Thursday, February 26, 2009

രതിയുടെ ഉത്ഭവം

മുപ്പത്തിയാറരകോടി വര്‍ഷം പഴക്കമുള്ള ഒരു മത്സ്യഫോസിലില്‍നിന്ന്‌ രതിയുടെയും പ്രത്യുത്‌പാദനത്തിന്റെയും പ്രാചീനവഴികള്‍ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍.

വിചിത്രമാണ്‌ ജീവലോകത്തെ കാര്യങ്ങള്‍. തികച്ചും അപ്രതീക്ഷിതമായ ഒരു കോണില്‍നിന്നാവും ഏറെ ജിജ്ഞാസയുണര്‍ത്തുന്ന ഒരു സൂചന, അല്ലെങ്കില്‍ തെളിവ്‌ ലഭിക്കുക. ഓസ്‌ട്രേലിയിയില്‍ നിന്ന്‌ കണ്ടെടുത്ത്‌ കാല്‍നൂറ്റാണ്ടായി ലണ്ടനിലെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി (NHM) യുടെ ശേഖരത്തില്‍ സൂക്ഷിച്ചിരുന്ന ഒരു മത്സ്യഫോസിലിന്റെ കാര്യം അതാണ്‌ വ്യക്തമാക്കുന്നത്‌. വെട്ടിവിഴുങ്ങിയ ഇരയോടുകൂടി ജീവന്‍ വെടിഞ്ഞതെന്നു കരുതിയ ആ പ്രാചീനമത്സ്യത്തില്‍ നിന്ന്‌, രതിയുടെയും പുനരുത്‌പാദനത്തിന്റെയും പ്രാചീനവഴികള്‍ക്ക്‌ ശക്തമായ സൂചന ലഭിച്ചിരിക്കുകയാണിപ്പോള്‍.

36.5 കോടി വര്‍ഷം മുമ്പ,്‌ 'മത്സ്യയുഗം' എന്നറിയപ്പെടുന്ന ഉത്തര ഡിവോണിയന്‍ കാലഘട്ടത്തില്‍ (Upper Devonian Period) ജീവിച്ചിരുന്ന ആ മത്സ്യത്തിനുള്ളില്‍നിന്ന്‌ അഞ്ച്‌ സെന്റീമീറ്റര്‍ വരുന്ന ഭ്രൂണം കണ്ടെത്തിയതാണ്‌ പുതിയ തെളിവായത്‌. ശാസ്‌ത്രലോകം കരുതിയിരുന്നതിലും വളരെ മുമ്പുതന്നെ, ജീവികള്‍ ഇണചേര്‍ന്ന്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മംനല്‍കുന്ന സമ്പ്രദായം ജീവലോകത്ത്‌ നിലവില്‍ വന്നിരുന്നു എന്നാണ്‌, പുതിയ കണ്ടെത്തലില്‍നിന്ന്‌ അനുമാനിക്കേണ്ടതെന്ന്‌ 'നേച്ചര്‍' ഗവേഷണവാരിക പറയുന്നു.

മത്സ്യങ്ങളുടെയും മറ്റും കാര്യത്തില്‍ മാതാവിന്റെ ശരീരത്തിന്‌ വെളിയില്‍ വെച്ച്‌ അണ്ഡവും ബീജവും ഒന്നുചേര്‍ന്ന്‌ പുതിയ തലമുറയെ സൃഷ്ടിക്കുന്ന ബാഹ്യബീജസങ്കലന രീതി, ഇണചേരുന്ന രീതിക്ക്‌ വളരെ മുമ്പ്‌ നിലവില്‍ വന്നിരുന്നു എന്നാണ്‌ ഇതുവരെയുണ്ടായിരുന്ന സങ്കല്‍പ്പം. ആ ധാരണ തിരുത്തേണ്ടി വരുമെന്ന്‌്‌ പുതിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഇണചേരല്‍ വഴിയുള്ള ആന്തരബീജസങ്കലനവും മുമ്പുതന്നെ നിലവില്‍ വന്നിരുന്നു എന്നാണ്‌ മനസിലാക്കേണ്ടത്‌. "ആന്തരബീജസങ്കലനത്തെ സംബന്ധിച്ച്‌ ലഭ്യമായതില്‍ ഏറ്റവും പുരാതനമായ തെളിവാണിത്‌"-നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ക്യൂറേറ്ററായ സെരീന ജോഹാന്‍സന്‍ അറിയിക്കുന്നു.

'ഇന്‍സിസോസ്‌ക്യൂട്ടം റിച്ചീ' (Incisoscutum ritchiei) എന്ന്‌ ശാസ്‌ത്രീയനാമം നല്‍കിയിട്ടുള്ള ഈ മത്സ്യം, 'പ്ലാക്കൊഡേമുകള്‍' (placoderms) എന്ന പ്രാചീന മത്സ്യവിഭാഗത്തില്‍ പെടുന്നതാണ്‌. 1980-കള്‍ മുതല്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശേഖരത്തിലുണ്ടായിരുന്ന ഫോസില്‍ മത്സ്യം, അവസാന ഇരതേടലിന്‌ ശേഷം ചത്തതാണ്‌ എന്നായിരുന്നു നിഗമനം. അതിന്റെ വയറ്റില്‍ കാണപ്പെടുന്നത്‌ ഒടുവില്‍ തിന്ന ചെറുമത്സ്യമാണെന്ന്‌ ഗവേഷകര്‍ കരുതി. എന്നാല്‍, ഡോ. ജോഹാന്‍സനും കൂട്ടരും ആ ഫോസില്‍ പുനരവലോകനത്തിന്‌ വിധേയമാക്കിയപ്പോള്‍, അതിന്റെ വയറ്റിലുള്ളത്‌ ഇരയല്ല, അഞ്ച്‌ സെന്റീമീറ്റര്‍ നീളമുള്ള ഭ്രൂണമാണെന്ന്‌ വ്യക്തമായത്‌.

ഇന്ന്‌ കാണുന്ന നട്ടെല്ലികളുടെ (vertebrates) പ്രാചീന പൂര്‍വികരെന്ന്‌ കരുതുന്ന വിഭാഗമാണ്‌ പ്ലാക്കൊഡേമുകള്‍. "ആ നിലയ്‌ക്ക്‌ അവ നമ്മുടെ വിദൂരപൂര്‍വികരാണ്‌"-ഓസ്‌ട്രേലിയയില്‍ മ്യൂസിയം വിക്ടോറിയയിലെ ഗവേഷകനായ ഡോ. ജോണ്‍ ലോങ്‌ പറയുന്നു. ഡോ.ലോങും പുതിയ ഗവേഷണത്തില്‍ പങ്ക്‌ വഹിച്ചിരുന്നു. താടിയെല്ലുള്ളവയായിരുന്നു പ്ലാക്കോഡേമുകള്‍. ഡിവോണിയന്‍ കാലഘട്ടം തീര്‍ന്നതോടെ അവയുടെ കാലം കഴിയുകയും, താടിലെല്ലുള്ള മറ്റൊരു നട്ടെല്ലിയിനം പ്രത്യക്ഷപ്പെടുകയും ചെയ്‌തു. 'ബോണി മത്സ്യം' (bony fish) എന്നറിയപ്പെടുന്ന അവയാണ്‌ ടെട്രാപോഡുകള്‍ (tetrapods) ആയി പരിണമിച്ചത്‌. നാല്‌ കാലുകളോടുകൂടിയ അവയില്‍നിന്നാണ്‌്‌ പിന്നീട്‌ സസ്‌തനികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍, ഉഭയജീവികള്‍ ഒക്കെ ഉടലെടുത്തതെന്ന്‌ കരുതുന്നു.

ഇന്ന്‌ ഭൂമുഖത്ത്‌ കാണുന്ന പല ജീവികളുടെയും തുടക്കമായിരുന്നിരിക്കാം, പുതിയതായി കണ്ടെത്തിയ പ്രാചീനമത്സ്യയിനം എന്ന്‌ സാരം. സ്വാഭാവികമായും ഇന്ന്‌ നിലനില്‍ക്കുന്ന പ്രധാന പ്രത്യുത്‌പാദനപ്രക്രിയ ആ പ്രാചീനജീവികളില്‍ കാണപ്പെട്ടു എന്നതില്‍ അതിശയിക്കേണ്ട കാര്യമില്ല. "പ്രത്യുത്‌പാദന ജീവശാസ്‌ത്രത്തിന്റെ തെളിവ്‌ ഫോസില്‍ റിക്കോര്‍ഡുകളില്‍ നിന്ന്‌ ലഭിക്കുക അങ്ങേയറ്റം അപൂര്‍വമാണ്‌. ആ നിലയ്‌ക്ക്‌ വളരെ പ്രാധാനപ്പെട്ട ഫോസില്‍ തെളിവാണിത്‌"-ഡോ. ജോഹാന്‍സന്‍ പറയുന്നു.

ഇണചേരുന്നതിനും പെണ്‍മത്സ്യത്തിന്റെ ശരീരത്തിനുള്ളില്‍ ആണ്‍മത്സ്യത്തിന്‌ ബീജം നിക്ഷേപിക്കാനും, സ്രാവുകളില്‍ കാണപ്പെടുന്നതുപോലുള്ള ശരീര സംവിധാനം ആ പ്രാചീന മത്സ്യത്തിലും ഉണ്ടായിരുന്നുവെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. ഇത്തരം പ്രാചീന ജീവികള്‍ക്കിടയില്‍ ഇണചേരല്‍ സാധാരണമായിരുന്നു എന്നുവേണം കരുതാനെന്ന്‌ ഗവേഷകര്‍ പറയുന്നു.
(അവലംബം: നേച്ചര്‍).  

9 comments:

Joseph Antony said...

വിചിത്രമാണ്‌ ജീവലോകത്തെ കാര്യങ്ങള്‍. തികച്ചും അപ്രതീക്ഷിതമായ ഒരു കോണില്‍നിന്നാവും ഏറെ ജിജ്ഞാസയുണര്‍ത്തുന്ന ഒരു സൂചന, അല്ലെങ്കില്‍ തെളിവ്‌ ലഭിക്കുക. ഓസ്‌ട്രേലിയിയില്‍ നിന്ന്‌ കണ്ടെടുത്ത്‌ കാല്‍നൂറ്റാണ്ടായി ലണ്ടനിലെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റിയുടെ ശേഖരത്തില്‍ സൂക്ഷിച്ചിരുന്ന ഒരു മത്സ്യഫോസിലിന്റെ കാര്യം അതാണ്‌ വ്യക്തമാക്കുന്നത്‌. വെട്ടിവിഴുങ്ങിയ ഇരയോടുകൂടി ജീവന്‍ വെടിഞ്ഞതെന്നു കരുതിയ ആ പ്രാചീനമത്സ്യത്തില്‍ നിന്ന്‌, രതിയുടെയും പുനരുത്‌പാദനത്തിന്റെയും പ്രാചീനവഴികള്‍ക്ക്‌ ശക്തമായ സൂചന ലഭിച്ചിരിക്കുകയാണിപ്പോള്‍.

SunilKumar Elamkulam Muthukurussi said...

മാഷെ, മത്സ്യ കൂർമ്മ വരാഹ...
ദിലൊക്കെ സാധാരണക്കാർ വിശ്വസിക്കുന്നതിന് കുറ്റം പറയാനുണ്ടോ? പലതും വിദൂരനോട്ടത്തിലെങ്കിലും ഇത്തരം പുരാണസങ്കൽ‌പ്പങ്ങളോട് ഒത്തുചേർന്നു പോകുന്നു എന്ന് ഇതുവായിച്ചപ്പോൾ എനിക്ക് തോന്നി!
-സു-

Melethil said...

കൌതുകകരം, പല വിധത്തിലും!

ഉണ്ണികള്‍ക്കും ഒരു ബ്ലോഗ് said...

ഹ ഹ ഹ അങനെ ആണല്ലേ കാരിങള്‍

ചാണക്യന്‍ said...

വായിച്ചു....

വികടശിരോമണി said...

അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയിൽ‌വെ സ്റ്റേഷനുണ്ടായത്.

Rini said...

36.5 കോടി വര്‍ഷം മുമ്പ,്‌ 'മത്സ്യയുഗം' എന്നറിയപ്പെടുന്ന ഉത്തര ഡിവോണിയന്‍ കാലഘട്ടത്തില്‍ (Upper Devonian Period) ജീവിച്ചിരുന്ന ആ മത്സ്യത്തിനുള്ളില്‍നിന്ന്‌ അഞ്ച്‌ സെന്റീമീറ്റര്‍ വരുന്ന ഭ്രൂണം കണ്ടെത്തിയതാണ്‌ പുതിയ തെളിവായത്‌
ഈ അടുത്ത ദിവസം പത്രത്തില്‍ വായിച്ചിരുന്നു.. ഒരു കോഴിയെ വെട്ടിയപ്പോള്‍ വയ്ട്ടിനകത്തു ഒരു ചത്ത കൊഴികുഞ്ഞു..

fahad said...

ഇങ്ങനെ ഒക്കെ പരിണമിചിട്ടും ഇന്നേവരെ ഒരു ജീവിയും മരണത്തെ അതിജീവിക്കാത്തത് എന്താണാവോ..?

പാര്‍ത്ഥന്‍ said...

“തലക്കെട്ട്” ഈ വിഷയത്തിൽ എത്രകണ്ട് യോജിക്കുന്നുണ്ട്?
ഈ ബ്രഹ്മാണ്ഡത്തിൽ ജീവൻ ഉത്ഭവിച്ചതു മുതൽ ഈ രതി തുടങ്ങിയിട്ടുണ്ടാകും, ഏകകോശജീവി മുതൽ.