Sunday, October 18, 2009

ജലരഹസ്യവുമായി ചന്ദ്രയാന്‍ വീണ്ടും

ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് ഇന്ത്യയുടെ ചന്ദ്രയാനാണ് കണ്ടെത്തിയത്. പക്ഷേ, ആ ജലം എവിടെ നിന്ന് വരുന്നു. ചന്ദ്രയാന്‍ തന്നെ ഉത്തരവുമായി എത്തിയിരിക്കുന്നു. ഇന്ത്യന്‍ പേടകത്തിലുണ്ടായിരുന്ന യൂറോപ്യന്‍-ഇന്ത്യന്‍ ഉപകരണമായ 'സാറ' നടത്തിയ കണ്ടെത്തല്‍ ഭൂമിയുടെ ഉപഗ്രഹത്തെക്കുറിച്ച് നിലവിലുള്ള ചില ധാരണകള്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്.

മഴ തീര്‍ന്നാലും മരം പെയ്യും എന്ന ചൊല്ല് ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍-ഒന്നി'ന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാവുകയാണ്. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച് സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാന്‍ നടത്തിയ കാര്യം പുറത്തു വന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അതിന് മുമ്പ് ചന്ദ്രപ്രതലത്തില്‍ എങ്ങനെ ജലം ഉണ്ടാകുന്നു എന്നതിനെപ്പറ്റി ഇന്ത്യന്‍ പേടകം നടത്തിയ മറ്റൊരു സുപ്രധാന കണ്ടെത്തലിന്റെ വിവരം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) പുറത്തുവിട്ടിരിക്കുന്നു.

ചന്ദ്രയാനിലെ 11 പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് രൂപം നല്‍കിയ സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍ (SARA) നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് കഴിഞ്ഞ ഒക്ടോബര്‍ 15-ന് പുറത്തു വന്നത്.

ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, ജലതന്മാത്രകള്‍ ചന്ദ്രനില്‍ തന്നെ രൂപപ്പെടുന്നു എന്നാണ് 'സാറ' കണ്ടെത്തിയത്. സൗരക്കാറ്റുകള്‍ വഴി സൂര്യനില്‍ നിന്ന് പതിക്കുന്ന പ്രോട്ടോണ്‍ കണങ്ങള്‍ (ഇവ ഹൈഡ്രജന്‍ ന്യൂക്ലിയസുകളാണ്), ചന്ദ്രപ്രതലത്തിലെ ഓക്‌സിജനുമായി ചേര്‍ന്നാണ് ജലതന്മാത്രകളും (H2O) ഹൈഡ്രോക്‌സില്‍ തന്മാത്രകളും (HO) ഉണ്ടാകുന്നത്. സൗരകണങ്ങള്‍ പിടിച്ചെടുക്കുന്ന സ്‌പോഞ്ച് പോലെയാണ് ചന്ദ്രോപരിതലം പ്രവര്‍ത്തിക്കുന്നതെന്ന് സാറയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

സൗരക്കാറ്റിലെത്തുന്ന ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ ചന്ദ്രപ്രതലത്തിലെ ധൂളീപടലങ്ങള്‍ ആഗിരണം ചെയ്യുന്നു എന്നതിനൊപ്പം, മറ്റൊരു പുതിയ കാര്യംകൂടി സാറ തിരിച്ചറിയുകയുമുണ്ടായി. എല്ലാ ഹൈഡ്രജന്‍ ന്യൂക്ലയസുകളും ചന്ദ്രപ്രതലത്തില്‍ ആഗിരണം ചെയ്യപ്പടുന്നില്ല എന്നാണത്. ചന്ദ്രപ്രതലത്തില്‍ പതിക്കുന്ന അഞ്ച് ഹൈഡ്രജന്‍ ന്യൂക്ലയസുകളില്‍ ഒരെണ്ണം വീതം സ്‌പേസിലേക്ക് പ്രതിഫലിച്ച് പോകുകയാണത്രേ ചെയ്യുന്നത്. അങ്ങനെ പ്രതിഫലിക്കുന്നതിനിടെ, ഹൈഡ്രജന്‍ ന്യൂക്ലിയസ് ഒരു ഇലക്ട്രോണ്‍ സ്വീകരിച്ച് ഹൈഡ്രജന്‍ ആറ്റമായാണ് വിടവാങ്ങുക.

എന്നുവെച്ചാല്‍, ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം പതിക്കുന്ന ഇടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ഹൈഡ്രജന്‍ ആറ്റങ്ങള്‍ പ്രതിഫലിക്കപ്പെടുന്നു എന്നാണര്‍ഥം. 'കണ്ടെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് ഇതല്ല'-സാറയുടെ യൂറോപ്യന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സിലെ ഗവേഷകനുമായ സ്റ്റാസ് ബരാബാസ് പറയുന്നു.

ചന്ദ്രപ്രതലത്തില്‍ നിന്ന് ഹൈഡ്രജന്‍ പ്രതിഫലിക്കാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ആറ്റങ്ങള്‍ പ്രതിഫലിക്കുന്നത്. ചന്ദ്രപ്രതലത്തിന്റെ നവീന ദൃശ്യം ലഭിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. സാറ നടത്തിയ കണ്ടെത്തലിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് 'പ്ലാനറ്ററി ആന്‍ഡ് സ്‌പേസ് സയന്‍സി'ന്റെ 2009-ലെ ലക്കത്തിലാണുള്ളത്. സാറയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തതിലും റിപ്പോര്‍ട്ട് തയ്യാറാക്കിയതിലും ആര്‍.ശ്രീധരന്‍, എം.ബി.ധന്യ തുടങ്ങിയ ഇന്ത്യന്‍ ഗവേഷകരും ഉള്‍പ്പെടുന്നു.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച രണ്ട് പേലോഡുകള്‍ ചന്ദ്രയാനിലുണ്ടായിരുന്നു. അതിലൊന്നാണ് സാറ. സൗരക്കാറ്റുകള്‍ ചന്ദ്രപ്രതലവുമായി എങ്ങനെ ഇടപഴകുന്നു എന്നു പഠിക്കുകയായിരുന്നു ലക്ഷ്യം. 4.5 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ ഉപകരണം, സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സ്, തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി എന്നിവ സംയുക്തമായാണ് വികസിപ്പിച്ചത്.

ചന്ദ്രനില്‍ ജലമുണ്ടാകാമെന്നും അത് ബാഹ്യസ്രോതസ്സുകളില്‍ നിന്ന് എത്തുന്നതാകാമെന്നും മറ്റുമുള്ള വാദഗതികള്‍ മുമ്പ് ഉയര്‍ന്നിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ പതിക്കുന്ന ധൂമകേതുക്കളും ഉല്‍ക്കകളും ക്ഷുദ്രഗ്രഹങ്ങളും അവിടെ വെള്ളമെത്തിക്കുന്നുണ്ടെന്ന്, കാല്‍ടെകിലെ ഗവേഷകരായ കെന്നത്ത് വാട്‌സണ്‍, ബ്രൂസ് മുറേയ്, ഹാരിസണ്‍ ബ്രൗണ്‍ എന്നിവര്‍ 1961-ല്‍ അഭിപ്രായപ്പെട്ടു. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ അങ്ങനെ എത്തുന്ന ജലം വേഗം ബാഷ്പീകരിച്ച് നഷ്ടപ്പെടും. അതിനിടെ വെള്ളത്തില്‍ ചെറിയൊരു പങ്ക് ധ്രുവപ്രദേശത്തേക്ക് നീങ്ങുകയും, അവിടുത്തെ സൂര്യപ്രകാശം പതിക്കാത്ത അതിശീത ഗര്‍ത്തങ്ങളില്‍ മഞ്ഞുകട്ടകളുടെ രൂപത്തില്‍ സംഭരിക്കപ്പെടുകയും ചെയ്യും എന്നുമായിരുന്നു കാല്‍ടെക് ഗവേഷകരുടെ വാദം.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ജെയിംസ് ആര്‍നോള്‍ഡ് 1979-ല്‍ ഒരു പ്രബന്ധത്തിലൂടെ, ചന്ദ്രനിലെ ഹിമപാളി സിദ്ധാന്തം വീണ്ടും സജീവമാക്കി. അതേസമയം, നാസയുടെ അപ്പോളോ ദൗത്യങ്ങളും മുന്‍സോവിയറ്റ് യൂണിയന്റെ ലൂണാ ദൗത്യങ്ങളും ഭൂമിയിലെത്തിച്ച ചാന്ദ്രശിലകളില്‍ ജലസാന്നിധ്യം കണ്ടെത്താന്‍ ഗവേഷകര്‍ക്കായില്ല. പക്ഷേ, നാസ 1994-ല്‍ വിക്ഷേപിച്ച ക്ലെമന്റൈന്‍ ചാന്ദ്രദൗത്യവും 1998-ല്‍ അയച്ച ലൂണാര്‍ പ്രോസ്‌പെക്ടര്‍ പേടകവും ചന്ദ്രന്റെ ധ്രുവങ്ങളില്‍ ഹിമപാളികളുണ്ടാകാം എന്ന് പരോക്ഷസൂചന നല്‍കി. ഏതാണ്ട് 300 കോടി ടണ്‍ മഞ്ഞുകട്ടകള്‍ ചന്ദ്രനിലുണ്ടാകാമെന്ന് ലൂണാര്‍ പ്രോസ്‌പെക്ടര്‍ ടീം കണക്കുകൂട്ടല്‍ വരെ നടത്തി. എന്നാല്‍, ഇതിനൊന്നും വ്യക്തമായ തെളിവ് ഇല്ലായിരുന്നു.

ചന്ദ്രനില്‍ ജലമുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെങ്കില്‍ അത് എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തിനും ഇന്ത്യന്‍ പേടകം ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. ചന്ദ്രയാനിലെ നാസയുടെ പരീക്ഷണോപകരണമായ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) ആണ് ചന്ദ്രോപരിതലത്തിലുടനീളം ജലസാന്നിധ്യം ഉള്ളതായി കണ്ടെത്തയത്. 2009 സപ്തംബര്‍ 29-ന്റെ 'സയന്‍സ്' വാരിക ആ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷത്തില്‍, ഈ കണ്ടെത്തലോടെ ഇന്ത്യന്‍ പേടകം ചരിത്രം രചിക്കുകയാണ് ചെയ്തത്. കാലാവധി പൂര്‍ത്തിയാകാതെ അവസാനിച്ച ചന്ദ്രയാനില്‍ നിന്നുള്ള കണ്ടെത്തല്‍ അവസാനിക്കുന്നില്ല. ഇന്ത്യന്‍ പേടകത്തിന്റെ നിരീക്ഷണഫലങ്ങള്‍ മുഴുവന്‍ പുറത്തു വരാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കും എന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഗസ്ത് 28-നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കെയാണ് അവസാനിച്ചത്. ചന്ദ്രയാന്‍ ഒന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു എന്ന് ആക്ഷേപമുയര്‍ന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ആ ആക്ഷേപം. ചന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയമാണെന്ന ഐ.എസ്.ആര്‍.ഒ.യുടെ പ്രസ്താവന സംശയത്തോടെയാണ് പലരും കണ്ടത്. ഫീനിക്‌സ് പക്ഷിയെപ്പോലെ ചന്ദ്രയാന്‍ ലോകത്തിന് മുന്നില്‍ ഉയിര്‍ത്തെണീല്‍ക്കാന്‍ പോകുകയാണെന്ന് അന്നാരും കരുതിയില്ല. എന്നാല്‍, ശരിക്കും അതാണ് സംഭവിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യം എത്ര സ്വപ്‌നതുല്യമായ വിജയമാണെന്ന് ഇന്ന് ലോകം മനസിലാക്കുന്നു. 95 അല്ല 110 ശതമാനം വിജയം എന്ന് ചന്ദ്രയാന്‍ ഒന്നിനെ ഐ.എസ്.ആര്‍.ഒ.മേധാവി ജി. മാധവന്‍നായര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നു. (കടപ്പാട്: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, മാതൃഭൂമി).

കാണുക

4 comments:

Joseph Antony said...

മഴ തീര്‍ന്നാലും മരം പെയ്യും എന്ന ചൊല്ല് ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍-ഒന്നി'ന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാവുകയാണ്. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച് സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാന്‍ നടത്തിയ കാര്യം പുറത്തു വന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അതിന് മുമ്പ് ചന്ദ്രപ്രതലത്തില്‍ എങ്ങനെ ജലം ഉണ്ടാകുന്നു എന്നതിനെപ്പറ്റി ഇന്ത്യന്‍ പേടകം നടത്തിയ മറ്റൊരു സുപ്രധാന കണ്ടെത്തലിന്റെ വിവരം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) പുറത്തുവിട്ടിരിക്കുന്നു.
ചന്ദ്രയാനിലെ 11 പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് രൂപം നല്‍കിയ സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍ (SARA) നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് കഴിഞ്ഞ ഒക്ടോബര്‍ 15-ന് പുറത്തു വന്നത്.

Mr. K# said...

നമുക്കും അഭിമാനിക്കാം.

Anonymous said...

സോറി. സത്യാന്വേഷിയെപ്പോലെയുള്ള സംശയരോഗികൾക്ക് ഇപ്പോഴും ഈ ജലസാന്നിധ്യക്കഥ അത്രയ്ക്കങ്ങ് ദഹിച്ചിട്ടില്ല. അതുകൊണ്ട് ആ വിഷയത്തിൽ ഒരുപോസ്റ്റിട്ടു അതിനവലംബമായ ലേഖനത്തിൽ ഉന്നയിച്ചിട്ടുള്ള സംശയങ്ങൾക്ക് ഈ ബ്ലോഗിലെങ്കിലും മറുപടി പ്രതീക്ഷിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

ചന്ദ്രനെക്കുറിച്ചും മനുഷ്യന്റെ പരീക്ഷണങ്ങാളെക്കുറിച്ചും കൂടുതല്‍ അറിവു നല്‍കിയതിനു നന്ദി.