Sunday, August 19, 2007

ട്യൂമറുകള്‍ നശിപ്പിക്കാന്‍ വൈദ്യുതമണ്ഡലം


അര്‍ബുദ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷ
വൈദ്യുതമണ്ഡലത്തിന്റെ സഹായത്തോടെ മസ്‌തിഷ്‌ക ട്യൂമറുകള്‍ നശിപ്പിക്കാനുള്ള സങ്കേതവുമായി ഒരു ഇസ്രായേലി ഗവേഷകന്‍ രംഗത്തെത്തി. ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാതെ അര്‍ബുദകോശങ്ങളെ മാത്രം നശിപ്പിക്കാനുള്ള സങ്കേതമാണിത്‌.

പരീക്ഷണ ഘട്ടത്തിലുള്ള ഈ മാര്‍ഗ്ഗം, മാരകമായ മസ്‌തികട്യൂമറുകള്‍ ബാധിച്ചവര്‍ക്ക്‌ പുത്തന്‍ പ്രീതീക്ഷയാകുന്നു. സ്‌തനാര്‍ബുദ ചികിത്സയിലും ഇത്‌ പ്രയോജനപ്പെട്ടേക്കുമെന്നാണ്‌ പ്രതീക്ഷ.

ഇസ്രായേലിലെ ഹൈഫയില്‍ പ്രവര്‍ത്തിക്കുന്ന 'ടെക്‌നിയോന്‍-ഇസ്രായേല്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി'യിലെ ഗവേഷകനായ യോരം പാള്‍ട്ടിയാണ്‌ പുതിയ സങ്കേതം വികസിപ്പിച്ചത്‌. ദുര്‍ബലമായ വൈദ്യുതകാന്തിക മണ്ഡലം ഉപയോഗിച്ചു അര്‍ബുദകോശങ്ങള്‍ നശിപ്പിക്കുന്ന ഉപകരണമാണിത്‌. ഇത്‌ വിപണനം ചെയ്യാന്‍ 'നോവോക്യൂര്‍' (NovoCure) എന്നൊരു കമ്പനിയും യോരം പാള്‍ട്ടി സ്ഥാപിച്ചിട്ടുണ്ട്‌. മസ്‌തിഷ്‌കത്തെ ബാധിക്കുന്ന മാരകമായ 'ഗ്ലിയോബ്ലാസ്‌റ്റോമ' (glioblastoma) യെന്ന അര്‍ബുദത്തിനെതിരെയാണ്‌ ഈ സങ്കേതം ഉപയോഗിക്കുന്നത്‌. അമേരിക്കയിലും യൂറോപ്പിലും ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടന്നു വരികയാണ്‌.

പരീക്ഷണശാലയിലും മൃഗങ്ങളിലും പരീക്ഷിച്ചപ്പോള്‍, എല്ലാത്തരം അര്‍ബുദകോശങ്ങളെയും വൈദ്യുത മണ്ഡലം നശിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടു. മറ്റു കോശങ്ങളില്‍ നിന്ന്‌ അര്‍ബുദകോശങ്ങളെ വേര്‍തിരിക്കുന്ന മുഖ്യഘടകം അവ ഭ്രാന്തമായി വിഭജിച്ചു പെരുകും എന്നതാണ്‌. സാധാരണകോശങ്ങള്‍ സമയമെടുത്തേ വിഭജിക്കൂ. പാള്‍ട്ടി കണ്ടെത്തിയ വൈദ്യുതമണ്ഡലത്തിന്റെ പ്രത്യേകത, പെട്ടന്നു പെരുകുന്ന അര്‍ബുദകോശങ്ങളെ തിരഞ്ഞുപിടിച്ചു നശിപ്പിക്കും എന്നതാണ്‌. സാധാരണകോശങ്ങളെ അത്‌ വെറുതെ വിടുകയും ചെയ്യും.

അര്‍ബുദ ചികിത്സയില്‍ നിലവില്‍ ഉപയോഗിക്കുന്ന മുഖ്യഉപാധികള്‍ മൂന്നാണ്‌; കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സ, ശസ്‌ത്രക്രിയ. ഇതിനെല്ലാമുള്ള പ്രശ്‌നം 90 ശതമാനത്തോളം രോഗികളില്‍ ചികിത്സ കഴിഞ്ഞും ഗ്ലിയോബ്ലാസ്‌റ്റോമ വീണ്ടുമുണ്ടാകുന്നു എന്നതാണ്‌ - പുതിയ ഉപകരണം പരീക്ഷിക്കുന്ന ഇല്ലിനോയിസ്‌ സര്‍വകലാശാലയിലെ ഡോ.ഹെര്‍ബെര്‍ട്ട്‌ ഇന്‍ഗല്‍ഹാര്‍ഡ്‌ പറയുന്നു. മറ്റ്‌ ചികിത്സകളൊക്കെ പരാജയപ്പെട്ട പത്തുപേരിലാണ്‌ പുതിയ ഉപകരണം പരീക്ഷിക്കുന്നതെന്ന്‌ അദ്ദേഹം അറിയിച്ചു.

കോശങ്ങളുടെ ജ്യാമിതീയഘടന (geometry) അടിസ്ഥാനമാക്കിയാണ്‌ പുതിയ സങ്കേതം പ്രവര്‍ത്തിക്കുന്നത്‌. സാധാരണകോശങ്ങള്‍ക്ക്‌ വൃത്താകൃതിയാണുള്ളതെങ്കില്‍, വിഭജിക്കുന്ന കോശങ്ങളുടേത്‌ വ്യത്യസ്‌തമാണ്‌. പാള്‍ട്ടി വികസിപ്പിച്ച ഉപകരണത്തിലെ വൈദ്യുതമണ്ഡലം കോശങ്ങള്‍ക്കുള്ളിലൂടെയും പുറത്തുകൂടിയും തുടര്‍ച്ചയായി കടന്നു പോകും. എന്നാല്‍, വിഭജിക്കുന്ന കോശങ്ങള്‍ അവയുടെ ജ്യാമിതീയഘടന മൂലം ഒരു കാചം (ലെന്‍സ്‌) പോലെ പ്രവര്‍ത്തിക്കും. വൈദ്യുതമണ്ഡലത്തെ കോശത്തിന്റെ മധ്യഭാഗത്തേക്ക്‌ കേന്ദ്രീകരിക്കും. തുടര്‍ച്ചയായി വൈദ്യുതമണ്ഡലം ഇങ്ങനെ കേന്ദ്രീകരിക്കപ്പെടുമ്പോള്‍, സ്വാഭാവികമായും കോശം വിഘടിച്ചു നശിക്കും. ഡി.എന്‍.എ, പ്രോട്ടീനുകള്‍ എന്നിങ്ങനെയുള്ള സുപ്രധാന ജൈവ തന്മാത്രകളെല്ലാം നശിപ്പിക്കപ്പെടും.

വര്‍ഷങ്ങളായി ഇത്തരം വൈദ്യുതമണ്ഡലങ്ങള്‍ അര്‍ബുദകോശങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിലാണ്‌ പാള്‍ട്ടി. കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തിലും, ലാബ്‌ പരീക്ഷണങ്ങളിലും അര്‍ബുദകോശങ്ങളെ നശിപ്പിക്കാനുള്ള വൈദ്യുത മണ്ഡലങ്ങളുടെ കഴിവ്‌ സ്ഥിരീകരിക്കപ്പെട്ടു. "ഇതിനു പിന്നിലെ ഫിസിക്‌സ്‌ ശക്തമാണ്‌"-ഹാര്‍വാഡ്‌ മെഡിക്കല്‍ സ്‌കൂളിലെ റേഡിയോളജി പ്രൊഫസര്‍ ഡേവിഡ്‌ കോഹെന്‍ പറയുന്നു.

വൈദ്യുതമണ്ഡലം തുടര്‍ച്ചയായി മസ്‌തിഷ്‌കത്തില്‍ ഏല്‍ക്കത്തക്ക വിധം ഒരു ഉപകരണം തലയില്‍ ധരിക്കുകയാണ്‌ പരീക്ഷണത്തിന്റെ ഭാഗമായി രോഗികള്‍ ചെയ്യുന്നത്‌. അമേരിക്കയില്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) ഈ ഉപകരണം മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. പത്തു രോഗികളില്‍ നടന്ന ആദ്യഘട്ട പഠനത്തില്‍ നല്ല ഫലം കണ്ടതിനെ തുടര്‍ന്നാണ്‌ ക്ലിനിക്കല്‍ പരീക്ഷണത്തിന്‌ എഫ്‌.ഡി.എ. സമ്മതിച്ചത്‌. ആദ്യ പത്തുരോഗികളില്‍ ഒരാളുടെ രോഗം പൂര്‍ണമായി ഭേദമാകുകയുണ്ടായി.

പുതിയ ഉപകരണം കൊണ്ടുള്ള ചികിത്സയും കീമോതെറാപ്പിയും യോജിച്ചു പോകുമെന്നതാണ്‌, തങ്ങള്‍ നടത്തിയ പഠനത്തിലെ പ്രധാന കണ്ടെത്തല്‍ എന്ന്‌ പാള്‍ട്ടി അറിയിക്കുന്നു. വൈദ്യുതമണ്ഡല ചികിത്സയ്‌ക്കൊപ്പം ഉപയോഗിച്ചപ്പോള്‍, കീമോതെറാപ്പിയുടെ ചെറിയ ഡോസുകള്‍ കൊണ്ടു തന്നെ ഫലം കണ്ടു. യൂറോപ്പില്‍ പുതിയതായി ഗ്ലിയോബ്ലാസ്‌റ്റോമ കണ്ടെത്തിയ കുറെ രോഗികളില്‍ ഈ സങ്കരചികിത്സ 'നോവോക്യൂര്‍' കമ്പനി ആരംഭിച്ചിട്ടുമുണ്ട്‌. കീമോതെറാപ്പിയുടെ ഡോസ്‌ കുറച്ച്‌ അതിന്റെ പാര്‍ശ്വഫലങ്ങള്‍ പരിമിതപ്പെടുത്താന്‍ പുതിയ സങ്കേതം സഹായം ചെയ്യുമെന്നാണ്‌ പ്രതീക്ഷ.

രോഗികള്‍ മാസങ്ങളോളം ഉപയോഗിച്ചിട്ടും, തലയോട്ടിയില്‍ ഇലക്ട്രിക്‌ ഉപകരണം ഘടിപ്പിക്കുന്നതുകൊണ്ടുള്ള അസ്വസ്ഥതയല്ലാതെ മറ്റെന്തെങ്കിലും പാര്‍ശ്വഫലം പുതിയ ചികിത്സ ഉണ്ടാക്കുന്നതായി കണ്ടില്ലെന്ന്‌ ഡോ.ഇന്‍ഗല്‍ഹാര്‍ഡ്‌ അറിയിക്കുന്നു. റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളുമായി താരതമ്യം ചെയ്‌താല്‍, പുതിയ ചികിത്സ ഇക്കാര്യത്തില്‍ വളരെ മികച്ചതാണ്‌.

പ്രായമായവരില്‍ മസ്‌തിഷ്‌ക കോശങ്ങള്‍ വിഭജിച്ചു പെരുകാത്തതിനാല്‍ പുതിയ സങ്കേതമുപയോഗിക്കുമ്പോള്‍ പ്രശ്‌നമില്ല. എന്നാല്‍, ശരീരത്തിന്റെ ഇതരഭാഗങ്ങളില്‍ വിഭജിച്ചു പെരുകുന്ന കോശങ്ങള്‍ക്ക്‌ ഈ സങ്കേതം എന്തുഫലമാണ്‌ ഉണ്ടാക്കുകയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്‌. മാത്രമല്ല, രോഗികള്‍ എത്രനാള്‍ ഈ വൈദ്യുത ഉപകരണം തലയില്‍ ഘടിപ്പിച്ചു നടക്കണം എന്നകാര്യത്തിലും വ്യക്തതയില്ല. ഉപകരണത്തിന്റെ വില ആയിരം ഡോളര്‍ (40,000 രൂപ) വരും. അതിലെ ഇലക്ട്രോഡുകള്‍ ആഴ്‌ചയില്‍ രണ്ടുതവണ മാറ്റേണ്ടി വരുന്നതും ചിലവേറിയ സംഗതിയാണ്‌. (അവലംബം: ടെക്‌നോളജി റിവ്യു)

4 comments:

JA said...

മാരകമായ മസ്‌തിഷ്‌ക അര്‍ബുദത്തെ നേരിടാന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്‌ ഒരു ഇസ്രായേലി ശാസ്‌ത്രജ്ഞന്‍. ദുര്‍ബലമായ വൈദ്യുതമണ്ഡലത്തിന്റെ സഹായത്തോടെ അര്‍ബുദ ട്യൂമറുകളെ നശിപ്പിക്കാനുള്ള വഴിയാണത്.

മൂര്‍ത്തി said...

നന്ദി മാഷെ, വിവരങ്ങള്‍ക്ക്..

ViswaPrabha said...

പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത!

ഇപ്പോള്‍ തന്നെ സ്റ്റീരിയോട്ടാക്സി (തലയ്ക്കു ചുറ്റും മുള്‍ക്കിരീടം പോലെ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച ഉപകരണം കൊണ്ട് പ്രത്യേക തോതില്‍ റേഡിയേഷന്‍ നല്‍കുന്നവിദ്യ) , ബ്രാക്കിതെറാപ്പി (അര്‍ബുദം ബാധിച്ച കലകള്‍ക്കുള്ളില്‍ തന്നെ നേരിട്ട് റേഡിയേഷന്‍ എത്തിക്കുന്ന രീതി) തുടങ്ങിയ ചികിത്സാമാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും അവയുടെ ഫലപ്രാപ്തിക്കുറവും ചെലവും വലിയ പ്രശ്നങ്ങളാണ്. നേരിട്ട് അര്‍ബ്ബുദകോശങ്ങളെ തെരഞ്ഞുപിടിച്ച് നശിപ്പിക്കാവുന്ന രീതികളില്‍ (റേഡിയേഷന്‍, കെമോ, ജെനറ്റിക്ക് ഐസോലേഷന്‍) ഈയടുത്ത് പ്രകടമായ പുരോഗതികള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം ചികിത്സകള്‍ക്കൊപ്പം തന്നെ നൊവോക്യൂര്‍ സമ്പ്രദായം കൂടി സംയോജിക്കുമ്പോള്‍ ക്യാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ തന്നെ ഉടനെയുണ്ടാവും!

Anonymous said...

നന്നായിട്ടുണ്ട്.