Thursday, June 28, 2007

കേടായ പല്ലും ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടെ മമ്മിയും

ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ്‌ കണ്ടെത്തിയ കേടയ ഒരു പല്ല്‌. നൂറുവര്‍ഷം പഴക്കമുള്ള മമ്മി. ആധുനിക ഡി.എന്‍.എ.സങ്കേതം. സാഹി ഹവാസ്സ്‌ എന്ന പുരവസ്‌തു ഗവേഷകന്റെ ഒരുവര്‍ഷത്തെ പ്രയത്‌നം-പുരാതന ഈജിപ്‌തുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നിഗൂഡകളിലൊന്നിന്‌ അറുതി വരുത്താന്‍ വേണ്ടിവന്നത്‌ ഇത്രയുമാണ്‌.

ഈജിപ്‌ത്‌ കണ്ട ഏറ്റവും ശക്തയായ സ്‌ത്രീഫറവോയുടെ മമ്മി എവിടെ എന്ന ചോദ്യത്തിനാണ്‌ ഉത്തരം ലഭിച്ചത്‌ അങ്ങനെയാണ്‌. നൂറുവര്‍ഷം മുമ്പ്‌ 'രാജാക്കന്‍മാരുടെ താഴ്‌വര'യില്‍ കണ്ടെത്തിയ മമ്മി ഫറവോ ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടേതാണെന്ന്‌ സ്ഥിരീകരിക്കപ്പെട്ടു. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ഈജിപ്‌തില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ കണ്ടെത്തലായി മാറി ആ ഉത്തരം. 1922-ല്‍ ടുട്ടന്‍ഖാമുന്‍ ഫറവോയുടെ ശവക്കല്ലറയുടെ കണ്ടെത്തലിന്‌ ശേഷം കണ്ടുപിടിത്തത്തിന്റെ മറ്റൊരു ചരിത്രമുഹൂര്‍ത്തം.

3500 വര്‍ഷം മുമ്പാണ്‌ ഹാഷെപ്‌സുറ്റ്‌ രാജ്ഞി ഈജിപ്‌ത്‌ ഭരിച്ചിരുന്നത്‌. പുരാതന ഈജിപ്‌തില്‍ ക്ലിയോപാട്ര, നെഫെര്‍റ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു അവര്‍. കൃത്രിമ താടിമീശവെച്ച്‌ പുരുഷവേഷം കെട്ടി, 21 വര്‍ഷക്കാലം സര്‍വ പ്രതാപത്തോടുംകൂടി രാജ്യം ഭരിച്ച അവരുടെ മമ്മി എവിടെയാണെന്ന നിഗൂഢതയാണ്‌ പുതിയ കണ്ടെത്തലോടെ നീങ്ങുന്നത്‌. തടിച്ച ശരീരപ്രകൃതിയായിരുന്ന ഹാഷെപ്‌സുറ്റ്‌, അവരുടെ അമ്പതുകളില്‍ പ്രമേഹവും അര്‍ബുദവും ബാധിച്ചാകാം മരിച്ചതെന്ന്‌ ഗവേഷകര്‍ കരുതുന്നു.

പില്‍ക്കാലത്ത്‌ ടുട്ടന്‍ഖാമുന്റെ ശവക്കല്ലറ കണ്ടെത്തുക വഴി ചരിത്രം സൃഷ്ടിച്ച, പ്രശസ്‌ത പുരാവസ്‌തുഗവേഷകന്‍ ഹൊവാര്‍ഡ്‌ കാര്‍ട്ടറാണ്‌ 1903-ല്‍ ലക്‌സറിലെ 'രാജാക്കന്‍മാരുടെ താഴ്‌വര'യെന്ന്‌ അറിയപ്പെടുന്ന സ്ഥലത്തെ ശവകുടീരത്തില്‍നിന്ന്‌ രണ്ട്‌ സ്‌ത്രീ മമ്മികള്‍ കണ്ടെത്തയത്‌. അതിലൊന്ന്‌ ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടെ പരിചാരക സിട്രെയിനിന്റേതാണെന്ന്‌ ഗവേഷകര്‍ നിഗമനത്തിലെത്തിയെങ്കിലും, രണ്ടാമത്തെ സ്‌ത്രീ ആരാണെന്ന്‌ ഒരു പിടിയും കിട്ടിയില്ല.

നൈല്‍ തീരത്ത്‌ ഹാഷെപ്‌സുറ്റ്‌ പണികഴിപ്പിച്ച ഡെയര്‍ എല്‍ ബഹരി ക്ഷേത്രത്തിലാവണം അവരെ സംസ്‌ക്കരിച്ചിട്ടുള്ളതെന്ന്‌ പലരും കരുതി. പക്ഷേ, ആ ക്ഷേത്രത്തില്‍ അവരുടെ മമ്മി കണ്ടെത്താനാകാത്തത്‌ ദുരൂഹതയായി തുടര്‍ന്നു. അവിടെ നിന്ന്‌ ഫറവോ ഹാഷെപ്‌സുറ്റിന്റെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881-ല്‍ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ്‌ ഈജിപ്‌ഷ്യന്‍ പുരാവസ്‌തു ഗവേഷകനായ സാഹി ഹവാസ്സിന്‌ തുണയായത്‌.
1903-ല്‍ കണ്ടെത്തിയ സ്‌ത്രീമമ്മിയുടെ പല്ല്‌ നഷ്ടപ്പെട്ടിരിക്കുന്നതായും, ഫറവോയുടെ മുദ്ര പതിച്ച പെട്ടിയിലെ പല്ല്‌ ആ മമ്മിക്ക്‌ ശരിക്ക്‌ ഇണങ്ങുന്നതായും പരിശോധനയില്‍ തെളിഞ്ഞു. കെയ്‌റോയിലെ ഈജിപ്‌ഷ്യന്‍ മ്യൂസിയത്തില്‍ 'ഡിസ്‌കവറി ചാനല്‍' അടുത്തയിടെ സ്ഥാപിച്ച ഡി.എന്‍.എ.ലാബില്‍, ആ സ്‌ത്രീമമ്മിലുടെ ഇടുപ്പെല്ല്‌, തുടയെല്ല്‌ എന്നിവിടങ്ങളില്‍ നിന്നെടുത്ത ഡി.എന്‍.എ. വിശകലനം ചെയ്യാനും ഹാവസ്സിനും സംഘത്തിനുമായി.

മമ്മിയുടെ ജനിതകഘടന ഹാഷെപ്‌സുറ്റിന്റെ മുത്തശ്ശി അഹമോസ്‌ നെഫ്രെട്ടാരിയുടേതുമായി യോജിക്കുന്നതായി കണ്ടതോടെ സംശയം നീങ്ങീ. രാജ്ഞിയുടെ മമ്മി അതുതന്നെ. "ഇത്‌ ഹാഷെപ്‌സുറ്റിന്റെ മമ്മിയാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ നൂറുശതമാനം ഉറപ്പാണ്‌"-ഹവാസ്സ്‌ പറയുന്നു. 1903-ല്‍ കണ്ടെത്തയത്‌ ഹാഷെപ്‌സുറ്റ്‌ ഫറവോയുടെ മമ്മിയാകാമെന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അമേരിക്കന്‍ ഈജിപ്‌തോളജിസ്‌റ്റായ എലിസബത്ത്‌ തോമസ്‌ അഭിപ്രായപ്പെട്ടത്‌ ഇപ്പോള്‍ ശരിയായിരിക്കുകയാണ്‌.

പുരാതന ഈജിപ്‌തിലെ ഈടുറ്റ ഒരധ്യായമായാണ്‌ ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്‌. ബി.സി.1504-1484 കാലത്ത്‌ ഈജിപ്‌ത്‌ ഭരിച്ച ടുത്‌മോസിസ്‌ ഒന്നാമന്‍ ഫറവോയുടെ നിയമപിന്തുണയുള്ള ഏകമകളായിരുന്നു ഹാഷെപ്‌സുറ്റ്‌. തന്റെ ഭര്‍ത്താവും അര്‍ധസഹോദരനുമായ ടുത്‌മോസിസ്‌ രണ്ടാമന്‍ മരിച്ചപ്പോഴാണ്‌ രാജ്ഞി അധികാരം ഏറ്റെടുത്തത്‌. മറ്റൊരു സ്‌ത്രീയില്‍ ഭര്‍ത്താവിന്‌ പിറന്ന മകന്‍ ടുത്‌മോസിസ്‌ മൂന്നാമന്‌ അന്ന്‌ പ്രായപൂര്‍ത്തിയായിരുന്നില്ല.

ബി.സി.1479 മുതല്‍ 1458 വരെ ഹാഷെപ്‌സുറ്റ്‌ രാജ്യം ഭരിച്ചു. ഇപ്പോഴത്തെ ഇറാഖ്‌ മുതല്‍ സുഡാന്‍ വരെ അവര്‍ പടയോട്ടം നടത്തി. ഈജിപ്‌തിനെ സംബന്ധിച്ചിടത്തോളം പൊതുവെ സമൃദ്ധമായ കാലമായിരുന്ന സ്‌ത്രീഫറവോയുടെ ഭരണകാലമെന്ന്‌ കരുതുന്നു. തന്റെ പക്കല്‍നിന്ന്‌ ഹാഷെപ്‌സുറ്റ്‌ അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി, അവരുടെ മരണശേഷം ടുത്‌മോസിസ്‌ മൂന്നാമന്‍ ശിലാലിഖിതങ്ങളില്‍ നിന്നെല്ലാം അവരുടെ പേര്‌ നീക്കംചെയ്‌തു. ചരിത്രത്തില്‍നിന്ന്‌ എന്നിട്ടും അവര്‍ മാഞ്ഞുപോകാതെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്‌; പുതിയ കണ്ടെത്തലോടെ.(അവലംബം: എ.എഫ്‌.പി, എ.പി, ഗാര്‍ഡിയന്‍)

5 comments:

Joseph Antony said...

ചരിത്രത്തില്‍നിന്ന്‌ മാഞ്ഞുപോകാതെ ഹാഷെപ്‌സുറ്റ്‌ രാജ്ഞി വീണ്ടും ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. പുരാതന ഈജിപ്‌തിലെ ഏറ്റവും കരുത്തുറ്റ സ്‌ത്രീഫറവോ ആയിരുന്നു അവര്‍. ഇത്രകാലവും അറിയപ്പെടാതെ കിടന്ന അവരുടെ മമ്മി തിരിച്ചറിയാന്‍ പുരാവസ്‌തുഗവേഷകര്‍ക്ക്‌ തുണയായത്‌ രാജ്ഞിയുടെ കേടായ പല്ലും ആധുനിക ഡി.എന്‍.എ.വിശകലനവിദ്യയുമാണ്‌. അതെപ്പറ്റി...

അഞ്ചല്‍ക്കാരന്‍ said...

വിജ്ഞാനപ്രദം. മമ്മികളും പുരാതന ഈജിപ്തും ഫറൊവമാരുടെ ഭരണകാലവും തിമൂറിന്റെ പടയോട്ടവും ഒക്കെ ചെറു ലേഖനങ്ങളായി അവതരിക്കപെടുന്നത് വായിക്കാന്‍ ഒരു പ്രത്യക സുഖമുണ്ട്. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Unknown said...

Dear JA ,
ഇത് പോസ്റ്റ് ചെയ്തത് വളരെ നന്നായി. താങ്കളില്‍ നിന്നും ഇത്തരം വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു..

Joseph Antony said...

അഞ്ചല്‍ക്കാരനും സുകുമാരന്‍ മാഷും ഇവിടെ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നതിലുള്ള സന്തോഷവും ആഹ്ലാദവും അറിയിക്കട്ടെ

ഗുപ്തന്‍ said...

ഇക്കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഡോക്കുമെന്ററി കണ്ടിരുന്നു. കുറിപ്പ് അവസരോചിതമായി.