അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയാണ്, ഗൂഗിളിന്റെ ആവനാഴിയില്‍ നിന്ന് പുതിയ ആയുധം പുറത്തിറങ്ങുന്നു; സാക്ഷാല്‍ 'ഗൂഗിള്‍ഫോണ്‍'. ഗൂഗിള്‍ കമ്പനി പക്ഷേ ഇതിനോട് പ്രതികരിച്ചിട്ടില്ല
ആപ്പിള്‍ കമ്പനി ജൂണില്‍ പുറത്തിറക്കിയ 'ഐഫോണി'ന്റെ നടുക്കത്തില്‍ നിന്ന് ലോകം മുക്തമായിട്ടില്ല. നിലവിലുള്ള ഫോണ്‍ സങ്കല്പ്പങ്ങളില് മിക്കതിനെയും കാലഹരണപ്പെടലിന്റെ ദുര്‍വിധിക്ക് വിടുകയാണ് ഐഫോണ്‍ ചെയ്തത്. ഇന്ത്യയുള്‍പ്പടെ ഭൂരിപക്ഷം രാജ്യങ്ങളിലും ആ മൊബൈല്‍ ഫോണ്‍ ഇതുവരെ എത്തിയിട്ടുമില്ല. അപ്പോഴേക്കുമതാ, ഐഫോണിനെയും കടത്തിവെട്ടാന്‍ പാകത്തില്‍ മറ്റൊന്ന് പുറത്തുവരുന്നുവത്രേ; സാക്ഷാല്‍ ഗൂഗിളിന്റെ ആവനാഴിയില്‍ നിന്ന്. 'ഗൂഗിള്‍ഫോണ്‍' അഥവാ 'ജിഫോണി' (GPhone) നെ സംബന്ധിച്ച അഭ്യൂഹം സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്.
ഗൂഗിള്‍ അടുത്തയിടെ ഫയല്‍ ചെയ്തിരിക്കുന്ന ചില പേറ്റന്റ് അപേക്ഷകളും, സമീപമാസങ്ങളില്‍ ഗൂഗിള്‍ ചില ഐ.ടി.കമ്പനികളെ വിലയ്ക്കെടുത്തതും 'ഗൂഗിള്‍ഫോണ്‍' അണിയറയില്‍ ഒരുങ്ങുന്നു എന്നതിന് തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോകത്തേറ്റവും നിഗൂഢത പേറുന്ന ഓണ്‍ലൈന്‍ മാധ്യമകമ്പനിയാണ് ഗൂഗിള്‍. അവരുടെ പദ്ധതികളും ഉത്പന്നങ്ങളും എന്തൊക്കെയാണെന്ന് മുന്‍കൂട്ടി പറയാറില്ല. ഒരു ഉത്പന്നമോ സര്‍വീസോ ഗൂഗിളില്‍ നിന്ന് പുറത്തുവരുന്നതു പോലും സാധാരണക്കാര്‍ പലപ്പോഴും അറിയുന്നത് പിന്നീടായിരിക്കും. സ്വാഭാവികമായും ഗൂഗിള്‍ഫോണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ ശരിവെയ്ക്കാനോ നിഷേധിക്കാനോ കമ്പനി തയ്യാറായിട്ടില്ല.
മൊബൈല്‍ ഫോണുകള്‍ക്കായുള്ള സോഫ്ട്വേറുകളോ സേവനങ്ങളോ ഗൂഗിള്‍ സൃഷ്ടിക്കുന്നത് യഥാര്‍ഥത്തില്‍ പുതിയ സംഗതിയല്ല. ജിമെയില്‍, ഗൂഗിള്‍ മാപ്പ്സ്/ലോക്കല്‍ തുടങ്ങിയവയുടെ മൊബൈല്‍ഫോണ്‍ വകഭേദങ്ങള്‍ ഇതിനകം ഗൂഗിള്‍ സൃഷ്ടിച്ചു കഴിഞ്ഞു. എന്നാല്‍, അടുത്തയിടെ ഫിന്നിഷ് കമ്പനിയായ 'ജയ്ക്കു'(Jaiku)വിനെ ഗൂഗിള്‍ സ്വന്തമാക്കിയത്, ഗൂഗിള്‍ഫോണ്‍ തയ്യാറാകുന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് 'ടെക്നോളജി റിവ്യു' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. തങ്ങള്‍ എവിടെയാണെന്നും, എന്താണു ചെയ്യുന്നതെന്നുമുള്ള കാര്യങ്ങളെപ്പറ്റി ഹൃസ്വസന്ദേശങ്ങള്‍ വെബ് വഴി പ്രസിദ്ധീകരിക്കാനോ, സുഹൃത്തുക്കളുടെ സെല്‍ഫോണുകളിലേക്ക് അയച്ചുകൊടുക്കാനോ സഹായിക്കുന്ന സംവിധാനമാണ് 'ജയ്ക്കു' നല്കുന്ന സേവനം. ഈ സങ്കല്പ്പത്തിന് 'മൈക്രോബ്ലോഗിങ്' (microblogging) എന്നാണ് പേര്.
'നോക്കിയ'യില്‍ പ്രോഡക്ട് മാനേജരായിരുന്ന ജിറി എന്ഗെസ്ട്രോം സഹസ്ഥാപകനായിട്ടുള്ള ജയ്ക്കു കമ്പനി യഥാര്‍ഥത്തില്‍ മൊബൈല്‍ഫോണുകള്‍ക്ക് സോഫ്ട്വേറുകള്‍ രൂപപ്പെടുത്താന്‍ വേണ്ടി ആരംഭിച്ചതാണ്. പിന്നീട് അതിന്റെ പ്രവര്‍ത്തനം മൈക്രോബ്ലോഗിങ് പോലെ വെബ്ബിലേക്കും വ്യാപിക്കുകയായിരുന്നു. ജയ്ക്കുവിനെ സ്വന്തമാക്കുന്നതിത് ഗൂഗിള്‍ എന്തു തുക നല്കി തുടങ്ങിയ കാര്യങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളു. അത്തരം വിശദാംശങ്ങളെക്കാള്‍ വാചാലമാണ്, ആ കമ്പനിയെ ഗൂഗിള്‍ വാങ്ങിയെന്ന കാര്യമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കാലിഫോര്‍ണിയയില്‍ പാലോ ഓള്‍ട്ടോയില്‍ പ്രവര്‍ത്തിക്കുന്ന 'ആന്‍ഡ്രോയിഡ്' (Android) എന്ന മൊബൈല്‍ ഫോണ്‍ സോഫ്ട്വേര്‍ കമ്പനിയെ നേരത്തെ ഗൂഗിള്‍ വാങ്ങിയിരുന്നു. മൊബല്‍ഫോണ്‍ അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന സോഫ്ട്വേറുകളാണ് ഈ കമ്പനി നിര്‍മിക്കുന്നത്. അതിന് പിന്നാലെയാണ് ജയ്ക്കുവും ഗൂഗിളിലെത്തിയിരിക്കുന്നത്.
ജയ്ക്കു കൂടാതെ മൈക്രോബ്ലോഗിങ് രംഗത്തുള്ള സ്ഥാപനങ്ങളാണ് 'ട്വിറ്റെര്‍' (Twitter), 'പ്ലേസെസ്'(Plazes), 'പൗന്‍സ്' (Pownce), 'ഫേസ്ബുക്ക്' (Facebook) തുടങ്ങിയവ. ഇവയെല്ലാം നല്കുന്ന സര്‍വീസുകള്‍ തമ്മില്‍ നേരിയ വ്യത്യാസങ്ങളേയുള്ളു. ഇവയില്‍ ട്വിറ്റെറാണ് ഏറ്റവും ജനപ്രീതിയുള്ള കമ്പനി. 'നോക്കിയ S60' ഹാന്‍ഡ്സെറ്റിനാവശ്യമായ സോഫ്ട്വേര്‍ ഡൗണ്‍ലോഡ് ചെയ്യുക പോലുള്ള സൗകര്യങ്ങള്‍ ട്വിറ്റെര്‍ നല്‍കുന്നുണ്ട്. ജയ്ക്കുവിനെ ഗൂഗിള്‍ ഏറ്റെടുത്തത്, മൈക്രോബ്ലോഗിങ് രംഗത്തെ മറ്റ് കമ്പനികള്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
സാധാരണഗതില്‍ പുതിയ ആശയങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അവയ്ക്ക് പേറ്റന്റ്അപേക്ഷ പോലും നല്‍കാത്ത കമ്പനിയാണ് ഗൂഗിള്‍. അവസാനഘട്ടത്തിലാകും പേറ്റന്റ് നടപടി ആരംഭിക്കുക. ആ നിലയ്ക്കും ഗൂഗിള്‍ഫോണ്‍ എത്താറായി എന്നാണ് കരുതേണ്ടതെന്ന്, 'മാഡ് 4 മൊബൈല്‍ ഫോണ്‍സ്' എന്ന ബ്ലോഗില്‍ പാട്രിക്ക് അല്‍ടോഫ്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തയിടെ വളരെ വിചിത്രമായ ചില ആശയങ്ങള്‍ പേറ്റന്റ് ചെയ്യാനുള്ള അപേക്ഷ ഗൂഗിള്‍ സമര്‍പ്പിച്ചിരുന്നു. ഒരു ഉപഭോക്താവ് എന്താണ് അന്വേഷിക്കുന്നതെന്ന്, മുന്‍കൂട്ടി അറിയാനും അതിനനുസരിച്ചുള്ള സെര്‍ച്ച് ഫലങ്ങള്‍ മൊബൈല്‍ഫോണില്‍ എത്തിക്കാനും സഹായിക്കുന്ന സങ്കേതമാണ് അവയിലൊന്ന്.
ഉപഭോക്താവ് ഒരു നിശ്ചിത സമയത്ത് ഏത് സ്ഥലത്താണെന്ന് മനസിലാക്കിയാണ് ഇത്തരമൊരു പ്രവചനം സാധ്യമാകുന്നത്. അയാളുടെ സെര്‍ച്ചിങ് ചരിത്രം ഇതോടൊപ്പം കൂട്ടിയിണക്കിയാണ്, അന്വേഷിക്കുന്നത് എന്താണെന്ന് മുന്‍കൂട്ടി മനസിലാക്കുകയത്രേ. ഇത്തരമൊരു സംഗതി ഗൂഗിള്‍ പുറത്തിറക്കാന്‍ പോകുന്നതായി 2000-ലെ വിഡ്ഢിദിനത്തില്‍ ഒരു അഭ്യൂഹം പരന്നിരുന്നു. ഉപഭോക്താവിന്റെ മനസ്സ് മനസിലാക്കാന്‍ സഹായിക്കുന്ന 'ഗൂഗിള്‍ മെന്റല്‍പ്ലക്സ്' (Google MentalPlex) എന്നാണ് ആ വിഡ്ഢിദിന സംഗതിക്ക് ഇട്ടിരുന്ന പേര്. അത് പക്ഷേ, യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്നാണ് ഗൂഗിളിന്റെ പുതിയ പേറ്റന്റ് അപേക്ഷ നല്കുന്ന സൂചനയത്രേ.
ഉദാഹരണത്തിന്, നിങ്ങള്‍ ന്യൂഡല്‍ഹിയില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്ന വ്യക്തിയാണെന്നിരിക്കട്ടെ. അത്തരമൊരു സന്ദര്‍ശനത്തിനിടെ ഉച്ചയ്ക്ക് ഒരുമണിക്ക് നിങ്ങള്‍ കൊണാട്ട്പ്ലേസിലാണെന്ന് സങ്കല്‍പ്പിക്കുക. ഊണ് കഴിക്കാന്‍ നിങ്ങള്‍ നല്ലൊരു ഹോട്ടലാണ് അപ്പോള്‍ തേടുകയെന്ന് ഗൂഗിള്‍ മനസിലാക്കും. ഡല്‍ഹിയിലെത്തുമ്പോള്‍ മിക്കപ്പോഴും ഉച്ചഭക്ഷണം ഏതെങ്കിലും ചൈനീസ് റസ്റ്റൊറണ്ടില്‍ നിന്ന് കഴിക്കുന്നയാളാണ് നിങ്ങളെങ്കില്‍, ഒരുമണിക്ക് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിങ്ങള്‍ സെര്‍ച്ച് ചെയ്യുക കൊണാട്ട്പ്ലേസിന് സമീപത്തെ മുന്തിയ ചൈനീസ് റസ്റ്റൊറണ്ടായിരിക്കും എന്ന് ഗൂഗിള്‍ മനസിലാക്കും; അവിടെയുള്ള റസ്റ്റൊറണ്ടുകളുടെ വിവരങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെത്തുകയും ചെയ്യും.
വൈകിട്ട് എട്ടുമണിക്ക് നിങ്ങള്‍ മറ്റൊരു സ്ഥലത്താകും. ഏതാണ്ട് ആ സമയത്ത് ബാറുകള്‍ തേടുന്നയാളാണെങ്കില്‍, നിങ്ങള്‍ അപ്പോഴുള്ള സ്ഥലത്തിന് സമീപത്തെ നല്ല ബാറുകളുടെ വിവരങ്ങള്‍ മുന്‍കൂട്ടി തന്നെ ഗൂഗിള്‍ നിങ്ങളെ അറിയിക്കും. രാത്രി 11-ന് താമസസ്ഥലത്തെത്താന്‍ ടാക്സി വേണ്ടിവരുമെന്നു മനസിലാക്കി, സമീപത്തെ ടാക്സി സ്റ്റാന്‍ഡുകളുടെ വിവരങ്ങളും നമ്പറുകളും ഗൂഗിള്‍ മുന്നിലെത്തിക്കും. ഫോണുകളിലെ ടെക്സ്റ്റ് മെസ്സേജ് പേയ്മന്റ് സംവിധാനത്തിന് അടുത്തയിടെ ഗൂഗിള്‍ പേറ്റന്റ് നേടിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വന്യമായ പല പ്രവചനങ്ങളും വെളിപ്പെടുത്തലുകളും 'മൊബൈല്‍ ഫോണ്‍സ്' പോലുള്ള ബ്ലോഗുകള്‍ ഗൂഗിള്‍ഫോണിനെക്കുറിച്ച് നടത്തുന്നുണ്ട്. ഗൂഗിളിന് വേണ്ടി മൊബൈല്‍ഫോണുകള്‍ നിര്‍മിക്കുന്നത് തയ്വാന് കേന്ദ്രമായുള്ള 'ഹൈടെക് കമ്പ്യൂട്ടര്‍' (HTC) കമ്പനിയാണെന്നും, 2007 അവസാനമാകുമ്പോഴേക്കും പത്തുലക്ഷം ഫോണുകള്‍ തയ്യാറായിട്ടുണ്ടാകുമെന്നുമാണ് ഒരു റിപ്പോര്‍ട്ട്. ഗൂഗിള്‍ ഹാന്‍ഡ്സെറ്റുകള്‍ക്കുള്ള സാങ്കേതിക സഹകരണം പ്രശസ്ത ഹാര്ഡ്വേര് കമ്പനിയായ 'ടെക്സാസ് ഇന്‍സ്ട്രുമെന്റ്സി' (TI) ന്റേതാണെന്നത് മറ്റൊരു വിവരം. 'ഓറഞ്ച് നെറ്റ്വര്ക്കി'ലാകും ഗൂഗിള്‍ ഫോണ്‍ ആദ്യം ഉപയോഗിക്കുകയെന്നും, അതിനാല്‍ അത് 'ഗൂഗിള്‍/ഓറഞ്ച് ഫോണുകള്‍' എന്നാകും അറിയപ്പെടുകയത്രേ.
മൊബൈല്‍ ഫോണുകളിലെ ഡേറ്റാ വിനിമയത്തിനുള്ള പുതിയ പ്രോട്ടോക്കോളാണ് 'ഹൈ-സ്പീഡ് ഡൗണ്‍ലിങ്ക് പാക്കറ്റ് ആക്സസ്' (HSDPA). ഒരു 3.5G സങ്കേതമാണിത്. വീടുകളിലുപയോഗിക്കാറുള്ള ADSL ലൈനിന്റെയത്ര വേഗത്തില്‍ മൊബൈല്‍ഫോണില്‍ ഡൗണ്‍ലോഡ് സാധ്യമാകുന്ന ഈ സങ്കേതത്തിന് പകരം, കുറച്ചുകൂടി നിലവാരം കുറഞ്ഞ EDGE (Enhanced Data rates for GSM Evolution) സങ്കേതമാകും ഗൂഗിള്‍ഫോണുകളില്‍ ഉപയോഗിക്കുകയത്രേ. ഗൂഗിളിന്റെ രീതിക്കനുസരിച്ച് ഇത് പ്രതീക്ഷിക്കാനാവത്തതാണെന്ന് പാട്രിക്ക് അല്‍ടോഫ്ട് റിപ്പോര്‍ട്ടു ചെയ്യുന്നു. ഏതായാലും നിജസ്ഥിതി അറിയാനിരിക്കുന്നതേയുള്ളു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിടേണ്ടത് ഗൂഗിളാണ്. അവര്‍ അതിന് തയ്യാറാകുന്നതു വരെ കാക്കുകയേ മാര്‍ഗമുള്ളു. (കാണുക: ഗൂഗിള്‍ വിസ്മയം-1, 2, 3, 4. അവലംബം: ടെക്നോളജി റിവ്യു)
11 comments:
ഗൂഗിള്‍ അടുത്തയിടെ ഫയല്‍ ചെയ്തിരിക്കുന്ന ചില പേറ്റന്റ് അപേക്ഷകളും, സമീപ മാസങ്ങളില്‍ ഗൂഗിള്‍ ചില ഐ.ടി.കമ്പനികളെ വിലയ്ക്കെടുത്തതും 'ഗൂഗിള്‍ഫോണ്‍' അണിയറയില്‍ ഒരുങ്ങുന്നു എന്നതിന് തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗൂഗിളിന് വേണ്ടി മൊബൈല്‍ഫോണുകള്‍ നിര്‍മിക്കുന്നത് തയ്വാന് കേന്ദ്രമായുള്ള 'ഹൈടെക് കമ്പ്യൂട്ടര്‍' കമ്പനിയാണെന്നും, 2007 അവസാനമാകുമ്പോഴേക്കും പത്തുലക്ഷം ഫോണുകള്‍ തയ്യാറായിട്ടുണ്ടാകുമെന്നുമെന്നും അഭ്യൂഹങ്ങളുണ്ട്.
കൊള്ളാം. ചൂടുള്ള വാര്‍ത്ത തന്നെ.
അയ്യയ്യോ, ഐഫോണ്‍ വാങ്ങിയത് അബദ്ധമായോ...
ഗൂഗിളിന്റെ അധിനിവേശം...തുടരുന്നു അല്ലേ...
സേവനബന്ധിതമായ ഒരു പുതതന്‍ monoploy!!
Sir, അവരുടെ ബിസിനസ് തന്ത്രങ്ങളെ അവലോകനം ചെയ്തു കൊണ്ടും ഒരു ലേഖനം എഴുതിയാല്‍ നന്നായിരുന്നു.
ഗൂഗിള്‍ എപ്പോഴും ഇങ്ങനെയാണു, ആള്‍ക്കാരെ ഞെട്ടിക്കുന്ന സര്വിസുകളുമായുള്ള വരവ്....സെര്ചച് എഞ്ചിന് ആയാലും ജിമെയില്‍ ആയാലും എര്‍ത്ത് ആയാലും എല്ലാം ഞെട്ടിപ്പിക്കുന്നവ തന്നെ....പിന്നെ പറ്റാത്തവ, വാങ്ങിയും അവര്‍ മുന്നേറുന്നു..ഓര്‍ക്കുട്ട്,യുടുബ് എന്നിവ ഉദാഹരണങ്ങള്‍.... ഇനി ജിഫൊണും കുടിയായാല്‍ പൂര്‍ത്തിയായി... :)
പണ്ടു ഗുഗിള്പ്പിള്ളേരെ വാങ്ങാതെ വിട്ടതിനു മൈക്രൊസോഫ്റ്റ് അപ്പുപ്പന് ഒത്തിരി വിഷമിക്കുന്നുണ്ടാവും ഇപ്പോള്‍..ഹി ഹി ഹി...
നല്ല ലേഖനം...ആശംസകള്‍ !
ഇവര്‍ക്ക് ഇനി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കൂടി മതി
വിജ്ഞാനപ്രദമായ ലേഖനം!
:)
കുതിരവട്ടന്‍, വാത്മീകി, prinson, തക്കുടു, ക്രിസ്വിന്, ശ്രീ,
ഇവിടം സന്ദര്‍ശിച്ച എല്ലാവര്ക്കും സ്വാഗതം.
prinson,
ഗൂഗിളിനെപ്പറ്റി കുറിഞ്ഞി ഓണ്‍ലൈന്‍ വളരെ വിശദമായ ലേഖന പരമ്പര തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ വിപണനതന്ത്രങ്ങള്‍ തന്നെയാണ് അതില്‍ ഏറ്റവും ചര്‍ച്ച ചെയ്തിട്ടുള്ളത്. ഗൂഗിള്‍ഫോണിനെക്കുറിച്ചുള്ള ഈ പോസ്റ്റിന്റെ അവസാനം ചേര്‍ത്തിരിക്കുന്ന 'ഗൂഗിള്‍ വിസ്മയം' ലിങ്കുകളോ, ഈ ബ്ലോഗിന്റെ ലേബലുകളിലെ 'വിവരസാങ്കേതികവിദ്യ' എന്ന വിഭാഗമോ നോക്കുക.
നന്ദി..
കൊള്ളാം ...നല്ല വാര്‍ത്ത.
നന്ദി.
ജോസപ്പേട്ടാ, ഈ ലിങ്ക് കണ്ടിട്ടുണ്ടോ ?
http://youtube.com/watch?v=_GzA9Xu_oEo
Post a Comment