Sunday, July 05, 2009

വിസ്‌മൃതിയിലേക്ക്‌ നീങ്ങുന്ന ജീവികള്‍

ഒരു ജീവി അന്യംനില്‍ക്കുക എന്നുപറഞ്ഞാല്‍ ലോകം അത്രയും ദരിദ്രമാകുന്നു എന്നാണര്‍ഥം. പ്രകൃതിയ്‌ക്കുമേലുള്ള പരിക്കുകകള്‍ ഏറുന്നതിന്റെ പ്രത്യക്ഷലക്ഷണമാണത്‌. ആഗോളതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടും, ജീവിവര്‍ഗങ്ങള്‍ നേരിടുന്ന വംശനാശഭീഷണിക്ക്‌ ശമനമില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ജൈവവൈവിധ്യത്തിനുണ്ടാകുന്ന ക്ഷയം 2010 ആകുമ്പോഴേക്കും പരിമിതപ്പെടുത്തുമെന്ന ലോകരാഷ്ട്രങ്ങളുടെ പ്രഖ്യാപനം കാര്യമായ ഫലം ചെയ്‌തിട്ടില്ലെന്ന്‌ 'അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്‍' (ഐ.യു.സി.എന്‍) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഉഭയജീവികളില്‍ മൂന്നിലൊന്നും സസ്‌തനികളില്‍ നാലിലൊന്ന്‌ ഭാഗവും പക്ഷിയിനങ്ങളില്‍ എട്ടിലൊന്നും കടുത്ത ഉന്‍മൂലന ഭീഷണി നേരിടുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. ഐ.യു.സി.എന്‍. ചുവപ്പ്‌ പട്ടിക (IUCN Red List) യിലുള്ള 44,838 ജീവിവര്‍ഗങ്ങളുടെ സ്ഥിതി അവലോകനം ചെയ്‌താണ്‌ ഇത്തരമൊരു നിഗമനത്തിലെത്തിയിട്ടുള്ളത്‌.

യു.എന്നിന്‌ കീഴില്‍ 1993-ല്‍ നിലവില്‍ വന്ന 'കണ്‍വെന്‍ഷന്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' (സി.ബി.ഡി) യാണ്‌, ജൈവവൈവിധ്യം നേരിടുന്ന ഭീഷണിക്കെതിരെ ലോകരാഷ്ട്രങ്ങളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്നത്‌. 168 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ഈ കരാര്‍ ലക്ഷ്യമിടുന്നത്‌, 'അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക തലങ്ങളില്‍ ജൈവവൈവിധ്യത്തിന്‌ സംഭവിക്കുന്ന ശോഷണം 2010 ആകുമ്പോഴേക്കും ഗണ്യമായി കുറയ്‌ക്കുക'യെന്നാണ്‌. എന്നാല്‍, ഈ പ്രഖ്യാപനം കടലാസിലൊതുങ്ങുമെന്ന്‌ ഐ.യു.സി.എന്‍. പറയുന്നു. ഐ.യു.സി.എന്‍. സ്‌പീഷിസ്‌ പ്രോഗ്രാം ഉപമേധാവി ജീന്‍-ക്രിസ്റ്റഫെ വീയുടെ അഭിപ്രായത്തില്‍, "വന്യജീവികളുടെ പ്രതിസന്ധി" നിലവില്‍ ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കാളും വളരെ രൂക്ഷമാണ്‌. സസ്യങ്ങളും ജീവികളുമായി 16,928 വര്‍ഗങ്ങള്‍ കടുത്ത വംശനാശ ഭീഷണിയിലെന്നാണ്‌ ഐ.യു.സി.എന്നിന്റെ കണക്ക്‌. ഏറ്റവുമധികം ഭീഷണി നേരിടുന്ന പത്ത്‌ ജീവികളെ ഇവിടെ പരിചയപ്പെടുക. ഇവ ഇല്ലാത്ത ഭൂമി എത്ര ദരിദ്രമായിരിക്കും എന്ന്‌ ചിന്തിച്ചു നോക്കുക.

1. ജാവന്‍ കാണ്ടാമൃഗം (Javan Rhinoceros)
(മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം കാണുക). ഇന്‍ഡൊനീഷ്യയിലും വിയ്‌റ്റ്‌നാമിലുമാണ്‌ ഇവ കാണപ്പെടുന്നത്‌. ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌ വെറും 60-ല്‍ താഴെ എണ്ണം മാത്രം. ഒരുപക്ഷേ, വലിയ സസ്‌തനികളില്‍ ലോകത്തേറ്റവുമധികം ഭീഷണി നേരിടുന്ന ജീവിയാണിത്‌. വേട്ടയും വനനാശവുമാണ്‌ ഇവയെ നിലനില്‍പ്പിന്റെ വക്കിലേക്ക്‌ തള്ളിവിട്ടത്‌.

2. വാക്വിറ്റ (Vaquita)
കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ കാണപ്പെടുന്ന ഡോള്‍ഫിന്‍ പോലൊരു ജലജീവിയാണിത്‌. 'വാക്വിറ്റ'യെന്നാല്‍ സ്‌പാനിഷില്‍ 'ചെറിയ പശു' എന്നാണര്‍ഥം. ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌ 200 മുതല്‍ 300 എണ്ണം വരെ. ചെറിയൊരു പ്രദേശത്ത്‌ മാത്രം കാണപ്പെടുന്ന ഇവ മത്സ്യബന്ധന വലകളില്‍ കുടുങ്ങി ചാവുന്നു.

3. ക്രോസ്‌ റിവര്‍ ഗൊറില്ല (Cross River Gorilla)
ആഫ്രിക്കയില്‍ നൈജീരിയ, കാമറൂണ്‍ എന്നിവിടങ്ങളിലാണ്‌ ഇത്തരം ഗൊറില്ലകള്‍ കാണപ്പെടുന്നത്‌. ഇനി അവശേഷിച്ചിട്ടുള്ളവയുടെ സംഖ്യ 300-ല്‍ താഴ മാത്രം. ഈ ജീവിവര്‍ഗത്തിന്‌ വംശനാശം നേരിട്ടതായി 1980-കളില്‍ കരുതിയെങ്കിലും, അവ ഇപ്പോഴും അവശേഷിക്കുന്നു. ഇറച്ചിക്കായി വേട്ടയാടപ്പെടുന്നതും, നഗരവികസനത്തിന്റെ ഭാഗമായി ആവാസവ്യവസ്ഥകള്‍ നശിപ്പിക്കപ്പെടുന്നതുമാണ്‌ ഇവയെ നാശത്തിന്റെ വക്കിലെത്തിച്ചത്‌.

4. സുമാത്രന്‍ കടുവ (Sumatran Tiger)
ഇന്‍ഡൊനീഷ്യയിലെ സുമാത്രയിലാണ്‌ കാണപ്പെടുന്നത്‌. അവശേഷിക്കുന്നത്‌ 600 സുമാത്രന്‍ കടുവകളില്‍ താഴെ മാത്രം. ഏതാണ്ട്‌ പത്തുലക്ഷം വര്‍ഷത്തിലേറെയായി സുമാത്രന്‍ കാടുകളില്‍ മാത്രം കഴിയുന്ന ഈ ചെറുകടുവകള്‍, ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്‌. വനനാശമാണ്‌ ഇവയുടെ നിലനില്‍പ്പ്‌ അപകടത്തിലാക്കിയത്‌.

5. സുവര്‍ണ തലയന്‍ കുരങ്ങ്‌ (Golden-Headed Langur)
വിയറ്റ്‌നാമില്‍ കാണപ്പെടുന്ന ഈ ജീവികള്‍ ഇനി എഴുപതില്‍ താഴെ എണ്ണം മാത്രമാണ്‌ അവശേഷിക്കുന്നത്‌. 2000 മുതല്‍ ഇവയെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചെങ്കിലും, ഈ കുരങ്ങ്‌ വര്‍ഗം ഇനിയും അപകടനില തരണം ചെയ്‌തിട്ടില്ല. എന്നാല്‍, ഏറെക്കാലത്തിന്‌ ശേഷം 2003-ല്‍ ഇവയുടെ അംഗസംഖ്യ വര്‍ധിക്കുകയുണ്ടായി.

6. ബ്ലാക്ക്‌-ഫൂട്ടെഡ്‌ ഫെരെറ്റ്‌ (Black-Footed Ferrte)
വടക്കേയമേരിക്കന്‍ സമതലങ്ങളില്‍ കാണപ്പെടുന്ന ഒരിനം സസ്‌തനികളാണ്‌ ഇവ. അവശേഷിക്കുന്നത്‌ ആയിരത്തോളം മാത്രം. ലോകത്തേറ്റവുമധികം ഭീഷണി നേരിടുന്ന സസ്‌തനികളില്‍ ഒന്നാണ്‌ ഈ ഫെരെറ്റ്‌. 1986-ല്‍ ഇവയുടെ എണ്ണം 18 ആയി ചുരുങ്ങിയിരുന്നു. പിന്നീടാണ്‌ ഇപ്പോഴത്തെ നിലയിലേക്ക്‌ എത്തിയത്‌.

7. ബോര്‍ണിയയിലെ കുള്ളന്‍ ആന (Borneo Pygmy Elephant)
വടക്കന്‍ ബോര്‍ണിയോ കാടുകളില്‍ കാണപ്പെടുന്ന ഈ കുള്ളന്‍ ആനകള്‍ ഇനി അവശേഷിക്കുന്നത്‌ 1500 എണ്ണം മാത്രമാണ്‌. ഏഷ്യന്‍ ആനകളെക്കാളും ഏതാണ്ട്‌ അരമീറ്റര്‍ പൊക്കം കുറവാണ്‌ ഈ കുള്ളന്‍ ആനകള്‍ക്ക്‌. ഇവയുടെ ആവാസകേന്ദ്രങ്ങള്‍ എണ്ണപ്പന തോട്ടങ്ങളായി മാറുകയും ജനവാസം കൂടുകയും ചെയ്‌തതാണ്‌ ഇവയെ വംശനാശ ഭീഷണിയിലാക്കിയത്‌.

8. ഭീമന്‍ പാണ്ട (Giant Panda)
ചൈന, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലായി ഇനി വെറും 2000 ഭീമന്‍ പാണ്ടകളേ അവശേഷിക്കുന്നുള്ളു. പാണ്ട വംശത്തിന്റെ അവസ്ഥ അപകടത്തിലാക്കിയത്‌, അവയുടെ ആവാസകേന്ദ്രങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതാണ്‌. സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ്‌ ഇപ്പോള്‍ ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ്‌.

9. ധ്രുവകരടി (Polar Bear)
ആര്‍ട്ടിക്‌ മേഖലയില്‍ വ്യാപകമായി കാണപ്പെട്ടിരുന്ന ഈ ജീവി ആഗോളതാപനത്തിന്റെ ഇരയായി കടുത്ത ഭീഷണി നേരിടുകയാണ്‌. അംഗസംഖ്യ 25000 ആയി ചുരുങ്ങിയിരിക്കുന്നു. വികസനപ്രവര്‍ത്തനങ്ങളും വേട്ടയും ഇവയുടെ സംഖ്യ ചുരുങ്ങുന്നതില്‍ മുഖ്യകാരണമായി.

10. മെക്കോങിലെ ഭീമന്‍ മത്സ്യം (Mekong Giant Catfish)
തെക്കുകിഴക്കന്‍ ഏഷ്യയിലെ മെക്കോങ്‌ മേഖലയില്‍ കാണപ്പെടുന്ന ഈ ഭീമന്‍ മത്സ്യം ഇപ്പോള്‍ കടുത്ത വംശനാശ ഭീഷണിയിലാണ്‌. ഏതാനും നൂറ്‌ മത്സ്യങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ അവശേഷിക്കുന്നത്‌. വ്യാപകമായി കൊന്നതാണ്‌ ഇവ ഭീഷണി
യാകാന്‍ കാരണം. തായ്‌ലന്‍ഡ്‌, ലാവോസ്‌, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇവ സംരക്ഷിത ജീവിയാണെങ്കിലും, ഇവയെ പിടിക്കുന്നത്‌ ഇപ്പോഴും തുടരുന്നു. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലുതിന്‌ 293 കിലോഗ്രാം ഭാരമുണ്ടായിരുന്നു. (അവലംബം:IUCN, UNEP, TIME Magazine).

2 comments:

Joseph Antony said...

ഐ.യു.സി.എന്‍. സ്‌പീഷിസ്‌ പ്രോഗ്രാം ഉപമേധാവി ജീന്‍-ക്രിസ്റ്റഫെ വീയുടെ അഭിപ്രായത്തില്‍, `വന്യജീവികളുടെ പ്രതിസന്ധി` നിലവില്‍ ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കാളും വളരെ രൂക്ഷമാണ്‌. സസ്യങ്ങളും ജീവികളുമായി 16,928 വര്‍ഗങ്ങള്‍ കടുത്ത വംശനാശ ഭീഷണിയിലെന്നാണ്‌ ഐ.യു.സി.എന്നിന്റെ കണക്ക്‌. ഏറ്റവുമധികം ഭീഷണി നേരിടുന്ന പത്ത്‌ ജീവികളെ ഇവിടെ പരിചയപ്പെടുക.

ശ്രീ said...

ഈ പരിചയപ്പെടുത്തലിനു നന്ദി മാഷേ