Saturday, July 11, 2009

ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റം: നെറ്റ്‌സ്‌കേപ്പിന്‌ ആകാത്തത്‌ ഗൂഗിന്‌ കഴിയുമോ

"മൈക്രോസോഫ്‌ടിന്‌ മേല്‍ ഗൂഗിളിന്റെ ആറ്റംബോംബ്‌"

ബ്രൗസറിന്റെ സാധ്യതകള്‍ ഓണ്‍ലൈന്‍ ഓപ്പറേറ്റിങ്‌സിസ്റ്റത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാമെന്ന്‌ സ്വപ്‌നം കണ്ട 'നെറ്റ്‌സ്‌കേപ്പ്‌' (Netscape) ഇന്ന്‌ ഏതാണ്ട്‌ വിസ്‌മൃതിയാലാണ്‌. ലോകം കണ്ട 'ആദ്യ ബ്രൗസര്‍യുദ്ധ'ത്തില്‍ ആ കമ്പനി രക്തസാക്ഷിയായി. മൈക്രോസോഫ്‌ടിന്റെ 'ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററി'നോട്‌ പിടിച്ചു നില്‍ക്കാനാവാതെ നെറ്റ്‌സ്‌കേപ്പ്‌ മൃതിയടഞ്ഞത്‌ ചരിത്രം. 1990-കളുടെ പകുതിയില്‍ 90 ശതമാനം ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളും ഉപയിഗിച്ചിരുന്ന നെറ്റ്‌സ്‌കേപ്പ്‌ ബ്രൗസറിന്റെ മാര്‍ക്കറ്റ്‌ വിഹിതം 2006 ആയപ്പോഴേക്കും വെറും ഒരു ശതമാനമായി ചുരുങ്ങി.

നെറ്റ്‌സ്‌കേപ്പ്‌ പരാജയപ്പെട്ടിടത്ത്‌ വിജയിക്കാന്‍ ഇപ്പോള്‍ ഗൂഗിള്‍ എത്തിയിരിക്കുന്നു. 2010 രണ്ടാം പകുതിയോടെ തങ്ങളുടെ ഓപ്പറേറ്റിങ്‌ സിസ്റ്റം പുറത്തിറക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌ ഗൂഗിള്‍. ഈ പ്രഖ്യാപനത്തോടെ, വളരെക്കാലമായി ഐടി രംഗം പ്രതീക്ഷിച്ചിരുന്ന ആ 'നേര്‍ക്കുനേര്‍' സംഭവിച്ചിരിക്കുന്നു. ഗൂഗിളും മൈക്രോസോഫ്‌ടും തമ്മില്‍ നേര്‍ക്കുനേര്‍ എത്തിയിരിക്കുന്നു. നെറ്റ്‌സ്‌കേപ്പും മൈക്രോസോഫ്‌ടും തമ്മിലുള്ള യുദ്ധം 'ദാവീദ്‌ ഗോലിയാത്ത്‌' തലത്തിലാണ്‌ നടന്നതെങ്കില്‍, ഇപ്പോള്‍ രണ്ട്‌ ഗോലിയാത്തുകള്‍ തമ്മിലാണ്‌ ഏറ്റുമുട്ടാന്‍ കളമൊരുങ്ങിയിരിക്കുന്നത്‌.

ഓപ്പണ്‍സോഴ്‌സ്‌ പ്ലാറ്റ്‌ഫോമില്‍ രൂപപ്പെടുത്തുന്ന 'ക്രോം ഒ.എസ്‌' (Chrome OS) പുറത്തിറക്കുന്ന കാര്യം ജൂലായ്‌ ഏഴിന്‌ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലാണ്‌ ഗൂഗില്‍ അറിയിച്ചത്‌. 'ടെക്‌ക്രഞ്ച്‌' (TechCrunch) എന്ന ടെക്‌നോളജി ബ്ലോഗ്‌ ഇതെപ്പറ്റി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌, "മൈക്രോസോഫ്‌ടിന്‌ മേല്‍ ഗൂഗിള്‍ ഒരു ആറ്റംബോംബ്‌ ഇട്ടിരിക്കുന്നു" എന്നാണ്‌! നോട്ട്‌ബുക്ക്‌ കമ്പ്യൂട്ടറുകള്‍ പോലെ കൊണ്ടുനടക്കാവുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തുന്ന ക്രോം സൗജന്യമായിരിക്കും എന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റം പൂര്‍ണമായും വെബ്ബ്‌ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വിന്‍ഡോസ്‌ മാതിരി കമ്പ്യൂട്ടറുകളില്‍ പുറമെ നിന്ന്‌ സന്നിവേശിപ്പിക്കേണ്ട ആവശ്യമില്ല. ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കാന്‍ പാകത്തിലായിരിക്കും ക്രോമിന്റെ രൂപകല്‍പ്പന. പിന്നീട്‌ ഓണ്‍ലൈനിലെത്തുമ്പോള്‍ സിംക്രനൈസ്‌ ചെയ്യത്തക്ക വിധം. കമ്പ്യൂട്ടിങ്‌ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനമാക്കി ബ്രൗസറിനെ പരുവപ്പെടുത്താനും അതുവഴി വിന്‍ഡോസ്‌ അപ്രസക്തമാക്കാനും തൊണ്ണൂറുകളുടെ പകുതിയില്‍ നെറ്റ്‌സ്‌കേപ്പ്‌ നടത്തിയ ശ്രമം തന്നെയാണ്‌, പുതിയ രൂപത്തില്‍ ഇപ്പോള്‍ ഗൂഗിള്‍ ആരംഭിക്കുന്നത്‌.

കൊണ്ടുനടക്കാവുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക്‌ യോജിച്ച രൂപത്തില്‍ ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റം രൂപപ്പെടുത്തുമെന്ന്‌ ഗൂഗിള്‍ പ്രഖ്യാപിച്ചത്‌ വെറുതെയല്ല. വിപണിയില്‍ ഡെസ്‌ക്‌ടോപ്പിനെ പിന്തള്ളി നോട്ട്‌ബുക്ക്‌ മുന്നേറുകയാണ്‌. ആഗോളതലത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ലോകത്ത്‌ 250 ലക്ഷം നോട്ട്‌ബുക്ക്‌ കമ്പ്യൂട്ടറുകള്‍ ചെലവാകും എന്നാണ്‌. ഇത്‌ 2008-ലേതിനെ അപേക്ഷിച്ച്‌ ഇരട്ടിയാണ്‌. മൈക്രോസോഫ്‌ട്‌ വന്‍പ്രതീക്ഷയോടെ പുറത്തിറക്കിയ അവരുടെ 'വിന്‍ഡോസ്‌ വിസ്‌ത' (Windows Vista) ക്ലിക്ക്‌ ചെയ്യാതെ പോയതിന്‌ ഒരു കാരണം, ചെറിയ നോട്ട്‌ബുക്കുകള്‍ക്ക്‌ താങ്ങാവുന്നതിലും 'ഭാരമേറിയ' ഒന്നായിരുന്നു ആ സോഫ്‌ട്‌വേര്‍ എന്നതായിരുന്നു. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടതിന്റെ ഫലമായി നോട്ട്‌ബുക്കുകള്‍ക്ക്‌ യോജിച്ച രീതിയില്‍ വെട്ടിയൊതുക്കിയ പുതിയ വിന്‍ഡോസ്‌ വകഭേദം (Windows 7) പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്‌ മൈക്രോസോഫ്‌ട്‌.

ഗൂഗിളും മൈക്രോസോഫ്‌ടും നേരിട്ടുള്ള ഏറ്റുമുട്ടലിന്‌ കളമൊരുങ്ങിയെങ്കിലും, ക്രോം ഓപ്പറേറ്റിങ്‌സിസ്റ്റത്തിന്റെ വിജയസാധ്യതയെപ്പറ്റി പലര്‍ക്കും ഉറപ്പില്ല. ഗൂഗിളിള്‍ പുറത്തിറക്കുന്നതുകൊണ്ട്‌ മാത്രം ഒരു ഉത്‌പന്നം വിജയിക്കണമെന്നില്ലെന്ന്‌ എഡ്വേര്‍ഡ്‌ ജോണ്‍സ്‌ അനാലിസ്‌റ്റ്‌ ആന്‍ഡി മീഡ്‌ലര്‍ അഭിപ്രായപ്പെടുന്നു. "ക്രോം ഓപ്പറേറ്റിങ്‌സിസ്റ്റം വിവിധ ഹാര്‍ഡ്‌വേറുകളില്‍ വ്യത്യസ്‌ത സോഫ്‌ട്‌വേറുകളുമായി യോജിച്ച്‌ നന്നായി പ്രവര്‍ത്തിക്കുമെന്ന്‌ ഗൂഗിള്‍ തെളിയിക്കണം".

സമീപകാലത്തൊന്നും ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റം വഴി ഗൂഗിളിന്‌ വരുമാനം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ്‌ 'വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണല്‍' വിലയരുത്തുന്നത്‌. ഗൂഗിളിന്റെ 2200 കോടി ഡോളര്‍ വാര്‍ഷിക വരുമാനത്തില്‍ 97 ശതമാനവും വരുന്നത്‌, ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌പരസ്യങ്ങള്‍ വഴിയാണ്‌. ആ വരുമാനത്തിലേക്ക്‌ കോം ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്‌ എന്ത്‌ സംഭാവന നല്‍കാനാകും എന്നതാണ്‌ ചോദ്യം. 2008 സപ്‌തംബറിലാണ്‌ ക്രോം ബ്രൗസര്‍ ഗൂഗിള്‍ പുറത്തിറക്കിയത്‌. തുടക്കത്തില്‍ വലിയ ആവേശവും ആകാംക്ഷയും സൃഷ്ടിച്ച ആ ബ്രൗസറിന്‌ പക്ഷേ, പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന കാര്യം ജേര്‍ണല്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ക്കറ്റ്‌ വിദഗ്‌ധനായ ജീന്‍ മുന്‍സ്റ്റര്‍ സൂചിപ്പിക്കുന്നത്‌ മറ്റൊരു പ്രശ്‌നമാണ്‌. പേഴ്‌സണ്‍ കമ്പ്യൂട്ടര്‍ നിര്‍മാണരംഗത്തെ മുന്‍നിരക്കാരായ ഹെവ്‌ലെറ്റ്‌-പാക്കാഡ്‌ (HP), ഡെല്‍ (DELL) തുടങ്ങിയ കമ്പനികള്‍ക്ക്‌ മൈക്രോസോഫ്‌ടുമായുള്ള സഹകരണവും ബന്ധവും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒന്നാണ്‌. ആ നിലയ്‌ക്ക്‌ ഗൂഗിളിന്‌ തങ്ങളുടെ ഓപ്പറേറ്റിങ്‌സിസ്റ്റം വ്യാപകമാക്കുക എളുപ്പമാവില്ല എന്നാണ്‌ അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മൈക്രോസോഫ്‌ടിന്റെ 'ആണിക്കല്ലിളക്കാന്‍' ഗൂഗിള്‍ ശ്രമിക്കുമ്പോള്‍, മൈക്രോസോഫ്‌ടും വെറുതെയിരിക്കുന്നില്ല. ഗൂഗിളിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ സെര്‍ച്ചിങിലേക്കാണ്‌ മൈക്രോസോഫ്‌ട്‌ നുഴഞ്ഞുകയറ്റം ആരംഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ മാസം മൈക്രോസോഫ്‌ട്‌ രംഗത്തെത്തിച്ച Bing സേര്‍ച്ച്‌എഞ്ചിന്‍ ഇതിന്റെ തെളിവാണ്‌. നല്ല പ്രതികരണമാണ്‌ ആ സെര്‍ച്ച്‌ എഞ്ചിന്‌ ലഭിക്കുന്നത്‌. പക്ഷേ, ഗൂഗിള്‍ സെര്‍ച്ചിനെ പിന്തള്ളാന്‍ മൈക്രോസോഫ്‌ട്‌ ഏറെ പണിപ്പെടേണ്ടി വരുമെന്നത്‌ വേറെ കാര്യം.

11 comments:

Joseph Antony said...

നെറ്റ്‌സ്‌കേപ്പ്‌ പരാജയപ്പെട്ടിടത്ത്‌ വിജയിക്കാന്‍ ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നു. 2010 രണ്ടാം പകുതിയോടെ തങ്ങളുടെ ഓപ്പറേറ്റിങ്‌ സിസ്റ്റം പുറത്തിറക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌ ഗൂഗിള്‍. ഈ പ്രഖ്യാപനത്തോടെ, വളരെക്കാലമായി ഐടി രംഗം പ്രതീക്ഷിച്ചിരുന്ന ആ 'നേര്‍ക്കുനേര്‍' സംഭവിച്ചിരിക്കുന്നു. ഗൂഗിളും മൈക്രോസോഫ്‌ടും തമ്മില്‍ നേര്‍ക്കുനേര്‍ എത്തിയിരിക്കുന്നു. നെറ്റ്‌സ്‌കേപ്പും മൈക്രോസോഫ്‌ടും തമ്മിലുള്ള യുദ്ധം 'ദാവീദ്‌ ഗോലിയാത്ത്‌' തലത്തിലാണ്‌ നടന്നതെങ്കില്‍, ഇപ്പോള്‍ രണ്ട്‌ ഗോലിയാത്തുകള്‍ തമ്മിലാണ്‌ ഏറ്റുമുട്ടാന്‍ കളമൊരുങ്ങിയിരിക്കുന്നത്‌. ടെക്‌ക്രഞ്ച്‌ എന്ന ടെക്‌നോളജി ബ്ലോഗ്‌ ഇതെപ്പറ്റി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌, `മൈക്രോസോഫ്‌ടിന്‌ മേല്‍ ഗൂഗിള്‍ ഒരു ആറ്റംബോംബ്‌ ഇട്ടിരിക്കുന്നു' എന്നാണ്‌!

വീകെ said...

പുതിയ അറിവുകൾ.
നന്ദി.

Suvi Nadakuzhackal said...

ഗൂഗിള്‍ ആളൊരു പുലിയാണേ! അവര്‍ ചിലപ്പോള്‍ മൈക്രോസോഫ്ടിനെ പൊളിച്ചടുക്കി കൊടുത്തേക്കും! അവരുടെ സംഭവങ്ങള്‍ എല്ലാം ഫ്രീ ആയതുകൊണ്ട് നമ്മള്‍ പൊതു ജനത്തിനു നല്ലകാര്യം!

Haree said...

ഞാന്‍ മനസിലാക്കിയടത്തോളം;
• ഗൂഗിള്‍ ക്രോം പ്രവര്‍ത്തകവും, മൈക്രോസോഫ്റ്റ് വിന്‍ഡോസ് (ഇപ്പോഴുള്ളത്) പ്രവര്‍ത്തകവും രണ്ട് തരം കമ്പ്യൂട്ടറുകളെയാണ് പ്രതിനിധീകരിക്കുന്നത്. സ്റ്റാന്‍ഡ് എലോണ്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുവാനായി ഒരു പ്ലാറ്റ്ഫോം, അതാണല്ലോ വിന്‍ഡോസ്. എന്നാല്‍ ക്രോമിലെത്തുമ്പോള്‍ ഈ കണ്‍സപ്റ്റ് തന്നെ മാറുന്നു. ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ക്കായി ഒരു പ്ലാറ്റ്ഫോമാണ് ഇവിടെ ലഭിക്കുക. ഒരു സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിന് ആവശ്യമുള്ളതെല്ലാം ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ആപ്ലിക്കേഷനായി ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്. അവയൊക്കെ ഉപയോഗിക്കുവാന്‍ ഇപ്പോള്‍ വിന്‍ഡോസില്‍ നിന്നും ഗൂഗിള്‍ ക്രോം (അല്ലെങ്കില്‍ ഒരു ബ്രൌസര്‍) റണ്‍ ചെയ്തു ചെയ്യുന്നു. ഇതു മാത്രം ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് എന്ന പ്രവര്‍ത്തകം കാര്യമായ ഉപയോഗമൊന്നും വരുന്നില്ല. അപ്പോള്‍ വിന്‍ഡോസില്‍ നിന്നും ക്രോമിന് ലഭിക്കുന്ന അടിസ്ഥാനസൌകര്യങ്ങള്‍ കൂടി ക്രോമിന് നേരിട്ടു നല്‍കിയാല്‍ പിന്നെ വിന്‍ഡോസിനെ ഒഴിവാക്കി നേരിട്ട് ക്രോം ലോഡ് ചെയ്ത് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു തുടങ്ങുവാന്‍ കഴിയും.
• ഇങ്ങിനെ നോക്കുമ്പോള്‍ ഇത് വിന്‍ഡോസിന് ബദലായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമല്ല. ഒരുപക്ഷെ, ഇങ്ങിനെയൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് (ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ ഓ.എസ്.) മൈക്രോസോഫ്റ്റ് ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
• മറ്റ് കസ്റ്റം ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യുവാനും, പ്രൊഫഷണല്‍ സോഫ്റ്റ്‌വെയര്‍ റണ്‍ ചെയ്യുവാനും വിന്‍ഡോസ് (അല്ലെങ്കില്‍ അതുപോലെയുള്ള മറ്റ് പ്രവര്‍ത്തകങ്ങള്‍) ഉപയോഗിക്കേണ്ടി വരും.

എന്തു തന്നെയായാലും, ഇവര്‍ തമ്മില്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്ന രീതിയിലൊരു യുദ്ധത്തിന് ഗൂഗിള്‍ ക്രോം ഓ.എസ്. കാരണമാവുമെന്നു തോന്നുന്നില്ല. അതല്ലെങ്കില്‍, മൈക്രോസോഫ്റ്റ് അപ്രകാരമൊരു ഓ.എസുമായി രംഗത്തെത്തണം. (അതുടനെ തന്നെ പ്രതീക്ഷിക്കാം.) :-)
--

മുക്കുവന്‍ said...

other than search engine, which project google could make?

this is not going to reach anywhere!

R. said...

ഒന്നു രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ:

1. നെറ്റ്സ്കേപ്പ് ഇന്റര്‍നെറ്റ് എക്സ്പ്ലോററിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടതല്ല - നെറ്റ്സ്കേപ്പിന്റെ ആധിപത്യത്തിനെ പ്രതിരോധിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോള്‍ IE വിന്‍ഡോസിന്റെ കൂടെ ഫ്രീ-ഓഫ്-കോസ്റ്റ് ആയി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു! ഇന്നാണെങ്കില്‍ ആന്റി-ട്രസ്റ്റ്, ആന്റി-കോംപറ്റീഷന്‍ നിയമങ്ങള്‍ കാരണം അങ്ങനെയൊരു വൃത്തികേട് കാട്ടാന്‍ മൈക്രോസോഫ്റ്റിനു സാധിക്കില്ലായിരുന്നു. സമീപകാലത്തെ യൂറോപ്യന്‍ യൂണിയന്റെ നിലപാടുകള്‍/നിയമ വിധികള്‍ നോക്കൂ.

2. ക്രോം ഓ.എസ് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതായിട്ടു തന്നെ വരും. ക്രോം ഓ.എസ് ലിനക്സ് അധിഷ്ഠിതമാണ്, പക്ഷേ ക്ലൗഡ് കംപ്യൂട്ടിങ്ങിന് വേണ്ടിയാവും അതിനെ രൂപപ്പെടുത്തിയെടുക്കുക എന്നു കരുതാം. അതായത് പഴയതു പോലെ സ്റ്റാന്‍ഡ് എലോണ്‍ അപ്പ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതായി വരില്ല, ബ്രൗസര്‍ മാത്രം മതിയാവും.

3. ഹരീ സൂചിപ്പിച്ചതു പോലെ മൈക്രോസോഫ്റ്റ് Gazelle എന്ന വെബ് ബ്രൗസര്‍ ബേസ്ഡ് ഓ.എസ് പുറത്തിറക്കുന്നുണ്ട്. :-)

ടോട്ടോചാന്‍ said...

ക്രോം ബ്രൌസര്‍ ഇതു വരെ ഗ്നു-ലിനക്സ് അധിഷ്ഠിതമാക്കിയിട്ടില്ല.
ഗൂഗിള്‍ ടോക്ക് അതും ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിക്കില്ല..
അവരും അങ്ങിനെ മൈക്രോസോഫ്റ്റിനെ സഹായിക്കുക തന്നെയല്ലേ ചെയ്തത്.
എന്തായാലും പുതിയ ഒ.എസ് എങ്ങിനെയുണ്ടാകും എന്ന് കാത്തിരുന്നു കാണാം. ഡാറ്റാബേസ് തലത്തില്‍ ഒന്നാംതരം പ്രൊപ്പറൈറ്ററിക്കാരാണ് ഗൂഗിള്‍. അതും കൂടി പരിഗണിക്കണം

ശ്രീ said...

ഗൂഗിളല്ലേ? എന്തെങ്കിലുമൊക്കെ കാര്യമായി പ്രതീക്ഷിയ്ക്കാം. :)

R. said...

ടോട്ടോചാന്‍:
ക്രോം ഡെവലപ്പര്‍ ബില്‍ഡ് ഗ്നു/ലിനക്സില്‍ ലഭ്യമാണ്. ഞാന്‍ ക്രോമിയം ഓടിച്ചു നോക്കി. കുറെയേറെ ഫീച്ചേഴ്സ് മിസ്സിങ്ങാണ്, പക്ഷേ വളരെ ഫാസ്റ്റും.

Unknown said...

google the giant in networking.best wishes for ur all reasearches

Unknown said...

ammavan said:
wondrful google