Sunday, February 24, 2008

പല്ലിയുടെ സഞ്ചാരരീതി ബാന്‍ഡേജിന്‌ തുണ

മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പ്രകൃതിയില്‍നിന്ന്‌ പരിഹാരം ലഭിക്കുന്നത്‌ പുതുമയല്ല. ഇന്ന്‌ പ്രചാരത്തിലുള്ള പല സാങ്കേതികവിദ്യക്കും ആശയം പ്രകൃതിയില്‍ നിന്നാണ്‌ ലഭിച്ചത്‌. ആ ഗണത്തിലേക്ക്‌ പുതിയൊരെണ്ണം കൂടി എത്തുന്നു.

മേല്‍ഭിത്തികളില്‍ അനായാസം നടക്കാന്‍ ഗെക്കോപല്ലികള്‍ ഉപയോഗിക്കുന്ന മാര്‍ഗം കടമെടുത്ത്‌, പുതിയൊരിനം വാട്ടര്‍പ്രൂഫ്‌ ബാന്‍ഡേജിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ അമേരിക്കന്‍ ഗവേഷകര്‍. ആന്തരാവയവങ്ങളില്‍ ശസ്‌ത്രക്രിയ നടത്തുമ്പോഴും, ശരീരത്തിനുള്ളിലെ മുറിവുകളുടെ ചികിത്സയിലും പുതിയ ബാന്‍ഡേജ്‌ വലിയ അനുഗ്രഹമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

പാദത്തിനടിയില്‍ കാണപ്പെടുന്ന അതിസൂക്ഷ്‌മ നാരുകളുടെ സങ്കീര്‍ണഘടനയാണ്‌ പല്ലികളെ ഭിത്തികളില്‍ സുഖമായി നടക്കാന്‍ പ്രാപ്‌തമാക്കുന്നത്‌. മനുഷ്യന്റെ തലമുടിനാരിന്റെ നൂറിലൊന്ന്‌ മാത്രം വ്യാസം വരുന്ന അഞ്ചുലക്ഷത്തോളം സൂക്ഷ്‌മനാരുകള്‍ ഗെക്കോപല്ലിയുടെ പാദത്തിനടിയിലുണ്ട്‌. ആ ഓരോ നാരിനും ആയിരക്കണക്കിന്‌ അതിസൂക്ഷ്‌മ കവരങ്ങളുമുണ്ട്‌. അവയാണ്‌ പല്ലിയെ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്നത്‌. പല്ലിയുടെ പാദത്തിലെ സങ്കീര്‍ണഘടന ജൈവറബ്ബര്‍പാളിയില്‍ പുനരാവിഷ്‌ക്കരിക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. റബ്ബര്‍പാളിയുടെ പ്രതലത്തില്‍ നാനോതോതിലുള്ള നിമ്‌നോന്‍മതകളുണ്ടാക്കാനായി, കമ്പ്യൂട്ടര്‍ചിപ്പുകളുടെ നിര്‍മാണരീതി അവര്‍ അവലംബിച്ചു.

വാട്ടര്‍പ്രൂഫ്‌ ആണെന്നു മാത്രമല്ല, ജൈവവിഘടനത്തിന്‌ വിധേയമാകുകയും ചെയ്യും പുതിയ ബാന്‍ഡേജ്‌. അതിനാല്‍ ഉപയോഗിച്ചു കഴിഞ്ഞ്‌ നീക്കംചെയ്യേണ്ടി വരില്ല. എത്ര ഉറപ്പില്‍ മുറിവില്‍ പറ്റിയിരിക്കണം, എത്രനാള്‍കൊണ്ട്‌ വിഘടിച്ചു തീരണം എന്നൊക്കെ മുന്‍കൂട്ടി തീരുമാനിച്ച്‌ അതിനനുസരിച്ച്‌ ബാന്‍ഡേജ്‌ രൂപപ്പെടുത്താം. അതിനാല്‍ വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ഇത്‌ പ്രയോജനം ചെയ്യും. ഹൃദയശസ്‌ത്രക്രിയ പോലുള്ള ഘട്ടങ്ങളില്‍ ബാന്‍ഡേജിന്റെ വാട്ടര്‍പ്രൂഫ്‌ സ്വഭാവമാണ്‌ തുണയാകുക. മടക്കുകയോ ചുരുട്ടുകയോ ഒക്കെ ചെയ്യാം എന്നതിനാല്‍ അള്‍സര്‍ മൂലമുണ്ടാകുന്ന മുറിവുകളിലും ബാന്‍ഡേജ്‌ ഫലപ്രദമായി ഉപയോഗിക്കാനാകും. തുന്നാന്‍ പറ്റാത്ത മുറിവുകളുടെ കാര്യത്തിലാണ്‌ ഇത്‌ ഏറെ സഹായം ചെയ്യുക. ഉദാഹരണത്തിന്‌ കുടലിന്റെയും മറ്റും കേടുവന്ന ഭാഗം ശസ്‌ത്രക്രിയ വഴി ഒഴിവാക്കുമ്പോള്‍, അവശേഷിക്കുന്ന ഭാഗത്തെ മുറിവുണക്കാന്‍ ഈ ബാന്‍ഡേജ്‌ പ്രയോജനപ്പെടും.

മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)യിലെ റോബര്‍ട്ട്‌ ലാന്‍ഗറും ഹാര്‍വാഡ്‌ മെഡിക്കല്‍സ്‌കൂളിലെ ജെഫ്‌ കാര്‍പ്പും നേതൃത്വം നല്‍കിയ സംഘമാണ്‌, പല്ലിയുടെ രീതി കടമെടുത്ത്‌ പുതിയ ബാന്‍ഡേജിന്‌ രൂപംനല്‍കിയത്‌. സാധാരണ ബാന്‍ഡേജുകളെക്കാളും ഇരട്ടി ബലത്തില്‍ ഒട്ടിയിരിക്കാന്‍ പുതിയതിന്‌ കഴിയുമെന്ന്‌ 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ബാന്‍ഡേജിന്റെ പ്രതലത്തിലെ സങ്കീര്‍ണഘടനയ്‌ക്കിടയില്‍ പഞ്ചസാര അടിസ്ഥാനമായുള്ള ഒരിനം പശയുടെ നേരിയ പാളി സൃഷ്ടിച്ചപ്പോള്‍, അതിന്‌ ശരീരകലകളില്‍ പറ്റിയിരിക്കാനുള്ള ശേഷി നൂറ്‌ ശതമാനം വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടു.

ഗെക്കോപല്ലിയുടെ പാദത്തിലെ ഘടനയില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ 'ഗെക്കല്‍' (geckel) എന്നൊരു 'സൂപ്പര്‍പശ' നിര്‍മിച്ചതായി കഴിഞ്ഞ വര്‍ഷം ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു. 'ഫൈബ്രോസ്‌ സിലിക്കണ്‍ അടരി'(fibrous silicone coating)ല്‍, പല്ലിയുടെ പാദത്തിലെ സങ്കീര്‍ണഘടനയുണ്ടാക്കുകയാണ്‌ സൂപ്പര്‍പശയുടെ കാര്യത്തില്‍ ചെയ്‌തത്‌. ചികിത്സാരംഗത്ത്‌ ആ പശക്ക്‌ കാര്യമായ ഉപയോഗമുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ആ ദിശയില്‍ ശരിക്കുള്ള മുന്നേറ്റമാണ്‌ പുതിയ ബാന്‍ഡേജിന്റെ രൂപപ്പെടുത്തലിലൂടെ സംഭവിച്ചിരിക്കുന്നത്‌.(അവലംബം: പ്രൊസീഡീങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, കടപ്പാട്‌: മാതൃഭൂമി).
കാണുക: തുമ്പികൈയും മാന്‍കൊമ്പും തുണയാകുമ്പോള്‍

3 comments:

Joseph Antony said...

മേല്‍ഭിത്തികളില്‍ അനായാസം നടക്കാന്‍ ഗെക്കോപല്ലികള്‍ ഉപയോഗിക്കുന്ന മാര്‍ഗം കടമെടുത്ത്‌, പുതിയൊരിനം വാട്ടര്‍പ്രൂഫ്‌ ബാന്‍ഡേജിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ അമേരിക്കന്‍ ഗവേഷകര്‍. ആന്തരാവയവങ്ങളില്‍ ശസ്‌ത്രക്രിയ നടത്തുമ്പോഴും, ശരീരത്തിനുള്ളിലെ മുറിവുകളുടെ ചികിത്സയിലും പുതിയ ബാന്‍ഡേജ്‌ വലിയ അനുഗ്രഹമാകും.

കാപ്പിലാന്‍ said...

:)

അപ്പു ആദ്യാക്ഷരി said...

മറ്റൊരു വിജ്ഞാനപ്രദമായ ലേഖനം. നന്ദി ജോസഫ് മാഷേ.