ഈസ്റ്റര്‍ ദ്വീപിലെ ബാക്ടീരിയത്തില്‍ നിന്ന് രൂപപ്പെടുത്തിയ ഔഷധം നിത്യയൗവനത്തിലേക്കുള്ള കാല്‍വെയ്‌പ്പാകുമോ. വാര്‍ധക്യം വൈദ്യശാസ്‌ത്രത്തിന് കീടങ്ങുമോ.
നിഗൂഢമായ കരിങ്കല്‍ശില്‌പങ്ങളാണ് തെക്കന്‍ ശാന്തസമുദ്രത്തിലെ ഈസ്റ്റര്‍ ദ്വീപുകളെ പ്രശസ്‌തമാക്കുന്നത്. എന്നാല്‍, ഭാവിയില്‍ ഒരു ഔഷധത്തിന്റെ പേരിലും ഈ ദ്വീപുകള്‍ പ്രധാന്യം നേടിയേക്കാം. ഈസ്റ്റര്‍ ദ്വീപിലെ ഒരിനം ബാക്ടീരിയത്തില്‍നിന്ന് രൂപപ്പെടുത്തിയ ഔഷധം, സസ്‌തനികളുടെ ആയുസ്സ് നീട്ടാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. വാര്‍ധക്യത്തെ കീഴടക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചുവടുവെയ്‌പ്പായേക്കാം ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു.
'റാപാമൈസിന്‍' (rapamycin) എന്ന ഔഷധത്തിന്റെ സഹായത്തോടെ എലികളുടെ ആയുസ്സ് നീട്ടാന്‍ കഴിഞ്ഞതായി 'നേച്ചര്‍' ഗവേഷണവാരിക പറയുന്നു. പ്രായമേറിയ എലികളില്‍ നടത്തിയ പഠനത്തില്‍ അവയുടെ ആയുസ്സ് 38 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ജനിതകസാങ്കേതികവിദ്യ വഴിയും, കലോറിയുടെ അളവ് കുറച്ചും മാത്രമേ ഇതിന് മുമ്പ് എലികളുടെ ആയുസ്സ് നീട്ടാന്‍ സാധിച്ചിട്ടുള്ളു. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഏജന്റിന്റെ സഹായത്തോടെ ഇത്തരമൊരു മുന്നേറ്റം ആദ്യമായാണ്.
1970-കളിലാണ് റാപാമൈസിന്‍ എന്ന പ്രകൃതിദത്ത രാസവസ്‌തു ഈസ്റ്റര്‍ ദ്വീപിലെ മണ്ണില്‍നിന്ന് വേര്‍തിരിച്ചെടുത്തത്. 'സ്റ്റെപ്‌ടോമൈസസ് ഹൈഗ്രോസ്‌കോപിക്കസ്' എന്ന ബാക്ടീരിയം ഉത്‌പാദിപ്പിക്കുന്ന ഈ രാസപദാര്‍ഥം പൂപ്പല്‍ബാധയ്‌ക്കെതിരെയും ശരീരപ്രതിരോധത്തെ അമര്‍ച്ച ചെയ്യാനും നിലവില്‍ ഉപയോഗിക്കുന്ന ഔഷധമാണ്. അമേരിക്കയിലെ 'ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്‌മിനിസ്‌ട്രേഷന്‍' (എഫ്.ഡി.എ) അതിന് അനുമതിയും നല്‍കിയിട്ടുണ്ട്. വൃക്കമാറ്റിവെയ്‌ക്കല്‍ പോലുള്ള ഘട്ടങ്ങളില്‍, മാറ്റിവെച്ച അവയവത്തെ ശരീരം തിരസ്‌ക്കരിക്കുന്നത് തടയാനാണ് ഇത് മുഖ്യമായും ഉപയോഗിക്കുന്നത്. മാത്രമല്ല, ഈ രാസവസ്‌തുവിന്റെ അര്‍ബുദ പ്രതിരോധശേഷിയെക്കുറിച്ചും പഠനം നടന്നുവരികയാണ്. അതിനിടെയാണ്, ഇതിന് ആയുസ്സ് നീട്ടാനും ശേഷിയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
അകശേരുക്കളു (invertebrates) ടെ ആയുസ്സ് റാപാമൈസിന്റെ സഹായത്തോടെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് മുമ്പ് തന്നെ തെളിഞ്ഞിട്ടുണ്ട്. "എന്നാല്‍, അക്കാര്യം സസ്‌തനികളിലും സാധ്യമാണെന്ന കാര്യം തീര്‍ച്ചയായും ആവേശകരമാണ്", പഠനത്തില്‍ ഉള്‍പ്പെട്ട ഹാര്‍വാഡ് മെഡിക്കല്‍സ്‌കൂളിലെ ഡേവിഡ് സിന്‍ക്ലേര്‍ അറിയിക്കുന്നു. "ഇനിയൊരു 20 വര്‍ഷം കഴിഞ്ഞ് നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഭാവിയിലെ ഔഷധം എന്ന നിലയ്‌ക്ക് ഈ പഠനം ഒരു നാഴികക്കല്ലായിരിക്കാം". വാര്‍ധക്യത്തില്‍ ആയുസ്സ് വര്‍ധിപ്പിക്കുന്നു എന്നത് വളരെ ആശാവഹമാണ് സിന്‍ക്ലേര്‍ പറഞ്ഞു.
പുതിയ പഠനത്തില്‍, 20 മാസം പ്രായമുള്ള എലികള്‍ക്ക് (മനുഷ്യന്റെ തോതില്‍ ഇത് 60 വയസ്സിന് തുല്യമാണ്) അധികഭക്ഷണമായി റാപാമൈസിന്‍ നല്‍കിയപ്പോള്‍ അവയുടെ ശരാശരി പ്രതീക്ഷിത ആയുസ്സ് 28 മുതല്‍ 36 ശതമാനംവരെ വര്‍ധിച്ചതായി കണ്ടു. ടെക്‌സാസ്, മിഷിഗണ്‍, മെയ്‌ന്‍ എന്നിവിടങ്ങളില്‍ മൂന്ന് ഗവേഷകസംഘങ്ങളാണ് വെവ്വേറെ ഈ പഠനം നടത്തിയത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഏജിങ്‌സ് ഇന്റര്‍വെന്‍ഷന്‍സ് ടെസ്റ്റിങ് പ്രോഗ്രാമി (ഐ.ടി.പി) നായിരുന്നു പഠനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല.
കലോറി കുറയ്‌ക്കുക വഴി എലികളില്‍ ആയുസ്സ് വര്‍ധിക്കുന്നതായി മുമ്പ് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ ബയോകെമിക്കല്‍ സാധ്യത തന്നെയാകണം, റാപാമൈസിന്‍ ഉപയോഗിക്കുമ്പോഴും തുറന്നുകിട്ടുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. mTOR എന്നറിയപ്പെടുന്ന ഒരു പ്രോട്ടീനിനെ അമര്‍ച്ച ചെയ്യുക വഴിയാണ് റാപോമൈസിന്‍ ആയുസ്സ് വര്‍ധിക്കാന്‍ സഹായിക്കുന്നതെന്ന് കരുതുന്നു. കോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രോട്ടീനാണിത്. കാര്യങ്ങള്‍ വ്യക്തമാകാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരും. ഒരുകാര്യം പഠനത്തില്‍ നിന്ന് ബോധ്യമായി. വാര്‍ധക്യവുമായി ബന്ധപ്പെട്ട മുഖ്യ പ്രശ്‌നങ്ങളായ ഹൃദ്രോഗവും അര്‍ബുദവും ചെറുക്കുക വഴി ലഭിക്കുന്നതിലും അധികം ആയുസ്സ് ഈ രാസവസ്‌തു ഉപയോഗിക്കുക വഴി കിട്ടും.
കഴിഞ്ഞ 35 വര്‍ഷമായി വാര്‍ധക്യം ചെറുക്കാനുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് ബാര്‍ഷോപ്പ് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. ആര്‍ലന്‍ റിച്ചാര്‍ഡ്‌സണ്‍. "ആയുസ്സ് വര്‍ധിപ്പിക്കാനുള്ള ഒട്ടേറെ ഔഷധങ്ങള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഒന്നുപോലും ഫലം കണ്ടില്ല. എന്റെ ആയുഷ്‌ക്കാലത്ത് അങ്ങനെ ഒന്ന് രംഗത്തെത്തുമെന്നും കരുതിയില്ല. എന്നാല്‍, റാപാമൈസിന്‍ വലിയ പ്രതീക്ഷ നല്‍കുന്നു". വാര്‍ധക്യത്തില്‍ കഴിക്കുന്ന മരുന്നിന്റെ ഫലമായി പ്രായത്തെ ചെറുക്കാമെന്നും ആയുസ്സ് നീട്ടാമെന്നും ഉള്ളതിന് ആദ്യമായാണ് തെളിവ് ലഭിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്ററിലെ പ്രൊഫ. റാന്‍ഡി സ്‌ട്രോങ് പറയുന്നു.
പക്ഷേ, ഒരുകാര്യത്തില്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രായം ചെറുക്കം എന്നുകരുതി ആരും റാപാമൈസില്‍ കഴിക്കരുത്. കാരണം ഈ മരുന്ന് മനുഷ്യരില്‍ ഫലം ചെയ്യുമോ എന്ന് ഇനിയും വ്യക്തമല്ല. അക്കാര്യം പരീക്ഷിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, പ്രതിരോധസംവിധാനത്തെ അമര്‍ച്ച ചെയ്യാന്‍ ശേഷിയുള്ള ഔഷധമാകയാല്‍ അത് കഴിച്ചാല്‍ രോഗാണുബാധയ്‌ക്കുള്ള സാധ്യത വളരെയേറെ വര്‍ധിക്കുമെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. (അവലംബം: നേച്ചര്‍, ടെക്‌നോളജി റിവ്യു).
4 comments:
നിഗൂഢമായ കരിങ്കല്‍ശില്‌പങ്ങളാണ് തെക്കന്‍ ശാന്തസമുദ്രത്തിലെ ഈസ്റ്റര്‍ ദ്വീപുകളെ പ്രശസ്‌തമാക്കുന്നത്. എന്നാല്‍, ഭാവിയില്‍ ഒരു ഔഷധത്തിന്റെ പേരിലും ഈ ദ്വീപുകള്‍ പ്രധാന്യം നേടിയേക്കാം. ഈസ്റ്റര്‍ ദ്വീപിലെ ഒരിനം ബാക്ടീരിയത്തില്‍നിന്ന് രൂപപ്പെടുത്തിയ ഔഷധം, സസ്‌തനികളുടെ ആയുസ്സ് നീട്ടാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. വാര്‍ധക്യത്തെ കീഴടക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചുവടുവെയ്‌പ്പായേക്കാം ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു.
:) Thanks for the info. The pic shows, the board is placed by Wyeth. Any idea, how Wyeth is related to this project?
ക്യാപ്ടന്‍ ഹഡ്ഡോക്,
ടിന്‍റിനെയും സ്നോയിയെയും കാണാറുണ്ടോ.
ആ ചിത്രത്തിലെ ഫലകത്തില്‍ Wyeth കന്പനിയുടെ പേര് കാണുന്നത് വെറുതെയല്ല. ആ കന്പനിയാണ് rapamycin ഔഷധം വിപണനം ചെയ്യുന്നതില്‍ പ്രധാനി. Wyeth കന്പനിയുടെ കൂടി ശ്രമഫലമായിട്ടാകണം ഈസ്റ്റര്‍ ദ്വീപിലെ ബാക്ടീരിയകളുണ്ടാക്കുന്ന രാസവസ്തു കണ്ടെത്തിയത്. ആ രാസവസ്തു കണ്ടെത്തിയ സ്ഥാനത്ത് സ്ഥാപിച്ചിച്ചിട്ടുള്ള ഫലകത്തിന്‍റെ ചിത്രമാണത്.
ha..ha...ya.ya...Tintin and Snowy are doing fine, Blistering barnacles!!!!where is my whiskey !
Thanks for the info about Wyeth. I was reading some article about Wyeth's take over.
Post a Comment