Monday, September 22, 2008

ഗൂഗിള്‍ഫോണ്‍ എത്തുമ്പോള്‍

ഗൂഗിള്‍ഫോണ്‍ എത്തുകയാണ്‌, ഏതാനും ദിവസത്തിനകം. സെര്‍ച്ചിങ്‌ രംഗത്തെ ആധിപത്യംസെല്‍ഫോണ്‍ വിപണിയില്‍ ഗൂഗിളിന്‌ ഉറപ്പിക്കാന്‍ കഴിയുമോ. ആപ്പിളിന്റെ ഐഫോണിന്‌ ഗൂഗിള്‍ഫോണ്‍ വെല്ലുവിളിയാകുമോ. ഗൂഗിള്‍ഫോണിന്റെ വരവ്‌ ഇത്തരം ഒട്ടേറെ ആകാംക്ഷകള്‍ക്ക്‌ വഴിതുറക്കുകയാണ്‌.
ഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും വിജയിച്ച രണ്ട്‌ സാങ്കേതികവിദ്യകള്‍ ഏതാണ്‌. അതു കണ്ടെത്താന്‍ ഏതാനും വര്‍ഷംമുമ്പ്‌ ഒരു സര്‍വെ നടന്നു. 'ദി ഇക്കണോമിസ്‌റ്റ്‌' വാരിക റിപ്പോര്‍ട്ടു ചെയ്‌ത പ്രകാരം, ആ സര്‍വെയില്‍ ജേതാക്കളായത്‌ ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌എഞ്ചിനും ആപ്പിള്‍ കമ്പനിയുടെ 'ഐപ്പോഡ്‌' എന്ന മ്യൂസിക്‌ പ്ലെയറുമാണ്‌. ഇന്റര്‍നെറ്റുമായി ബന്ധമുള്ളവരാരും ഈ സര്‍വെഫലത്തോട്‌ വിയോജിക്കുമെന്ന്‌ തോന്നുന്നില്ല. വ്യത്യസ്‌ത തരത്തില്‍ ലോകം കീഴടക്കിയവയാണ്‌ ഗൂഗിളും ഐപ്പോഡും. ഈ സങ്കേതങ്ങളുടെ സൃഷ്ടാക്കള്‍, ഗൂഗിള്‍ കമ്പനിയും ആപ്പിളും, ലോകം കീഴടക്കുന്നത്‌ ഇപ്പോഴും തുടരുന്നു. ഇന്റര്‍നെറ്റിലാണ്‌ ഗൂഗിള്‍ അത്‌ ചെയ്യുന്നതെങ്കില്‍, ഹാര്‍ഡ്‌വേറും സോഫ്‌ട്‌വേറും ചേര്‍ന്ന പഥത്തിലൂടെയാണ്‌ ആപ്പിളിന്റെ മുന്നേറ്റം.

സമാന്തരമായ മുന്നേറ്റത്തിനിടെ അതത്‌ മണ്ഡലങ്ങളില്‍ ഇരു കമ്പനികളും പലരെയും കടത്തിവെട്ടിക്കഴിഞ്ഞു. മൈക്രോസോഫ്‌ടിന്റെ കുത്തകയ്‌ക്കാണ്‌ ഗൂഗിള്‍ കത്തിവെയ്‌ക്കുന്നതെങ്കില്‍ (ഏറ്റവുമൊടുവില്‍ ക്രോം എന്ന ബ്രൗസര്‍ വഴിയും), മൊബൈല്‍ ഫോണ്‍ രംഗത്തെ ഭീമനായ നോക്കിയ പോലുള്ള കമ്പനികളെയാണ്‌ മത്സരത്തിന്റെ ചൂടിലേക്ക്‌ ആപ്പിള്‍ വലിച്ചിഴയ്‌ക്കുന്നത്‌, ഐഫോണ്‍ വഴി. സമാന്തരവഴികള്‍ പക്ഷേ, എപ്പോഴും സമാന്തരമായിത്തന്നെ തുടരണമെന്നില്ല. ഗൂഗിളിന്റെയും ആപ്പിളിന്റെയും കാര്യത്തിലും ഇക്കാര്യം ശരിയാകാന്‍ പോകുകയാണ്‌. ഏതാനും ദിവസത്തിനകം പുറത്തിറങ്ങാന്‍ പോകുന്ന 'ഗൂഗിള്‍ഫോണ്‍', ഇരുകമ്പനികളെയും നേര്‍ക്കുനേരെയുള്ള മത്സരത്തിലേക്ക്‌ വലിച്ചിടുമെന്ന്‌ തീര്‍ച്ച. ചോദ്യം ഒന്നുമാത്രം, ഐഫോണിനെ മലര്‍ത്തിയടിക്കാന്‍ ഗൂഗിള്‍ഫോണിന്‌ കഴിയുമോ?

വായില്‍ സ്വര്‍ണക്കരണ്ടിയുംകൊണ്ട്‌ പിറന്ന കമ്പനിയാണ്‌ ഗൂഗിള്‍. ആദ്യ വര്‍ഷങ്ങളിലേ പരാധീനതകള്‍ സഹിക്കേണ്ടി വന്നിട്ടുള്ളു. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സെര്‍ച്ചിങിനെ ഇന്റര്‍നെറ്റിലെ ഏറ്റവും ലാഭമുള്ള ബിസിനസ്സാക്കാമെന്ന്‌ ഗൂഗിള്‍ തെളിയിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരുടെ ഫോര്‍ബ്‌സ്‌ പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്‌ ഇന്ന്‌ ഗൂഗിള്‍ സ്ഥാപകരായ സെര്‍ജി ബ്രിന്നിന്റെയും ലാരി പേജിന്റെയും സ്ഥാനം. ഇരുവരുടെയും സമ്പാദ്യം 1500 കോടി ഡോളര്‍ (70,000 കോടിരൂപ) വീതമാണ്‌. തൊട്ടതെല്ലാം പൊന്നാക്കിയവരാണ്‌ ഇവര്‍. ഗൂഗിളിലൂടെ പുറത്തുവന്ന ഓരോ സര്‍വീസും, അന്നുവരെ ആ രംഗത്തുണ്ടായിരുന്നവയെ കടത്തിവെട്ടിയവയാണ്‌. ഗൂഗിള്‍ എന്ന സെര്‍ച്ച്‌മെഷീന്‍ ആണെങ്കിലും, ജിമെയില്‍ എന്ന ഇ-മെയില്‍ സര്‍വീസ്‌ ആണെങ്കിലും, ഏറ്റവുമൊടുവില്‍ രംഗത്തെത്തിയ ഗൂഗിള്‍ ക്രോം എന്ന ഇന്റര്‍നെറ്റ്‌ ബ്രൗസറാണെങ്കിലും ഇക്കാര്യം വ്യത്യസ്‌തമല്ല.

പുതുമയെ എന്നും കൂടെ നിര്‍ത്താന്‍, നിരന്തരം നവീകരണം തുടരാന്‍ ഗൂഗിള്‍ ശ്രമിക്കുന്നു എന്നതാണ്‌ അതിന്റെ ഇതുവരെയുള്ള വിജയരഹസ്യം. പുതുമയുണ്ടെന്നു തോന്നിയവയെ സ്വന്തമാക്കാനും ഗൂഗിള്‍ മടിച്ചില്ല. ഗൂഗിള്‍ എര്‍ത്ത്‌, യുട്യൂബ്‌ ഒക്കെ അങ്ങനെയാണ്‌ ഗൂഗിളിന്റെ ഭാഗമായത്‌. ഇത്തരമൊരു ചരിത്രമുള്ള ഗൂഗിളിന്റെ ആവനാഴിയില്‍നിന്ന്‌ ഗൂഗിള്‍ഫോണ്‍ പുറത്തുവരുന്നു എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഏതായാലും ഗൂഗിള്‍ കമ്പനിക്ക്‌ പത്തുവയസ്സാകുന്ന വേളയിലാണ്‌ വിര്‍ച്വല്‍ ലോകത്തെ മത്സരത്തോടൊപ്പം, യഥാര്‍ഥ ലോകത്തേക്ക്‌ ഗൂഗിള്‍ഫോണ്‍ എത്തുന്നത്‌. എന്താകാം ഗൂഗിള്‍ഫോണിന്റെ സവിശേഷതകള്‍ എന്ന്‌ ആര്‍ക്കും ഊഹിക്കാന്‍ പോലുമാകുന്നില്ല. സാധാരണഗതിയില്‍ ഒരു ഉത്‌പന്നം പുറത്തിറക്കിയ ശേഷം മതി അതെപ്പറ്റി ലോകം അറിയാന്‍ എന്നതാണ്‌ ഗൂഗിളിന്റെ രീതി. ഫോണിന്റെ കാര്യത്തിലും അതുതന്നെയാണ്‌്‌.

എങ്കിലും ചില വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. ഗൂഗിളും ടി-മൊബൈലും ചേര്‍ന്നാണ്‌ ഗൂഗിള്‍ഫോണ്‍ പുറത്തിറക്കുന്നത്‌. തയ്‌വാനീസ്‌ സെല്‍ഫോണ്‍ കമ്പനിയായ എച്ച്‌.ടി.സി (HTC) ആണ്‌ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മിക്കുന്നത്‌. ഐഫോണിന്റെ മാതിരി വലിയൊരു ടച്ച്‌സ്‌ക്രീന്‍ ഉണ്ടാകുമെന്ന്‌ കരുതുന്നു. മറ്റൊരു പ്രത്യേകതയായി പറയപ്പെടുന്നത്‌ QWERTY കീപാഡാണ്‌, ഒപ്പം 3.1 മെഗാപിക്‌സല്‍ ക്യാമറയും. ഇത്തരം പ്രത്യേകതകളുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ന്‌ വിരളമല്ല. പക്ഷേ, ഹാന്‍ഡ്‌സെറ്റിനെക്കാളും അതിലുപയോഗിക്കുന്ന സോഫ്‌ട്‌വേറിലാണ്‌ ഗൂഗിളിന്റെ കൈമുദ്രയുണ്ടാവുക. 'ആന്‍ഡ്രോയിഡ്‌' (Android) എന്ന പേരില്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ്‌ സംവിധാനമായിരിക്കും ഗൂഗിള്‍ഫോണിന്റെ ആത്മാവ്‌. 2007-ല്‍ ഗൂഗിള്‍ പുറത്തുവിട്ട സോഫ്‌ട്‌വേറാണിത്‌. മൊബൈല്‍ഫോണുകളെ വിപ്ലവകരമായി മാറ്റുകയെന്നതാണ്‌ ഈ ഓപ്പറേറ്റിങ്‌ സംവിധാനത്തിലൂടെ ഗൂഗിള്‍ ഉദ്ദേശിക്കുന്നത്‌.

സ്‌മാര്‍ട്ട്‌ഫോണ്‍ എന്ന പേര്‌ യഥാര്‍ഥത്തില്‍ അന്വര്‍ഥമാക്കുക, ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളായിരിക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലുള്ള വിന്‍ഡോസ്‌ മൊബൈല്‍, സിമ്പിയാന്‍ തുടങ്ങിയ സെല്‍ഫോണ്‍ ഓപ്പറേറ്റിങ്‌ സംവിധാനങ്ങളെ ഇത്‌ ബഹുദൂരം പിന്തള്ളുമെന്നാണ്‌ പ്രതീക്ഷ. ഗൂഗിള്‍ സോഫ്‌ട്‌വേറുകള്‍ പരിചയമുള്ള ആര്‍ക്കും ഇത്‌ അതിശയോക്തിയാണെന്ന്‌ തോന്നില്ല. ദിവസത്തില്‍ ഏതു സമയം, ഉപയോഗിക്കുന്നയാള്‍ എവിടെയാണ്‌, കലണ്ടറിലെ സംഭവങ്ങള്‍ എന്നിവയ്‌ക്കനുസരിച്ച്‌, സെറ്റിങ്‌സില്‍ (റിങ്‌ വോളിയം മുതലായവയില്‍) സ്വയം ക്രമീകരണങ്ങള്‍ നടത്താന്‍ ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമിലുള്ള ഫോണുകള്‍ക്കാകും. ആന്‍ഡ്രോയിഡ്‌ സോഫ്‌ട്‌വേര്‍ ഇപ്പോള്‍ പൂര്‍ണമായി ഓപ്പണ്‍സോഴ്‌സ്‌ അല്ല. ഈ വര്‍ഷമവസാനം അതിന്റെ സോഴ്‌സ്‌കോഡ്‌ പൂര്‍ണായി ഗൂഗിള്‍ പുറത്തുവിട്ടേക്കുമെന്നു കരുതുന്നു.

എന്നാല്‍, ഒരു സാധാരണ ഉപഭോക്താവിനെ ആകര്‍ഷിക്കുക, ഗൂഗിളിന്‌ വേണ്ടി എച്ച്‌.ടി.സി.നിര്‍മിക്കുന്ന ഹാന്‍ഡ്‌സെറ്റ്‌, മറ്റ്‌ സ്‌മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച്‌ എത്രത്തോളം ആകര്‍ഷകമായിരിക്കും എന്ന സംഗതിയാവും. ഗൂഗിള്‍ഫോണ്‍ സ്വാഭാവികമായും താരതമ്യം ചെയ്യപ്പെടുക ഐഫോണുമായിട്ടാവും. ആ താരതമ്യത്തില്‍ പുതിയ ഹാന്‍ഡ്‌സെറ്റ്‌ മേല്‍ക്കോയ്‌മ നേടണം എന്നില്ലെന്ന്‌, ഈ രംഗത്തെ വിദഗ്‌ധനായ ജാക്ക്‌ ഗോള്‍ഡ്‌ അഭിപ്രായപ്പെടുന്നു. `നിലവിലുള്ള സൂചന അനുസരിച്ച്‌ ഗൂഗിള്‍ഫോണ്‍ മറ്റൊരു ഐഫോണായിരിക്കില്ല. കമ്പോളത്തില്‍ പെട്ടന്ന്‌ ഓളമുണ്ടാക്കാനും അതിന്‌ കഴിയാന്‍ സാധ്യതയില്ല`-അദ്ദേഹം പറയുന്നു. ആദ്യ സെറ്റ്‌ ഹിറ്റായില്ലെങ്കില്‍ എന്തുസംഭവിക്കും. കച്ചവടക്കാരും ഉപഭോക്താക്കളും രണ്ടാമതൊരു അവസരം ഗൂഗിളിന്‌ നല്‍കുമോ? കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു.

NB: വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണല്‍ അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌, ഗൂഗിള്‍ ഫോണ്‍ സപ്‌തംബര്‍ 25-ന്‌ പുറത്തിറങ്ങും എന്നാണ്‌. വില 199 ഡോളര്‍ ആയിരിക്കുമത്രേ.

(അവലംബം: ടെക്‌നോളജി റിവ്യു, Ten Reasons why Google is still Number One-David Vise)

കാണുക: ഗൂഗിള്‍ഫോണ്‍ അണിയറയില്‍,   ഗൂഗിള്‍ വിസ്‌മയം-1,  2,  3,  4, 5

10 comments:

Joseph Antony said...

പുതുമയെ എന്നും കൂടെ നിര്‍ത്താന്‍, നിരന്തരം നവീകരണം നടത്താന്‍ ഗൂഗിള്‍ ശ്രമിക്കുന്നു എന്നതാണ്‌ അതിന്റെ ഇതുവരെയുള്ള വിജയരഹസ്യം. പുതുമയുണ്ടെന്നു തോന്നിയവയെ സ്വന്തമാക്കാനും ഗൂഗിള്‍ മടിച്ചില്ല. ഗൂഗിള്‍ എര്‍ത്ത്‌, യുട്യൂബ്‌ ഒക്കെ അങ്ങനെയാണ്‌ ഗൂഗിളിന്റെ ഭാഗമായത്‌. ഇത്തരമൊരു ചരിത്രമുള്ള ഗൂഗിളിന്റെ ആവനാഴിയില്‍നിന്ന്‌ ഗൂഗിള്‍ഫോണ്‍ പുറത്തുവരാന്‍ പോകുന്നു എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഏതായാലും ഗൂഗിള്‍ കമ്പനിക്ക്‌ പത്തുവയസ്സാകുന്ന വേളയിലാണ്‌ വിര്‍ച്വല്‍ ലോകത്തെ ഗൂഗിളിന്റെ മത്സരത്തോടൊപ്പം, യഥാര്‍ഥ ലോകത്തേക്ക്‌ ഗൂഗിള്‍ഫോണ്‍ എത്തുന്നത്‌.

Haree said...

ഗൂഗിള്‍ ഫോണിന്റെ Specifications എവിടെ ലഭ്യമാവും? ഇന്ത്യയില്‍ ഈ ഫോണ്‍ ലഭ്യമാവുമോ?

'...സെര്‍ച്ചിങ്‌ രംഗത്തെ ആദിപത്യം സെല്‍ഫോണ്‍...'- ആധിപത്യം.
--

Luttu said...

thanx

SHYAM said...

ഇത്രയും നാള്‍ ഫയര്‍ഫോക്സ് നെ പൊക്കിപിടിച്ച് നടന്ന ഗൂഗിള്‍ പെട്ടന്നൊരു ദിവസം പുതിയ ബ്രൌസറും കൊണ്ടു വന്നത് അത്ര നന്നായില്ല .
ഗൂഗിള്‍ ക്രോം വിചാരിച്ചപോലെ വിജയം കണ്ടിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്

Joseph Antony said...

ഹരി,
സ്വാഗതം.
ഗൂഗിളിന്റെ കാര്യം അറിയില്ലേ, ഇത്ര നിഗൂഢമായി പ്രവര്‍ത്തിക്കുന്ന വേറൊരു കമ്പനിയുണ്ടോ ലോകത്ത്‌. ഗൂഗിള്‍ഫോണിനെപ്പറ്റി ഈ കുറിപ്പിലുള്ളതും ഇപ്പോള്‍ നെറ്റില്‍ വന്നുകൊണ്ടിരിക്കുന്ന ഡസണ്‍കണക്കിന്‌ റിപ്പോര്‍ട്ടുകളിലുള്ളതും എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്‌. ഒന്നും ഗൂഗിള്‍ പുറത്തുവിട്ട വിവരങ്ങളല്ല. ആ നിലയ്‌ക്ക്‌ സ്‌പെസിഫിക്കേഷന്‍ എന്ത്‌ ഇന്ത്യയില്‍ ലഭ്യമാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന്‌ കുറച്ചു കൂടി കാത്തിരിക്കുകയേ നിവൃത്തിയുള്ളു.
ആ അക്ഷരത്തെറ്റ്‌ ചൂണ്ടിക്കാട്ടിയതിന്‌ വളരെ നന്ദി, ശരിയാക്കിയിട്ടുണ്ട്‌.

ലുട്ടു,
ഇവിടെ വന്നതില്‍ സന്തോഷം.

റിംപോച്ചേ,
പുതിയൊരു ബ്രൗസര്‍ കൂടി വരുന്നത്‌, അതും തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാവുന്നത്‌, നല്ലതല്ലേ. ക്രോം ഉപയോഗിച്ചു നോക്കിയോ; വിജയം കണ്ടില്ല എന്ന്‌ എങ്ങനെയാണ്‌ നിഗമനത്തില്‍ എത്തിയത്‌.

SHYAM said...

ഓപ്പണ്‍ സോഴ്സ് ല്‍ ഫയര്‍ഫോക്സ് വളരെ നല്ലരീതിയില്‍ ഉയര്‍ന്നു വരികയായിരുന്നു.
ഗൂഗിള്‍ ഫയര്‍ഫോക്സ് നെ പ്രൊമോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഗൂഗിള്‍ ന്റെ പുതിയ ബ്രൌസര്‍ വരുന്നതോടെ ഫയര്‍ ഫോക്സിനുള്ള സപ്പോര്‍ട്ട് കുറയും എന്നര്‍ത്ഥം.
ഒരുപാടു ലിനക്സ് വേര്‍ഷനുകള്‍ക്കു പകരം ഒരു വെര്‍ഷന്‍ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ എന്നേ വിന്‍ഡോസിന്റെ മുകളില്‍ എത്താമായിരുന്നു .

A Cunning Linguist said...

നല്ല ലേഖനം. ഒരു മുഴുവന്‍-സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എല്ലാ പ്ലാറ്റ്‌ഫോമിലേക്കും വരേണ്ടത് ആവശ്യമാണ്. ഒരുദാഹരണത്തിന്, എന്റെ ഇപ്പോഴത്തെ Nokia 6233-ല്‍ വീഡിയോ forward/rewind ചെയ്യാനുള്ള സൗകര്യമില്ല. നോക്കിയ firmware ഓപണ്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷെ ആ സൗകര്യം ലക്ഷോപലക്ഷം വരുന്ന ഉപയോക്താക്കളിലാരെങ്കിലും വികസിപ്പിച്ചേനെ.

മറ്റ് ചിലത് കൂടി...


പുതിയൊരു ബ്രൗസര്‍ കൂടി വരുന്നത്‌, അതും തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാവുന്നത്‌, നല്ലതല്ലേ. ക്രോം ഉപയോഗിച്ചു നോക്കിയോ; വിജയം കണ്ടില്ല എന്ന്‌ എങ്ങനെയാണ്‌ നിഗമനത്തില്‍ എത്തിയത്‌.

സൗജന്യം എന്നതിനേക്കാള്‍ സ്വാതന്ത്രം ആണ് നല്ലത്. ഗൂഗില്‍ ക്രോം ഒരനാവശ്യമല്ലേ എന്ന് തോന്നാതിരുന്നില്ല. എന്തായാലും കാത്തിരുന്നു കാണാം ആര് ജയിക്കുമെന്നും തോല്‍ക്കുമെന്നും. സൗജന്യമായി വിഷം കിട്ടുകയും അതിനെ പറ്റി പഠിക്കുവാനുള്ള സ്വാതന്ത്രമില്ലെങ്കില്‍ വിഷം കുടിച്ച് മരിക്കുക മാത്രമെ പറ്റുകയുള്ളു. എന്നാല്‍ സൗജന്യമല്ലെങ്കിലും പഠിക്കുവാനുള്ള വിഷം കിട്ടുകയാണെങ്കില്‍ മറുവിഷം ഉണ്ടാക്കുന്നതെങ്ങനെ എന്ന് പഠിക്കുവാന്‍ പറ്റും. ആയതിനാല്‍ സ്വാതന്ത്രയ്ത്തിന് പ്രഥമമായ പരിഗണനയും, സൗജന്യത്തിന് രണ്ടാമത്തെ സ്ഥാനവും നല്‍കുക.

ഒരുപാടു ലിനക്സ് വേര്‍ഷനുകള്‍ക്കു പകരം ഒരു വെര്‍ഷന്‍ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ എന്നേ വിന്‍ഡോസിന്റെ മുകളില്‍ എത്താമായിരുന്നു.

1) വിന്‍ഡോസിനു മുകളില്‍ എത്തുക എന്നതല്ലല്ലോ ഗ്നു/ലിനക്സിന്റെ ലക്ഷ്യം? ഉപയോക്താക്കളുടെ എണ്ണം‌ വെച്ച് നോക്കുകയാണെങ്കില്‍ വിന്‍ഡോസ് മുന്നിലായിരിക്കും. എന്നാല്‍ ഗുണമേന്മയുടെയും വളര്‍ച്ചയുടെയും കാര്യത്തില്‍ ഗ്നു/ലിനക്സ് തന്നെ മുന്നില്‍. കാരണം അത് മുന്നോട്ട് വയ്ക്കുന്ന പ്രത്യയശാസ്ത്രം തന്നെയാണ്.... പലരും അതിന്റെ അജ്ഞരാണ് അല്ലെങ്കില്‍ തെറ്റിധരിക്കപ്പെട്ടവരാണ് എങ്കില്‍ കൂടിയും ഗ്നു/ലിനക്സ് വിന്‍ഡോസിന്റെ പിന്നിലാണ് എന്നത് ശരിയായ കാര്യമല്ല.

2) ഗ്നു/ലിനക്സ് വിതരണങ്ങളുടെ എണ്ണം ഉപയോക്താവിന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം കൊടുക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം RPM അടിസ്ഥാനമാക്കിയ വിതരണങ്ങള്‍ ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ്. KDE ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ്. മറ്റൊരാള്‍ക്ക് അങ്ങനെ ആകണമെന്നില്ല. അത് കൊണ്ട് തന്നെ വ്യത്യസ്തമായ അഭിരുചികള്‍ക്ക് അതനുസരിച്ച് തന്നെ ഗ്നു/ലിനക്സ് പരിഹാരം തേടുന്നു. വിന്‍ഡോസ്/മാക് സിസൃങ്ങള്‍ക്കില്ലാത്ത flexibility-യും ഇതിനാല്‍ തന്നെ ഗ്നു/ലിനക്സ് സിസ്റ്റങ്ങള്‍ക്കുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

നന്ദി.

chithrakaran ചിത്രകാരന്‍ said...

വായിച്ചു. വളരെ നന്ദി.

[ nardnahc hsemus ] said...

അസ്സലായി.