Thursday, July 02, 2009

ഉലകംചുറ്റും ഉറുമ്പുകോളനി

ഉറുമ്പുകളുടെ ഒരു മെഗാകോളനി ലോകമാകെ വ്യാപിച്ചിരിക്കുന്നതായി കണ്ടെത്തല്‍. ജീവലോകത്ത്‌ ഇതിന്‌ സമാനമായുള്ളത്‌ മനുഷ്യസമൂഹം മാത്രമെന്ന്‌ ഗവേഷകര്‍!

വന്‍കരകളിലാകെ പടര്‍ന്ന്‌ വ്യാപിക്കുന്ന ഒരു കോളനിയെപ്പറ്റി സങ്കല്‍പ്പിച്ചു നോക്കൂ. അത്തരമൊരു കോളനിയിലെ അംഗങ്ങള്‍ മനുഷ്യര്‍ തന്നെയാകും എന്ന്‌ ആരും എളുപ്പം ഉറപ്പിക്കും. അത്‌ സത്യമാണ്‌. എന്നാല്‍, മനുഷ്യര്‍ക്ക്‌ മാത്രമേ ഇത്തരമൊരു ആഗോള കോളനിയുള്ളു എന്ന്‌ കരുതുന്നുവെങ്കില്‍ തെറ്റി. ഉറുമ്പുകള്‍ക്കും ലോകമാകെ വ്യാപിച്ചു കിടക്കുന്ന ഒരു മെഗാകോളനി ഉണ്ടത്രേ! യൂറോപ്പ്‌, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെടുന്ന കോടാനുകോടി 'അര്‍ജന്റൈന്‍ ഉറുമ്പകള്‍' (Argentine ants) യഥാര്‍ഥത്തില്‍ ഒറ്റ കോളനിയിലെ അംഗങ്ങളാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍.

ഒരുകാലത്ത്‌ തെക്കെ അമേരിക്കയില്‍ മാത്രം കാണപ്പെട്ടിരുന്നവയാണ്‌, 'ലിനെപിതെമ ഹ്യുമൈല്‍' (Linepithema humile) എന്ന ശാസ്‌ത്രീയ നാമമുള്ള അര്‍ജന്റൈന്‍ ഉറുമ്പുകള്‍. മനുഷ്യരാണ്‌ അവയെ ഇതര ഭൂഖണ്ഡങ്ങളിലെത്തിച്ചത്‌. ഇന്ന്‌ അന്റാര്‍ട്ടിക്ക ഒഴികെ മറ്റെല്ലാ പ്രദേശത്തും ഇത്തരം കറുത്ത ഉറുമ്പുകള്‍ കാണപ്പെടുന്നു. ശരിക്കുള്ള ജൈവഅധിനിവേശമാണ്‌ ഈ ഉറുമ്പുകള്‍ ലോകമാകെ നടത്തിയത്‌. ഓരോയിടത്തും വലിയ കോളനികളായി കഴിയുന്ന ഈ ജീവികള്‍, ഇന്ന്‌ തദ്ദേശീയമായ ജീവികള്‍ക്കും വിളകള്‍ക്കും വന്‍ഭീഷണി സൃഷ്ടിക്കുന്ന കീടമാണ്‌.

യൂറോപ്പില്‍ മെഡിറ്റനേറിയന്‍ തീരത്താകെ വ്യാപിച്ചു കിടക്കുന്ന അര്‍ജന്റൈന്‍ ഉറുമ്പുകോളനിയുടെ നീളം 6000 കിലോമീറ്ററാണ്‌. അതേസമയം, അമേരിക്കയില്‍ 'കാലിഫോര്‍ണിയന്‍ ലാര്‍ജ്‌' എന്ന പേരില്‍ അറിയപ്പെടുന്ന ഉറുമ്പ്‌ കോളനിക്ക്‌ 900 കിലോമീറ്ററാണ്‌ നീളം. ജപ്പാനില്‍ പടിഞ്ഞാറന്‍ തീരത്തും ഇതുപോലെ ഒരു ഭീമന്‍ കോളനിയുണ്ട്‌. ഈ ഉറുമ്പ്‌ കോളനികളെല്ലാം വ്യത്യസ്‌തമെന്നാണ്‌ ശാസ്‌ത്രലോകം ഇതുവരെ കരുതിയിരുന്നത്‌. എന്നാല്‍, അത്‌ സത്യമല്ലത്രേ. ഒരേ കോളനിയില്‍ പെട്ടവരെപ്പോലെയാണ്‌ ഇവയിലെല്ലാമുള്ള ഉറുമ്പുകള്‍ പെരുമാറുന്നതത്രേ!

ടോക്യോ സര്‍വകലാശാലയിലെ ഇരികി സുനാമുറെയുടെ നേതൃത്വത്തില്‍ ജപ്പാനിലെയും സ്‌പെയിനിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌, ഉലകംചുറ്റും ഉറുമ്പുകോളനി കണ്ടെത്തിയതെന്ന്‌ 'ഇന്‍സെക്‌റ്റ്‌ സോസിയോക്‌സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു. യൂറോപ്പിലും ജപ്പാനിലും കാലിഫോര്‍ണിയയിലുമുള്ള ഉറുമ്പുകള്‍ ഒരേ രാസസിഗ്നലുകളാണ്‌ പുറപ്പെടുവിക്കുന്നതെന്ന്‌ ഗവേഷകര്‍ കണ്ടു. അവയുടെ ക്യുട്ടിക്കിളുകളിലെ ഹൈഡ്രോകാര്‍ബണുകളുടെ പ്രൊഫൈല്‍ അസാധാരണമാം വിധം സമാനമാണ്‌.

സാധാരണഗതിയില്‍ രണ്ട്‌ കോളനികളിലെ ഓരോ ഉറുമ്പിനെ വീതം ഒരുമിച്ച്‌ വിട്ടാല്‍ അവ പരസ്‌പരം പോരടിക്കുകയാണ്‌ പതിവ്‌. എന്നാല്‍, യൂറോപ്പിലും അമേരിക്കയും ജപ്പാനിലും കാണപ്പെടുന്ന അര്‍ജന്റൈന്‍ ഉറുമ്പുകളെ ഇത്തരത്തില്‍ പരീക്ഷിച്ചപ്പോള്‍, പോരടിക്കുന്നതിന്‌ പകരം അവ ചങ്ങാതിമാരെപ്പോലെയാണ്‌ പെരുമാറുന്നതെന്ന്‌ ഗവേഷകര്‍ കണ്ടു. അവ സ്‌നേഹപൂര്‍വം ആന്റീനകള്‍ പരസ്‌പരം ഉരുമ്മുകയും ഒരിക്കലും പരസ്‌പരം ഏറ്റുമുട്ടാതിരിക്കുകയും ചെയ്‌തു. അവ ഓരോന്നും മഹാസമുദ്രങ്ങളാല്‍ വേര്‍തിരിക്കപ്പെട്ട കോളനികളില്‍ നിന്നാണ്‌ വരുന്നതെങ്കിലും ഒരേ കോളനിയില്‍ നിന്നുള്ള അംഗങ്ങള്‍ എന്ന വിധമാണ്‌ പെരുമാറിയത്‌.

ഉറുമ്പുകളുടെ ഈ അസാധാരണ പെരുമാറ്റത്തിന്‌ ഒറ്റ വിശദീകരണമേ ഗവേഷകര്‍ക്കുള്ളു. ആ ഉറുമ്പുകള്‍ മൂന്ന്‌ സൂപ്പര്‍ കോളനികളില്‍ നിന്നുള്ളവയല്ല, അവയെല്ലാം ഒറ്റ മെഗാകോളനിയിലെ അംഗങ്ങളാണ്‌-ജനിതകമായി പരസ്‌പരം ബന്ധമുള്ളവ. പരസ്‌പരം ബന്ധപ്പെടുമ്പോള്‍, രാസപരമായി അവയ്‌ക്ക്‌ മനസിലാക്കാന്‍ സാധിക്കുന്നു. "മനുഷ്യരുടെ കാര്യം മാത്രമേ ഇതിന്‌ സമാനമായി ചൂണ്ടിക്കാട്ടാന്‍ കഴിയൂ. മാത്രമല്ല, ഉറുമ്പുകളെ വിവിധ ഭൂഖണ്ഡങ്ങളില്‍ എത്തിക്കുക വഴി മനുഷ്യന്‍ തന്നെയാണ്‌ ഈ മെഗാകോളനി സൃഷ്ടിച്ചതും"-റിപ്പോര്‍ട്ട്‌ പറയുന്നു. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

കാണുക

4 comments:

Joseph Antony said...

വന്‍കരകളിലാകെ പടര്‍ന്ന്‌ വ്യാപിക്കുന്ന ഒരു കോളനിയെപ്പറ്റി സങ്കല്‍പ്പിച്ചു നോക്കൂ. അത്തരമൊരു കോളനിയിലെ അംഗങ്ങള്‍ മനുഷ്യര്‍ തന്നെയാകും എന്ന്‌ ആരും എളുപ്പം ഉറപ്പിക്കും. അത്‌ സത്യമാണ്‌. എന്നാല്‍, മനുഷ്യര്‍ക്ക്‌ മാത്രമേ ഇത്തരമൊരു ആഗോള കോളനിയുള്ളു എന്ന്‌ കരുതുന്നുവെങ്കില്‍ തെറ്റി. ലോകമാകെ വ്യാപിച്ചു കിടക്കുന്ന ഒരു മെഗാകോളനി ഉറുമ്പുകള്‍ക്കും ഉണ്ടത്രേ! യൂറോപ്പ്‌, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെടുന്ന കോടാനുകോടി 'അര്‍ജന്റൈന്‍ ഉറുമ്പകള്‍' യഥാര്‍ഥത്തില്‍ ഒറ്റ കോളനിയിലെ അംഗങ്ങളാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍.

Unknown said...

:)

ഉറുമ്പ്‌ /ANT said...

അപ്പോ നമ്മളത്ര മോശക്കാരല്ല അല്ലെ.

നന്ദി ഈ വിജ്ഞാനപ്രദമായ ലേഖനത്തിന്.

Joseph Antony said...

ജുനൈദ്‌,
ഉറുമ്പ്‌,
ഇവിടെയെത്തി വായിച്ച്‌ കമന്റിയതില്‍ സന്തോഷം. ഹോ, ഈ ഉറുമ്പിനെക്കൊണ്ട്‌ തോറ്റു! ഉറുമ്പുകളെക്കുറിച്ചുള്ള കാര്യത്തിന്‌ ഉറുമ്പ്‌ തന്നെ കമന്റ്‌ പറയുന്നു. സ്വന്തം വര്‍ഗക്കാരെക്കുറിച്ചുള്ള അഭിപ്രായം നല്ലത്‌ തന്നെ. പക്ഷേ സൂക്ഷിച്ചോ, മറ്റേതെങ്കിലും ബ്ലോഗര്‍ കോളനിയിലെ ഉറുമ്പിന്റെ മുന്നില്‍ ചെന്ന്‌ പെടാതെ. നിങ്ങള്‍ ഒരേ മെഗാകോളനിയില്‍ പെട്ടവരല്ലങ്കില്‍ കഥമാറും.