ടെലിസ്‌കോപ്പിന്റെ കണ്ടുപിടിത്തമാണ് മനുഷ്യന് പ്രപഞ്ചത്തിലേക്കുള്ള വാതായനം തുറന്നു തന്നത്. ആ കണ്ടുപിടിത്തത്തിന്റെ നാനൂറാം വാര്‍ഷികവേളയില്‍, ഇന്റര്‍നെറ്റ് കമ്പനിയായ 'ഗൂഗിള്‍' മറ്റൊരു വാതായനം ആകാശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു തുറന്നു തന്നിരിക്കുന്നു; 'ഗൂഗിള്‍സ്‌കൈ'. മുന്നിലെ കമ്പ്യൂര്‍ സ്‌ക്രീനില്‍ ഇനി വിര്‍ച്വല്‍ രൂപത്തില്‍ പ്രപഞ്ചം മുന്നിലെത്തും
രണ്ടു പതിറ്റാണ്ടു മുമ്പാണ്. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ കാരിക്കുഴിയെന്ന സ്ഥലത്ത് വെള്ളയാണി കാര്‍ഷിക സര്‍വകലാശാലയുടെ ഒരു ആദിവാസി ഗവേഷണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. അവിടെയുള്ള ഉദ്യോഗസ്ഥരില്‍ ഒരു വെറ്ററിനറി സര്‍ജനും ഉള്‍പ്പെട്ടിരുന്നു; ഡോ.രാജ്‌കമല്‍. നാട്ടുകാരായ ഞങ്ങള്‍ കുറെ ചെറുപ്പക്കാരെ അദ്ദേഹമാണ് നക്ഷത്രനിരീക്ഷണം പഠിപ്പിച്ചത്. ബാംഗ്ലൂരിലെ പഠനകാലത്ത് ഹോസ്‌റ്റലില്‍ വെച്ചാണ് ഡോ.രാജ്‌കമല്‍ നക്ഷത്രനിരീക്ഷണം അഭ്യസിക്കുന്നത്. രാമന്‍ റിസര്‍ച്ച് ഇന്‍സ്‌റ്റിട്ട്യൂട്ടിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹത്തിന്റെ മുറിയില്‍ ഒപ്പം താമസിച്ചിരുന്നത്. ആറുമാസക്കാലം ഇരുവരും ഹോസ്‌റ്റലിന്റെ ടെറസ്സിന് മുകളില്‍ രാത്രി ഉറക്കമിളച്ചതിന്റെ ഫലമായി പകര്‍ന്നു കിട്ടിയ അറിവാണ്, അതിലളിതമായി ഡോ.രാജ്‌കമല്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത്.
മൃഗഡോക്ടര്‍ നക്ഷത്രനീരീക്ഷണം പഠിപ്പിക്കുന്നത് കൗതുകകരമായി തോന്നാം. പക്ഷേ, ആ നവംബറില്‍ ആദ്യദിവസം തന്നെ താടിക്കാരനായ ആ ഡോക്ടറുടെ ആരാധകരായി ഞങ്ങള്‍ മാറി. കുന്നത്തുമലയുടെ ചെരിവു മുതല്‍ കുരിശുമല വരെ നീളുന്ന ആകാശത്ത് എത്രയെത്ര അത്ഭുതങ്ങളാണ് കാത്തിരിക്കുന്നതെന്ന് അമ്പരപ്പോടെ ഞങ്ങള്‍ മനസിലാക്കി. സിറിയസ് നക്ഷത്രത്തില്‍ നിന്നു തുടങ്ങി രോഹിണി, കാര്‍ത്തികമാരിലൂടെ മുന്നേറി, ഓറിയോണ്‍ എന്ന വേട്ടക്കാരനെ പരിചയപ്പെട്ട്, സപ്‌തര്‍ഷികളില്‍ ഒരു മുനിയുടെ ഭാര്യയെക്കണ്ട് കണ്ണിന് കാഴ്‌ചശക്തി ശരിയാണെന്ന് ഉറപ്പു വരുത്തി, ഒരോ രാത്രിയും ഞങ്ങള്‍ക്കു മുന്നില്‍ ആകാശം തെളിഞ്ഞു തെളിഞ്ഞു വന്നു. സൈഗ്നസ് നക്ഷത്രഗണത്തിന്റെ സഹായത്തോടെ ധ്രുവനക്ഷത്രം കണ്ടെത്താന്‍ ഞങ്ങള്‍ പഠിച്ചു. ഏതു കടലിലും വടക്കും തെക്കും തെറ്റില്ലെന്ന് ഉറപ്പുവരുത്തി. സൈഗ്നസ് കോണ്‍സ്‌റ്റലേഷന്റെ പരിസരത്ത് ഒരു തമോഗര്‍ത്തം ഒളിച്ചിരിപ്പുണ്ടെന്ന വിവരം ഞങ്ങള്‍ക്ക് ഗൂഢമായ ഒരാനന്ദം നല്‍കി.
അങ്ങനെ അഞ്ചുമാസം കഴിഞ്ഞു, മെയ് മാസമെത്തി. ഇടവപ്പാതിയുടെ മുന്നൊരുക്കങ്ങള്‍ ആകാശത്ത് കണ്ടു തുടങ്ങി. പല രാത്രികളിലും ആകാശം ഇരുണ്ടുകിടന്നു. നക്ഷത്രങ്ങള്‍ മേഘങ്ങള്‍ക്കുള്ളില്‍ ഒളിച്ചു. ചില രാത്രികളില്‍ മഴയും. ഒടുവില്‍ ഡോ.രാജ്‌കമല്‍ പ്രഖ്യാപിച്ചു; ഈ സീസണിലെ നക്ഷത്രനീരീക്ഷണം അവസാനിച്ചിരിക്കുന്നു. ഞങ്ങളപ്പോള്‍ ആകാശത്തിന്റെ ഒരു പകുതി പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. അടുത്ത സീസണായപ്പോഴേക്കും ഡോ.രാജ്‌കമല്‍ ആ ഗവേഷണകേന്ദ്രം വിട്ടു. ആകാശത്തിന്റെ മറ്റേ പകുതി ഇന്നും അജ്ഞാതം. നക്ഷത്രങ്ങളെയും പ്രപഞ്ചത്തെയും കുറിച്ച് എന്തെങ്കിലും പുതിയ വിവരം അറിയുമ്പോഴൊക്കെ, രാത്രി ഉറക്കമിളച്ചും തന്റെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ മടിയില്ലായിരുന്ന ആ നല്ല അധ്യാപകന്റെ രൂപം മനസിലേക്ക് കടന്നുവരും. ഇന്റര്‍നെറ്റ് കമ്പനിയായ 'ഗൂഗിള്‍', നക്ഷത്രങ്ങളിലേക്ക് ഒരു ഓണ്‍ലൈന്‍ പാത വെട്ടിത്തുറന്നിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോഴും ആദ്യം മനസിലോര്‍ത്തത് ഡോ.രാജ്‌കമലിനെയായിരുന്നു.
രണ്ടുപതിറ്റാണ്ടു മുമ്പ് വിട്ടിട്ടുപോന്ന ആകാശത്തിന്റെ മറ്റേ പകുതി, മണ്‍സൂണ്‍ മേഘങ്ങളെ പേടിക്കാതെ ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണാന്‍ കഴിയും. ആകാശം മാത്രമല്ല, ആകാശത്തിനപ്പുറത്ത് പ്രപഞ്ചത്തിന്റെ വിശാല അതിരുകളിലേക്കാണ് 'ഗൂഗിള്‍സ്‌കൈ'(Google Sky) എന്ന പുതിയ സംവിധാനം വാതായനം തുറന്നു തരുന്നത്. 'ഗൂഗിള്‍എര്‍ത്ത്' (Google Earth) എന്ന ദൃശ്യാനുഭവവുമായി പ്രപഞ്ചത്തെ ഒന്നോടെ കൂട്ടിയിണക്കുന്ന സംവിധാനമാണിത്. കോടിക്കണക്കിന് നക്ഷത്രങ്ങളും നക്ഷത്രഗണങ്ങളുമെല്ലാം സ്വന്തം കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ ഒരാള്‍ക്ക് സന്ദര്‍ശിക്കാം; അവയ്‌ക്കിടയില്‍ പര്യവേക്ഷണം നടത്താം. ഒരുപക്ഷേ, ആരും ഇന്നുവരെ സങ്കല്‍പ്പിക്കാന്‍ പോലും കൂട്ടാക്കാതിരുന്ന പുതിയൊരു സാധ്യതയാണ് ഗൂഗിള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
ഭൗമപ്രതലത്തിന്റെ ത്രിമാനചിത്രങ്ങള്‍ അതിവിദഗ്‌ധമായി സമ്മേളിപ്പിച്ച് ഒരു വിര്‍ച്വല്‍ഭൂമി സൃഷ്ടിക്കുകയാണ് 'ഗൂഗിള്‍എര്‍ത്തി'ല്‍ ചെയ്‌തിരിക്കുന്നതെങ്കില്‍, വിവിധ നിരീക്ഷണാലയങ്ങളും സ്‌പേസ് ടെലിസ്‌കോപ്പുകളും പകര്‍ത്തിയ പ്രപഞ്ചദൃശ്യങ്ങള്‍ വിളക്കിച്ചേര്‍ത്ത് ശരിക്കുമൊരു ആകാശപര്യടനത്തിന്റെ അനുഭവം പ്രദാനം ചെയ്യുകയാണ് 'ഗൂഗില്‍സ്‌കൈ'യില്‍. അതും ത്രിമാനരൂപത്തില്‍ തന്നെ. 'ഗൂഗിള്‍എര്‍ത്തി'ന്റെ സൈറ്റിലെത്തി (http://earth.google.com/sky/skyedu.html) ഒരു സൗജന്യപ്രോഗ്രം ഡൗണ്‍ലോഡ് ചെയ്‌താല്‍ മതി, പ്രപഞ്ചം നിങ്ങളുടെ മൗസ്‌ക്ലിക്കിന്റെ അടുപ്പത്തിലെത്തി. 'അതിശയകരം' എന്നാണ് ഗൂഗിളിന്റെ പുതിയ സേവനത്തെ ബ്രിട്ടീഷ് അസ്‌ട്രോണമിക്കല്‍ അസോസിയേഷനിലെ ഡോ.ജോണ്‍ മാന്‍സണ്‍ വിശേഷിപ്പിക്കുന്നത്. ടെലസ്‌കോപ്പ് കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികവേളയിലാണ് പുതിയൊരു പ്രപഞ്ചകവാടം ഗൂഗിള്‍ തുറന്നു തന്നിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഏതാണ്ട് പത്തുകോടി നക്ഷത്രങ്ങളെയും 20 കോടി ഗാലക്‌സികളെയും സൂം ചെയ്‌തും അവയ്‌ക്കരികിലൂടെ അടുത്തും അകന്നും 'പറന്നും' ഗൂഗിള്‍സ്‌കൈയില്‍ പര്യവേക്ഷണം നടത്താം.
നക്ഷത്രങ്ങള്‍, നെബുലകള്‍, ഗാലക്‌സികള്‍ എന്നിവയെ പൊതുനാമത്തിലും, അവയുടെ കാറ്റലോഗ് നാമത്തിലും 'ഗൂഗിള്‍സ്‌കൈ'യില്‍ തിരയാം (സെര്‍ച്ച് ചെയ്യാം). ഉദാഹരണത്തിന് 'ക്രാബ് നെബുല', 'വിള്‍പൂള്‍ ഗാലക്‌സി' എന്നിങ്ങനെയുള്ള പൊതുനാമങ്ങളില്‍, അല്ലെങ്കില്‍ M51, NGC 5194 തുടങ്ങിയ കാറ്റലോഗ് നാമങ്ങളില്‍. 'ഓമേഗ സെഞ്ചുറി'യെന്ന ഭീമന്‍ നക്ഷത്രഗണത്തെ തിരയുകയാണെന്നു വെയ്‌ക്കുക. ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് പകര്‍ത്തിയ അതിന്റെ വിസ്‌മയ ദൃശ്യത്തിലേക്ക് നിങ്ങള്‍ സൂം ചെയ്യപ്പെടും. ഒരു പ്രാപഞ്ചികവസ്‌തുവില്‍ ഇരട്ടക്ലിക്ക് നടത്തിയാല്‍, അതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ലിങ്കുകളും പുതിയൊരു വിന്‍ഡോ ആയി തെളിഞ്ഞു വരും; ലിങ്ക് മിക്കവാറും വിക്കിപീഡിയയെന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിലേക്കുള്ളതായിരിക്കും. ഇത്രയും പറഞ്ഞതു കൊണ്ട് പ്രപഞ്ചത്തിലുള്ള എന്തും 'ഗൂഗിള്‍സ്‌കൈ' ഉപയോഗിച്ചു തിരയാമെന്നോ, പര്യവേക്ഷണം നടത്താമെന്നോ അര്‍ത്ഥമില്ല. ഏറ്റവും പ്രകാശമാനമുള്ളതും ഏറ്റവും പ്രശസ്‌തിയാര്‍ജിച്ചതുമായ വസ്‌തുക്കള്‍ മാത്രമേ ഇപ്പോള്‍ ലഭ്യമാകൂ.
രണ്ട് പ്രമുഖ നിരീക്ഷണാലയങ്ങള്‍ നടത്തിയ ആകാശ സര്‍വേകളിലെ വിവരങ്ങളും ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ശേഖരിച്ചിട്ടുള്ള നിരീക്ഷണഡേറ്റയും ത്രിമാനതലത്തില്‍ സമ്മേളിപ്പിച്ചാണ് 'ഗൂഗിള്‍സ്‌കൈ' യാഥാര്‍ത്ഥ്യമാകുന്നത്. കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) ക്കു കീഴിലുള്ള 'പലോമര്‍ ഒബ്‌സര്‍വേറ്ററി' ഉത്തരാര്‍ധഗോളത്തിലും, 'ആന്‍ഗ്ലോ-ഓസ്‌ട്രേലിയന്‍ ഒബ്‌സര്‍വേറ്ററി' ദക്ഷിണാര്‍ധഗോളത്തിലും നടത്തിയ ആകാശസര്‍വേകളാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. കൂടാതെ രണ്ട് അര്‍ധഗോളഭാഗത്തും ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് നടത്തിയ നിരീക്ഷണവിവരങ്ങളുമുണ്ട്. നക്ഷത്രഗണങ്ങള്‍, സൗരയൂഥത്തിലെ ഗ്രഹചലനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂട്ടിച്ചേര്‍ക്കാനും ഗൂഗിള്‍സ്‌കൈ അവസരമൊരുക്കുന്നു.
"വിവരസാങ്കേതികവിദ്യ വഴി ശാസ്‌ത്രം മാത്രമല്ല വിപ്ലവകരമായി മാറുന്നത്, വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തുന്ന രീതിയും മാറ്റിമറിക്കപ്പെടുകയാണ്"-'കാല്‍ടെക്കി'ലെ വാനശാസ്‌ത്രജ്ഞനായ ജോര്‍ജ് ഡിജോര്‍ഗോവിസ്‌കി അഭിപ്രായപ്പെടുന്നു. ഗൂഗിള്‍സ്‌കൈയ്‌ക്ക് ഇനിയും അത്ഭുതകരമായ ഉപയോഗങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ എന്നദ്ദേഹം പറയുന്നു. പ്രകാശമലിനീകരണം മൂലം നിറംകെട്ട ആകാശം വിധിക്കപ്പെട്ട നഗരവാസികള്‍ക്കും ഗൂഗിള്‍സ്‌കൈ ആശ്വാസം പകരും. നഗരങ്ങളില്‍ നൂറുകണക്കിന് ഹാലജന്‍ ബള്‍ബുകളും നിയോണ്‍ പ്രഭയും കണ്ണഞ്ചിക്കുന്ന പരസ്യബോര്‍ഡുകളും തല്ലിക്കെടുത്തിയ ആകാശത്തെ ഗൂഗിള്‍സ്‌കൈ കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ വീണ്ടെടുത്തു തരുമെന്നത് തീര്‍ച്ചയായും ആശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്. (കടപ്പാട്: ടെലിഗ്രാഫ്, ഗൂഗിള്‍)
5 comments:
പ്രപഞ്ചത്തെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എത്തിക്കാനുള്ള സംവിധാനവുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെയും മള്‍ട്ടിമീഡിയയുടെയും സാധ്യത ഏതറ്റം വരെ പോകാമെന്ന് 'ഗൂഗില്‍എര്‍ത്തി'ലൂടെ കാട്ടിത്തന്നവര്‍, 'ഗൂഗിള്‍സ്‌കൈ'യിലൂടെ ആ സാധ്യതയെ പ്രപഞ്ചത്തിന്റെ അതിരുകളോളം വ്യാപിപ്പിച്ചിരിക്കുന്നു.
വളരെ നന്നായി എഴുതിയിരിക്കുന്നു.
good work
google shining with a lot of innovative applicationss.
see this
http://www.google.com/mars/
and
http://moon.google.com/
ആ ജാ!
‘ഞങ്ങളപ്പോള്‍ ആകാശത്തിന്റെ ഒരു
പകുതി പരിചയപ്പെട്ടു ഞ്ഞിരുന്നു‘
ബ്ലോഗാകാശങ്ങളിലൂടെ പാറിവന്നതാണിവിടെ. താങ്കളുടെ എഴുത്ത് എന്നെ ശരിയ്ക്കും സന്തോഷിപ്പിച്ചിട്ടൂണ്ട്. നന്ദി.
എന്റെ കുട്ടിക്കാലത്ത്, രാത്രി ചാലക്കുടിപ്പുഴയില്‍ കുതിര്‍ന്നു കിടക്കുമ്പോള്‍ ആകാശത്തേയ്ക്കു കൈ ചൂണ്ടി ‘ഇതാണച്ഛാ, ..... നക്ഷത്രം‘ എന്നു അഭിമാനത്തോടെ കാണിയ്ക്കാന്‍ ഒരു പാവം ശുക്രനുണ്ടായിരുന്നു. ഇന്നും, മറ്റൊരു നക്ഷത്രത്തെക്കുറിച്ചെനിയ്ക്കറിയില്ല.
അപ്പോഴാണ് താങ്കള്‍...
ആശംസകള്‍ !
സജ്ജീവ്
ഗീത, ആദര്‍ശ്, സജ്ജീവ്,
തീര്‍ച്ചയായും നിങ്ങളുടെ കമന്‍റുകളില്‍ സന്തോഷം; ഇവിടെ ഇടയ്ക്കിടെ വന്നു പോകുന്നതിലും
-ജോസഫ് ആന്‍റണി
Post a Comment