Monday, July 06, 2009

കണികാപരീക്ഷണം: ഗ്രിഡ്‌ റെഡി

ഭൂമുഖത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുറത്തുവിടുന്ന അതിഭീമമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌ പൂര്‍ണസജ്ജമായി. ജനീവയില്‍ സ്ഥാപിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറി' (എല്‍.എച്ച്‌.സി) ലാണ്‌ ഒക്ടോബറില്‍ കണികാപരീക്ഷണം പുനരാരംഭിക്കുക. ഇന്നുവരെ ഒരു സംരംഭത്തിലും കൈകാര്യം ചെയ്‌തിട്ടില്ലാത്തത്ര ഭീമമായ തോതിലുള്ള ഡേറ്റയാണ്‌ ഇതുവഴി പുറത്തുവരിക. അത്‌ കൈകാര്യം ചെയ്യേണ്ടത്‌ 'എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌' എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ശൃംഗലയാണ്‌.

33 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 140 കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ്‌ ഈ ഗ്രിഡിന്‌ രൂപം നല്‍കിയിട്ടുള്ളത്‌. പ്രത്യേക ഓപ്‌ടിക്കല്‍ കേബിളുകള്‍ വഴി വന്‍തോതില്‍ വിവരവിനിമയം സാധ്യമാക്കുകയാണ്‌ ചെയ്യുക. ഇന്റര്‍നെറ്റില്‍ വേള്‍ഡ്‌ വൈഡ്‌ വെബ്ബിന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍ ഫയലുകളാണ്‌ പങ്കുവെയ്‌ക്കപ്പെടുന്നതെങ്കില്‍, ഗ്രിഡില്‍ കമ്പ്യൂര്‍ശേഷി (കമ്പ്യൂട്ടര്‍ പവര്‍) ആണ്‌ പങ്കുവെയ്‌ക്കപ്പെടുന്നത്‌. എല്‍.എച്ച്‌.സി.യുടെ മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്‌ (സേണ്‍-CERN) തന്നെയാണ്‌, ഈ കമ്പ്യൂട്ടര്‍ ഗ്രിഡിന്റെയും നിയന്ത്രണം കൈയാളുന്നത്‌.

വന്‍തോതില്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ എല്‍.എച്ച്‌.സി. ഗ്രിഡിന്‌ കഴിയുമോ എന്നറിയാനുള്ള പരീക്ഷണം ജൂലായ്‌ക്ക്‌ മുമ്പ്‌ രണ്ടാഴ്‌ചകാലമാണ്‌ നടന്നത്‌. 'സ്‌കേല്‍ ടെസ്റ്റിങ്‌ ഫോര്‍ ദ എക്‌സ്‌പെരിമെന്റ്‌ പ്രോഗ്രാം'09 (STEP'09) എന്ന പേരിലുള്ള പരീക്ഷണം വിജയമായിരുന്നുവെന്നും കണികാപരീക്ഷണത്തിന്‌ ഗ്രിഡ്‌ സജ്ജമായിക്കഴിഞ്ഞെന്നും, എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌ പദ്ധതിയുടെ മേധാവി ഇയാന്‍ ബേഡ്‌ അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി ഗ്രിഡിനെ തകര്‍ക്കാന്‍ സേണ്‍ ശ്രമിച്ചെങ്കിലും അത്‌ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലെ പ്രധാന പരീക്ഷണങ്ങളിലൊന്നായ 'അത്‌ലസി' (ATLAS)സില്‍ നിന്ന്‌ മാത്രം, സെക്കന്‍ഡില്‍ ആറ്‌ ഗിഗാബൈറ്റ്‌സ്‌ (6GB) എന്ന കണക്കിന്‌ ഡേറ്റ പ്രളയമുണ്ടാകും. അത്‌ വളരെ നാളത്തേക്ക്‌ സംഭവിക്കുകയും ചെയ്യും. സെക്കന്‍ഡില്‍ ഒരു ഡി.വി.ഡി. വീതം നിറയുന്നത്ര ഡേറ്റയാണിത്‌. ഇതുവെച്ച്‌ കണക്കാക്കിയാല്‍ ഹാഡ്രോണ്‍ കൊളൈഡറിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം എത്രമാത്രം വിവരങ്ങള്‍ പുറത്തുവിടുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

അതിനാല്‍ ഇത്ര ഭീമമായ അളവിലുണ്ടാകുന്ന വിവരങ്ങള്‍ വിനിമയം ചെയ്യാനും വിശകലനം ചെയ്യാനും നിലവിലുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കൊന്നും കഴിയില്ല എന്ന തിരിച്ചറിവാണ്‌ ലോകവ്യാപകമായി ഒരു ഗ്രിഡിന്‌ രൂപംനല്‍കാന്‍ സേണിനെ പ്രേരിപ്പിച്ചത്‌. 2008 സപ്‌തംബര്‍ പത്തിനാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും, ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ആ യന്ത്രത്തിലെ അതിചാലക കാന്തങ്ങളിലൊന്നിന്‌ തകരാര്‍ പറ്റിയതിനാല്‍ പ്രവര്‍ത്തനം തുടരാനായില്ല. കേടുതീര്‍ക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്‌. പുതിയ വിവരം അനുസരിച്ച്‌ അടുത്ത ഒക്ടോബറില്‍ കണികാപരീക്ഷണം പുനരാരംഭിക്കും.
(കടപ്പാട്‌: ZDNet UK)

2 comments:

Joseph Antony said...

ഭൂമുഖത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുറത്തുവിടുന്ന അതിഭീമമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌ പൂര്‍ണസജ്ജമായി. ജനീവയില്‍ സ്ഥാപിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറി' (എല്‍.എച്ച്‌.സി) ലാണ്‌ ഒക്ടോബറില്‍ കണികാപരീക്ഷണം പുനരാരംഭിക്കുക. ഇന്നുവരെ സംരംഭത്തിലും കൈകാര്യം ചെയ്‌തിട്ടില്ലാത്തത്ര ഭീമമായ തോതിലുള്ള ഡേറ്റയാണ്‌ ഇതുവഴി പുറത്തുവരിക. അത്‌ കൈകാര്യം ചെയ്യേണ്ടത്‌ 'എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌' എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ശൃംഗലയാണ്‌.

ശ്രീ said...

വിജ്ഞാനപ്രദം. നന്ദി.

കാത്തിരിയ്ക്കാം കൂടുതല്‍ വിവരങ്ങള്‍ക്കായി.