Wednesday, August 22, 2007

ഗൂഗിളിന്‌ ഇനി 'ഇന്ത്യന്‍ മുഖം'

മലയാളം ഉള്‍പ്പടെ 12 പ്രമുഖ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമായ വിവരങ്ങള്‍ സെര്‍ച്ച്‌ ചെയ്‌തെടുക്കാവുന്ന സംവിധാനം ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിളിന്റെ ഈ ചുവടുമാറ്റം, ഭാഷകളുടെ അതിരുകളും പരിമിതികളും ഇന്റര്‍നെറ്റില്‍ മായ്‌ച്ചുകളയാനുള്ള ശക്തമായ ഒരു മുന്നേറ്റത്തിന്റെ തുടക്കമാണ്‌

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ കമ്പനിയായ ഗൂഗിളിന്റെ (Google) സെര്‍ച്ചിങ്‌ പോലുള്ള സേവനങ്ങള്‍ ഇനി മുതല്‍ മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാകും. ഇംഗ്ലീഷ്‌ ഭാഷയില്‍ പ്രാഗത്ഭ്യം കുറഞ്ഞ ഉപഭോക്താക്കള്‍ക്ക്‌ സ്വന്തം ഭാഷയില്‍ തന്നെ ഗൂഗിളിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങ്‌ നടത്താം; അതാത്‌ ഭാഷകളില്‍ നെറ്റിലുള്ള വിവരങ്ങള്‍ തേടാം. ഇന്റര്‍നെറ്റില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ മായ്‌ച്ചു കളയാന്‍ പോന്ന ശ്രദ്ധേയമായ ഒരു കാല്‍വെപ്പായി ഇത്‌ വിലയിരുത്തപ്പെടുന്നു.

ഒരു ഡസണ്‍ പ്രമുഖ ഇന്ത്യന്‍ഭാഷകളിലും, നേപ്പാളി, സിന്‍ഹള ഭാഷകളിലും ഉപയോഗിക്കാന്‍ സാധിക്കും വിധം 'വിര്‍ച്വല്‍' കീബോഡുകള്‍ ഗൂഗിളിന്റെ പരീക്ഷശാലയായ 'ഗൂഗിള്‍ലാബ്‌സ്‌' ലഭ്യമാക്കിക്കഴിഞ്ഞു. അവയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ സെര്‍ച്ച്‌ പദാവലികള്‍ സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നേരിട്ടു ടൈപ്പു ചെയ്യാം, വിവരങ്ങള്‍ തേടുകയുമാകാം. (മലയാളം വിര്‍ച്വല്‍ കീബോര്‍ഡിനെപ്പറ്റി സിബുവിന്റെ ബ്ലോഗിലുണ്ട്‌. ലിങ്ക്‌ ഇവിടെ).

'ലിപിമാറ്റവ്യവസ്ഥ' (transliteration) ഉപയോഗിച്ച്‌ ഹിന്ദിയില്‍ എഴുതാന്‍ കഴിയുന്ന (ഹിന്ദിയിലെ ഉച്ചാരണത്തിനനുസരിച്ചുള്ള ഇംഗ്ലീഷ്‌ എഴുത്തിലൂടെ ഹിന്ദി സൃഷ്ടിക്കുന്ന രീതി. മലയാളത്തില്‍ ഇപ്പോള്‍ നിലവിലുള്ള, മംഗ്ലീഷ്‌ വഴി മലയാളം എഴുതുന്ന 'മൊഴിസ്‌കീം' പോലെ) ഒരു സംവിധാനവും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്‌. അങ്ങനെ എഴുതി കിട്ടുന്ന ഹിന്ദി വാക്കുകള്‍, സെര്‍ച്ച്‌ വിന്‍ഡോയില്‍ നല്‍കി ഹിന്ദിയില്‍ സെര്‍ച്ചിങ്‌ ആകാം. അല്ലെങ്കില്‍, ബ്ലോഗുകള്‍ക്കും ഗൂഗിള്‍ ഡോക്യുമെന്റുകള്‍ക്കും മറ്റും രചനകളും ഇത്തരത്തില്‍ ഡേറ്റ സൃഷ്ടിക്കലും ആകാം.

ഹിന്ദിയില്‍ മാത്രമല്ല, മറ്റ്‌ ഇന്ത്യന്‍ഭാഷകളിലും സമാനമായ ലിപിമാറ്റ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഗിള്‍ ഉദ്ദേശിക്കുന്നതായി, കമ്പനിയുടെ ബാംഗ്ലൂര്‍ കേന്ദ്രത്തിന്റെ മേധാവിയും എഞ്ചിനയറിങ്‌ ഡയറക്ടറുമായ പ്രസാദ്‌ റാം അറിയിക്കുന്നു. ശരിക്കു പറഞ്ഞാല്‍ മലയാളത്തില്‍ ഈ സംവിധാനം ഇപ്പോള്‍ തന്നെ വികസിച്ചിട്ടുണ്ട്‌. മലയാളം യുണീകോഡില്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍, ബ്ലോഗുകളിലും മലയാളം വിക്കിപീഡിയ ഉള്‍പ്പടെയുള്ള മലയാളം യുണീകോഡ്‌ സൈറ്റുകളിലും നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകും.

ഏത്‌ ഭാഷയുടെയും യുണീകോഡിനെ പിന്തുണയ്‌ക്കും വിധം ഗൂഗിള്‍ നടത്തുന്ന ഈ ചുവടുവെപ്പ്‌ മലയാളം പത്രങ്ങളുടെയും ചാനലുകളുടെയും ഓണ്‍ലൈന്‍ എഡിഷനുകള്‍ അത്യന്തം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്‌. കാരണം മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ സംരംഭങ്ങളൊന്നും യുണീകോഡിലേക്ക്‌ മാറിയിട്ടില്ല; വ്യത്യസ്‌ത മലയാളം ഫോണ്ടുകളാണ്‌ ഇവയെല്ലാം ഉപയോഗിക്കുന്നത്‌. ഗൂഗിളില്‍ മലയാളത്തില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ ഒറ്റ മലയാള പത്രത്തിന്റെയും ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വിവങ്ങള്‍ ലഭിക്കാത്തതിന്‌ കാരണം ഇതാണ്‌. ഈ സ്ഥിതി മാറ്റാന്‍ മലയാളം പത്രങ്ങള്‍ ശ്രമിച്ചില്ലെങ്കില്‍, സെര്‍ച്ചിങിന്റെ അതിരുകള്‍ക്ക്‌ വെളിയില്‍ അവയ്‌ക്ക്‌ അജ്ഞാതവാസം തുടരേണ്ടി വരും (ശുഭസൂചകമായി ചെറിയ മാറ്റം ഇക്കാര്യത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്‌-'മാതൃഭൂമി' ഇപ്പോള്‍ ഭാഗികമായി യുണീകോഡിലേക്ക്‌ മാറിയിരിക്കുന്നു).

ഇന്ത്യയിലെ എണ്ണമറ്റ നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കുമായി പ്രാദേശിക വിവരങ്ങള്‍ തേടാന്‍ സഹായിക്കുന്ന സംവിധാനമാണ്‌ ഇന്ത്യയ്‌ക്കായി ഗൂഗിള്‍ ഒരുക്കുന്ന മറ്റൊരു സേവനം. വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, പ്രാദേശിക വ്യാപാരസ്ഥാപനങ്ങളുടെയും മറ്റ്‌ സ്ഥാപനങ്ങളുടെയും സ്ഥാനങ്ങള്‍ ഒക്കെ ഇത്തരത്തില്‍ ലഭ്യമാക്കും. മാത്രമല്ല, ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ വെബ്‌സൈറ്റുകളുണ്ടെങ്കില്‍ അവയുടെ ലിങ്കുകളും നല്‍കും. ഇത്തരം പ്രാദേശിക സ്ഥാപനങ്ങളെ ഓണ്‍ലൈനില്‍ കൊണ്ടുവരാനുള്ള ശ്രമവും ഗൂഗിള്‍ നടത്തും.

ഇന്ത്യന്‍ ഭാഷാ കീബോര്‍ഡുകളുടെയും ഹിന്ദി ട്രാന്‍ലിറ്ററേഷന്‍ സംവിധാനത്തിന്റെയും ലിങ്കുകള്‍ 'ഗൂഗിള്‍ ഇന്ത്യ ലാബ്‌സി'ല്‍ (http://labs.google.co.in/) ലഭ്യമാണ്‌. പ്രാദേശിക സെര്‍ച്ച്‌ സംവിധാനത്തിന്റെയും (http://local.google.co.in/) ലിങ്കുണ്ട്‌. പ്രാദേശിക വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ക്ക്‌ പുതിയ വിവരങ്ങള്‍ ചേര്‍ക്കാന്‍ www.google.co.in/local/add എന്ന ലിങ്ക്‌ സഹായിക്കും. (അവലംബം: പി.ടി.ഐ, കടപ്പാട്‌: ദി ഹിന്ദു, 22 ആഗസ്‌ത്‌ 2007)

7 comments:

Joseph Antony said...

ഇന്ത്യയിലെ 12 പ്രമുഖഭാഷകളില്‍ അതാത്‌ ഭാഷകളില്‍ ലഭ്യമായ ഓണ്‍ലൈന്‍ വിവരങ്ങളില്‍ സെര്‍ച്ചിങ്‌ നടത്താനും, ഇന്ത്യന്‍ നഗരങ്ങള്‍ക്കു വേണ്ടിയുള്ള പ്രാദേശിക സെര്‍ച്ചിങ്‌ സാധ്യമാക്കാനും ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നു. ഭാഷയുടെ അതിരുകള്‍ ഇന്റര്‍നെറ്റില്‍ നിന്നു മായ്‌ച്ചുകളയാന്‍ പോന്ന ശക്തമായ ഒരു കാല്‍വെയ്‌പ്പായി ഇത്‌ വിലയിരുത്തപ്പെടുന്നു.

Kalesh Kumar said...

നല്ല പോസ്റ്റ്!

പഥികന്‍ said...

നല്ല പോസ്റ്റ്‌ വിജ്ഞനപ്രദം ഭാഷയുടെ അതിര്‍വരമ്പുകള്‍ കുറഞ്ഞു വരട്ടെ ഇന്റര്‍നെറ്റ്‌ കൂടുതല്‍ ജനകീയമാകട്ടെ......ഓണാശംസകള്‍

oru blogger said...

ശാസ്ത്ര തലൈവര്‍..

വാമനന്റെ ഓണാശംസകള്‍ !

:)

G.MANU said...

India iniyum valaratte

Cibu C J (സിബു) said...

ഈ പോസ്റ്റിന്റെ ഉള്ളടക്കം മാതൃഭൂമിയിലെങ്ങാനും വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അറിയിക്കണം ലിങ്ക്‌ വേണം...

നന്ദി.

Joseph Antony said...

സിബു,
മാതൃഭൂമിയില്‍ ഈ ഐറ്റം വന്നിട്ടില്ല