Tuesday, August 21, 2007

മറ്റൊരു ജീവന്‍; അകാര്‍ബണിക ധൂളികളില്‍

ഭൂമിക്കു വെളിയില്‍ ജീവന്റെ നിലനില്‍പ്പിന്‌ ഓര്‍ഗാനിക്‌ സംയുക്തങ്ങള്‍ അനിവാര്യമായിരിക്കില്ലെന്ന്‌ പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. നമുക്കു പരിചയമുള്ള രൂപത്തിലല്ലാതെ നക്ഷത്രധൂളീപഥങ്ങളിലും മറ്റും ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതയാണ്‌ ഈ പഠനം മുന്നോട്ടു വെയ്‌ക്കുന്നത്‌

ഭൂമിയില്‍ ജീവന്‌ ഓര്‍ഗാനിക്‌ അടിത്തറയാണുള്ളത്‌. കാര്‍ബണ്‍ഡയോക്‌സയിഡും കാര്‍ബൊണേറ്റുകളും ഒഴികെയുള്ള, കാര്‍ബണിക തന്‍മാത്രകള്‍ (organic molecules) ആണ്‌ ജീവന്റെ നിലനില്‍പ്പിന്‌ അടിസ്ഥാനം. മനുഷ്യന്‍ പരിചയിച്ചിട്ടുള്ള ജീവരൂപങ്ങള്‍ക്കെല്ലാം ഇത്‌ ബാധകമാണ്‌. അതിനാല്‍, വിദൂര നക്ഷത്രപഥങ്ങളില്‍ അകാര്‍ബണിക സംയുക്തങ്ങളുടെ ധൂളികളില്‍ ജീവന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു കേട്ടാലോ. വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, അന്യലോകങ്ങളില്‍ അകാര്‍ബണിക സംയുക്തങ്ങളെ അടിസ്ഥാനശിലകളാക്കി ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നതിന്‌ ഒരു അന്താരാഷ്ട്ര ഗവേഷക സംഘം തെളിവു ഹാജരാക്കിയിരിക്കുന്നു. ഭൂമിക്കു വെളിയില്‍ ജീവന്റെ നിലനില്‍പ്പിന്‌ കാര്‍ബണിക സംയുക്തങ്ങള്‍ അത്ര അനിവാര്യമായിരിക്കില്ല എന്നാണ്‌ പുതിയ കണ്ടെത്തല്‍ നല്‍കുന്ന സൂചന.

അനുയോജ്യമായ സാഹചര്യങ്ങളില്‍ അകാര്‍ബണിക ധൂളികള്‍ വാര്‍ത്തുള രൂപഘടനകള്‍ (helical structures) ആയി മറുമെന്നും, ഓര്‍ഗാനിക്‌ സംയുക്തങ്ങളും ജീവരൂപങ്ങളും ചെയ്യും പോലെ ഇവയും പരസ്‌പരം പ്രതികരിക്കുകയും ജീവന്റെ ലക്ഷണങ്ങള്‍ കാട്ടുകയും ചെയ്യുമത്രേ. റഷ്യന്‍ ഗവേഷകനായ വി.എന്‍. ടിസിറ്റോവിച്ചും സംഘവുമാണ്‌, സങ്കീര്‍ണമായ അകാര്‍ബണിക ധൂളീഘടനകളെക്കുറിച്ച്‌ നടത്തിയ പഠനത്തിനൊടുവില്‍ ഈ നിഗമനത്തിലെത്തിയത്‌. ശാസ്‌ത്രകല്‍പ്പിത കഥകളെ തോല്‌പിക്കുന്ന ഈ കണ്ടെത്തല്‍ 'ന്യൂ ജേര്‍ണല്‍ ഓഫ്‌ ഫിസിക്‌സി'ലാണ്‌ വിവരിച്ചിട്ടുള്ളത്‌.

റഷ്യന്‍ അക്കാദമി ഓഫ്‌ സയന്‍സിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ജനറല്‍ ഫിസിക്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ ശാസ്‌ത്രജ്ഞനാണ്‌ ടിസിറ്റോവിച്ച്‌. ജര്‍മനിയില്‍ ഗാര്‍ച്ചിങിലുള്ള 'മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ എക്ട്രാടെറസ്‌ട്രിയല്‍ ഫിസിക്‌സിലെ'യും, ഓസ്‌ട്രേലിയയില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സിഡ്‌നിയിലെയും ഗവേഷകരാണ്‌ 'പ്ലാസ്‌മാ'വസ്ഥയിലുള്ള സങ്കീര്‍ണരൂപഘടനകള്‍ പഠനവിധേയമാക്കിയത്‌. ഖരം, ദ്രാവകം, വാതകം എന്നിവ കഴിഞ്ഞാല്‍ ദ്രവ്യത്തിന്റെ നാലാമത്തെ രൂപമാണ്‌ 'പ്ലാസ്‌മ'. അത്യുന്നത ഊഷ്‌മാവില്‍ ആറ്റങ്ങളിലെ ഇലക്ട്രോണുകള്‍ സ്വതന്ത്രകണങ്ങളെപ്പോലെ പെരുമാറുന്ന അവസ്ഥയാണിത്‌. സൂര്യനിലും നക്ഷത്രങ്ങളിലുമൊക്കെ ദ്രവ്യം ഈ അവസ്ഥയിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

ഇത്രകാലവും ഭൗതീകശാസ്‌ത്രജ്ഞര്‍ കരുതിയിരുന്നത്‌ പ്ലാസ്‌മ പോലുള്ള കണികാമേഘങ്ങളില്‍ വളരെക്കുറച്ച്‌ സമ്മേളിക്കലേ നടക്കൂ എന്നാണ്‌. എന്നാല്‍, വൈദ്യുതചാര്‍ജുകള്‍ വേര്‍പെടത്തക്കവിധത്തില്‍ പ്ലാസ്‌മയിലെ കണങ്ങള്‍ക്ക്‌ സ്വയംസമ്മേളിച്ച്‌ ധ്രുവീകരണമുണ്ടാക്കാനുള്ള കഴിവുണ്ടെന്ന്‌, കമ്പ്യൂട്ടര്‍ മാതൃകകള്‍ ഉപയോഗിച്ച്‌ ടിസിറ്റോവിച്ചും സംഘവും സ്ഥാപിച്ചു. ഇതിന്റെ ഫലമായി ഖരകണങ്ങളുടെ സൂക്ഷ്‌മനാരുകള്‍ ചുറ്റിപ്പിണഞ്ഞ്‌ കോര്‍ക്ക്‌ക്രൂവിന്റെ ഘടന കൈവരുന്നതായി ഗവേഷകര്‍ കണ്ടു. ഇത്തരം വാര്‍ത്തുള രൂപഘടനകള്‍ ഇലക്ട്രോണിക്‌ ചാര്‍ജുള്ളവയും പരസ്‌പരം ആകര്‍ഷിക്കുന്നവയുമാണ്‌.

ജന്മപ്രേരണ കൊണ്ടെന്ന പോലെ ഈ വാര്‍ത്തുളഘടനകള്‍ പരസ്‌പരം ആകര്‍ഷിക്കുക മാത്രമല്ല, ഡി.എന്‍.എ, പ്രോട്ടീനുകള്‍ തുടങ്ങിയ ജൈവതന്മാത്രകളുമായി ബന്ധപ്പെട്ടു മാത്രം കണ്ടിട്ടുള്ള ചില മാറ്റങ്ങള്‍ക്ക്‌ വിധേയമാകുകയും ചെയ്യുന്നു എന്ന കാര്യം ഗവേഷകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. ഉദാഹരണത്തിന്‌, കോശങ്ങളുടെ വിഭജനവേളയില്‍ ഡി.എന്‍.എ.തന്മാത്രകള്‍ക്കു സംഭവിക്കുന്നതു പോലെ ഈ വര്‍ത്തുളഘടനകള്‍ക്കും വിഭജിക്കാന്‍ സാധിക്കും. ആദ്യഘടനയുടെ രണ്ട്‌ കോപ്പികളായി അവയ്‌ക്കു മാറാനാകും. മാത്രമല്ല, സമീപമുള്ള മറ്റു രൂപങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച്‌ കൂടുതല്‍ സ്ഥിരതയുള്ളവയായി മാറാനും ഇവയ്‌ക്കു കഴിയും. സ്ഥിരത കുറഞ്ഞവ അതിജീവിക്കില്ല. എന്നുവെച്ചാല്‍, 'കഴിവുള്ളവ അതിജീവിക്കുന്ന അവസ്ഥ' പ്ലാസ്‌മയിലും സംഭവിക്കുന്നു എന്നര്‍ത്ഥം. ജീവലോകത്ത്‌ പരിണാമത്തിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത്‌ ഈ പ്രക്രിയയാണ്‌.

നക്ഷത്രധൂളികളിലെ പ്ലാസ്‌മാഘടനകള്‍ ഇത്തരത്തില്‍ ജീവിക്കുകയാകുമോ? "ഇത്തരം സങ്കീര്‍ണമായ സ്വയംസംഘടിത പ്ലാസ്‌മാഘടനകള്‍ അകാര്‍ബണിക ജീവരൂപങ്ങള്‍ക്കു വേണ്ട എല്ലാ സ്വഭാവങ്ങളും പ്രദര്‍ശിപ്പിക്കുന്നു"-ടിസിറ്റോവിച്ച്‌ പറയുന്നു. "അവ സ്വാശ്രയമായ, പുനരുത്‌പാദനക്ഷമമായ, സ്വയം ഉരുത്തിരിയുന്ന ഘടനകളാണ്‌". ഇത്തരം വാര്‍ത്തുള പ്ലാസ്‌മാഘടനകള്‍ക്ക്‌ അനുയോജ്യമായ സാഹചര്യങ്ങള്‍ ബാഹ്യപ്രപഞ്ചത്തില്‍ സുലഭമാണ്‌. ഒരുപക്ഷേ, ഭൂമിയില്‍ ആദിമജീവന്‍ ഉരുത്തിരിഞ്ഞതുപോലും ഇത്തരത്തിലുള്ള അകാര്‍ബണിക ജീവരൂപം ആയിട്ടാകാമെന്ന്‌ ഗവേഷകര്‍ സംശയിക്കുന്നു. ഇത്തരമേതെങ്കിലും ഭിന്നജീവരൂപം, ഇന്നു നമുക്കു പരിചിതമായ ഓര്‍ഗാനിക്‌ തന്മാത്രകളുടെ ആദിമ ചട്ടക്കൂട്‌ (template) ആയി പ്രവര്‍ത്തിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന്‌ ഗവേഷകര്‍ കരുതുന്നു. (അവലംബം: ന്യൂ ജേര്‍ണല്‍ ഓഫ്‌ ഫിസിക്‌സ്‌)

3 comments:

JA said...

നമുക്കു പരിചയമുള്ള തരത്തിലല്ലാതെ പ്രപഞ്ചത്തില്‍ ഭിന്നരൂപത്തില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാകുമോ? ഉണ്ടാകാം എന്ന്‌ പുതിയൊരു ഗവേഷണം പറയുന്നു. ജീവരൂപങ്ങള്‍ക്ക്‌ ആധാരമായ ഓര്‍ഗാനിക്‌ സംയുക്തങ്ങളല്ലാതെ സങ്കീര്‍ണമായ പ്ലാസ്‌മാഘടനകളായും ജീവന്‍ വിദൂരപ്രപഞ്ചത്തില്‍ ഉണ്ടാകാമത്രേ.

Anonymous said...

നന്നായിട്ടുണ്ട്.

Deepu said...

ഇതൊക്കെ വായിച്ച് പഠിച്ച് നന്നായി അവതരിപ്പിക്കുന്നതിന്‍ എന്റെ പ്രണാമം..