Friday, October 09, 2009

നോബല്‍ സമ്മാനം 2009-ഭൗതികശാസ്ത്രം

പ്രകാശത്തെ മെരുക്കിയവര്‍ക്ക് അംഗീകാരം

ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ കരുതാവുന്ന കണ്ടുപിടിത്തങ്ങള്‍; ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതവും ഡിജിറ്റല്‍ ക്യാമറയും. ഇന്‍ഫര്‍മേഷന്‍ സമൂഹമായി ആധുനികലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ഈ കണ്ടെത്തലുകള്‍ക്കാണ് 2009 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം.

വിവരവിനിമയ വിപ്ലവത്തിനായി പ്രകാശത്തെ മെരുക്കിയെടുക്കലാണ് മേല്‍പ്പറഞ്ഞ സങ്കേതങ്ങള്‍ വഴി സംഭവിച്ചത്. ആ അര്‍ഥത്തില്‍, ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതത്തിന് വഴിതുറന്ന ചൈനീസ് വംശജന്‍ ചാള്‍സ് കെ. കയോയും, ഡിജിറ്റല്‍ ക്യാമറയുടെ നട്ടെല്ലായ ഇമേജിങ് സെമികണ്ടക്ടര്‍ സര്‍ക്കീട്ട് (സി.സി.ഡി. സെന്‍സര്‍) രൂപപ്പെടുത്തിയ കനേഡിയന്‍ വംശജന്‍ വില്ലാഡ് എസ്. ബോയ്‌ലും അമേരിക്കക്കാരന്‍ ജോര്‍ജ് ഇ. സ്മിത്തും പ്രകാശത്തെ ശരിക്കും മെരുക്കിയവരാണ്. ഇവര്‍ മൂവരുമാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നോബല്‍ പങ്കിട്ടത്. 'പ്രകാശത്തിന്റെ അധിപര്‍' എന്ന് നോബല്‍ കമ്മറ്റി വിശേഷിപ്പിച്ച ഇവരില്‍ ചാള്‍സ് കയോ സമ്മാനത്തിന്റെ നേര്‍പകുതിക്ക് അര്‍ഹനായി. അടുത്ത പകുതി ബോയ്‌ലും സ്മിത്തും പങ്കിട്ടു.

ലോകം കീഴടക്കിയ ഫൈബര്‍ ഓപ്ടിക്‌സ്

ഒന്നിന്റെ കണ്ടെത്തലാണ് മറ്റൊന്നിന് തുടക്കമാവുകയെന്ന പ്രസ്താവന ഫൈബര്‍ ഓപ്ടിക്‌സിന്റെ കാര്യത്തിലും ശരിയാണ്. 1960-കളുടെ തുടക്കത്തിലുണ്ടായ ലേസറിന്റെ കണ്ടെത്തലാണ് ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേത്തിന് വഴി തുറന്നത്. ഓപ്ടിക്കല്‍ ഫൈബര്‍നാരുകളിലൂടെ പ്രകാശസിഗ്നലുകളുടെ രൂപത്തില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാമെന്ന് വന്നതിന് മുഖ്യകാരണങ്ങളിലൊന്ന് ലേസറായിരുന്നു. എന്നാല്‍, ശോഷണം സംഭവിക്കാതെ ദീര്‍ഘദൂരത്തേക്ക് എങ്ങനെ പ്രകാശസിഗ്നലുകള്‍ എത്തിക്കാം എന്നത് പ്രശ്‌നമായിരുന്നു. 20 മീറ്റര്‍ ദൂരത്തേക്ക് ഇത്തരം സിഗ്നലുകള്‍ കടത്തിവിട്ടാല്‍ ബാക്കിയാവുക വെറും ഒരു ശതമാനം മാത്രമായിരുന്നു. പ്രകാശത്തിന്റെ ഈ ശോഷണം തടയുകയെന്ന വെല്ലുവിളിയാണ് ചാള്‍സ് കയോ ഏറ്റെടുത്തത്.

ചൈനയിലെ ഷാന്‍ഹായിയില്‍ ജനിച്ച അദ്ദേഹം ഹോങ്കോങിലേക്ക് സകുടുംബം കുടിയേറുകയും പിന്നീട് ലണ്ടനിലെത്തുകയും ചെയ്ത ഇലക്ട്രോണിക്‌സ് എന്‍ജിനിയറാണ്. 1965-ല്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അപ്പോഴേക്കും സ്റ്റാന്‍ഡേര്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസില്‍ ജോലിയും കരസ്ഥമാക്കിയിരുന്നു. ചെറുപ്പക്കാരനായ തന്റെ സഹപ്രവര്‍ത്തകന്‍ ജോര്‍ജ് എ. ഹോക്ക്ഹാമിന്റെ സഹകരണത്തോടെ അദ്ദേഹം ഗ്ലാസ് ഫൈബറുകളെക്കുറിച്ച് സൂക്ഷ്മായി പഠിക്കുന്നത് അവിടെ വെച്ചാണ്. ഗ്ലാസ് ഫൈബറില്‍ കടത്തിവിടുന്ന പ്രകാശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ഒരു ശതമാനമെങ്കിലും അവശേഷിക്കാന്‍ പാകത്തില്‍, ഫൈബര്‍ ഓപ്ടിക്‌സ് സങ്കേതം മെച്ചപ്പെടുത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം!

1966 ജനവരിയില്‍ കയോ തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഫൈബര്‍ നാരുകള്‍ അതിലൂടെ കടന്നുപോകുന്ന പ്രകാശത്തെ ശോഷിപ്പിക്കുന്നതിന് മുഖ്യകാരണം, നാരുകളുണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുള്ള ഗ്ലാസ് സംശുദ്ധമല്ലാത്തതാണെന്ന് കയോ വാദിച്ചു. അതുവരെ സാധിക്കാത്തത്ര കുറ്റമറ്റ രീതിയില്‍, സുതാര്യതയോടെയുള്ള ഗ്ലാസുകള്‍ നിര്‍മിക്കുക എന്നതാണ് യഥാര്‍ഥ വെല്ലുവിളി. കയോയുടെ ആശയങ്ങള്‍ മറ്റ് പല ഗവേഷകരിലും ആവേശമുണര്‍ത്തി. സംശുദ്ധമായ ഫൈബര്‍നാരുകള്‍ ചെലവുകുറഞ്ഞ രീതിയില്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടു. എണ്‍പതുകളോടെ ഫൈബര്‍ ഓപ്ടിക്‌സ് ലോകത്തിന്റെ മുഖംമാറ്റുമെന്ന് പലര്‍ക്കും ബോധ്യപ്പെട്ടു. ഇടിമിന്നലോ, വൈദ്യുതകാന്തിക പ്രവാഹങ്ങളുടെ സാമീപ്യമോ, മഴയത്ത് നനയുന്നതോ ഒന്നും ഫൈബര്‍ ഓപ്ടിക്‌സിലൂടെ ഡേറ്റ വിനിമയം ചെയ്യുന്നതിന് തടസ്സമാകുന്നില്ല.

1988-ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലൂടെ ആദ്യമായി ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ യൂറോപ്പിനെയും അമേരിക്കയെയും ബന്ധിപ്പിച്ചു. 6000 കിലോമീറ്ററായിരുന്നു ആ കേബിളിന്റെ ദൈര്‍ഘ്യം. ഇന്ന്, ലോകമെങ്ങും ടെലഫോണും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനും സാധ്യമാക്കുന്നത് ഓപ്ടിക്കല്‍ ഗ്ലാസ് ഫൈബറിന്റെ ശൃംഗലകളാണ്. ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്ന ഓപ്ടിക്കല്‍ ഫൈബര്‍ നാരുകളുടെ ആകെ നീളം 100 കോടി കിലോമീറ്റര്‍ വരുമെന്നാണ് കണക്ക്. ഭൂമിയെ 25000 തവണ ചുറ്റിവളയാന്‍ ഇത് മതി. ഒരു കിലോമീറ്റര്‍ ഫൈബര്‍ നാരിലൂടെ പ്രകാശസിഗ്നലുകള്‍ സഞ്ചരിക്കുമ്പോള്‍ ഇപ്പോള്‍ 95 ശതമാനവും അവശേഷിക്കും. (ഒരു ശതമാനം അവശേഷിക്കുക എന്നതായിരുന്നു കയോയുടെ ലക്ഷ്യം).

മാത്രമല്ല, അര്‍ധചാലക ലേസറുകളും പ്രകാശ ഡയോഡുകളും ഫൈബര്‍ ഓപ്ടിക്‌സിന് അനുഗ്രഹമായി. ധാന്യമണിയുടെ വലിപ്പമുള്ള ഇത്തരം ഉപകരണങ്ങളാണ് ഇന്ന് ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഗലകളില്‍ ടെലഫോണ്‍ കമ്മ്യൂണിക്കേഷനും ഡേറ്റ വിനിമയവും പ്രകാശവേഗത്തിലാക്കാന്‍ സഹായിക്കുന്നത്. ദീര്‍ഘദൂരമുള്ള കമ്മ്യൂണിക്കേഷന് 1.55 മൈക്രോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളാണ് ഉപയോഗിക്കുന്നത്. സിഗ്നലുകള്‍ക്കുള്ള ശോഷണം ഇത്തരം കിരണങ്ങള്‍ ഉപയോഗിക്കുക വഴി പരിമിതപ്പെടുത്താനാകും. അത്ഭുതകരമായ വേഗത്തിലാണ് ഓപ്ടിക്കല്‍ കേബിള്‍ ശൃംഗല വളര്‍ന്നുകൊണ്ടിരിക്കുന്നത്. ചെറിയൊരു ലക്ഷ്യത്തോടെ ആരംഭിച്ച് വലിയൊരു വിപ്ലവത്തിനാണ് കയോ 1960-കളുടെ അവസാനം തുടക്കമിട്ടത് എന്ന് സാരം.ശരിക്കും അപ്രതീക്ഷിതം, ആധുനിക ഇമേജിങ് സാങ്കേതികവിദ്യകളുടെയെല്ലാം നട്ടെല്ലായി മാറിയ ഇമേജ് സെന്‍സര്‍ (ചാര്‍ജ്-കപ്പിള്‍ഡ് ഡിവൈസ്-CCD) ഇന്നെത്തിയിരിക്കുന്ന ഉയരങ്ങളെ വിശേഷിക്കാവുന്നത് ഇങ്ങനെയാണ്. ഡിജിറ്റല്‍ ക്യാമറകള്‍ സര്‍വവ്യാപിയാണിപ്പോള്‍. വിലകൂടിയ ഫിലിമുകളും അത് ഡെവലപ് ചെയ്യുകയെന്ന പൊല്ലാപ്പുമെല്ലാം ഡിജിറ്റല്‍ ക്യാമറകള്‍ രംഗത്തെത്തിയതോടെ പഴങ്കഥയായി മാറിയിരിക്കുന്നു. ഇപ്പോഴത്തെ ഡിജിറ്റല്‍യുഗത്തില്‍ ഏറ്റവുമധികം ഡേറ്റ സൃഷ്ടിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നത് ഇമേജുകളുടെ രൂപത്തിലാണ്. എന്തിന് ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍ നിന്നുള്ള സ്വര്‍ഗീയദൃശ്യങ്ങളും, ചൊവ്വാപര്യവേക്ഷണ പേടകങ്ങള്‍ അയയ്ക്കുന്ന ഗ്രഹദൃശ്യങ്ങളും യഥാര്‍ഥത്തില്‍ സാധ്യമാക്കുന്നത് ഇമേജ് സെന്‍സറുകളാണ്.

1969 സപ്തംബറില്‍ ഇമേജിങ് സെന്‍സര്‍ രൂപപ്പെടുത്താനുള്ള ശ്രമമാരംഭിക്കുമ്പോള്‍, വില്ലാഡ് ബോയ്‌ലിന്റെയും ജോര്‍ജ് സ്മിത്തിന്റെയും വിദൂര പരിഗണനകളില്‍പ്പോലും ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നില്ല. ബെല്‍ ലബോറട്ടറിയില്‍ ബോയ്‌ലിന്റെ ഓഫീസിലെ ബ്ലാക്ക്‌ബോര്‍ഡില്‍ ഇമേജ് സെന്‍സറിന്റെ ആദ്യരൂപരേഖ സൃഷ്ടിക്കുമ്പോള്‍, മുന്തിയ ഇലക്ട്രോണിക് മെമ്മറി രൂപപ്പെടുത്താന്‍ നവീനമാര്‍ഗം എന്നു മാത്രമേ അവര്‍ ചിന്തിച്ചുള്ളു. ഒരു മെമ്മറി ഉപകരണം എന്ന നിലയ്ക്കുള്ള ഇമേജിങ് സെന്‍സറിന്റെ ഉപയോഗം ഇന്ന് വിസ്മൃതിയിലായിക്കഴിഞ്ഞു. തുടക്കത്തില്‍ സൃഷ്ടാക്കള്‍ സങ്കല്‍പ്പിക്കാത്ത തരത്തിലൊരു ഇലക്ട്രോണിക് വിജയഗാഥയായി ആ കണ്ടെത്തല്‍ പിന്നീട് മാറിയത് ചരിത്രം.

മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലെന്നപോലെ, സിലിക്കണ്‍ കൊണ്ടാണ് ഇമേജ് സെന്‍സറും രൂപപ്പെടുത്തിയത്. സ്റ്റാമ്പിന്റെ വലിപ്പത്തിലുള്ള സിലിക്കണ്‍ പ്ലേറ്റില്‍, പ്രകാശസംവേദകശേഷിയുള്ള ലക്ഷക്കണക്കിന് ഫോട്ടോഇലക്ട്രിക് സെല്ലുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഫോട്ടോ ഇലകട്രിക് പ്രഭാവത്തിന് 1905-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇമേജ് സെന്‍സര്‍ പ്രവര്‍ത്തിക്കുക (അതിനാണ് 1921-ല്‍ ഐന്‍സ്റ്റൈന് നോബല്‍ പുരസ്‌കാരം ലഭിച്ചത്). ഫോട്ടോസെല്ലുകളില്‍ പതിക്കുന്ന പ്രകാശകണങ്ങള്‍, അവിടെ നിന്ന് ഇലക്ട്രോണുകളെ തട്ടിത്തെറിപ്പിക്കുന്നു. ഇങ്ങനെ ഉല്‍സര്‍ജിക്കുന്ന ഇലക്ട്രോണുകള്‍ പ്രത്യേകം ശേഖരിക്കപ്പെടുന്നു. പ്രകാശത്തിന്റെ അളവ് വര്‍ധിക്കുന്തോറും ശേഖരിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ സംഖ്യ വര്‍ധിക്കുന്നു.

ഈ വിദ്യവഴി ദൃശ്യത്തെ ഇലക്ട്രോണിക് സിഗ്നലുകളായി രൂപപ്പെടുത്തിയ ശേഷം, അതിനെ ഡിജിറ്റല്‍ രൂപമായ ബൈനോമിയല്‍ ഭാഷയിലേക്ക് (ones and zeros) മാറ്റുകയാണ് ഇമേജ് സെന്‍സറുകള്‍ ചെയ്യുക. ഇമേജ് സെന്‍സറിലെ ഓരോ ഫോട്ടോസെല്ലും ഇമേജ് പോയന്റുകളായി മാറും. ഈ പോയന്റിനെ 'പിക്‌സല്‍' എന്ന് വിളിക്കുന്നു. ഇമേജ് സെന്‍സറുകളുടെ വീതി (പിക്‌സലുകളിലാണ് ഇത് സൂചിപ്പിക്കുക)യെ അതിന്റെ പൊക്കവുമായി ഗുണിക്കുന്ന രൂപത്തിലാണ് സെന്‍സറിന്റെ ഇമേജ്‌ശേഷി സൂചിപ്പിക്കുക. ഉദാഹരണം 1280 x 1024 പിക്‌സലില്‍ നിന്ന് ലഭിക്കുന്ന ശേഷി 1.3 മെഗാപിക്‌സലായിരിക്കും (13 ലക്ഷം പിക്‌സലുകള്‍). ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപത്തിലാണ് ഇമേജ് സെന്‍സറുകള്‍ ദൃശ്യങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുക. ഇമേജ് സെന്‍സറുകളുടെ പ്രതലത്തില്‍ വിവിധ ഫില്‍റ്ററുകള്‍ സ്ഥാപിച്ചാണ് വര്‍ണദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.

40 വര്‍ഷം മുമ്പ് ബോയ്‌ലും സ്മിത്തും നടത്തിയ ആദ്യ കൂടിയാലോചനയില്‍ തന്നെ ഇമേജിങ് സെന്‍സറിന്റെ ആശയം ഉരുത്തിരിയുകയുണ്ടായി. ആദ്യ ഡിസൈന്‍ തയ്യാറായി ഒരാഴ്ചയ്ക്കകം സെന്‍സറിന്റെ പ്രാക്‌രൂപം നിര്‍മിക്കാന്‍ ബെല്‍ ലാബ്‌സിലെ ടെക്‌നീഷ്യന്‍മാര്‍ക്കായി. പക്ഷേ, ഡിജിറ്റല്‍ ക്യാമറയുടെ ശരിക്കുള്ള പ്രധാന്യം വ്യക്തമാകാന്‍ 1969 ജൂലായ് 20 വരെ കാത്തിരിക്കേണ്ടി വന്നു. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍കുത്തിയപ്പോഴാണ് ഡിജിറ്റല്‍ ക്യാമറകളുടെ പ്രാധാന്യം പലര്‍ക്കും ബോധ്യമായത്. ഇമേജ് സെന്‍സര്‍ വീഡിയോ ക്യാമറയില്‍ ഉപയോഗിക്കാമെന്ന് 1970-ല്‍ സ്മിത്തും ബോയ്‌ലും തെളിയിച്ചു. 100 x 100 പിക്‌സലുള്ള ആദ്യ ഇമേജ് സെന്‍സര്‍ 1972-ല്‍ അമേരിക്കന്‍ കമ്പനിയായ ഫെയര്‍ചൈല്‍ഡ് രൂപപ്പെടുത്തി.

ഉന്നത റസല്യൂഷനുള്ള ഡിജിറ്റല്‍ വീഡിയോക്യാമറ 1975 ആയപ്പോഴേക്കും സ്മിത്തും ബോയ്‌ലും ചേര്‍ന്ന് രൂപപ്പെടുത്തി. ടെലിവിഷന്‍ സംപ്രേക്ഷണത്തിന് ഉപയോഗിക്കാവുന്നത്ര ഗുണനിലവാരമുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതായിരുന്നു ആ ക്യാമറ. എന്നാല്‍, സി.സി.ഡി. ഉപയോഗിച്ചുള്ള ആദ്യ ഡിജിറ്റല്‍ ക്യാമറ വിപണിയിലെത്തുന്നത് 1981-ല്‍ മാത്രമാണ്. അഞ്ചുവര്‍ഷം കഴിഞ്ഞ്, 1986-ല്‍ 1.4 മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറകള്‍ രംഗത്തു വന്നു. ലോകത്തെങ്ങുമുള്ള ക്യാമറാ നിര്‍മാതാക്കള്‍ക്ക് കാര്യം ബോധ്യമായി. വിലയും വലിപ്പവും കുറവുള്ള ഡിജിറ്റല്‍ ക്യാമറകളുടെ കുത്തൊഴുക്കാണ് പിന്നീടുണ്ടായത്. ഇന്ന് മൊബൈല്‍ ഹാന്‍ഡ് സെറ്റുകളില്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ ഡിജിറ്റല്‍ സെന്‍സറുകള്‍ അനുപേക്ഷണീയ ഘടകമാണ്.

മൂന്ന് വര്‍ഷം മുമ്പ് 100 മെഗാപിക്‌സല്‍ എന്ന പരിധി സി.സി.ഡി. പിന്നിട്ടു. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ വിദൂരനക്ഷത്രങ്ങള്‍ക്ക് സമീപം തേടുന്ന കെപ്ലാര്‍ ബഹിരാകാശ ടെലസ്‌കോപ്പില്‍ ഉപയോഗിച്ചിട്ടുള്ളത് 95 മെഗാപിക്‌സല്‍ ശേഷിയുള്ള ഇമേജിങ് സെന്‍സറാണ്. അകലെയുള്ള വസ്തുക്കളില്‍ നിന്നെത്തുന്ന നൂറ് പ്രകാശകണങ്ങ (ഫോട്ടോണുകള്‍) ളില്‍ 90-നെയും പിടിച്ചെടുക്കാനുള്ള ശേഷിയാണിത്. എന്നാല്‍, നൂറ് കണങ്ങളില്‍ ഒന്നിനെ പിടിച്ചെടുക്കാനുള്ള ശേഷിയേ മനുഷ്യനേത്രങ്ങള്‍ക്കുള്ളു. ഇത്തരം അത്യുന്നത ശേഷിയുള്ള ഇമേജ് സെന്‍സറുകളില്‍ പ്രകാശകണങ്ങള്‍ പതിച്ച് സെക്കന്‍ഡുകള്‍ക്കകം അത് രേഖപ്പെടുത്തും. മുമ്പ് മണിക്കൂറുകളെടുക്കുന്ന പ്രക്രിയയായിരുന്നു അത്. വിപ്ലവത്തില്‍ കുറഞ്ഞ ഒന്നല്ല ഇമേജിങ് സങ്കേതങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് സാരം.

സി.സി.ഡി. ആധാരമാക്കിയ ഡിജിറ്റല്‍ ക്യാമറകളും ഇമേജിങ് ഉപകരണങ്ങളും സൃഷ്ടിക്കുന്ന ഭീമാകാരമായ ഡേറ്റയാണ്, ലോകമെങ്ങും ഇന്ന് വിനിമയം ചെയ്യപ്പെടുന്ന ഡിജിറ്റല്‍ വിവരങ്ങളില്‍ ഏറിയ പങ്കും. അതിന്റെ അളവ് ദിനംപ്രതി വര്‍ധിച്ചു വരികയും ചെയ്യുന്നു. ഇത്ര ഭീമമായ തോതിലുള്ള വിവരങ്ങള്‍ വിനിമയം ചെയ്യാന്‍ ഓപ്ടിക്കല്‍ ഫൈബറുകളുടെ സഹായമില്ലാതെ കഴിയില്ല. എന്നുവെച്ചാല്‍, ഇന്ന് നമ്മള്‍ എത്തിയിരിക്കുന്ന ഡിജിറ്റല്‍ യുഗം സാധ്യമാക്കിയതില്‍ പരസ്പരപൂരകങ്ങളായ റോളുകളാണ് രണ്ട് സങ്കേതങ്ങളും വഹിക്കുന്നതെന്ന് ചരുക്കം.

ചാള്‍സ് കെ. കയോ: ബ്രിട്ടനിലെയും അമേരിക്കയിലെയും പൗരത്വം. ചൈനയിലെ ഷാന്‍ഹായിയില്‍ 1933-ന് ജനിച്ചു. ബ്രിട്ടനില്‍ ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നിന്ന് 1965-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ഡോക്ടറേറ്റ് നേടി. ബ്രിട്ടനില്‍ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസിലെ എന്‍ജിനിയറിങ് മേധാവി. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങിന്റെ വൈസ്ചാന്‍സലര്‍.

വില്ലാഡ് എസ്. ബോയ്ല്‍: കനേഡിയന്‍ അമേരിക്കന്‍ പൗരന്‍. കാനഡയിലെ അംഹേര്‍സ്റ്റില്‍ 1924-ല്‍ ജനിച്ചു. കാനഡയിലെ മക്ഗില്‍ സര്‍വകാലാശാലിയില്‍ നിന്ന് 1950-ല്‍ ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബെല്‍ ലബോറട്ടറിയിലെ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് വിഭാഗത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍.

ജോര്‍ജ് സ്മിത്ത്: അമേരിക്കന്‍ പൗരന്‍. അമേരിക്കയിലെ വൈറ്റ് പ്ലേന്‍സില്‍ 1930-ല്‍ ജനിച്ചു. ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് 1959-ല്‍ ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ബെല്‍ ലബോറട്ടറിയിലെ വി.എല്‍.എസ്.ഐ. ഡിവൈസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി.
(അവലംബം: nobelprize.org).

കാണുക

4 comments:

Joseph Antony said...

ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ കരുതാവുന്ന കണ്ടുപിടിത്തങ്ങള്‍; ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതവും ഡിജിറ്റല്‍ ക്യാമറയും. ഇന്‍ഫര്‍മേഷന്‍ സമൂഹമായി ആധുനികലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ഈ കണ്ടെത്തലുകള്‍ക്കാണ് 2009 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം.

ബിജു ചന്ദ്രന്‍ said...

നോബല്‍ ജേതാക്കളെയും അവരുടെ നേട്ടങ്ങളെയും എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ലളിതമായി വിവരിച്ചിരിക്കുന്നു. താങ്ക്സ് എ ലോട്ട്.

Rini said...
This comment has been removed by the author.
Rini said...

there is one issue