Thursday, October 04, 2007

ഇന്ത്യയിലെ ഏറ്റവും ചെറിയ തവള പശ്ചിമഘട്ടത്തില്‍

വയനാട്ടില്‍ കുറിച്യര്‍മലയിലെ ചോലക്കാട്ടില്‍ നിന്ന്‌ ഡോ.എസ്‌.ഡി.ബിജുവും സംഘവും കണ്ടെത്തിയ പുതിയയിനം തവള, ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ചെറുതാണ്‌. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നമ്മള്‍ കരുതുന്നതിലും എത്രയോ സമ്പന്നമാണെന്നും, ഇനിയും അതിന്റെ മഹത്ത്വം ശരിക്ക്‌ മനസിലാക്കാനായിട്ടില്ല എന്നുമാണ്‌ പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്‌

ന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ എറ്റവും ചെറിയ തവളയെ വയനാട്ടില്‍ കുറിച്യര്‍മലയില്‍ കണ്ടെത്തി. മലയാളിയും പ്രശസ്‌ത തവളഗവേഷകനുമായ ഡോ.എസ്‌.ഡി.ബിജുവും സംഘവും നടത്തിയ ഈ കണ്ടെത്തലിന്റെ വിവരം പുതിയ ലക്കം 'കറണ്ട്‌ സയന്‍സി'ലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. 'നിക്ടിബട്രാക്കസ്‌ മിനിമസ്‌' എന്ന്‌ ശാസ്‌ത്രീയനാമം നല്‍കിയിട്ടുള്ള ഈ തവളയ്‌ക്ക്‌ വളര്‍ച്ച പൂര്‍ത്തിയാക്കുമ്പോള്‍ വെറും പത്തു മുതല്‍ 14 മില്ലിമീറ്റര്‍ വരെയേ വലിപ്പമുള്ളൂ.
ഇതിന്‌ മുമ്പ്‌ ക്യൂബ, ആമസോണ്‍, ബോര്‍ണിയോ മേഖകളില്‍ നിന്നാണ്‌ ചെറുതവളകളെ കണ്ടെത്തിയിട്ടുള്ളത്‌. ചെറുതവളകളായ 'നിക്ടിബട്രാക്കിഡെ'യില്‍ പെട്ട 12 വര്‍ഗങ്ങളെ ലോകത്ത്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അവയുടെ വലിപ്പമേ, പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ ചെറുതവളകള്‍ക്കും ഉള്ളു എന്ന്‌ ഗവേഷകര്‍ പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന്‌ 1200 മീറ്റര്‍ ഉയരത്തിലുള്ള ചോലക്കാട്ടില്‍നിന്നാണ്‌ ചെറുതവളകളെ ഡോ.ബിജുവും സംഘവും കണ്ടെത്തിയത്‌.
സാധാരണഗതിയില്‍ ചവറുകള്‍ക്കും പാറകള്‍ക്കുമടിയില്‍ പകല്‍ സമയത്ത്‌ കഴിയുന്ന 'നിക്ടിബട്രാക്കസ്‌' തവളകള്‍, രാത്രിയാകുമ്പോഴാണ്‌ സജീവമാവുക. കാതുതുളയ്‌ക്കുന്ന ശബ്ദമാണ്‌ ഇവ രാത്രികാലങ്ങളില്‍ പുറപ്പെടുവിക്കുക. മണ്‍സൂണ്‍ രാത്രികളില്‍ അത്‌ ഉച്ചസ്ഥായിയിലെത്തും. ഇതൊരു 'രാത്തവള' (night-frog) ആണ്‌. 'നിക്ടിബട്രാക്കസ്‌' എന്നതിന്റെ അര്‍ഥവും അതാണ്‌. മുമ്പ്‌ ഈ തവളകളെ കണ്ടിട്ടുള്ള ഗവേഷകര്‍ ഒരുപക്ഷേ, അവ തവളക്കുട്ടികളാണെന്ന്‌ തെറ്റിദ്ധരിച്ചിരിക്കാം.
മറ്റ്‌ തവളകളില്‍ കാണപ്പെടും പോലെ, ഇവയുടെ വിരലുകള്‍ ചര്‍മം കൊണ്ട്‌ വലപോലെ പരസ്‌പരം ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തിന്‌ ഇവയുടെ വലിപ്പക്കുറവുമായി ബന്ധമുണ്ടെന്ന്‌ ഡോ.എസ്‌.ഡി.ബിജു. സംശയിക്കുന്നു. ഉയര്‍ന്ന വിതാനങ്ങളില്‍ കഴിയാന്‍ പാകത്തില്‍ സംഭവിച്ച പരിണാമത്തിന്റെ ഫലമാകാമിത്‌. ലോകത്തെ 18 സുപ്രധാന ജൈവവൈവിധ്യ മേഖലകളില്‍ ഒന്നായി കണക്കാക്കുന്ന പശ്ചിമഘട്ടത്തെ ശരിക്കു മനസിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ്‌ ഇതുപോലുള്ള കണ്ടെത്തലുകളെന്ന്‌ ഡോ.ബിജു പറയുന്നു. പശ്ചിമഘട്ടം പോലുള്ള ജൈവസമ്പന്ന മേഖലകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇത്‌ അടിവരയിടുന്നു.
ഡല്‍ഹി സര്‍വകലാശാലയ്‌ക്കു കീഴിലെ 'ദി സെന്റര്‍ ഫോര്‍ എന്‍വിരോണ്‍മെന്റല്‍ മാനേജ്‌മെന്റ്‌ ഓഫ്‌ ഡിഗ്രേഡഡ്‌ ഇക്കോസിസ്‌റ്റംസി' (CEMDE) ലെ റീഡറാണ്‌, ചടയമംഗലം സ്വദേശിയായ ഡോ. ബിജു. പശ്ചിമഘട്ടത്തില്‍ നിന്ന്‌ ആദ്യമായല്ല അദ്ദേഹം പുതിയൊരു തവളവര്‍ഗ്ഗത്തെ കണ്ടുപിടിക്കുന്നത്‌. ഈ രംഗത്ത്‌ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും പ്രധാന കണ്ടുപിടിത്തങ്ങളിലൊന്ന്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന, 'നാസികാബട്രാച്ചസ്‌ സഹ്യാദ്രേന്‍സിസ്‌' (Nasikabatrachus sahydrensis) എന്ന തവളവര്‍ഗത്തെ (അതുവഴി പുതിയൊരു തവള കുടുംബത്തെയും) ഡോ.ബിജുവാണ്‌ തിരിച്ചറിഞ്ഞത്‌; കോട്ടയത്തു നിന്ന്‌.
മരത്തിന്‌ മുകളില്‍ ഇലച്ചാര്‍ത്തുകളില്‍ ജീവിക്കുന്ന 'ഫിലോട്ടസ്‌ നെരോസ്‌റ്റാഗൊന' (Philautus nerostagona) എന്ന തവളയിനത്തെ വയനാട്ടില്‍ നിന്നു ഡോ.ബിജുവും സംഘവും ഏതാനും വര്‍ഷം മുമ്പ്‌ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നു കണ്ടെത്തുന്ന ആദ്യ 'കനോപ്പി തവള' (canopy frog) യായിരുന്നു അത്‌. തവളകള്‍ ഉള്‍പ്പടെ പശ്ചിമഘട്ടത്തിലെ ഉഭയജീവകളെക്കുറിച്ച്‌ സമഗ്രമായൊരു പഠനത്തിന്‌ ഡോ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുങ്ങുന്നതിനിടെയാണ്‌ പുതിയ തവളവര്‍ഗ്ഗത്തെ കണ്ടെത്തിയ വിവരം പുറത്തു വന്നിരിക്കുന്നത്‌. (കാണുക: പശ്ചിമഘട്ടത്തിലെ തവളകളെത്തേടി. കടപ്പാട്‌: ദി ഹിന്ദു).

3 comments:

Joseph Antony said...

ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ചെറിയ തവളയെ മലായാളിയായ ഡോ.എസ്‌.ഡി.ബിജുവും സംഘവും തിരിച്ചറിഞ്ഞു; വയനാട്ടിലെ കുറിച്യര്‍മലയില്‍ നിന്ന്‌. ഈയിനത്തില്‍പെട്ട പൂര്‍ണവളര്‍ച്ചയെത്തിയ തവളയ്‌ക്ക്‌ പരമാവധി 14 മില്ലിമീറ്റര്‍ നീളമേയുള്ളു.

കൈയൊപ്പ്‌ said...

സമാന സ്വഭാവമുള്ള തവളകളെ മലപ്പുറം ജില്ലയില്‍ കണ്ടതായി ഓര്‍ക്കുന്നു. കേരളത്തിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച് ക്രിത്യവും കാലികവുമായ അറിവുശേഖരങ്ങള്‍ ഏറെയില്ല എന്നതും വസ്തുതയാണു.

ശ്രീ said...

പുതിയ അറിവ് പകര്‍‌ന്നു തന്നതിനു നന്ദി.
നല്ല ലേഖനം.
:)