Monday, July 20, 2009

ചന്ദ്രനെ കീഴടക്കിയത്‌ തട്ടിപ്പോ?

ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ചെന്നിറങ്ങിയതിന്റെ നാല്‌പതാം വാര്‍ഷികം മനുഷ്യവര്‍ഗം ആഘോഷിക്കുകയാണ്‌. മാധ്യമങ്ങളിലെല്ലാം ദിവസങ്ങള്‍ക്ക്‌ മുമ്പുതന്നെ ആ 'മഹത്തായ ചുവടുവെപ്പ്‌' നിറഞ്ഞിരുന്നു. പക്ഷേ, അതിനിടെ ഏറെപ്പേരെ ആകര്‍ഷിച്ചുകൊണ്ട്‌ നടക്കുന്ന മറ്റൊരു പ്രചാരണം കാണാതിരുന്നു കൂടാ. ചന്ദ്രനില്‍ ആളിറങ്ങി എന്നത്‌ അമേരിക്ക മെനഞ്ഞുണ്ടാക്കിയ പെരുംനുണയാണെന്ന്‌.

ചന്ദ്രനില്‍ അന്തരീക്ഷമില്ല, എന്നിട്ടും അവിടെ സ്ഥാപിച്ച അമേരിക്കന്‍ പതാക നിവര്‍ന്നു നില്‍ക്കുന്നത്‌ എന്തുകൊണ്ട്‌ എന്നിങ്ങനെയുള്ള ചോദ്യങ്ങളും, ഒട്ടേറെ യുക്തികളും നിരത്തി നടക്കുന്ന അത്തരം പ്രചാരണം വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ സജീവമാണ്‌. പല സാധാരണക്കാരും അത്തരം വാദങ്ങളുടെ കെണിയില്‍ പെട്ടുപോവുകയും, മനുഷ്യന്റെ മഹത്തായ മുന്നേറ്റത്തെ അര്‍ഹിക്കുന്ന രീതിയില്‍ മനസിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

മനുഷ്യന്‍ ചന്ദ്രനിലെത്തിയിട്ടില്ല എന്നു വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്‌. അക്കാര്യം വിശദമായി പരിശോധിക്കുക ഈ പോസ്‌റ്റിന്റെ ഉദ്ദേശമല്ല. പകരം, അത്തരം ചോദ്യം ഉന്നയിക്കുന്നവര്‍ പരിഗണിക്കേണ്ട ചില മറു ചോദ്യങ്ങളുണ്ട്‌. അവ ശ്രദ്ധയില്‍പെടുത്തുകയാണ്‌ ലക്ഷ്യം.

എന്തുകൊണ്ട്‌ സോവിയറ്റ്‌ യൂണിയന്‍ ഇക്കാര്യത്തില്‍ ഒരിക്കലും തര്‍ക്കമുന്നിയിച്ചില്ല?

സോവിയറ്റ്‌ യൂണിയനും അമേരിക്കയും തമ്മില്‍ പതിറ്റാണ്ടുകളോളം നീണ്ട ശീതയുദ്ധത്തിന്റെ ആത്യന്തികഫലമായിരുന്നു അപ്പോളോ ദൗത്യം. അമേരിക്ക ഇക്കാര്യത്തില്‍ എന്തെങ്കിലും തട്ടിപ്പ്‌ നടത്തിയിരുന്നുവെങ്കില്‍, സോവിയറ്റ്‌ യൂണിയന്‍ വെറുതെയിരിക്കുമായിരുന്നോ. ചന്ദ്രനില്‍ മനുഷ്യനെയെത്തിക്കുന്ന കാര്യത്തില്‍ തങ്ങളെ പിന്തള്ളി അമേരിക്ക വിജയിച്ചത്‌ (അതൊരു തട്ടിപ്പായിരുന്നെങ്കില്‍) എന്തുകൊണ്ട്‌ സോവിയറ്റ്‌ യൂണയന്‍ അംഗീകരിച്ചു. അമേരിക്കയെ ഇടിച്ചുകാട്ടാന്‍ കിട്ടുന്ന ഏതെങ്കിലും അവസരം 1960-കളില്‍ സോവിയറ്റ്‌ യൂണിയന്‍ പാഴാക്കുമായിരുന്നോ? ഇപ്പോള്‍ 40 വര്‍ഷമാകുന്നു. അപ്പോളോ ദൗത്യം തട്ടിപ്പായിരുന്നു എന്നതിന്‌ ഒരു തെളിവും സോവിയറ്റ്‌ ബഹിരാകാശക്യാമ്പില്‍ നിന്ന്‌ ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല.

അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ചാന്ദ്രശിലകള്‍ വ്യാജമല്ലാത്തത്‌ എന്തുകൊണ്ട്‌?

അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ നിന്ന്‌ 382 കിലോമീറ്റര്‍ പാറക്കഷണങ്ങള്‍ ഭൂമിയിലെത്തിച്ചു. ലോകമെമ്പാടുമുള്ള ശാസ്‌ത്രജ്ഞര്‍ ഈ ശിലാഖണ്ഡങ്ങള്‍ പരിശോധിച്ച്‌ അവ ചന്ദ്രനിലേതു തന്നെയെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, അമേരിക്ക
1978-ല്‍ സൗഹാര്‍ദ സൂചകമായി ചൈനയ്‌ക്ക്‌ നല്‍കിയ ചെറിയൊരു ചാന്ദ്രശിലാഖണ്ഡം ഉപയോഗിച്ച്‌ നാല്‌പതോളം ഗവേഷണ പ്രബന്ധങ്ങളാണ്‌ ചൈനീസ്‌ ഗവേഷകര്‍ രചിച്ചത്‌.

ചാന്ദ്രശിലകള്‍ ഭൂമിയിലെ പാറകളില്‍ നിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌. ഉല്‍ക്കാഖണ്ഡങ്ങളില്‍നിന്നും അവയെ വേഗം തിരിച്ചറിയാം. ചാന്ദ്രശിലകള്‍ക്ക്‌ ഭൂമിയിലെ ഏത്‌ പാറയെക്കാളും 60 കോടി വര്‍ഷം കൂടുതല്‍ പഴക്കമുണ്ട്‌. ഭൂമിയുടെ ഉപരിതല ഘടന, ഫലകചലനങ്ങള്‍ മൂലം മാറിക്കൊണ്ടിരിക്കുന്നതാണ്‌ ഇതിന്‌ കാരണം. സന്ദേഹികള്‍ ചോദിക്കാം, ഉല്‍ക്കകളായി പതിച്ച ചാന്ദ്രശിലകളാകില്ലേ, ചന്ദ്രനില്‍നിന്ന്‌ കൊണ്ടുവന്നതെന്ന്‌ അവകാശപ്പെട്ട്‌ അമേരിക്ക അവതരിപ്പിക്കുന്നത്‌. ഇതിലൊരു പ്രശ്‌നമുള്ളത്‌, ചന്ദ്രനില്‍ നിന്നുള്ള ആദ്യ ഉല്‍ക്ക ഭൂമുഖത്തുനിന്ന്‌ കണ്ടെത്തുന്നത്‌ 1982-ല്‍ മാത്രമാണ്‌. മാത്രവുമല്ല, ആകെ 30 കിലോഗ്രാം ഉല്‍ക്കകള്‍ മാത്രമേ ഇതുവരെ ശേഖരിക്കാന്‍ മനുഷ്യന്‌ കഴിഞ്ഞിട്ടുള്ളു.

വേറൊരു പ്രശ്‌നം കൂടിയുണ്ട്‌. ലൂണാ ദൗത്യങ്ങള്‍ വഴി സോവിയറ്റ്‌ യൂണിയനും ചന്ദ്രനില്‍ നിന്ന്‌ ശിലാഖണ്ഡങ്ങള്‍ ഭൂമിയിലെത്തിച്ചിരുന്നു. അമേരിക്കയുടെ പക്കലുള്ള ചാന്ദ്രശിലകള്‍ തങ്ങളുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നെങ്കില്‍, തീര്‍ച്ചയായും സോവിയറ്റ്‌ യൂണിയന്‍ വെറുതെയിരിക്കില്ലായിരുന്നു.

അപ്പോളോ പദ്ധതിയില്‍ ഉള്‍പ്പെട്ട ആരും ഇതുവരെ തര്‍ക്കമുന്നയിക്കാത്തതെന്ത്‌?

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയത്‌ തട്ടിപ്പായിരുന്നെങ്കില്‍, അപ്പോളോ പദ്ധതിയില്‍ നേരിട്ട്‌ ഉള്‍പ്പെട്ട ആരും ഇതുവരെ അക്കാര്യം പുറത്തു പറയാത്തത്‌ എന്തുകൊണ്ട്‌. നാലുലക്ഷം പേര്‍ വര്‍ഷങ്ങളോളം അപ്പോളോ ദൗത്യത്തിനായി അധ്വാനിച്ചു. ഇത്രയും പേര്‍ നാല്‌പത്‌ വര്‍ഷമായി നിശബ്ദത പാലിക്കുന്നത്‌ എന്തുകൊണ്ടായിരിക്കാം. ഇവരില്‍ ആരെങ്കിലും ഇതിനകം സത്യം തുറന്നു പറയുമായിരുന്നില്ലേ.

ഒരേ തട്ടിപ്പ്‌ എന്തിന്‌ പല തവണ ആവര്‍ത്തിക്കണം?

ഒരേ തട്ടിപ്പ്‌ എന്തിന്‌ വീണ്ടും വീണ്ടും ആവര്‍ത്തിക്കണം. ഒരു വ്യാജ അപ്പോളോ ദൗത്യം മനസിലാക്കാം. എന്തിന്‌ അത്‌ ഒന്‍പത്‌ തവണ ആവര്‍ത്തിക്കണം. ആറ്‌ ദൗത്യങ്ങളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങി. എന്തിന്‌ ഇത്രയും തവണ. ഒരു തവണ തെറ്റ്‌ ചെയ്യുന്നത്‌ മറച്ച്‌ വെയ്‌ക്കാന്‍ തന്നെ വലിയ കഷ്ടപ്പാടാണ്‌. അങ്ങനയെങ്കില്‍ ആ തെറ്റ്‌ പല തവണ ആവര്‍ത്തിക്കപ്പെട്ടാലോ. അതും കോടിക്കണക്കിന്‌ ഡോളര്‍ ചെലവിട്ട്‌.

ഈ പട്ടിക ഇനിയും നീട്ടാം. മേല്‍പ്പറഞ്ഞ നാല്‌ ചോദ്യങ്ങള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുന്നു. ഭാവിയില്‍ ഏതെങ്കിലും ചാന്ദ്രയാത്രികന്‌ വേണമെങ്കില്‍, ചന്ദ്രനിലെ 'പ്രശാന്തിയുടെ സമുദ്രത്തി'ല്‍ പോയി നോക്കാം, 1969 ജൂലായ്‌ 20-ന്‌ പതിഞ്ഞ കാല്‍പ്പാടുകള്‍ അവിടെ അവശേഷിക്കുന്നുണ്ടോ എന്ന്‌. കാരണം, ഉല്‍ക്കകള്‍ പതിച്ച്‌ നശിച്ചില്ലെങ്കില്‍ ലക്ഷക്കണക്കിന്‌ വര്‍ഷക്കാലം ചാന്ദ്രപ്രതലത്തില്‍ പതിഞ്ഞ കാല്‍പാടുകള്‍ അവിടെ അവശേഷിക്കും.
(കടപ്പാട്‌: NASA, askmen.com).

7 comments:

Joseph Antony said...

ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ചെന്നിറങ്ങിയതിന്റെ നാല്‌പതാം വാര്‍ഷികം മനുഷ്യവര്‍ഗം ആഘോഷിക്കുകയാണ്‌. മാധ്യമങ്ങളിലെല്ലാം ദിവസങ്ങള്‍ക്ക്‌ മുമ്പുതന്നെ ആ 'മഹത്തായ ചുവടുവെപ്പ്‌' നിറഞ്ഞിരുന്നു. പക്ഷേ, അതിനിടെ ഏറെപ്പേരെ ആകര്‍ഷിച്ചുകൊണ്ട്‌ നടക്കുന്ന മറ്റൊരു പ്രചാരണം കാണാതിരുന്നു കൂടാ. ചന്ദ്രനില്‍ ആളിറങ്ങി എന്നത്‌ അമേരിക്ക മെനഞ്ഞുണ്ടാക്കിയ പെരുംനുണയാണെന്ന്‌. ചന്ദ്രനില്‍ അന്തരീക്ഷമില്ല, എന്നിട്ടും അവിടെ സ്ഥാപിച്ച അമേരിക്കന്‍ പതാക നിവര്‍ന്നു നില്‍ക്കുന്നത്‌ എന്തുകൊണ്ട്‌ എന്നിങ്ങനെയുള്ള ചോദ്യങ്ങളും, ഒട്ടേറെ യുക്തികളും നിരത്തി നടക്കുന്ന അത്തരം പ്രചാരണം വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ സജീവമാണ്‌. പല സാധാരണക്കാരും അത്തരം വാദങ്ങളുടെ കെണിയില്‍ പെട്ടുപോവുകയും, മനുഷ്യന്റെ മഹത്തായ മുന്നേറ്റത്തെ അര്‍ഹിക്കുന്ന രീതിയില്‍ മനസിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. പക്ഷേ, എന്തുകൊണ്ട്‌ സോവിയറ്റ്‌ യൂണിയന്‍ ഇക്കാര്യത്തില്‍ ഒരിക്കലും തര്‍ക്കമുന്നിയിച്ചില്ല, അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ചാന്ദ്രശിലകള്‍ വ്യാജമല്ലാത്തത്‌ എന്തുകൊണ്ട്‌, അപ്പോളോ പദ്ധതിയില്‍ ഉള്‍പ്പെട്ട ആരും ഇതുവരെ തര്‍ക്കമുന്നയിക്കാത്തതെന്ത്‌, ഒരേ തട്ടിപ്പ്‌ എന്തിന്‌ പല തവണ ആവര്‍ത്തിക്കണം?

അശോക് said...

Conspiracy theorist can sell their books and make easy bucks. There is nothing more to it.

Ashly said...

It is just a story. In NASA's site, they have given reason for each and every points asked by these block heads.

More over, y'day i read that, a new sat took pic of equipments, which were left in Moon by the first Apollo

ദിവാസ്വപ്നം said...

മൂണ്‍ ലാന്‍ഡിംഗിന്റെ വീഡിയോ നാസ അബദ്ധത്തില്‍ erase ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ് :(

K.V Manikantan said...

പലതവണയായി 12 പേര്‍ ഇറങ്ങിയിട്ടുണ്ടോ? അവസാനം ഇറങ്ങിയതു ഏതു വര്‍ഷമായിരുന്നു? ഇതിന്റെ വീഡിയോ ഇതുവരെ പുറത്തു വന്നിട്ടില്ലേ??

ടോട്ടോചാന്‍ said...

ആറ് തവണയായി 12 പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്. 1972 ഡിസംബറില്‍ ആണ് അവസാനമായി മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയത്.(അപ്പോളോ 17) അവിടെ ജീപ്പുവരെ ഓടിച്ചുണ്ട് മനുഷ്യന്‍. യൂജിന്‍ സര്‍ണാന്‍ ആയിരുന്നു അവസാനമായി ചന്ദ്രനില്‍ ഇറങ്ങിയ വ്യക്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് നാസയുടെ അപ്പോളോ ദൌത്യങ്ങള്‍ പരിശോധിക്കുക.
വിക്കിപീഡിയയിലും വിവരങ്ങള്‍ ഉണ്ട്
http://en.wikipedia.org/wiki/Apollo_program

ഇത്തരമൊരു പോസ്റ്റിന് ജോസഫ് ആന്റണിക്ക് നന്ദി...

ബോണ്‍സ് said...

പലപ്പോഴും നല്ല കാര്യങ്ങളെ കുറിച്ച് ആരെങ്കിലും ഒരു ആക്ഷേപം പറഞ്ഞാല്‍ അതിനെ പിന്തുണയ്ക്കുന്ന സ്വഭാവം മനുഷ്യര്‍ക്കുണ്ട്. അതുപോലെ തന്നെ ഒന്നാണ് ചന്ദ്രനില്‍ മനുഷ്യന്‍ പോയിട്ടില്ല എന്ന് പ്രചരിപിക്കുന്നവരും. അമേരിക്കയുടെ തന്നെ ചെയ്തികള്‍ കൊണ്ട് അമേരിക്കന്‍ വിരുദ്ധ വികാരം പല കാര്യങ്ങളിലും ലോകത്ത് ഉള്ളപ്പോള്‍ ഇങ്ങനത്തെ കഥകള്‍ക്ക് നല്ല പ്രചാരവും ലഭിക്കും. വളരെ നല്ല പോസ്റ്റ്‌.