സ്‌തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ എം.ആര്‍.ഐ.സ്‌കാന്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. നിലവില്‍ രോഗനിര്‍ണയത്തിനുപയോഗിക്കുന്ന 'മാമോഗ്രാമു'കളെ അപേക്ഷിച്ച് എം.ആര്‍.ഐ.സ്‌കാന്‍ ഇരട്ടി ഫലംചെയ്യുമെന്ന് ബോണ്‍ സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞു.
മാരകമായ സ്‌തനാര്‍ബുദം അതിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തുക വഴി രോഗം വഷളാകാതെ തടയാനും രോഗിയുടെ ജീവന്‍ രക്ഷിക്കാനും കഴിയും. ലോകമെമ്പാടും ലക്ഷക്കണക്കിന് സ്‌ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. നിലവില്‍ സ്‌തനാര്‍ബുദം തിരിച്ചറിയാന്‍ വൈദ്യസമൂഹം ആശ്രയിക്കുന്നത് മുഖ്യമായും എക്‌സ്‌റേ അടിസ്ഥാനമാക്കിയുള്ള മാമോഗ്രാമുകളാണ് (mammograms). ശിരസിലെ തകരാറുകള്‍ കണ്ടെത്തനാണ് 'മാഗ്നെറ്റിക് റെസൊണന്‍സ് ഇമേജിങ് സ്‌കാനുകള്‍'(MRI scans) കൂടുതലായി ഉപയോഗിച്ചു വരുന്നത്. മാമോഗ്രാമുകളുടെ സഹായത്തോടെ പഠനവിധേയമാക്കിയവരില്‍ 56 ശതമാനം പേരുടെ സ്‌തനാര്‍ബുദം തിരിച്ചറിഞ്ഞപ്പോള്‍, എം.ആര്‍.ഐ.സ്‌കാന്‍ ഉപയോഗിച്ച് 92 ശതമാനം പേരുടെ രോഗം കൃത്യമായി മനസിലാക്കാനായി എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി.
ബോണ്‍ സര്‍വകലാശാലയിലെ റേഡിയോളജിസ്‌റ്റ് പ്രൊഫ. ക്രിസ്റ്റ്യന്‍ കുഹലിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട്, പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ 'ലാന്‍സെറ്റി'ന്റെ പുതിയ ലക്കത്തിലാണുള്ളത്. 7319 സ്‌ത്രീകളെ അഞ്ചുവര്‍ഷക്കാലം പഠനവിധേയമാക്കിയാണ് പുതിയ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. സ്‌തനാര്‍ബുദത്തിന്റെ കാര്യത്തില്‍ മിക്ക കേസുകളിലും, സ്‌തനങ്ങളില്‍ ക്ഷീരനാളികള്‍ക്കുള്ളിലെ കോശങ്ങളിലാണ് രോഗം ആദ്യം പ്രത്യക്ഷപ്പെടുക. 'ഡക്ടല്‍ കാര്‍സിനോമ ഇന്‍ സിടു'(ductal carcinoma in situ-DCIS) എന്നാണ് രോഗം അറിയപ്പെടുന്നത്. മാരകമായി മാറുന്ന അര്‍ബുദമാണിത്. തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ രോഗത്തിന്റെ പുരോഗതി തടഞ്ഞ് രോഗിയെ രക്ഷിക്കാനാകും.
അതിനുള്ള വഴിയാണ് പുതിയ കണ്ടെത്തല്‍ തുറന്നു തന്നിരിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. "സ്‌തനാര്‍ബുദം നിര്‍ണയിക്കുന്ന കാര്യത്തില്‍ മാമോഗ്രാമിന് പകരമുള്ള ഒന്നായല്ല എം.ആര്‍.ഐ.സ്‌കാനിനെ പരിഗണിക്കേണ്ടത്; കൂടുതല്‍ ഫലപ്രദമായ ഒന്നായാണ്''-ഈ ഗവേഷണ റിപ്പോര്‍ട്ട് അവലോകനം ചെയ്‌ത നെതര്‍ലന്‍ഡിലെ റാഡ്‌ബൗണ്ട് സര്‍വകലാശാലയിലെ ഡോ. കാര്‍ല ബോട്ടസും ഡോ. റിറ്റ്‌സെ മാനും ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ഫലപ്രദമായി രോഗം നിര്‍ണയിക്കാമെന്നു മാത്രമല്ല, രോഗനിര്‍ണയത്തില്‍ എം.ആര്‍.ഐ.സ്‌കാന്‍ ഉപയോഗിക്കുമ്പോള്‍ തെറ്റു പറ്റുന്നതിന്റെ തോത് തുലോം കുറവാണെന്നും തങ്ങളുടെ പഠനത്തില്‍ വ്യക്തമായെന്ന് പ്രൊഫ. കുഹല്‍ അറിയിച്ചു.
സ്‌തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്‌ക്രീനിങുകള്‍ക്ക് സ്‌ത്രീകള്‍ വിധേയരാകേണ്ടതിന്റെ പ്രധാന്യം അടിവരയിട്ടുറപ്പിക്കുന്നു ഈ ഗവേഷണം. സ്‌തനാര്‍ബുദ സ്‌ക്രീനിങിന് വിധേയരാകുന്ന സ്‌ത്രീകള്‍ക്കിടയില്‍ മരണനിരക്ക് കുറവാണെന്ന് കഴിഞ്ഞ വര്‍ഷം ഒരു ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അത്തരം സ്‌ക്രീനിങിന് ഇതുവരെ മാമോഗ്രാമുകള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ ആശ്രയിച്ചിരുന്നതെങ്കില്‍, എം.ആര്‍.ഐ.സ്‌കാനിങിന്റെ സഹായത്തോടെ സ്‌ക്രീനിങ് കൂടുതല്‍ ഫലപ്രദമാക്കാനും കൂടുതല്‍ സ്‌ത്രീകളുടെ ജീവന്‍ രക്ഷിക്കാനും കഴിയുമെന്നാണ് പുതിയ പഠനഫലം വ്യക്തമാക്കുന്നു. (അവലംബം: ബോണ്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്, കടപ്പാട്: മാതൃഭൂമി)
2 comments:
എം.ആര്‍.ഐ.സ്‌കാന്‍ ഇത്രകാലവും സ്‌തനാര്‍ബുദം കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, രോഗം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ 'മാമോഗ്രാമുകളെ'ക്കാള്‍ ഇരട്ടി മെച്ചപ്പെട്ടതാണ് എം.ആര്‍.ഐ.സ്‌കാനുകളെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു.
ഇന്നു പത്രത്തില്‍ വായിച്ചു. നല്ല ലേഖനം. ശാസ്ത്രത്തെ ലളിതമാക്കി, ജനകീയ വല്‍ക്കരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് .ജോസഫ് സാര്‍ നിങ്ങള്‍ നടത്തുന്ന എല്ലാ റിപ്പൊര്‍ട്ടുകളും ശാസ്ത്രത്തെ ഗ്രാസ് റൂട്ട് ലെവെലില്‍ എത്തിക്കുകയാണ്. പിന്നെ എം.ആര്‍.ഐ.സ്‌കാന്‍ സ്‌തനാര്‍ബുദം തിരിച്ചറിയാന്‍ ഉപയോഗിക്കുന്നതു, ഒരു എര്‍ലി വാണിംഗ് സിസ്റ്റം ആണ് .
Post a Comment