'ലൂസി'ക്ക് മുമ്പ് ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു, മനുഷ്യന്‍ അവന്റെ പൊതുപൂര്‍വികരെ ചിമ്പാന്‍സിയിലും ഗൊറില്ലകളിലും തിരയുന്നത് നിരര്‍ഥകമാണെന്നും വ്യക്തമായിരിക്കുന്നു.
ജീവിച്ചിരുന്നെങ്കില്‍ അവളുടെ വയസ്സ് 44 ലക്ഷം വര്‍ഷമാകുമായിരുന്നു. മനുഷ്യന് തന്റെ പൂര്‍വികവര്‍ഗങ്ങളില്‍ ഇതുവരെ അറിയാത്ത ഒന്ന് എങ്ങനെയിരുന്നു എന്ന് നേരിട്ട് മനസിലാക്കാനും സാധിക്കുമായിരുന്നു. എത്യോപ്യയില്‍ നിന്ന് കണ്ടെത്തിയ പ്രാചീനസ്ത്രീയുടെ ഫോസില്‍, മനുഷ്യപരിണാമ ചരിത്രത്തില്‍ പുതിയ അധ്യായമാവുകയാണ്. 'ആര്‍ഡി'യെന്നാണ് പരിണാമകഥയിലെ പുതിയ നായികയുടെ പേര്.
മനുഷ്യന്റെ പ്രാചീനപൂര്‍വികരില്‍ ഇതുവരെ ശരിക്കു വിവരിക്കപ്പെടാത്ത 'ആര്‍ഡിപിത്തക്കസ് റമിഡസ്' എന്ന വര്‍ഗത്തെ, പതിനൊന്ന് ഗവേഷണപ്രബന്ധങ്ങളിയായാണ് പുതിയ ലക്കം 'സയന്‍സ്' ഗവേഷണ വാരിക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 47 ഗവേഷകരുടെ ഒന്നര പതിറ്റാണ്ട് നീണ്ട ശ്രമഫലമായാണ് 'ആര്‍ഡി'യെന്ന് ചുരുക്കപ്പേര് നല്‍കിയിട്ടുള്ള ഈ വര്‍ഗത്തെ അടുത്തറിയാന്‍ കഴിഞ്ഞത്.
നരവംശശാസ്ത്രത്തില്‍ സുപ്രധാനമായ ഒരു കണ്ടെത്തല്‍ നടന്നത് 1974-ലാണ്. 32 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീയുടെ ഭാഗിക ഫോസിലായിരുന്നു ആ കണ്ടെത്തല്‍. 'ലൂസി'യെന്ന് പേര് വിളിക്കപ്പെട്ട 'ഓസ്ട്രിലോപിത്തക്കസ് അഫാറന്‍സിസ്' എന്ന ആ വര്‍ഗം, മനുഷ്യപരിണാമ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. മസ്തിഷ്‌കം വലുതാകുന്നതിനും മുമ്പു തന്നെ മനുഷ്യന്റെ പൂര്‍വികര്‍ ഇരുകാലുകളില്‍ സഞ്ചരിച്ചു തുടങ്ങി എന്ന് 'ലൂസി'യാണ് ലോകത്തെ ബോധ്യപ്പെടുത്തിയത്.
ലൂസിക്ക് മുമ്പ് ആരായിരുന്നു എന്ന ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. വേണമെങ്കില്‍ 'ലൂസി'യുടെ മാതാവ് എന്ന് 'ആര്‍ഡി'യെ വിശേഷിപ്പിക്കാമെന്ന് ഗവേഷകര്‍. ലൂസിക്കും പത്തുലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ കഴിഞ്ഞിരുന്ന വര്‍ഗമാണത്. ചിമ്പാന്‍സിയോ മനുഷ്യനോ അല്ലാത്ത ജീവി. ഇരുകാലില്‍ സഞ്ചരിക്കാന്‍ പാകത്തിലാണ് രൂപഘടന. 120 സെന്റിമീറ്റര്‍ ഉയരം 50 കിലോഗ്രാം ശരീരഭാരം. മസ്തിഷ്‌ക്കം ചെറുത്. കായ്കളും കനികളും ചെറുജീവികളുമൊക്കെയായിരുന്നു അവയുടെ ഭക്ഷണം എന്നാണ് അനുമാനം.
മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും പൊതുപൂര്‍വികന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നത് 60 ലക്ഷംവര്‍ഷം മുമ്പാണ് എന്നാണ് കരുതുന്നത്. ഇപ്പോള്‍ വിവരിക്കപ്പെടുന്ന ആര്‍ഡി, ആ പൊതുവര്‍ഗത്തില്‍ പെട്ടതല്ല. അതേസമയം, പൊതുപൂര്‍വികന്റെ പല സവിശേഷതകളും ആര്‍ഡിയില്‍ കാണാമെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യനും പൂര്‍വികരും ഉള്‍പ്പെട്ട 'ഹോമിനിഡുകളി'ല്‍, ലൂസിക്ക് മുമ്പുള്ള വര്‍ഗങ്ങളെക്കുറിച്ച് വലിയ ശൂന്യതയാണ് നരവംശശാസ്ത്രം അനുഭവിച്ചിരുന്നത്. ആര്‍ഡി വഴി അതാണ് ഒരു പരിധി വരെ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്.
എത്യോപ്യയിലെ അഫാര്‍ മേഖലയില്‍ നിന്ന് 1992-ലാണ് ആര്‍ഡിയെപ്പറ്റി ഗവേഷകര്‍ക്ക് ആദ്യസൂചന ലഭിച്ചെങ്കിലും, 1994-ലാണ് പൊട്ടിത്തകര്‍ന്ന നിലയില്‍ ആര്‍ഡിയുടെ ഭാഗികഫോസില്‍ ഗവേഷകര്‍ക്ക് കിട്ടിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ടിം വൈറ്റ് ഉള്‍പ്പെട്ട അന്താരാഷ്ട്ര 'മിഡില്‍ അവാഷ്' ഗവേഷണസംഘമാണ് ആര്‍ഡിയെ കണ്ടെത്തിയത്. ആര്‍ഡിയുടെ വര്‍ഗത്തില്‍ പെട്ട 35 അംഗങ്ങളുടെ ഫോസില്‍ ഭാഗങ്ങളും അവര്‍ക്ക് കിട്ടി. തൊട്ടാല്‍ പൊടിയുന്ന തരത്തിലായിരുന്ന ഫോസില്‍, വര്‍ഷങ്ങള്‍ കൊണ്ടാണ് വേര്‍തിരിച്ചെടുത്ത് പഠിക്കാന്‍ ഗവേഷകര്‍ക്കായത്.
പുതിയ കണ്ടെത്തലുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു പ്രധാന വസ്തുത, ആര്‍ഡിയുടെ ഭൂരിഭാഗം സവിശേഷതകളും ആഫ്രിക്കയിലെ ആള്‍ക്കുരങ്ങുകളില്‍ കാണപ്പെടുന്നില്ല എന്നതാണ്. അതിനര്‍ഥം പൊതുപൂര്‍വികരില്‍ നിന്ന് ഹോമിനിഡുകളും കുരങ്ങുകളും വേര്‍പിരിഞ്ഞ ശേഷം, കുരങ്ങുകള്‍ക്ക് കാര്യമായ പരിണാമം സംഭവിച്ചിട്ടുണ്ട് എന്നാണ്. അതിനാല്‍, മനുഷ്യന്‍ അവന്റെ പൊതുപൂര്‍വികനെ ചിമ്പാസികളിലും ഗൊറില്ലകളിലും തിരയുന്നത് നിരര്‍ഥകമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.(അവലംബം: സയന്‍സ് ഗവേഷണ വാരിക, ഒക്ടോ.2, 2009).
കാണുക
2 comments:
ജീവിച്ചിരുന്നെങ്കില്‍ അവളുടെ വയസ്സ് 44 ലക്ഷം വര്‍ഷമാകുമായിരുന്നു. മനുഷ്യന് തന്റെ പൂര്‍വികവര്‍ഗങ്ങളില്‍ ഇതുവരെ അറിയാത്ത ഒന്ന് എങ്ങനെയിരുന്നു എന്ന് നേരിട്ട് മനസിലാക്കാനും സാധിക്കുമായിരുന്നു. എത്യോപ്യയില്‍ നിന്ന് കണ്ടെത്തിയ പ്രാചീനസ്ത്രീയുടെ ഫോസില്‍, മനുഷ്യപരിണാമ ചരിത്രത്തില്‍ പുതിയ അധ്യായമാവുകയാണ്. 'ആര്‍ഡി'യെന്നാണ് പരിണാമകഥയിലെ പുതിയ നായികയുടെ പേര്.
Thanks JA!
Post a Comment