്ര സാരമായ തോതില്‍ അല്ലായിരുന്നു എന്നുമാത്രം. അതുകൂടി ചേര്‍ത്താല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത്‌ ശരാശരിയിലും താഴെ മഴ ലഭിച്ച വര്‍ഷങ്ങളുടെ എണ്ണം ഏഴാകും. മഴ കൂടുതല്‍ ലഭിച്ചത്‌ 2007-ല്‍ മാത്രം; 30 ശതമാനം കൂടുതല്‍.

ഇരുപതാം നൂറ്റാണ്ടിലെ കാര്യം പരിഗണിച്ചാല്‍ തുടര്‍ച്ചയായി രണ്ട്‌ വര്‍ഷം മഴ കുറയുന്ന സംഭവം നാല്‌ തവണ ആവര്‍ത്തിച്ചതായി കാണാം; 1934-1935, 1951-1952, 1965-1966, 1986-1987 എന്നീ സമയങ്ങളില്‍. മൂന്ന്‌ വര്‍ഷം തുടര്‍ച്ചയായി കാലവര്‍ഷം പരാജയപ്പെട്ട ഒരു സംഭവവും പോയ നൂറ്റാണ്ടിലില്ല. എന്നാല്‍, പുതിയ നൂറ്റാണ്ടില്‍ അതും സംഭവിച്ചു-2002, 2003, 2004 വര്‍ഷങ്ങളില്‍. ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തിലാണ്‌, കേരളത്തില്‍ കാലം ചെല്ലുന്തോറും കാലവര്‍ഷത്തിന്റെ താളംതെറ്റുന്നതെന്ന്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോളതാപനത്തിന്റെ പിടി മുറുകുന്നത്‌ കാലവര്‍ഷത്തെയും കുഴപ്പത്തിലാക്കുന്നു എന്നുവേണം അനുമാനിക്കാന്‍.

ഭൗമാന്തരീക്ഷത്തില്‍ ചൂട്‌ വര്‍ധിക്കാന്‍ കാരണം കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ (green house gases) ആധിക്യം ഏറുന്നതാണ്‌. ഊര്‍ജോത്‌പാദനം, വ്യവസായവത്‌ക്കരണം, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകളൊക്കെ കാര്‍ബണ്‍ വ്യാപനത്തിന്‌ ആക്കംകൂട്ടുന്നു. വ്യവസായവിപ്ലവം തുടങ്ങുന്ന കാലത്ത്‌ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 280 പി.പി.എം. (പാര്‍ട്‌സ്‌ പെര്‍ മില്യണ്‍) ആയിരുന്നത്‌, ഇപ്പോള്‍ 384 പി.പി.എം.ആയി എന്നാണ്‌ കണക്ക്‌. പോയ നൂറ്റാണ്ടില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വ്യാപനത്തിന്റെ പ്രതിവര്‍ഷ വര്‍ധന 1.8 ശതമാനമായിരുന്നെങ്കില്‍, 2002, 2003 കാലത്ത്‌ അത്‌ 2.54 ശതമാനമായതായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ സമീപകാല പഠനം മുന്നറിയിപ്പ്‌ നല്‍കുകയുണ്ടായി. ആഗോളതാപനത്തിന്റെ അനന്തരഫലങ്ങള്‍ക്ക്‌ പുതിയ നൂറ്റാണ്ടില്‍ ആക്കംകൂടിയത്‌ എന്തുകൊണ്ടെന്ന്‌ ഇക്കാര്യം സൂചന നല്‍കുന്നു. (കടപ്പാട്‌: IMD)

കാണുക:

1 comment:

Joseph Antony said...

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സംസ്ഥാനത്ത്‌ മഴ 20 ശതമാനത്തിലും കുറഞ്ഞത്‌ അഞ്ച്‌ തവണ മാത്രമാണ്‌. അതേസമയം, കഴിഞ്ഞ വെറും പത്ത്‌ വര്‍ഷത്തിനിടെ അഞ്ചു തവണ കേരളത്തില്‍ കാലവര്‍ഷം 20 ശതമാനത്തിലും കുറഞ്ഞു. മുമ്പ്‌ അമ്പത്‌ വര്‍ഷംകൊണ്ട്‌ സംഭവിച്ച കാര്യം ഇപ്പോള്‍ ഒരു പതിറ്റാണ്ടിനിടെ ഉണ്ടാകുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ലോക കാലാവസ്ഥാ അസോസിയേഷന്റെ പഠനം അനുസരിച്ച്‌, രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ പതിറ്റാണ്ട്‌ 1998-2007 ആയിരുന്നു എന്നകാര്യം കൂടി ചേര്‍ത്ത്‌ വായിക്കുമ്പോള്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയിലാണ്‌ കേരളവുമെന്ന്‌ കാണാം.