Friday, February 22, 2008

മരിച്ച ഹൃദയം സ്‌പന്ദിക്കുന്നു

കൃത്രിമ അവയവനിര്‍മാണ രംഗത്ത്‌ വന്‍മുന്നേറ്റം. ആദ്യ ഹൃദയംമാറ്റിവെക്കലിന്‌ തുല്യമായ നാഴികക്കല്ല്‌

മൂശാരിമാരുടെ ജോലി ശ്രദ്ധിച്ചാല്‍ അറിയാം, അച്ചുണ്ടാക്കലാണ്‌ മുഖ്യം. അത്‌ ശരിയാക്കി കഴിഞ്ഞാല്‍ ബാക്കിയെല്ലാം താരതമ്യേന എളുപ്പമാണ്‌. ലോഹം ഉരുക്കി അച്ചിലൊഴിച്ച്‌ തണുപ്പിച്ച്‌ പാത്രങ്ങള്‍ നിര്‍മിച്ചാല്‍ മതി. ശരീരത്തിലെ അവയവങ്ങള്‍ ഇത്തരത്തില്‍ രൂപപ്പെടുത്താന്‍ കഴിയുമെന്ന്‌ വന്നാലോ. അസംഭാവ്യം എന്ന്‌ തോന്നാം. എന്നാല്‍, ശാസ്‌ത്രത്തിന്റെ വിശാല ഭൂമികയില്‍ ഒന്നും അസംഭാവ്യമല്ല എന്നതാണ്‌ വാസ്‌തവം. മൂശാരിമാരുടെ ജോലിയെ അനുസ്‌മരിപ്പിക്കുന്ന തരത്തില്‍ എലിയുടെ ഹൃദയം രൂപപ്പെടുത്തിയിരിക്കുകയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍. പക്ഷേ, ഇവിടെ അച്ചായി ഉപയോഗിച്ചത്‌ മരിച്ച ഹൃദയമാണ്‌; ലോഹത്തിന്റെ സ്ഥാനത്ത്‌ ജീവനുള്ള എലിയുടെ ഹൃദയകോശങ്ങളും. അങ്ങനെ മരിച്ച ഹൃദയം വീണ്ടും ജീവന്‍വെച്ച്‌ സ്‌പന്ദിച്ചു.

മിന്നസോട്ട സര്‍വകലാശാലയിലെ ഡോ.ഡൊറിസ്‌ എ.ടെയ്‌ലറും സംഘവുമാണ്‌ ഈ മുന്നേറ്റത്തിന്‌ പിന്നില്‍. ഈ വിദ്യ മനുഷ്യരുടെ കാര്യത്തില്‍ പ്രവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍, അവയവം മാറ്റിവെക്കല്‍രംഗത്ത്‌ അത്‌ വിപ്ലവം തന്നെ സൃഷ്ടിക്കും. 1968 ഡിസംബര്‍ മൂന്നിനാണ്‌ ശസ്‌ത്രക്രിയാരംഗത്ത്‌ ഒരു സുപ്രധാന നാഴികക്കല്ല്‌ പിറന്നത്‌. ക്രിസ്‌ത്യന്‍ ബര്‍ണാഡ്‌ എന്ന ദക്ഷിണാഫ്രിക്കന്‍ സര്‍ജന്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി നടത്തിയത്‌ അന്നാണ്‌. അതിന്‌ സമാനമായ മറ്റൊരു നാഴികക്കല്ലാണ്‌, ഡോ. ടെയ്‌ലറും സംഘവും കൈവരിച്ചിരിക്കുന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു.

മരിച്ച ഹൃദയത്തില്‍നിന്ന്‌ കോശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു ഗവേഷകസംഘം ആദ്യപടിയായി ചെയ്‌തത്‌. ഹൃദയവാല്‍വുകളും പുറംഭിത്തിയും ധമനികളും നിലനിര്‍ത്തി. ഹൃദയത്തിന്റെ അച്ച്‌ തയ്യാറാക്കിയത്‌ അങ്ങനെയാണ്‌. അതിനുശേഷം ആ അച്ചിനുള്ളിലേക്ക്‌ നവജാതഎലികളുടെ ഹൃദയകോശങ്ങള്‍ കുത്തിവെച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കോശങ്ങള്‍ ഒന്നുചേര്‍ന്ന്‌ പുതിയ ഹൃദയമായി സ്‌പന്ദിക്കാനാരംഭിച്ചു. സാധാരണഹൃദയത്തില്‍ നിന്നെന്നപോലെ അത്‌ വൈദ്യുതസ്‌പന്ദനങ്ങള്‍ പുറപ്പെടുവിക്കാനാരംഭിച്ചു. ചെറിയ തോതില്‍ രക്തം പമ്പുചെയ്യാനും തുടങ്ങി. `പ്രകൃതിക്ക്‌ ആവശ്യമായ ഘടകപദാര്‍ഥങ്ങള്‍ നല്‍കുക. എന്നിട്ട്‌ നമ്മള്‍ മാറിനില്‍ക്കുക', ഇതാണ്‌ തങ്ങള്‍ സ്വീകരിച്ച സമീപനമെന്ന്‌ ഡോ.ടെയ്‌ലര്‍ അറിയിക്കുന്നു.

ഇത്രയും ആയതുകൊണ്ട്‌ നാളെത്തന്നെ മനുഷ്യര്‍ക്ക്‌ ഈ വിദ്യ സഹായത്തിനെത്തും എന്ന്‌ കരുതരുത്‌. ഗവേഷണം പ്രാരംഭഘട്ടത്തിലാണെന്ന്‌ ഓര്‍ക്കുക. പുതിയൊരു സാധ്യത തെളിഞ്ഞുവരിക മാത്രമാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌. ഇത്‌ മനുഷ്യരില്‍ പ്രാവര്‍ത്തികമാകുമോ എന്ന്‌ ഇനിയും അറിയില്ല. കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും കഴിയാതെ ഇത്തരം കൃത്രിമ അവയവങ്ങള്‍ മനുഷ്യര്‍ക്ക്‌ ലഭ്യമാകുമെന്ന്‌ കരുതാനാകില്ലെന്ന്‌ ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.

പക്ഷേ, മനുഷ്യരില്‍ ഇത്‌ പ്രാവര്‍ത്തികമാകാന്‍ നല്ല സാധ്യതയുണ്ടെന്നാണ്‌ വിദഗ്‌ധര്‍ കരുതുന്നത്‌. ഹൃദയവിത്തുകോശങ്ങള്‍ മനുഷ്യഹൃദയത്തിന്റെ 'അച്ചി'ലേക്ക്‌ സന്നിവേശിപ്പിച്ച്‌ പുതിയ ഹൃദയം രൂപപ്പെടുത്താന്‍ കഴിഞ്ഞേക്കും. ഹൃദയം മാത്രമല്ല, മനുഷ്യശരീരത്തിലെ ഏത്‌ അവയവവും-അത്‌ വൃക്കയാകട്ടെ, കരളാകട്ടെ, ശ്വാസകോശമാകട്ടെ, പാന്‍ക്രിയാസാകട്ടെ-പരീക്ഷണശാലയില്‍ കൃത്രിമമായി നിര്‍മിക്കാനുള്ള സാധ്യതയാണ്‌ പുതിയ ഗവേഷണം മുന്നോട്ടുവെക്കുന്നതെന്ന്‌ ഡോ.ടെയ്‌ലര്‍ പറയുന്നു.

ശരീരത്തിലെത്തുന്ന ഏത്‌ അന്യവസ്‌തുവിനെയും ശരീരം തിരസ്‌ക്കരിക്കും. ശസ്‌ത്രക്രിയാരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്‌. അത്‌ മറികടക്കാനുള്ള മികച്ച മാര്‍ഗം, രോഗിയുടെ വിത്തുകോശങ്ങള്‍ ഉപയോഗിച്ച്‌ മാറ്റിവെയ്‌ക്കേണ്ട അവയവങ്ങള്‍ നിര്‍മിക്കുക എന്നതാണ്‌. വിത്തുകോശ ഗവേഷണവും ടിഷ്യൂഎന്‍ജിനിയറിങും സമ്മേളിപ്പിച്ചാല്‍, കൃത്രിമ അവയവനിര്‍മാണരംഗത്ത്‌ വന്‍കുതിച്ചുചാട്ടം പ്രതീക്ഷിക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ആ ദിശയില്‍ ചില പ്രാഥമിക വിജയങ്ങള്‍ ഇതിനകം നേടുകയും ചെയ്‌തിട്ടുണ്ട്‌. കൃത്രിമമായി വളര്‍ത്തിയെടുത്ത ചര്‍മം ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നുണ്ട്‌. രോഗിയുടെ തന്നെ കോശങ്ങളുപയോഗിച്ച്‌ മൂത്രസഞ്ചി രൂപപ്പെടുത്തിയത്‌ കഴിഞ്ഞവര്‍ഷം വലിയ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌, ടിഷ്യുഎന്‍ജിനിയറിങിന്റെ മേഖലയില്‍ നവാഗതയായ ഡോ. ടെയ്‌ലര്‍ നടത്തിയ മുന്നേറ്റം പ്രാധാന്യമര്‍ഹിക്കുന്നത്‌.(അവലംബം: നേച്ചര്‍ മെഡിസിന്‍)

7 comments:

Joseph Antony said...

മൂശാരിമാര്‍ വെങ്കലപാത്രങ്ങള്‍ അച്ചില്‍ വാര്‍ത്തെടുക്കും പോലെ, അവയവങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുമെന്ന്‌ വന്നാലോ. അസംഭാവ്യം എന്ന്‌ തോന്നാം. എന്നാല്‍, ശാസ്‌ത്രത്തിന്റെ വിശാല ഭൂമികയില്‍ ഒന്നും അസംഭാവ്യമല്ല എന്നതാണ്‌ വാസ്‌തവം. മൂശാരിമാരുടെ ജോലിയെ അനുസ്‌മരിപ്പിക്കുന്ന തരത്തില്‍ എലിയുടെ ഹൃദയം രൂപപ്പെടുത്തിയിരിക്കുകയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍. ഈ വിദ്യ മനുഷ്യരുടെ കാര്യത്തില്‍ പ്രവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍, അവയവം മാറ്റിവെക്കല്‍രംഗത്ത്‌ അത്‌ വിപ്ലവം സൃഷ്ടിക്കും.

സു | Su said...

നല്ല കാര്യം തന്നെ. രോഗികള്‍ക്കും, അപകടം സംഭവിക്കുന്നവര്‍ക്കും ആശ്വാസമാവും. പക്ഷെ എന്നെങ്കിലും നടപ്പിലാവുമോ?

ഡോക്ടര്‍ said...

ithokke eppo nadakkum????gaveshana rangath ithu pole orupaad pratheekshakalund...namukk kaathirikkaam...

ധ്വനി | Dhwani said...

നല്ല കാര്യം തന്നെ! പക്ഷേ ഹൃദയവിത്തുകോശങ്ങള്‍ എന്നു കേട്ടപ്പോള്‍ ഒരു പ്രയാസം തോന്നി!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla kaaryam???

ദേവന്‍ said...

നിലച്ച ഹൃദയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ നാളേറെയെടുത്താലും മരിച്ച ഹൃദയപേശികള്‍ (ഇന്‍ഫാര്‍ക്റ്റ്)മാറ്റി പുതിയവയെ വളര്‍ത്തുന്ന കാലം വളരെയടുത്തെത്തിയോ മാഷേ?

വേണു venu said...

ഇതൊക്കെ സാധ്യമാകുന്ന കാലം വിദൂരമല്ല.അല്ലേ മാഷേ.?