Thursday, February 28, 2008

ലോകാവസാനം 760 കോടി വര്‍ഷമരികെ!

ചുമപ്പ്‌ കുള്ളനായി മാറുമ്പോള്‍ സൂര്യന്‌ ഇപ്പോഴത്തേതിന്റെ ആയിരം ഇരട്ടിയാകും വലിപ്പം. അഞ്ഞൂറ്‌ കോടിവര്‍ഷം കഴിയുമ്പോള്‍ അത്‌ സംഭവിക്കും. ഭൂമിയുള്‍പ്പടെയുള്ള സമീപ ഗ്രഹങ്ങളുടെ ഭ്രമണപഥവും കടന്ന്‌ സൂര്യന്‍ വളര്‍ന്നിട്ടുണ്ടാകും. എങ്കിലും 760 കോടി വര്‍ഷം കൂടി ഭൂമി നിലനില്‍ക്കും. പക്ഷേ, അന്നിവിടെ ജീവനുണ്ടാകില്ല-പുതിയൊരു ഗവേഷണം പറയുന്നു.

1650-ലാണ്‌, ഭൂമിയുടെ പ്രായം കണക്കാക്കാന്‍ ചര്‍ച്ച്‌ ഓഫ്‌ അയര്‍ലന്‍ഡിലെ ആര്‍ച്ച്‌ ബിഷപ്പ്‌ ജയിംസ്‌ ഉഷര്‍ കാര്യമായി ശ്രമിച്ചു. പഴയനിയമവും മറ്റ്‌ ചരിത്രരേഖകളും വിശദമായി പരിശോധിച്ച അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്‌: 4004 ബി.സി. ഒക്ടോബര്‍ 23 ഉച്ചയ്‌ക്ക്‌ ഭൂമി സൃഷ്ടിക്കപ്പെട്ടു! എങ്ങനെ ഈ തീയതിയില്‍ അദ്ദേഹമെത്തി എന്നത്‌ ഇന്നും ഒരു പ്രഹേളികയാണ്‌. ഭൂമിയുടെ യഥാര്‍ഥ പ്രായം എത്രയെന്ന്‌ അറിയാന്‍ പിന്നെയും നൂറ്റാണ്ടുകള്‍ പിന്നിടേണ്ടി വന്നു; ശാസ്‌ത്രം വളരെയേറെ പുരോഗമിക്കുകയും വേണ്ടിയിരുന്നു. ഷിക്കാഗോ സര്‍വകലാശാലയിലെ ക്ലേര്‍ പാറ്റേഴ്‌സണ്‍ എന്ന ഗവേഷകന്‍ 1953-ല്‍ കൃത്യമായി കണക്കാക്കി; ഭൂമി 455 കോടി വര്‍ഷത്തിന്റെ ചെറുപ്പത്തിലാണെന്ന്‌.

അങ്ങനെയെങ്കില്‍ഇനി എത്രകാലം കൂടി നമ്മുടെ ഗ്രഹം നിലനില്‍ക്കും. ഭൂമിയുടെ അന്ത്യവിധി എന്നാണ്‌, എന്താണ്‌. അതാണ്‌ ലോകാവസാനമെങ്കില്‍ എന്നാകും അത്‌ സംഭവിക്കുക. ഈ ചോദ്യത്തിന്‌ ഉത്തരവുമായി എത്തിയിരിക്കുകയാണ്‌ ഇംഗ്ലണ്ടില്‍ സസ്സെക്‌സ്‌ സര്‍വകലാശാലയിലെ വാനശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ സ്‌മിത്ത്‌. മെക്‌സിക്കോയില്‍ ഗ്വാനജുവറ്റൊ സര്‍വകലാശാലയിലെ കൗസ്‌-പീറ്റര്‍ ഷ്രോഡറുമായി ചേര്‍ന്ന്‌ റോബര്‍ട്ട്‌ നടത്തിയ കണക്കുകൂട്ടലിന്റെ ഫലം ഇതാണ്‌-760 കോടി വര്‍ഷം കൂടിയേ ഭൂമി ഉണ്ടാകൂ. അതുകഴിഞ്ഞാല്‍, അപ്പോഴേക്കും ഒരു 'ചുമപ്പ്‌ഭീമന്‍' ആയി മാറിക്കഴിഞ്ഞിട്ടുള്ള സൂര്യനില്‍ ഭൂമി വിലയം പ്രാപിക്കും-'അസ്‌ട്രോഫിസിക്‌സ്‌' ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

സൂര്യനിപ്പോള്‍ യൗവനമാണ്‌, പ്രായം വെറും 500 കോടി വര്‍ഷം മാത്രം. ഇനിയൊരു 500 കോടി വര്‍ഷം കൂടി എരിയാനുള്ള ഹൈഡ്രജന്‍ ഇന്ധനം സൂര്യനിലുണ്ട്‌. അത്‌ എരിഞ്ഞു തീരാറാകുമ്പോള്‍ സൂര്യന്റെ ആന്തരികഭാഗം ഗുരുത്വാകര്‍ഷണത്താല്‍ അതീവ സമ്മര്‍ദത്തിലാകും. അണുസംയോജന പ്രവര്‍ത്തനം ബാഹ്യപാളിയിലാകും നടക്കുക. അതിന്റെ ഫലമായി ബാഹ്യഭാഗം വികസിക്കാനാരംഭിക്കും. വലിപ്പം അതിഭീമമാകും. ഭൂമിയുള്‍പ്പടെ, സൂര്യന്റെ സമീപത്തുള്ള ഗ്രഹങ്ങളുടെ ഭ്രമണപഥവും കടന്ന്‌ സൂര്യന്‍ വികസിക്കും. ഇന്ധനം തീരാറാകുമ്പോള്‍, സൂര്യന്റെ പകുതി മുതല്‍ ആറിരട്ടി വരെ പിണ്ഡമുള്ള നക്ഷത്രങ്ങളെല്ലാം കാത്തിരിക്കുന്നത്‌ ചുമപ്പ്‌ഭീമന്‍ എന്ന വിധിയാണ്‌. ഇപ്പോഴത്തെ സൂര്യന്റെ ആയിരം ഇരട്ടിയാണ്‌ ചുമപ്പ്‌ഭീമന്റെ വലിപ്പം.

ചുമപ്പ്‌ഭീമനായി മാറുന്ന സൂര്യന്റെ ബാഹ്യാന്തരീക്ഷമാണ്‌ ആദ്യം വലുതാവുക. വളരെ സാന്ദ്രത കുറഞ്ഞ ആ വാതകലോകത്ത്‌ ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്‌ തുടരും. സാന്ദ്രതകുറഞ്ഞ വാതകത്തിന്റെ ഘര്‍ഷണം മൂലം ഭൂമിയുടെ ഭ്രമണപഥം ഉള്ളിലേക്ക്‌ ക്രമേണ നീങ്ങും. 760 കോടി വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ ജന്മഗ്രഹം സൂര്യനില്‍ വിലയം പ്രാപിക്കും-സ്‌മിത്ത്‌ അറിയിക്കുന്നു. എന്നാല്‍, ഭൂമിയുടെ അന്ത്യത്തിന്‌ വളരെ മുമ്പു തന്നെ ഇവിടുത്തെ ജീവന്‌ അന്ത്യമാകുമെന്ന്‌ അദ്ദേഹം പറയുന്നു. ഇനിയൊരു നൂറുകോടി വര്‍ഷം കഴിയുമ്പോള്‍ തന്നെ സൂര്യന്‍ ചെറിയ തോതില്‍ വികസിക്കാനാരംഭിക്കും. ഭൂമിയില്‍ അത്യുഷ്‌ണമാകും, സമുദ്രങ്ങള്‍ വറ്റിത്തീരും. അതുവഴി അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന നീരാവി (ശക്തമായ ഹരിതഗൃഹവാതകമാണ്‌ നീരാവി), ഭൂമിയെ ചൂടുപിടിപ്പിക്കും. അതിമാരകമായ ആഗോളതാപനത്തിന്റെ കാലമാകും പിന്നീട്‌. സ്വാഭാവികമായും ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമാകും.

അന്ത്യവിധിയില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഭൂമിക്ക്‌ കഴിയുമോ. അതിന്‌ രണ്ട്‌ മാര്‍ഗങ്ങളാണ്‌ സ്‌മിത്ത്‌ മുന്നോട്ടു വെയ്‌ക്കുന്നത്‌. രണ്ടും ശാസ്‌ത്രകല്‍പ്പിതകഥകളെന്ന്‌ തോന്നിപ്പിക്കുന്നവ. ഭൂമിക്കരികിലൂടെ കടന്നു പോകുന്ന ഏതെങ്കിലും ക്ഷുദ്രഗ്രഹത്തിന്റെ ഗുരുത്വാകര്‍ണബലം പ്രയോജനപ്പെടുത്തി ഭൂമിയെ അപകടമേഖലയില്‍നിന്ന്‌ കുറച്ച്‌ അകലേക്ക്‌ മാറ്റുക-ഇതാണ്‌ ഒരു മാര്‍ഗം. 6000 വര്‍ഷത്തിലൊരിക്കല്‍ ചെറിയ ദൂരത്തില്‍ സൂര്യനില്‍നിന്ന്‌ അകലാന്‍ കഴിഞ്ഞാല്‍ തന്നെ, 500 കോടി വര്‍ഷം കൂടി ഭൂമി നിലനില്‍ക്കുമെന്ന്‌ സ്‌മിത്ത്‌ പറയുന്നു. ഗ്രഹാന്തര 'ജിവന്‍രക്ഷാ ചങ്ങാടങ്ങള്‍' രൂപപ്പെടുത്തി അവയെ സൂര്യന്റെ പിടിയില്‍ പെടാത്ത അകലത്തില്‍ എപ്പോഴും നിലനിര്‍ത്തുകയാണ്‌ സ്‌മിത്ത്‌ മുന്നോട്ടു വെക്കുന്ന രണ്ടാമത്തെ മാര്‍ഗം. പക്ഷേ, അതുകൊണ്ട്‌ ഭൂമി രക്ഷപ്പെടില്ല. അത്‌ വന്നിടത്തേക്കു തന്നെ തിരികെ പോകും.(അവലംബം: അസ്‌ട്രോഫിസിക്‌സ്‌).

10 comments:

JA said...

ഭൂമിയുടെ അന്ത്യവിധി എന്താണ്‌. അതാണ്‌ ലോകാവസാനമെങ്കില്‍, എന്നാകും അത്‌ സംഭവിക്കുക. ഈ ചോദ്യത്തിന്‌ ഉത്തരവുമായി എത്തിയിരിക്കുകയാണ്‌ ഇംഗ്ലണ്ടില്‍ സസ്സെക്‌സ്‌ സര്‍വകലാശാലയിലെ വാനശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ സ്‌മിത്ത്‌. 760 കോടി വര്‍ഷം കൂടിയേ ഭൂമി ഉണ്ടാകൂ. അതുകഴിഞ്ഞാല്‍, അപ്പോഴേക്കും ഒരു 'ചുമപ്പ്‌ഭീമന്‍' ആയിക്കഴിഞ്ഞിട്ടുള്ള സൂര്യനില്‍ ഭൂമി വിലയം പ്രാപിക്കുമെന്ന്‌ അദ്ദേഹം കണക്കുകൂട്ടുന്നു.

JA said...
This comment has been removed by the author.
ജ്യോനവന്‍ said...

നല്ല ചിന്തകള്‍
എത്ര ചിന്തിച്ചാലും ഒരന്തവും കുന്തവും കിട്ടിയില്ലെങ്കിലും നല്ല രസം!
:)

ശ്രീ said...

നല്ലൊരു വീക്ഷണം തന്നെ. ജ്യോനവന്‍ മാഷ് പറഞ്ഞതു പോലെ എത്രകാലം ചിന്തിയ്ക്കാനും പറ്റിയ വിഷയം തന്നെ.
:)

ഹരിശ്രീ said...

നല്ല പോസ്റ്റ്,

പിന്നെ ജ്യോനവന്‍ മാഷ് പറഞ്ഞതിനോടും യോജിക്കുന്നു....

ഒരു “ദേശാഭിമാനി” said...

മനുഷ്യരെ ജിജ്ഞാസുക്കളാക്കുന്ന വിവരങ്ങള്‍ ആണു ഇതൊക്കെ! ഇന്നലെ നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ നമ്മുടെ ഗ്രാലക്സിയീല്‍ ഭൂമിയുടെ സ്ഥാനം എവിടെ, ഗ്യലക്സിയുടെ ഫോടോ എടുത്താല്‍ എങ്ങനെ യിരിക്കു, ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഗ്യാലക്സി അനേകകോടി വര്‍ഷങ്ങള്‍ക്കു ശേഷം,നശിക്കും എന്നിങ്ങനെയൂള്ള വിവരങ്ങള്‍ കേട്ടപ്പോള്‍ ജ്യോനവന്‍ പറഞ്ഞപോലെ

എത്ര ചിന്തിച്ചാലും ഒരന്തവും കുന്തവും കിട്ടിയില്ലെങ്കിലും

ഒരു എന്തോ പോലെ..............

സംഗീതപ്രേമി said...

വളരെ നല്ല വിവരങ്ങള്‍. 760 കോടി വര്‍ഷം, എന്തായിരിക്കും അപ്പോഴത്തെ ഭൂമിയുടെ അവസ്ത

കിഷോര്‍:Kishor said...

സങ്കടം തോന്നുന്നു... ഭൂമിയിലെ ജീവന്‍ നശിച്ചുപോവുമോ എന്നോര്‍ത്തിട്ടല്ല. ഇക്കാലമത്രയും നമ്മളെല്ലാവരും എഴുതിയ ബ്ലോഗുകളെങ്കിലും നമ്മുടെ മരണത്തെയും കടന്ന് എന്നെന്നേക്കുമായി നിലനില്‍ക്കുമെന്ന് കരുതിയിരുന്നു! :-)

അടുത്ത ഒരു കോടി വര്‍ഷത്തില്‍ തന്നെ മനുഷ്യന്‍ സൌരയൂഥത്തിനു പുറത്തുള്ള വാസയോഗ്യമായ മറ്റൊരു ഗ്രഹത്തെ കണ്ടുപിടിക്കുമെന്നും എല്ലാ ബ്ലോഗ് സെര്‍വെറുകളും അങ്ങോട്ടേക്കു മാറ്റുമെന്നു നമുക്കു പ്രത്യാശിക്കാം!

suresh said...

befor it happens I will make my blog with autograph of everyone ...to say this world we have a place in this world.

http://autografs.blogspot.com

prasanth waiting 4 u said...

അതെ എന്തിനും അവസാനമുണ്ട് എന്നാല്‍ വിണ്ടും പ്രതീക്ഷകള്‍ക്കിടമുണ്ട്ഇവിടെ