Friday, July 03, 2009

ദിവസവും സെക്‌സ്‌-കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കുള്ള മരുന്ന്‌!

കുട്ടികളുണ്ടാകാതെ നിരാശരായ ദമ്പതിമാര്‍ക്ക്‌ ദിവസവുമുള്ള സെക്‌സ്‌ മറുമരുന്നാകുമോ? ഇതൊക്കെയാണോ കുഞ്ഞിക്കാല്‌ കാണാനുള്ള മരുന്നെന്ന്‌ ചിലര്‍ അത്ഭുതംകൂറിയേക്കാം. അത്ഭുതപ്പെടേണ്ട, സംഭവത്തിന്‌ അല്‍പ്പം ശാസ്‌ത്രീയ അടിത്തറയുണ്ടെന്ന്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ബീജങ്ങളുടെ ഗുണമേന്‍മ വര്‍ധിക്കാനും അതുവഴി ഗര്‍ഭധാരണത്തിന്‌ സാധ്യത വര്‍ധിക്കാനും ദിവസവുമുള്ള രതി സഹായിക്കുമത്രേ.

ദിവസവും ഈ 'സാഹസ'ത്തിന്‌ ബുദ്ധിമുട്ടുള്ള ദമ്പതിമാര്‍ രണ്ട്‌ ദിവസത്തിലൊരിക്കലെങ്കിലും ബന്ധപ്പെടാനാണ്‌ ഗവേഷകര്‍ ഉപദേശിക്കുന്നത്‌. സ്‌ത്രീകളില്‍ അണ്ഡപുഷ്ടിയുണ്ടാകുന്ന ദിവസങ്ങളില്‍ മാത്രം ദിവസവും ബന്ധപ്പെടുകയെന്നതും കുഞ്ഞിക്കാല്‌ കാണാനുള്ള സാധ്യത വര്‍ധിപ്പിക്കുമത്രേ. 118 പുരുഷന്‍മാരെ ഉള്‍പ്പെടുത്തി, സിഡ്‌നി ഐ.വി.എഫ്‌. എന്ന സ്ഥാപനത്തിലെ ഡോ. ഡേവിഡ്‌ ഗ്രീനിങിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ്‌ കൗതുകകരമായി ഈ വസ്‌തുത വ്യക്തമായത്‌.

ഒരാഴ്‌ച തുടര്‍ച്ചയായി ദിവസവും സ്‌ഖലനത്തിന്‌ വിധേയരായ പുരുഷന്‍മാരുടെ ബീജങ്ങളില്‍ ഡി.എന്‍.എ. തകരാര്‍ കാര്യമായി കുറഞ്ഞെന്ന്‌ ഗവേഷകര്‍ കണ്ടു. തകരാര്‍ പറ്റിയ ബീജമാണ്‌ ഗര്‍ഭധാരണത്തിന്‌ പലപ്പോഴും തടസ്സമാകുന്നത്‌; 'യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യുമണ്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ്‌ എമ്പ്രയോളജി' സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പഠനറിപ്പോര്‍ട്ട്‌ പറയുന്നു. പഠനത്തില്‍ പങ്കെടുത്ത പത്തില്‍ എട്ടുപേരിലും, ഒരാഴ്‌ചകൊണ്ട്‌ ബിജത്തിലെ ഡി.എന്‍.എ. തകരാര്‍ 12 ശതമാനം കുറഞ്ഞതായി ഡോ. ഗ്രീനിങ്‌ സമ്മേളനത്തെ അറിയിച്ചു.

ദിവസവുമുള്ള സ്‌ഖലനം പക്ഷേ, ബീജങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കും. പഠനത്തില്‍ പങ്കെടുത്തവരില്‍ ഒരാഴ്‌ചകൊണ്ട്‌ ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം 18 കോടിയില്‍ നിന്ന്‌ ഏഴ്‌ കോടിയായി കുറഞ്ഞു. എങ്കിലും അത്‌ സാധാരണ 'പുനരുത്‌പാദന പരിധി'ക്ക്‌ താഴെ പോയില്ലെന്ന്‌ പഠനം വ്യക്തമാക്കുന്നു. ബീജങ്ങളുടെ ഡി.എന്‍.എ. തകരാര്‍ കുറയുക മാത്രമല്ല, ഏഴ്‌ ദിവസംകൊണ്ട്‌ ബീജകോശങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വൊലമായതായും കണ്ടു. ഇതും ഗര്‍ഭധാരണത്തിന്‌ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്‌.

പുരുഷന്റെ ലൈംഗീകഗ്രന്ഥിയില്‍ ബീജകോശങ്ങള്‍ അധിക ദിവസം കഴിയേണ്ടി വരുന്നതാണ്‌ തകരാറിന്‌ ഇടയാക്കുന്നതെന്ന്‌ ഗവേഷകര്‍ കരുതുന്നു. ചൂടുള്ള അന്തരീക്ഷത്തില്‍ ഏറെ ദിവസം കഴിയേണ്ടിവരുമ്പോള്‍ ബീജങ്ങളുടെ ഗുണമേന്‍മ കുറയും. മാത്രവുമല്ല, ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന സ്വതന്ത്ര റാഡിക്കലുകള്‍ ബീജങ്ങളെ ആക്രമിച്ച്‌ അവയുടെ ഡി.എന്‍.എ.യ്‌ക്ക്‌ തകരാറുണ്ടാക്കുകയും ചെയ്യും. ഇത്തരം ബീജങ്ങള്‍ ഗര്‍ഭധാരണത്തിലേക്ക്‌ നയിക്കണമെന്നില്ല.

ബീജങ്ങള്‍ അധിക ദിവസം ശരീരത്തില്‍ കഴിയാതിരിക്കുകയാണ്‌ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എളുപ്പ മാര്‍ഗം. അവിടെയാണ്‌ ദിവസവുമുള്ള സെക്‌സിന്റെ പ്രാധാന്യമെന്ന്‌ ഗവേഷകര്‍ പറയുന്നു. പ്രത്യുത്‌പാദന പ്രശ്‌നങ്ങളില്ലാത്ത പുരുഷന്‍മാരിലും ഈ പഠനത്തിന്റെ ഫലം ശരിയാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ടെന്ന്‌ ഡോ.ഗ്രീനിങ്‌ പറയുന്നു. ഇതുസംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്‌.

അതേസമയം, ദിവസവുമുള്ള സെക്‌സ്‌ ഏറെ നാള്‍ തുടര്‍ന്നാല്‍ ബീജങ്ങളുടെ എണ്ണം കുറയുകയും അതുതന്നെ വന്ധ്യതയ്‌ക്ക്‌ പ്രശ്‌നമാവുകയും ചെയ്യാമെന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. സ്‌ത്രീകളില്‍ അണ്ഡധാരണമുണ്ടാകുന്ന ദിവസങ്ങളില്‍ കൂടുതല്‍ സെക്‌സ്‌- അതാണ്‌ അഭികാമ്യമത്രേ. ദിവസവുമുള്ള സ്‌ഖലനം ബീജങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന കണ്ടെത്തല്‍ നല്ലതു തന്നെ, പക്ഷേ ഇക്കാര്യം എല്ലാ പുരുഷന്മാരിലും ശരിയായിക്കൊള്ളണമെന്നില്ല എന്നാണ്‌ ഷെഫീല്‍ഡ്‌ സര്‍വകലാശാലയിലെ ഡോ. അലന്‍ പേസി അഭിപ്രായപ്പെടുന്നത്‌.

7 comments:

JA said...

കുട്ടികളുണ്ടാകാതെ നിരാശരായ ദമ്പതിമാര്‍ക്ക്‌ ദിവസവുമുള്ള സെക്‌സ്‌ മറുമരുന്നാകുമോ? ഇതൊക്കെയാണോ കുഞ്ഞിക്കാല്‌ കാണാനുള്ള മരുന്നെന്ന്‌ ചിലര്‍ അത്ഭുതംകൂറിയേക്കാം. അത്ഭുതപ്പെടേണ്ട, സംഭവത്തിന്‌ അല്‍പ്പം ശാസ്‌ത്രീയ അടിത്തറയുണ്ടെന്ന്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ബീജങ്ങളുടെ ഗുണമേന്‍മ വര്‍ധിക്കാനും അതുവഴി ഗര്‍ഭധാരണത്തിന്‌ സാധ്യത വര്‍ധിക്കാനും ദിവസവുമുള്ള രതി സഹായിക്കുമത്രേ.

അനില്‍@ബ്ലോഗ് said...

കുട്ടികളുള്ളവര്‍ക്ക് ഇത് നിഷിദ്ധമാണോ?
;)

ഞാനും എന്‍റെ ലോകവും said...

ഹഹഹഹ് അനിൽ കലക്കി

JA said...

അനില്‍,
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണ്‌ ഓര്‍ത്തോളൂ. കുട്ടികളില്ലാത്തവര്‍ക്ക്‌ എന്തു ശിക്ഷയുമാകാം. അതുപോലെയാണോ കുട്ടികളുള്ളവരുടെ കാര്യം. ദിവസവും ഇത്തരം കലാപരിപാടികളില്‍ ഏര്‍പ്പെട്ടാല്‍ പിന്നെ ബ്ലോഗിങിനൊക്കെ എവിടെ സമയം കിട്ടും.

വാഴക്കോടന്‍ ‍// vazhakodan said...

വളരെയധികം തെറ്റിദ്ധാരണകള്‍ ഉള്ള മേഘലയും ഒട്ടനവധി ചൂഷണം നടക്കുന്ന ഒരു മേഘലയുമാണ് കുഞ്ഞുങ്ങളുണ്ടാകാത്ത പ്രശ്നം. ഇത് പോലുള്ള വിവരങ്ങള്‍ നല്‍കുന്ന പോസ്റ്റുകള്‍ പ്രശംസിക്കപ്പെടനം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..പിന്നെ കൂടുതല്‍ വല്ലതും ഈ വിഷയത്തില്‍ പോസ്ട്ടാനുന്ടെന്കില്‍ അധികം വൈകണ്ടാ :)

താരകൻ said...

വികാരങൾക്കും ഒരുഋതു കാ‍ലമുണ്ട്.ഇവിടെയുമുണ്ട് തണു പ്പും ചൂടും വസന്തവുമൊക്കെ.
വർഷം മുഴുവൻ വസന്തം വലിച്ചു നീട്ടാൻ പറയുന്നതു പോലെയായി,അനപത്യതദു:ഖം
അനുഭവിക്കുന്നവർക്കുള്ള ഈ ഉപദേശം..

chithrakaran:ചിത്രകാരന്‍ said...

സന്താനഭാഗ്യം ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കട്ടെ !!!