കാലുകള്‍ തമ്മിലുള്ള അകലം 12 സെന്റീമീറ്റര്‍. വലനെയ്യുന്ന ഏറ്റവും വലിയ ചിലന്തി. മഡഗാസ്കറിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്ന ഈ അപൂര്‍വയിനത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകര്‍.
'നെഫില കൊമാകി' (Nephila komaci) എന്ന് പേരിട്ടിട്ടുള്ള ഈ അപൂര്‍വ ചിലന്തിയിനത്തില്‍ പെണ്‍ജാതിയില്‍ പെട്ടവയ്ക്കാണ് വലിപ്പക്കൂടുതല്‍, ആണുങ്ങള് കൃശഗാത്രരും. 'പ്ലോസ് വണ്‍' എന്ന ഓണ്‍ലൈന്‍ ഗവേഷണ ജേര്‍ണലിലാണ് ഭീമന് ചിലന്തികളെപ്പറ്റിയുള്ള പഠനറിപ്പോര്‍ട്ടുള്ളത്.
വലിയ വല നെയ്യാന്‍ പ്രാപ്തിയുള്ളതും ഈയിനത്തിലെ പെണ് ചിലന്തികള്‍ക്കാണ്. ഏതാണ്ട് ഒരു മിറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലുള്ള വലയാണ് ഇവ നെയ്യുക.
സ്ലോവേനിയന്‍ അക്കാദമി ഓഫ് സയന്‍സസ് ആന്‍ഡ് ആര്‍ട്സിലെ ജീവശാസ്ത്രജ്ഞനായ മറ്റ്ജാസ് കുന്റ്നെറാണ് പുതിയയിനം ചിലന്തികളെ തിരിച്ചറിഞ്ഞത്. അമേരിക്കയില്‍ സ്മിത്ത്സോണിയന്‍ ഇന്സ്റ്റിട്ട്യൂഷന് കീഴിലുള്ള നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ജോനാഥന് കോഡിങ്ടണും ഈ കണ്ടുപിടിത്തത്തില്‍ പങ്കു വഹിച്ചു.
'അങ്ങേയറ്റം അസാധാരണം' എന്നാണ് ഡോ. കുന്റ്നെര്‍ ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നത്. കാരണം നെഫില വര്‍ഗത്തില്‍പെട്ട ചിലന്തികളെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടുണ്ട്. എ്ന്നാല്‍, നെഫില കൊമാകിയെന്ന ഇനം ബാഹ്യലോകത്തിന്റെ കണ്ണില്‍ പെടാതെ കഴിയുന്ന അപൂര്‍വ ജീവിയാണ്. ഡോ. കുന്റ്നെര്‍ പോലും ജീവനോടെ ഈയിനത്തെ കണ്ടിട്ടില്ല!
ദക്ഷിണാഫ്രിക്കയില്‍ പ്രിട്ടോറിയയിലെ പ്ലാന്റ് പ്രൊട്ടക്ഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ശേഖരത്തില്‍ നിന്ന് 2000-ലാണ് ഈ വര്‍ഗത്തില്‍പ്പെട്ട പെണ്‍ചിലന്തിയുടെ മാതൃക ഡോ.കുന്റ്നെറുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
'വിവരിക്കപ്പെട്ട ഒരു നെഫില ചിലന്തി വര്‍ഗവുമായും യോജിച്ചു പോകുന്നതായിരുന്നില്ല അത്'-അദ്ദേഹം ഓര്‍മിക്കുന്നു. പിന്നീട് 37 മ്യൂസിയങ്ങളില്‍ നിന്നായി 2500 ഇനം ചിലന്തി മാതൃകകള്‍ അദ്ദേഹം പരിശോധിച്ചിട്ടും, പ്രിട്ടോറിയയില്‍ നിന്ന് കണ്ടയിനം ശ്രദ്ധയില്‍ പെട്ടില്ല. അങ്ങനെ, ആ വര്‍ഗം പൂര്‍ണമായി നശിച്ചിരിക്കാം എന്ന നിഗമനത്തില്‍ അദ്ദേഹം എത്തി.
പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് അതേയിനത്തില്‍ പെട്ടതെന്ന് കരുതാവുന്ന മൂന്ന് ചിലന്തികളെ കണ്ടെത്തിയതായി ഡോ.കുന്റ്നെറെ അദ്ദേഹത്തിന്റെ ഒരു സഹപ്രവര്ത്തകന് അറിയിച്ചു.
ചിലന്തികളില്‍ ആണ്, പെണ് വര്‍ഗങ്ങള്‍ തമ്മിലുള്ള വലിപ്പ വ്യത്യാസത്തിന്റെ പരിണാമ രഹസ്യം മനസിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.
കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കാന് പെണ്‍വര്‍ഗത്തിന്റെ വലിപ്പക്കൂടുതല്‍ വഴി തുറക്കും. പുതിയ തലമുറയുടെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ അത് സഹായിച്ചേക്കും. ഇതാവണം പെണ്‍വര്‍ഗത്തിന്റെ വലിപ്പക്കൂടുതലിന് പിന്നിലെന്നാണ് അംഗീകരിക്കപ്പെട്ടിട്ടുള്ള ധാരണ.
എന്നാല്‍, നെഫില കൊമാകി ചിലന്തികള്‍ക്ക് വംശനാശം സംഭവിച്ചിരിക്കാം എന്നാണ് ഡോ. ജോനാഥന് കോഡിങ്ടണ്‍ കരുതുന്നത്.
അടുത്തയിടെ അപകടത്തില്‍ മരിച്ച തന്റെ സുഹൃത്തും ഗവേഷകനുമായ അഡ്രേജ് കൊമാകിന്റെ സ്മരണാര്‍ഥമാണ്, പുതിയ ചിലന്തിക്ക് നെഫില കൊമാകിയെന്ന് ഡോ. കുന്റ്നെര്‍ പേരിട്ടത്. (അവലംബം: പ്ലോസ് വണ്‍).
3 comments:
കാലുകള്‍ തമ്മിലുള്ള അകലം 12 സെന്റീമീറ്റര്‍. വലനെയ്യുന്ന ഏറ്റവും വലിയ ചിലന്തി. മഡഗാസ്കറിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്ന ഈ അപൂര്‍വയിനത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകര്‍.
'നെഫില കൊമാകി' (Nephila komaci) എന്ന് പേരിട്ടിട്ടുള്ള ഈ അപൂര്‍വ ചിലന്തിയിനത്തില്‍ പെണ്‍ജാതിയില്‍ പെട്ടവയ്ക്കാണ് വലിപ്പക്കൂടുതല്‍, ആണുങ്ങള് കൃശഗാത്രരും. 'പ്ലോസ് വണ്‍' എന്ന ഓണ്‍ലൈന്‍ ഗവേഷണ ജേര്‍ണലിലാണ് ഭീമന് ചിലന്തികളെപ്പറ്റിയുള്ള പഠനറിപ്പോര്‍ട്ടുള്ളത്.
വിവരണത്തിന് നന്ദി
മാഷേ,,
Nephila pilipes പോലും അപ്പൂര്‍വ്വം എന്നാണ് നമ്മുടെ പത്രങ്ങള്‍ കണ്ടു പിടിച്ചിരിക്കുന്നത് .. അപ്പോള്‍ പിന്നെ ഇവയുടെ കാര്യം പറയണോ?..
വിവരങ്ങള്‍ക്ക് നന്ദി..
Post a Comment