Tuesday, March 30, 2010

'ദൈവകണ'ത്തിനായുള്ള യഥാര്‍ഥ മത്സരം തുടങ്ങി

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ശരിക്കുള്ള കണികാപരീക്ഷണം ഇന്നാണ് ആരംഭിച്ചത്. 7 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (7TeV) ഊര്‍ജനിലയില്‍ ആദ്യ കണികാകൂട്ടിയിടി നടത്തിക്കൊണ്ട് മനുഷ്യനിര്‍മിതമായ ഈ ഏറ്റവും വലിയ യന്ത്രം അതിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. ഇനി പ്രപഞ്ചരഹസ്യങ്ങക്കായി കാത്തിരിപ്പിന്റെ നാളുകള്‍.

'ഒരു കണികാശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹത്തായ ദിനമാണ്' - പരീക്ഷണത്തിന്റെ ചുമതല വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി' (CERN) ന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യുയര്‍
വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 'ഈയൊരു നിമിഷത്തിനായി അനേകം പേര്‍ കാത്തിരിക്കുകയായിരുന്നു. അവരുടെ ക്ഷമയ്ക്കും പ്രതിജ്ഞാബദ്ധതയ്ക്കും പ്രതിഫലം ലഭിക്കാന്‍ പോകുന്നു'-ഹ്യുയര്‍ പറഞ്ഞു.

ഇന്ത്യന്‍ സമയം പകല്‍ നാലരയോടെയാണ് റിക്കോര്‍ഡ് ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടി എല്‍.എച്ച്.സി.യില്‍ ആരംഭിച്ചത്. തുടങ്ങി മൂന്നു മണിക്കൂറിനകം അഞ്ചുലക്ഷം കണികാകൂട്ടിയികള്‍ എല്‍.എച്ച്.സി.യിലെ വിവിധ ഡിറ്റെക്ടറുകള്‍ രേഖപ്പെടുത്തിയതായി, സേണിന്റെ ട്വിറ്റര്‍ അപ്‌ഡേറ്റ് വെളിപ്പെടുത്തി.

ഭൂമുഖത്തെ ഒരു കണികാത്വരകത്തിനും ഇരുവരെ സാധിക്കാത്തത്ര ശക്തിയേറിയ കണികാകൂട്ടിയിടി എല്‍.എച്ച്.സി. യില്‍ തുടങ്ങിയതോടെ, ശരിക്കു പറഞ്ഞാല്‍ അത്‌ലാന്റിക്കിന്റെ ഇരുകരകളിലുമായി ഒരു ശാസ്ത്രകിടമത്സരത്തിനാണ് തിരികൊളുത്തിയിരിക്കുന്നത് -'ദൈവകണം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താനുള്ള മത്സരത്തിന്! അത്‌ലാന്റിക്കിന്റെ ഒരു വശത്ത് എല്‍.എച്ച്.സി.യാണെങ്കില്‍, മറുവശത്ത് യു.എസ്.കണികാത്വരകമായ ടെവട്രോണ്‍ (Tevatron) ആണ്.

2011-ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കരുതുന്ന ടെവട്രോണിന്റെ ഇപ്പോഴത്തെ മുഖ്യപരിഗണന, പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്തുകയെന്നതാണ്. ഇതുവരെ എല്‍.എച്ച്.സി.അതിന്റെ തനി സ്വരൂപം കാട്ടാത്തതുകൊണ്ട്, ടെവട്രോണിന് പ്രതിയോഗി ഇല്ലായിരുന്നു. ഇനി അതല്ല സ്ഥിതി. ടെവട്രോണിന് സാധ്യമായ പരമാവധി ഊര്‍ജനില 1.96 TeV ആണ്. അതിന്റെ മൂന്നിര ഇരട്ടി കരുത്ത് എല്‍.എച്ച്.സി. ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്നു.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിയിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലാണ് എല്‍.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്. ഉന്നത ഊര്‍ജനിലയില്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അതില്‍നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സി.യുടെ ലക്ഷ്യം. 3.5 TeV വീതം ശക്തിയുള്ള കണികാധാരകള്‍ എല്‍.എച്ച്.സി.യില്‍ മാര്‍ച്ച് 19 ന് ആദ്യമായി ചുറ്റിത്തിരിഞ്ഞു. 3.5 TeV വീതം ശക്തിയുള്ള, എതില്‍ദിശയില്‍ ചുറ്റിത്തിരിയുന്ന കണികാധാരകളെ കൂട്ടിയിടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. എന്നുവെച്ചാല്‍, 7 TeV ശക്തിയുള്ള കൂട്ടിയിടി.

7 TeV ശക്തിയുള്ള കണികാകൂട്ടിയിടി തുടങ്ങുന്നതായിരിക്കും എല്‍.എച്ച്.സി.യുടെ 'പ്രഥമ ഭൗതിശാസ്ത്ര ദിനം' (LHC First Physics day) എന്ന് 'സേണ്‍' മാര്‍ച്ച് മൂന്നിന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള എല്‍.എച്ച്.സി.യുടെ പ്രയാണത്തിന്റെ ആരംഭമാണ് ആദ്യ ഭൗതികശാസ്ത്ര ദിനം. എന്നുവെച്ചാല്‍, പുതുയുഗപ്പിറവി.

പക്ഷേ, കണികാപരീക്ഷണം വഴി ഉടന്‍ കണ്ടുപിടിത്തങ്ങള്‍ പ്രതീക്ഷിക്കരുതെന്ന് സേണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരണം, ലക്ഷക്കണക്കിന് കണികാകൂട്ടിയിടികളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താലേ ഒരു മുന്നേറ്റം സാധ്യമാകൂ. 'അതിന് മാസങ്ങളോ വര്‍ഷങ്ങളോ നീളുന്ന ക്ഷമാപൂര്‍വമായ കാത്തിരിപ്പ് വേണ്ടിവരും'-എല്‍.എച്ച്.സി.യില്‍ സി.എം.എസ്. (CMS) ഡിറ്റെക്ടറിന്റെ വക്താവ് ഗ്വിഡോ ടോണെല്ലി പറഞ്ഞു.

എല്‍.എച്ച്.സി. രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 7 TeV ശക്തിയിലുള്ള കണികാപരീക്ഷണത്തിനല്ല, 14 TeV ലുള്ള പരീക്ഷണത്തിനാണ്. 7 TeV ഊര്‍ജനിലയിലുള്ള പരീക്ഷണം 2011 അവസാനം വരെ തുടരും. അതിനു ശേഷം ഒരു വര്‍ഷം എല്‍.എച്ച്.സി. അടച്ചിട്ട് നവീകരണം നടത്തും. 2013 ലാകും പൂര്‍ണതോതിലുള്ള പരീക്ഷണത്തിന്റെ ആരംഭം.

ഭൗതികശാസ്ത്രത്തിന് ഇനിയും പിടികൊടുക്കാത്ത ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താന്‍ പക്ഷേ, എല്‍.എച്ച്.സി.യില്‍ പകുതി ഊര്‍ജനിലയിലുള്ള പരീക്ഷണം മതിയെന്നാണ് കണക്കുകൂട്ടല്‍. പിണ്ഡത്തിന് നിദാനമായ ആ കണങ്ങളെ കണ്ടെത്തിയാലേ, സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പോലെ പ്രപഞ്ചസാരം നിര്‍വചിക്കുന്ന സൈദ്ധാന്തിക ചട്ടക്കൂടുകള്‍ക്ക് നിലനില്‍പ്പുള്ളു.

മാത്രമല്ല, മനുഷ്യന് ഇതുവരെ സാധിക്കാത്തത്ര ഉന്നത ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടിയില്‍ അറിയപ്പെടാത്ത മാനങ്ങള്‍ (dimensions) പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്ട്രിങ് തിയറിയുടെ സാധൂകരണമാകും അത്. പുതിയ കണങ്ങളും കണ്ടെത്തിയേക്കാം. 'സൂപ്പര്‍സിമട്രിക് കണങ്ങള്‍' ആണ് പ്രതീക്ഷിക്കപ്പെടുന്ന ഒരു താരം. ശ്യാമദ്രവ്യം (dark matter) പോലുള്ള പ്രഹേളികള്‍ക്ക് ഉത്തരം ലഭിക്കാന്‍ സൂപ്പര്‍സിമട്രിയുടെ കണ്ടെത്തല്‍ സഹായിക്കുമെന്ന് കരുതുന്നു.
കാണുക

4 comments:

Joseph Antony said...

ഭൂമുഖത്തെ ഒരു കണികാത്വരകത്തിനും ഇരുവരെ സാധിക്കാത്തത്ര ശക്തിയേറിയ കണികാകൂട്ടിയിടി എല്‍.എച്ച്.സി. യില്‍ തുടങ്ങിയതോടെ, ശരിക്കു പറഞ്ഞാല്‍ അത്‌ലാന്റിക്കിന്റെ ഇരുകരകളിലുമായി ഒരു ശാസ്ത്രകിടമത്സരത്തിനാണ് തിരികൊളുത്തിയിരിക്കുന്നത് -'ദൈവകണം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താനുള്ള മത്സരത്തിന്! അത്‌ലാന്റിക്കിന്റെ ഒരു വശത്ത് എല്‍.എച്ച്.സി.യാണെങ്കില്‍, മറുവശത്ത് യു.എസ്.കണികാത്വരകമായ ടെവട്രോണ്‍ (Tevatron) ആണ്.

chithrakaran:ചിത്രകാരന്‍ said...

കണികാ ശാസ്ത്ര വിജ്ഞാനത്തിന്റെ തത്സമയവാര്‍ത്തകള്‍ നല്‍കുന്ന ഈ പോസ്റ്റിനു നന്ദി.

ടോട്ടോചാന്‍ said...

കാത്തിരിക്കാം വിശകലനങ്ങള്‍ക്കായി......
പോസ്റ്റിന് നന്ദി...

നന്ദന said...

പുതിയ അറിവുകൽക്കായ് ലോകം കാത്തിരിക്കുന്നു. നന്ദി