മനുഷ്യന്‍ ഇന്നുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും വലിയ ഗ്രഹം സൗരയൂഥത്തിന് വെളിയില്‍ കണ്ടെത്തി. സൗരയൂഥത്തിലെ വ്യാഴഗ്രഹത്തെക്കാള്‍ 70 ശതമാനം വലിപ്പം കൂടുതലുള്ള ഗ്രഹഭീമനെയാണ്, ഭൂമിയില്‍നിന്ന് 1435 പ്രകാശവര്‍ഷം അകലെ ഒരു നക്ഷത്രത്തിന് സമീപം കണ്ടെത്തിയത്.
എന്നാല്‍, അതിന് സാന്ദ്രത വളരെ കുറവാണ്. അതിനാല്‍ വ്യാഴത്തെക്കാള്‍ കുറഞ്ഞ പിണ്ഡമെയുള്ളു എന്ന് 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
'ട്രാന്‍സ്‌അത്‌ലാന്റിക് എക്‌സോപ്ലാനെറ്റ് സര്‍വെ'(TrES) സംഘത്തില്‍ പെട്ട ഗ്രൂപ്പാണ് 'TrES-4' എന്നു പേരിട്ടിട്ടുള്ള ഗ്രഹത്തെ തിരിച്ചറിഞ്ഞത്. 'GSC02620-00648' എന്ന നക്ഷത്രത്തെ പ്രദക്ഷണം വെയ്‌ക്കുന്ന ഗ്രഹമാണത്. മാതൃനക്ഷത്രത്തില്‍ നിന്ന് 70 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഗ്രഹത്തിന്റെ ഭ്രമണപഥം. അതിനാല്‍ കൊടുംചൂടാണ് ഗ്രഹത്തിലെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു; കുറഞ്ഞത് 1327 ഡിഗ്രി സെല്‍സിയസ് ഊഷ്‌മാവെങ്കിലും കാണും ഗ്രഹത്തില്‍!
വലിയ ഗ്രഹം മാത്രമല്ല, അത് 'വാലുള്ള ഗ്രഹം' കൂടിയാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു. പിണ്ഡം കുറവായതിനാല്‍ ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണം ദുര്‍ബലമായിരിക്കും. അതുകൊണ്ട് ഉപരിഅന്തരീക്ഷത്തിന്റെ കുറെഭാഗം വാലുപോലെ നീണ്ടുകാണാന്‍ സാധ്യതയുണ്ട്. "സൗരയൂഥത്തിന് വെളിയില്‍ കണ്ടെത്തുന്ന ഏറ്റവും വലിയ ഗ്രഹമാണിത്"-അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിലെ പ്രബന്ധത്തിന്റെ മുഖ്യരചയിതാവും അമേരിക്കയില്‍ ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകനുമായ ജോര്‍ജി മന്‍ഡുഷേവ് അറിയിച്ചു.
ആ ഗ്രഹത്തിന്റെ വലിപ്പം ഇത്ര കൂടാന്‍ കാരണമെന്തെന്ന്, നിലവിലുള്ള സിദ്ധാന്തങ്ങള്‍ പ്രകാരം ഗവേഷകര്‍ക്ക് വിശദീകരിക്കാനാകുന്നില്ല. ഇത്തരം ചൂടന്‍ വാതകഗ്രഹങ്ങളുടെ പിറവിയെക്കുറിച്ചും ഘടനയെക്കുറിച്ചും മനസിലാക്കുന്നത്, സൗരയൂഥത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും-കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി(Caltech)യിലെ ഗവേഷകവിദ്യാര്‍ത്ഥിയായ ഫ്രാന്‍സിസ് ഓഡൊനോവന്‍ പറയുന്നു.
ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ മാതൃനക്ഷത്രത്തിന് നേരെ മുമ്പിലൂടെ ഗ്രഹം കടന്നു പോകുന്നതുകൊണ്ടാണ് (സംതരണം സംഭവിക്കുന്നതിനാല്‍) അതിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്. സൗരയൂഥത്തിന് വെളിയില്‍ മിക്ക ഗ്രഹങ്ങളും ഇത്തരം പരോക്ഷ നിരീക്ഷണപ്രക്രിയ വഴിയാണ് കണ്ടെത്തിയിട്ടുള്ളത്. TrES-4 ഗ്രഹം മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നു പോകുമ്പോള്‍ നക്ഷത്രത്തിന്റെ ഒരു ശതമാനം പ്രകാശം തടസ്സപ്പെടുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. വെറും 3.55 ദിവസം കൂടുമ്പോള്‍ ഗ്രഹം ഒരു തവണ നക്ഷത്രത്തെ പ്രദിക്ഷണം ചെയ്യുന്നു.
ഇതുവരെ 244 ഗ്രഹങ്ങളെ സൗരയൂഥത്തിന് വെളിയില്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ 40 എണ്ണം 2007-ലെ ആദ്യ ഏഴുമാസങ്ങളിലാണ് കണ്ടെത്തിയത്. സ്വിസ്സ് വാനശാസ്‌ത്രജ്ഞരായ മൈക്കല്‍ മേയര്‍, ഡിഡിയര്‍ ക്വേലോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യ ബാഹ്യഗ്രഹത്തെ കണ്ടെത്തിയ കാര്യം 1995-ലാണ് സ്ഥിരീകരിച്ചതെന്നു കൂടി അറിയുമ്പോള്‍, ഈ രംഗത്ത് എത്ര വലിയ മുന്നേറ്റമാണ് ഒരു പതിറ്റാണ്ടുകൊണ്ട് ഉണ്ടായതെന്ന് മനസിലാക്കാം. (അവലംബം: അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍)
2 comments:
മനുഷ്യന്‍ ഇന്നുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും വലിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. വ്യാഴത്തെക്കാള്‍ 70 ശതമാനം വലിപ്പം കൂടുതലുണ്ടെങ്ങിലും അതിന് സാന്ദ്രത വളരെ കുറവാണ്, ഗുരുത്വാകര്‍ഷണവും. അതിനാല്‍ വാലുള്ള ഗ്രഹമാണതെന്ന് ഗവേഷകര്‍ സംശയിക്കുന്നു.
നന്ദി മാഷെ...
Post a Comment