Monday, February 25, 2008

ഇനി 'കണ്ണീര്‍ഫ്രീ' ഉള്ളി

ഉള്ളി അരിയുമ്പോള്‍ കണ്ണീര്‍ വീഴ്‌ത്തിയിരുന്നു എന്നു പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കാത്ത കാലം വരുന്നു. പാചകക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും ഒരു സന്തോഷവാര്‍ത്ത. കണ്ണീര്‍ വാര്‍ക്കാതെ ഇനി ഉള്ളി അരിയാം. ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ, 'കണ്ണീര്‍രഹിത ഉള്ളി' തയ്യാറാക്കിയിരിക്കുകയാണ്‌ ന്യൂസിലന്‍ഡിലെ ഗവേഷകര്‍. ഉള്ളിയില്‍ നമ്മളെ കരയാന്‍ പ്രേരിപ്പിക്കുന്ന രാസാഗ്നിക്കു(എന്‍സൈം) പിന്നിലെ ജീനിനെ അണച്ചുകളഞ്ഞാണ്‌ ഗവേഷകര്‍ ഈ കടമ്പ പിന്നിട്ടത്‌. മറ്റേത്‌ പച്ചക്കറിയും പോലെ 'സന്തോഷത്തോടെ' ഉള്ളിയെയും കൈകാര്യം ചെയ്യാന്‍ ഇതോടെ വഴി തെളിഞ്ഞിരിക്കുകയാണ്‌. ഏതാനും വര്‍ഷത്തിനുള്ളില്‍ 'കണ്ണീര്‍ ഫ്രീ' ഉള്ളി കമ്പോളത്തിലെത്തും.

പാചകരംഗത്തെ ഏറ്റവും വലിയ കടംങ്കഥയ്‌ക്ക്‌ വിരാമമിടുകയാണ്‌ പുതിയ ഗവേഷണം. ഉള്ളിയില്‍ കണ്ണീരിന്‌ കാരണമായ ജീന്‍ ജപ്പാന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞതിന്‌ ശേഷം, 2002-ലാണ്‌ ന്യൂസിലന്‍ഡിലെ 'ക്രോപ്പ്‌ ആന്‍ഡ്‌ ഫുഡ്‌' ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകര്‍ 'കണ്ണീര്‍ഫ്രീ' ഉള്ളി വികസിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്‌. ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ച 'ജീന്‍നിശബ്ദമാക്കല്‍' (gene-silencing) സങ്കേതമാണ്‌ ഗവേഷകര്‍ അവലംബിച്ചത്‌.

`ഉള്ളി അരിയുമ്പോള്‍ കണ്ണീരിന്‌ കാരണമായ രാസഘടകം സ്വയം ഉണ്ടാകുന്നു എന്നാണ്‌ ഇത്രകാലവും കരുതിയിരുന്നത്‌. എന്നാല്‍, കണ്ണീരിന്‌ കാരണമായ രാസവസ്‌തുവിനെ നിയന്ത്രിക്കുന്നത്‌ ഒരു എന്‍സൈം ആണെന്ന്‌ ഗവേഷണത്തില്‍ വ്യക്തമായി'-ക്രോപ്പ്‌ ആന്‍ഡ്‌ ഫുഡ്‌ ഇന്‍സ്റ്റിട്ട്യൂട്ടിലെ മുതിര്‍ന്ന ഗവേഷകനായ കോളിന്‍ ഏഡി അറിയിക്കുന്നു. ആ എന്‍സൈമിന്‌ പിന്നിലെ ജീനിനെ അണച്ചതോടെ കണ്ണീരിന്റെ പിടിയില്‍നിന്ന്‌ ഉള്ളി മോചിപ്പിക്കപ്പെട്ടു.

കണ്ണീര്‍ ഏജന്റായി ഉള്ളയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ മാറുന്നത്‌ തടയാന്‍ കഴിഞ്ഞതോടെയാണ്‌ ഗവേഷകര്‍ വിജയം കണ്ടത്‌. അതുവഴി സള്‍ഫര്‍ സംയുക്തങ്ങളെ ഉള്ളിയുടെ മണവും ഗുണവും വര്‍ധിപ്പിക്കാന്‍ പാകത്തില്‍ വഴിതിരിച്ചു വിടാനും കഴിഞ്ഞു. അതിനാല്‍ പുതിയ ഉള്ളിക്ക്‌ രുചി വര്‍ധിക്കുമെന്ന്‌ കോളിന്‍ ഏഡി പറഞ്ഞു. (കടപ്പാട്‌: എ.എഫ്‌.പി)

3 comments:

Joseph Antony said...

പാചകരംഗത്തെ ഏറ്റവും വലിയ കടംങ്കഥയ്‌ക്ക്‌ വിരാമമിടുകയാണ്‌ പുതിയ ഗവേഷണം. ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ, 'കണ്ണീര്‍രഹിത ഉള്ളി' തയ്യാറാക്കിയിരിക്കുകയാണ്‌ ന്യൂസിലന്‍ഡിലെ ഗവേഷകര്‍. ഉള്ളിയില്‍ നമ്മളെ കരയാന്‍ പ്രേരിപ്പിക്കുന്ന രാസാഗ്നിക്കു(എന്‍സൈം) പിന്നിലെ ജീനിനെ അണച്ചുകളഞ്ഞാണ്‌ ഗവേഷകര്‍ ഈ കടമ്പ പിന്നിട്ടത്‌.

ശ്രീവല്ലഭന്‍. said...

Interesting news indeed!Thanks.

ശ്രീ said...

നല്ല ലേഖനം, മാഷേ.
:)