Wednesday, February 25, 2009

അര്‍ബുദസാധ്യത കണ്ടെത്താന്‍ ഒരുതുള്ളി രക്തം

വെറും ഒരുതുള്ളി രക്തമുപയോഗിച്ച്‌ അര്‍ബുദ പ്രോട്ടീനുകളെ തിരിച്ചറിയാനും രോഗസാധ്യതയെത്രയെന്ന്‌ മനസിലാക്കാനും സഹായിക്കുന്ന ചെലവുകുറഞ്ഞ സങ്കേതം രംഗത്തെത്തുന്നു.

രക്തത്തിലെ പ്രോട്ടീന്‍ തിരിച്ചറിയുന്നതിന്‌ നിലവിലുള്ള മാര്‍ഗങ്ങള്‍ ചെലവേറിയവയാണ്‌; മാത്രമല്ല പരിശോധനയ്‌ക്ക്‌ വലിയ അളവില്‍ രക്തം പലതവണ ആവശ്യമായി വരുന്നു. എന്നാല്‍, ഒരുതുള്ളി രക്തത്തിന്റെ സഹായത്തോടെ വെറും പത്തുമിനിറ്റുകൊണ്ട്‌ പ്രോട്ടീനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരിനം 'മൈക്രോഫ്‌ളൂയിഡ്‌ ചിപ്പി'ന്‌ രൂപം നല്‍കിയിരിക്കുകയാണ്‌ അമേരിക്കന്‍ ഗവേഷകര്‍. അതിന്റെ ഉപയോഗം പരീക്ഷണാര്‍ഥം ആരംഭിച്ചു കഴിഞ്ഞതായി 'നേച്ചര്‍ ബയോടെക്‌നോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

പുതിയ ചിപ്പിന്റെ സഹായത്തോടെ രോഗിയുടെ കിടക്കയ്‌ക്കരികില്‍ വെച്ചുതെന്ന പരിശോധന നടത്താനാകും എന്നാണ്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്‌. അര്‍ബുദം മാത്രമല്ല മറ്റ്‌ മാരകരോഗങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ സാന്നിധ്യം ശരീരത്തിലുണ്ടോ എന്ന്‌ തിരിച്ചറിയാനും പുതിയ സങ്കേതം സഹായിക്കും. പ്രായമേറിയവരുടെ കാര്യത്തില്‍ വലിയ അനുഗ്രഹമാകും ഈ പരിശോധന. കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) യിലെ രസതന്ത്ര പ്രൊഫസര്‍ ജെംയിസ്‌ ഹീത്തും, 'ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ സിസ്റ്റംസ്‌ ബയോളജി'യുടെ പ്രസിഡന്റ്‌ ലിയോറി ഹൂഡും ചേര്‍ന്നാണ്‌ പുതിയ ചിപ്പ്‌ രൂപപ്പെടുത്തിയത്‌.

രക്തത്തില്‍ സീറത്തിലെ പ്രോട്ടീനുകളാണ്‌ പരിശോധിക്കുക. `രോഗങ്ങള്‍ തിരിച്ചറിയാനുള്ള സുപ്രധാന വാതായനമാണ്‌ സീറം പ്രോട്ടീനുകള്‍`-ലോസ്‌ ഏഞ്‌ജലിസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പാത്തോളജി പ്രൊഫസര്‍ പോള്‍ മിഷെല്‍ പറയുന്നു. പാശ്ചാത്യരാജ്യങ്ങളിലെ നിലവാരം വെച്ചാണെങ്കില്‍, നിലവില്‍ രക്തത്തിലെ ഒരു പ്രോട്ടീന്‍ തിരിച്ചറിയാനുള്ള ചെലവ്‌ 500 ഡോളര്‍ (ഏതാണ്ട്‌ 24000 രൂപ) വരും, 15 മില്ലിലിറ്ററോളം രക്തവും രോഗിയില്‍നിന്ന്‌ കുത്തിയെടുക്കണം. ഒപ്പം മണിക്കൂറുകള്‍ നീളുന്ന ശ്രമകരമായ പരിശോധനകളും ആവശ്യമാണ്‌. ആ സ്ഥിതിക്ക്‌ മാറ്റമുണ്ടാക്കാനാണ്‌ തങ്ങളുടെ ശ്രമമെന്ന്‌ പ്രൊഫ. ഹീത്ത്‌ അറിയിക്കുന്നു. ചെലവുകുറഞ്ഞ രീതിയില്‍ അര്‍ബുദസാധ്യതയോ രോഗസാന്നിധ്യമോ നേരത്തെ കണ്ടെത്താനായാല്‍ ഫലപ്രദമായ പ്രതിരോധനടപടികള്‍ വഴി രോഗത്തെ നിയന്ത്രിക്കാനാവും.

രോഗിയുടെ ഒരുതുള്ളി രക്തം ചിപ്പിലെ സൂക്ഷ്‌മചാനലിലേക്ക്‌ ചെറിയൊരു ബാഹ്യസമ്മര്‍ദത്തിന്റെ സഹായത്തോടെ സന്നിവേശിപ്പിക്കുകയാണ്‌ പരിശോധനാവേളയില്‍ ചെയ്യുക. ആദ്യചാനല്‍ ശാഖോപശാഖകളായി പിരിയുന്നതോടെ കൂടുതല്‍ ഇടുങ്ങിയതായി വരുന്ന രൂപത്തിലാണ്‌ ചിപ്പിന്റെ രൂപകല്‍പ്പന. അതിനാല്‍, ചിപ്പിനുള്ളിലേക്ക്‌ എത്തുന്നതോടെ രക്തകോശങ്ങള്‍ അതില്‍നിന്ന്‌ ഒഴിവാകുകയും പ്രോട്ടീന്‍സമ്പന്നമായ സീറം മാത്രം ഉള്ളിലേക്ക്‌ പ്രവേശിക്കുകയും ചെയ്യും (നിലവില്‍ ഈ സീറം വേര്‍തിരിക്കലിന്‌ പ്രത്യേകയിനം സെന്‍ട്രിഫ്യൂജുകള്‍ ആവശ്യമാണ്‌). ചിപ്പിലെ ഇടുങ്ങിയ ചാനലുകളില്‍ വിവിധ ആന്റിബോഡികളു (പ്രതിദ്രവ്യം) ടെ നിരകള്‍ സജ്ജമാക്കിയിട്ടുണ്ട്‌. അവയില്‍ ഓരോ ആന്റിബോഡിയും സീറത്തില്‍നിന്ന്‌ ബന്ധപ്പെട്ട പ്രോട്ടീനുകളെ പിടിച്ചെടുക്കും.

രക്തവും സീറവും പുറത്തുകളഞ്ഞ ശേഷം ചുവപ്പ്‌ ഫ്‌ളുറസെന്റ്‌ പ്രോട്ടീനുകള്‍ ചിപ്പിലേക്ക്‌ സന്നിവേശിപ്പിക്കും. രക്തത്തില്‍ നിന്ന്‌ പ്രോട്ടീനുകള്‍ ആഗിരണം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ പ്രകാശമടിക്കുമ്പോള്‍ തിളങ്ങാന്‍ തുടങ്ങും. അത്‌ 'പ്രോട്ടീന്‍ ബാര്‍കോഡുകള്‍' (protein bar codes) ആയി രൂപപ്പെട്ടിരിക്കുകയാണ്‌. ഫ്‌ളൂറസെന്റ്‌ മൈക്രോസ്‌കോപ്പിന്റെയോ, ജീന്‍ചിപ്പ്‌ സ്‌കാനറിന്റെയോ സഹായത്തോടെ രക്തത്തിലെ പ്രോട്ടീനുകള്‍ ഏതെന്ന്‌ വായിച്ചെടുക്കാം. ഏത്‌ രോഗത്തിന്റെ സാന്നിധ്യമാണോ പരിശോധിക്കേണ്ടത്‌ അതിനനുസരിച്ച്‌ ബന്ധപ്പെട്ട ആന്റിബോഡികള്‍ ഉപയോഗിച്ച്‌ ചിപ്പുകള്‍ രൂപപ്പെടുത്താനാകും. ഇപ്പോള്‍ പരീക്ഷണാര്‍ഥം ഉപയോഗിക്കുന്ന ചിപ്പുകള്‍ സ്‌തനാര്‍ബുദവും പ്രോസ്‌റ്റേറ്റ്‌ അര്‍ബുദവും തിരിച്ചറിയാന്‍ വേണ്ടിയുള്ളതാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

പുതിയയിനം പരിശോധന ചിപ്പുകള്‍ക്ക്‌ ചെലവ്‌ കുറവാണെങ്കിലും അതിന്റെ ഉള്ളടക്കം മനസിലാക്കാന്‍ സഹായിക്കുന്ന ഫ്‌ളുറസെന്റ്‌ മൈക്രോസ്‌കോപ്പുകള്‍ ചെലവേറിയതും യുദ്ധമേഖലയിലോ വീടുകളിലോ ഒക്കെ എത്തിച്ച്‌ പരിശോധന നടത്താന്‍ കഴിയുന്നതിലും ഭാരമേറിയവയുമാണ്‌. അതിനാല്‍ ഫ്‌ളൂറസെന്റ്‌ പ്രോട്ടീനുകളുടെ പരിധിയില്‍ നിന്ന്‌ ഇത്തരം പരിശോധനാരീതികള്‍ മാറേണ്ടതുണ്ടെന്ന്‌ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലിയ്‌ക്ക്‌ കീഴിലെ കെക്ക്‌ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ എമില്‍ കര്‍താലോവ്‌ അഭിപ്രായപ്പെടുന്നു. ലളിതമായ രീതിയില്‍ പരിശോധിക്കാന്‍ കഴിയും വിധം ചാര്‍ജുചെയ്യപ്പെട്ട പ്രോട്ടീനുകള്‍ ഭാവിയില്‍ ഉപയോഗിക്കാനാകും എന്നാണ്‌ അദ്ദേഹം വിശ്വസിക്കുന്നത്‌.
(അവലംബം: നേച്ചര്‍ ബയോടെക്‌നോളജി, കടപ്പാട്‌: മാതൃഭൂമി)

2 comments:

Joseph Antony said...

ഒരുതുള്ളി രക്തത്തിന്റെ സഹായത്തോടെ വെറും പത്തുമിനിറ്റുകൊണ്ട്‌ പ്രോട്ടീനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരിനം 'മൈക്രോഫ്‌ളൂയിഡ്‌ ചിപ്പി'ന്‌ രൂപം നല്‍കിയിരിക്കുകയാണ്‌ അമേരിക്കന്‍ ഗവേഷകര്‍. അതിന്റെ ഉപയോഗം പരീക്ഷണാര്‍ഥം ആരംഭിച്ചു കഴിഞ്ഞതായി 'നേച്ചര്‍ ബയോടെക്‌നോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

Ashly said...

Thanks for sharing :) Hope to see these devices soon all over the world !!