Saturday, May 23, 2009

മനുഷ്യപരിണാമത്തിലെ സുപ്രധാന കണ്ണി

'ഡാര്‍വിനിയസ്‌ മസില്ലേ'യെന്ന പ്രാചീന ജിവി പരിണാമശാസ്‌ത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുന്നു. മനുഷ്യനുള്‍പ്പെട്ട പരിണാമശാഖയിലെ ആദിമകണ്ണിയാവാം ആ ജീവിയെന്ന്‌ ഗവേഷകര്‍ കരുതുന്നു.ജര്‍മനിയില്‍ ഫ്രാങ്ക്‌ഫര്‍ട്ടിന്‌ സമീപം പ്രസിദ്ധ ഫോസില്‍മേഖലയായ മെസ്സെല്‍ പിറ്റില്‍നിന്ന്‌ ഇരുപത്തിയാറ്‌ വര്‍ഷംമുമ്പ്‌ കണ്ടെത്തിയ ഫോസില്‍. ചെറുകുരങ്ങിനെപ്പോലൊരു ജീവിയുടെ ആ ഫോസിലിന്‌ അരമീറ്റര്‍ നീളം, 470 ലക്ഷംവര്‍ഷം പഴക്കം. സ്വകാര്യവ്യക്തിയുടെ പക്കലായിരുന്ന അത്‌, രണ്ടുവര്‍ഷം മുമ്പ്‌ ഹാംബര്‍ഗിലെ ഒരു ബാറില്‍ വെച്ചുണ്ടാക്കിയ കരാര്‍ പ്രകാരം, ഓസ്‌ലോയിലെ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിന്‌ കൈമാറുന്നു. ശാസ്‌ത്രലോകത്തെയാകെ ആകാംക്ഷഭരിതമാക്കുന്ന കണ്ടെത്തലിന്‌ ആ ഫോസില്‍ കാരണമാകുന്നു....തികച്ചും ഒരു ഇന്‍ഡ്യാന ജോണ്‍സ്‌ സിനിമ പോലെ. മനുഷ്യപരിണാമത്തിലെ അറിയാത്ത സുപ്രധാന കണ്ണിയാണ്‌ തങ്ങള്‍ കണ്ടെത്തിയതെന്നാണ്‌ ഗവേഷകര്‍ പ്രഖ്യാപിച്ചത്‌.

'ഇഡ' (Ida) എന്നാണ്‌ ആ പുരാതനജീവിക്ക്‌ നല്‍കിയിരിക്കുന്ന വിളിപ്പേര്‌. 'ഡാര്‍വിനിയസ്‌ മസില്ലേ' (Darwinius masillae) എന്ന്‌ ശാസ്‌ത്രീയനാമം. നോര്‍വീജിയന്‍ പുരാവസ്‌തുഗവേഷകനായ ജോര്‍ന്‍ ഹുരൂം നേതൃത്വം നല്‍കിയ സംഘമാണ്‌ 'ഇഡ'യെക്കുറിച്ച്‌ പഠിച്ച്‌, അത്‌ മനുഷ്യപരിണാമത്തിലെ സുപ്രധാനകണ്ണിയാണെന്ന നിഗമനത്തില്‍ എത്തിയത്‌. വന്‍മാധ്യമ പ്രചാരണത്തിന്റെ അകമ്പടിയോടെയാണ്‌ തങ്ങളുടെ കണ്ടെത്തല്‍ ഗവേഷകര്‍ അവതരിപ്പിച്ചത്‌. 'പബ്ലിക്‌ ലൈബ്രറി ഓഫ്‌ സയന്‍സ്‌ വണ്‍'(PLoS One) എന്ന ഓണ്‍ലൈന്‍ ഗവേഷണവാരികയില്‍ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുന്നതിന്‌ മുന്നോടിയായി, 'ദി ലിങ്ക്‌' എന്നൊരു പുസ്‌തകം പുറത്തിറക്കി, ഹിസ്റ്ററി ചാനലില്‍ ഇതുസംബന്ധിച്ച്‌ ഡോക്യുമെന്ററിയും സംപ്രക്ഷേപണം ചെയ്‌തു. പോരാത്തതിന്‌ ആ ഫോസിലിന്റെ ഒരു ഗൂഗിള്‍ ഡൂഡിലും!

ഇത്രയേറെ മാധ്യമകോലാഹലത്തോടെ അവതരിപ്പിക്കപ്പെടുമ്പോള്‍ ഒരു കണ്ടെത്തലിന്റെ വിശ്വാസ്യതെയെ ന്യായമായും ആരും സംശയിക്കും. ശരിതന്നെ. പക്ഷേ,പല കാരണങ്ങളാല്‍ 'ഇഡ' പ്രാധാന്യമര്‍ഹിക്കുന്നുവെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ലിമൂര്‍ (lemur) എന്ന സസ്‌തനിയ്‌ക്കും ചെറുകുരങ്ങുകള്‍ക്കും മധ്യേയുള്ള ശരീരഘടനയാണ്‌ ഇഡയുടേത്‌. കുരങ്ങുകളുടേതിനോടാണ്‌ കൂടുതല്‍ സാമ്യം. 470 ലക്ഷംവര്‍ഷം മുമ്പുള്ള ഇത്തരമൊരു ജീവിയുടെ ഫോസില്‍, പൂര്‍ണരൂപത്തില്‍ ലഭിക്കുക എന്നുപറഞ്ഞാല്‍ സാധാരണഗതിയില്‍ അസംഭാവ്യമാണ്‌. മനുഷ്യന്‍ ഉള്‍പ്പെട്ട നട്ടെല്ലികളുടെ പരിണാമത്തെക്കുറിച്ച്‌ പഠിക്കാന്‍ കിട്ടിയിട്ടുള്ള ഫോസിലുകളെല്ലാം ചില പല്ലുകളും താടിയെല്ലുകളും മാത്രമാണ്‌. എന്നാല്‍, ഇഡയുടെ കാര്യത്തില്‍ അതിന്‌ ഒരു കേടും സംഭവിക്കാത്ത പൂര്‍ണരൂപമാണ്‌ ലഭിച്ചതെന്ന്‌ മാത്രമല്ല, ആ ജീവി ഏറ്റവുമൊടുവില്‍ തിന്ന ഇലകളുടെയും പഴങ്ങളുടെയും അവശിഷ്ടം പോലും ഫോസിലിനൊപ്പമുണ്ട്‌.

ഇഡയുടെ മറ്റൊരു പ്രധാന്യം അത്‌ ജീവിച്ചിരുന്ന കാലഘട്ടമാണ്‌. 470 ലക്ഷംവര്‍ഷം മുമ്പെന്ന്‌ പറഞ്ഞാല്‍, സസ്‌തനികള്‍ക്ക്‌ വേഗം പരിണാമം സംഭവിക്കുകയും അവയ്‌ക്ക്‌ വൈവിധ്യം സംഭവിക്കുകയും ചെയ്‌ത കാലമാണ്‌; വിശേഷിച്ചും നട്ടെല്ലികള്‍ രണ്ട്‌ തായ്‌വഴികളായി പിരിയാന്‍ തുടങ്ങിയ കാലം. അതില്‍ ഒരു തായ്‌വഴി കുരങ്ങും ആള്‍ക്കുരങ്ങും മനുഷ്യനും ഉള്‍പ്പെട്ട ആന്ദ്രോപോയിഡുകള്‍ (anthropoids) ആയി മാറി. രണ്ടാമത്തേത്‌ ലിമൂറുകള്‍ ഉള്‍പ്പെട്ട പ്രോസിമിയന്‍സ്‌ (prosimians) എന്ന കൈവഴിയായി. ഈ രണ്ട്‌ പരിണാമശാഖകളുടെയും ലക്ഷണങ്ങള്‍ ഇഡ. മനുഷ്യനുള്‍പ്പെട്ട ആന്ദ്രോപോയിഡുകള്‍ രൂപപ്പെടാന്‍ വഴിയൊരുക്കിയ സംക്രമ ഇനമാകണം ഇഡയെന്ന നിഗമനത്തില്‍ എത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്‌ അതാണ്‌.

മനുഷ്യവര്‍ഗത്തിന്റെ പ്രാചീനപൂര്‍വികനാവാം ഇഡയെന്ന്‌ ഗവേഷകര്‍ പറയുമ്പോഴും, പക്ഷേ അത്‌ തങ്ങള്‍ തെളിയിച്ചുവെന്ന്‌ അവര്‍ അവകാശപ്പെടുന്നില്ല. "എല്ലാ മനുഷ്യരിലേക്കുമുള്ള ആദ്യകണ്ണിയാണിത്‌"-ഓസ്‌ലോ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിലെ ജോര്‍ന്‍ ഹുരൂം പ്രസ്‌താവനയില്‍ പറഞ്ഞു. "ഈ ഫോസില്‍ നമ്മള്‍ ഉള്‍പ്പെട്ട നട്ടെല്ലി ഗ്രൂപ്പില്‍പെട്ട കുരങ്ങുകളുടെ ലക്ഷണങ്ങളുള്ളതാണ്‌"-ജോര്‍ജ്‌ വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ ജൈവനരവംശ ശാസ്‌ത്രജ്ഞനായ ബ്രിയാന്‍ റിച്ച്‌മോന്‍ഡ്‌ പറയുന്നു.

പക്ഷേ, ഈ കണ്ടെത്തലില്‍ അത്ര വിശ്വാസമില്ലാത്ത ഗവേഷകരുമുണ്ട്‌. മനുഷ്യപരിണാമത്തിലെ കണ്ണിയെന്നുള്ള എത്രയോ അവകാശവാദങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ള കാര്യം അവര്‍ ഓര്‍മിപ്പിക്കുന്നു. അവയൊക്കെ ഒരിടത്തും എത്താതെ അവസാനിച്ചു. പുതിയ കണ്ടെത്തലിന്റെ കഥയും അങ്ങനെയായാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നവര്‍ പറയുന്നു. ഒപ്പം പരിണാമ വിരുദ്ധരും ഇഡയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്‌. വലിയ മാധ്യമപ്രചാരണത്തോടെ അവതരിപ്പിക്കപ്പെട്ട ഇഡ, പെട്ടന്നൊന്നും ഇനി വാര്‍ത്തയില്‍ നിന്ന്‌ പോകില്ലെന്ന്‌ ഉറപ്പിക്കാം.
(കടപ്പാട്‌: ദി എക്കണോമിസ്‌റ്റ്‌, ടൈം മാഗസിന്‍, നാഷണല്‍ ജ്യോഗ്രഫിക്‌ ന്യൂസ്‌).

5 comments:

Joseph Antony said...

മനുഷ്യവര്‍ഗത്തിന്റെ പ്രാചീനപൂര്‍വികനാവാം ഇഡയെന്ന്‌ ഗവേഷകര്‍ പറയുമ്പോഴും, പക്ഷേ അത്‌ തങ്ങള്‍ തെളിയിച്ചുവെന്ന്‌ അവര്‍ അവകാശപ്പെടുന്നില്ല. `എല്ലാ മനുഷ്യരിലേക്കുമുള്ള ആദ്യകണ്ണിയാണിത്‌`-ഓസ്‌ലോ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിലെ ജോര്‍ന്‍ ഹുരൂം പ്രസ്‌താവനയില്‍ പറഞ്ഞു. മനുഷ്യപരിണാമം സംബന്ധിച്ച്‌ വിവാദമുയര്‍ത്തുന്ന പുതിയ കണ്ടെത്തലിനെക്കുറിച്ച്‌....

ആനുകാലികന്‍ said...

good article.

പാവപ്പെട്ടവൻ said...

മനുഷ്യപരിണാമത്തിലെ കണ്ണിയെന്നുള്ള എത്രയോ അവകാശവാദങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ള കാര്യം അവര്‍ ഓര്‍മിപ്പിക്കുന്നു.ഒന്നും കാര്യമായി തെളിയിക്കാന്‍ കഴിഞ്ഞില്ല
അത് തന്നെയാണ് ഒരു പക്ഷെ ഇതിന്റെയും അവസ്ഥ

അഭിപ്രായം പറയുന്നിടത്ത് നിന്ന് ഈ Word Verification ഒഴിവാക്കികൂടെ

അനില്‍ശ്രീ... said...

കളിമണ്ണ് കൊണ്ട് മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുന്‍പ് ഭൂമിയില്‍ ജീവന്‍ ഉണ്ടായിരുന്നു എന്നു പോലും വിശ്വസിക്കാത്തവരുണ്ട്. പിന്നെയാ 470 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ഫോസില്‍ !!

മാഷേ,, ഇരുപതാം തീയതി ഗൂഗിളിന്റെ മണ്ടക്ക് കണ്ടപ്പോള്‍ തന്നെ വായിച്ചിരുന്നു.... കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി.

ഹന്‍ല്ലലത്ത് Hanllalath said...

ഓരോ മണ്ടന്‍ കണ്ടു പിടിത്തവും പിന്നീട് തെറ്റെന്നു ബോധ്യപ്പെടുന്നു
സമഗ്രമായത് എന്തെന്ന് നമ്മുക്കെന്നെങ്കിലും തെളിയിക്കാന്‍ കഴിയുമോ..?