Sunday, October 04, 2009

രോഗനിര്‍ണയത്തിന് സെല്‍ഫോണ്‍ മൈക്രോസ്‌കോപ്പ്

ചെലവു കുറഞ്ഞ സെല്‍ഫോണിനെ ഒരു അറ്റാച്ച്‌മെന്റിന്റെ സഹായത്തോടെ രോഗനിര്‍ണയ ഉപാധിയാക്കി മാറ്റുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. 'സെല്‍സ്‌കോപ്പ്' എന്നു വിളിക്കുന്ന ആ സെല്‍ഫോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ക്ഷയരോഗവും മലമ്പനിയും മറ്റും തിരിച്ചറിയാന്‍ കഴിയുമെന്ന് വന്നാലോ. ചെലവു കുറഞ്ഞ ഈ രോഗനിര്‍ണയമാര്‍ഗം ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങളിലും, ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത വിദൂരമേഖലകള്‍ക്കും അനുഗ്രഹമാകും.

അമേരിക്കയില്‍ ബര്‍ക്കലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു പ്രോജക്ടിന്റെ ഭാഗമായാണ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയായേക്കാവുന്ന സെല്‍സ്‌കോപ്പിന് രൂപംനല്‍കിയത്. കുഴലുപോലുള്ള ഒരു ഭാഗം സെല്‍ഫോണുമായി ബെല്‍റ്റ്ക്ലിപ്പ് ഉപയോഗിച്ച് ഘടിപ്പിച്ചാണ്, അതിനെ മൈക്രോസ്‌കോപ്പ് ആക്കി മാറ്റുക. പരമ്പരാഗത സൂക്ഷ്മദര്‍ശനികള്‍ പോലെ പ്രവര്‍ത്തിക്കുന്ന സെല്‍സ്‌കോപ്പ് ഉപയോഗിച്ച് കഫവും രക്തവും പരിശോധിക്കാനാവും. സ്ലൈഡുകളിലെ സാമ്പിളുകളുടെ ദൃശ്യങ്ങള്‍ വലുതാക്കി വിശകലനം ചെയ്താണ് രോഗനിര്‍ണയം നടത്തുക. അല്ലെങ്കില്‍, ദൃശ്യങ്ങള്‍ നെറ്റ്‌വര്‍ക്ക് വഴി മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് അയച്ച് വിശകലനം സാധ്യമാക്കുന്നു. ഫഌറസെന്റ് പ്രതിഭാസമാണ് ഉപകരണത്തില്‍ പരിശോധനയ്ക്ക് സഹായിക്കുക.

ക്ഷയരോഗത്തിന്റെ കാര്യത്തില്‍ സ്ലൈഡിലെ കഫത്തിന്റെ സാമ്പിളുമായി വിലകുറഞ്ഞ ഒരു ഫഌറസെന്റ് ചായം സമ്മേളിപ്പിക്കുന്നു. സെല്‍ഫോണില്‍ ഘടിപ്പിക്കുന്ന കുഴല്‍ പോലുള്ള ഉപകരണത്തിനുള്ളില്‍ എതിര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി) പ്രത്യേക തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍, സ്ലൈഡിലെ സാമ്പിളില്‍ ക്ഷയരോഗാണു ഉണ്ടെങ്കില്‍ പ്രകാശം ആഗിരണം ചെയ്ത് പച്ചനിറത്തില്‍ തിളങ്ങും. അത്തരത്തില്‍ തിളങ്ങുന്ന ബാക്ടീരിയകളുടെ എണ്ണം ഉപകരണത്തിലെ സോഫ്ട്‌വേര്‍ കൃത്യമായി കണക്കാക്കുകയും രോഗം നിര്‍ണിയിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ആ ദൃശ്യം നെറ്റ്‌വര്‍ക്ക് വഴി അകലെയുള്ള ഡോക്ടര്‍മാര്‍ക്ക് അയച്ചു കൊടുത്ത് രോഗം മനസിലാക്കാന്‍ കഴിയും.

ആരോഗ്യസംവിധാനങ്ങള്‍ അധികമില്ലാത്ത, ലോകത്തിന്റെ ഏത് ഭാഗത്തും പ്രയോജനകരമാണ് ഈ സെല്‍ഫോണ്‍ ഉപകരണമെന്ന്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അയ്‌ദോഗാന്‍ ഒസ്‌കാന്‍ അറിയിക്കുന്നു. ലെന്‍സില്ലാതെ സെല്‍ഫോണ്‍ ഇമേജിങ് സാധ്യമാക്കാന്‍ സര്‍വകലാശാലയില്‍ നടക്കുന്ന ഗവേഷണത്തില്‍ പങ്കാളിയാണ് ഒസ്‌കാന്‍. 'പ്ലോസ് വണ്‍' ജേര്‍ണലിലാണ് പുതിയ ഉപകരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കൊണ്ടുനടക്കാവുന്ന ഈ ഫഌറസെന്റ് ഉപകരണത്തിന്റെ സഹായത്തോടെ അരിവാള്‍ രോഗവും തിരിച്ചറിയാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'ഫഌറസെന്റ് മൈക്രോസ്‌കോപ്പി' എന്നത് സാധാരണഗതിയില്‍ ചെലവേറിയ സങ്കേതമാണ്. പാവപ്പെട്ട രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് അത് ലഭ്യമാക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍, പുതിയ സങ്കേതം ചെലവ് കാര്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്, ഗവേഷണത്തില്‍ പങ്കുവഹിക്കുന്ന ബയോഎന്‍ജിനിയര്‍ വില്‍ബര്‍ ലാം പറയുന്നു. സാധാരണഗതിയില്‍ ഫഌറസെന്റ് മൈക്രോസ്‌കോപ്പി സാധ്യമാക്കാന്‍ ഡാര്‍ക്ക് റൂം, മെര്‍ക്കുറി വിളക്ക്, മികച്ച പരിശീലനം നേടിയ വ്യക്തികള്‍ തുടങ്ങിയവയൊക്കെ ആവശ്യമാണ്. ചെലവേറിയ ഈ സൗകര്യങ്ങള്‍ വികസ്വരരാഷ്ട്രങ്ങളിലെ മിക്കയിടങ്ങളിലും ലഭ്യമാക്കുക പ്രായോഗികമല്ല. എന്നാല്‍, സെല്‍സ്‌കോപ്പിന്റെ കാര്യത്തില്‍ അത്തരം സൗകര്യങ്ങളുടെയോ ചെലവിന്റെയോ ഒന്നും ആവശ്യമില്ല. ഏത് വിദൂരമേഖലയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈയില്‍ കൊണ്ടുനടക്കാവുന്നതാണ് ഈ ഉപകരണം. രോഗനിര്‍ണയം അനായാസമാകുന്നതോടെ, കൂടുതല്‍ പേര്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യാമാക്കാന്‍ പുതിയ സങ്കേതം സഹായിക്കും.(കടപ്പാട്: ടെക്‌നോളജി റിവ്യു).

2 comments:

JA said...

ചെലവു കുറഞ്ഞ സെല്‍ഫോണിനെ ഒരു അറ്റാച്ച്‌മെന്റിന്റെ സഹായത്തോടെ രോഗനിര്‍ണയ ഉപാധിയാക്കി മാറ്റുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. 'സെല്‍സ്‌കോപ്പ്' എന്നു വിളിക്കുന്ന ആ സെല്‍ഫോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ക്ഷയരോഗവും മലമ്പനിയും മറ്റും തിരിച്ചറിയാന്‍ കഴിയുമെന്ന് വന്നാലോ. ചെലവു കുറഞ്ഞ ഈ രോഗനിര്‍ണയമാര്‍ഗം ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങളിലും, ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത വിദൂരമേഖലകള്‍ക്കും അനുഗ്രഹമാകും. അമേരിക്കയില്‍ ബര്‍ക്കലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു പ്രോജക്ടിന്റെ ഭാഗമായാണ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയായേക്കാവുന്ന സെല്‍സ്‌കോപ്പിന് രൂപംനല്‍കിയത്.

സേതുലക്ഷ്മി said...

കൊള്ളാമല്ലോ വീഡിയോണ്‍!