Friday, June 01, 2007

ബുഷിന്റെ കലാവസ്ഥാനിര്‍ദ്ദേശം 'വിഷഗുളിക'യെന്ന്‌ ആരോപണം

ആഗോളതാപനം ചെറുക്കാന്‍ ലോകം ആശങ്കയോടെ ശ്രമം തുടങ്ങിയിട്ട്‌ ഒന്നര പതിറ്റാണ്ട്‌ കഴിയുന്നു. ഇക്കാലമത്രയും ആ ശ്രമങ്ങളോട്‌ പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു അമേരിക്ക. അമേരിക്കയുടെ ധിക്കാരപൂര്‍വമായ നിലപാട്‌ ലോകത്തെ സര്‍വനാശത്തിലേക്ക്‌ തള്ളിവിടുകയാണെന്ന്‌ ആരോപണവുമുയര്‍ന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം വലിയൊരു ഭീഷണിയാണെന്ന്‌ ജോര്‍ജ്‌ ബുഷിന്‌ പെട്ടന്നു ബോധോദയം വന്നിരിക്കുന്നു. അത്‌ ചെറുക്കാനുള്ള നേതൃത്വം സ്വയം ഏറ്റെടുക്കാന്‍ അമേരിക്ക മുന്നോട്ടുവരികയും ചെയ്‌തിരിക്കുന്നു

കാലാവസ്ഥാവ്യതിയാനം ചെറുക്കാന്‍ യു.എസ്‌.പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍, ഇക്കാര്യത്തിലുള്ള യു.എന്‍.ശ്രമങ്ങള്‍ അട്ടിമറിക്കാനുദ്ദേശിച്ചുള്ള 'വിഷഗുളിക'യാണെന്ന്‌ ആക്ഷേപം. ആഗോളതാപനം ചെറുക്കാനുള്ള യു.എന്‍.ശ്രമങ്ങള്‍ തടയുന്നതിനൊപ്പം യൂറോപ്യന്‍ നിലപാടിനെ അപായപ്പെടുത്താനും അമേരിക്കന്‍ നീക്കം കാരണമായേക്കാമെന്ന്‌ ആരോപിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച്‌ സുപ്രധാന ചര്‍ച്ചകള്‍ അടുത്തയാഴ്‌ച ജര്‍മനിയില്‍ സമ്പന്നരാഷ്ട്ര (ജി-എട്ട്‌) ഉച്ചകോടിയില്‍ നടക്കാനിരിക്കെയാണ്‌, ഈ മേഖലയിലാകെ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടുള്ള ബുഷിന്റെ പ്രഖ്യാപനം.

ആഗോളതാപനത്തിന്‌ കാരണമായ ഹരിതഗൃഹവാതക വ്യാപനം കുറയ്‌ക്കാന്‍ 'പുതിയോരു ആഗോളചട്ടക്കൂടി'ന്‌ രൂപം നല്‍കാനുള്ള നിര്‍ദ്ദേശമാണ്‌ ബുഷ്‌ കഴിഞ്ഞ ദിവസം (മെയ്‌ 31) മുന്നോട്ടുവെച്ചത്‌. ഇക്കാര്യത്തിലുള്ള യു.എന്‍. ശ്രമങ്ങള്‍ക്ക്‌ പകരമായാണ്‌ ബുഷിന്റെ നിര്‍ദ്ദേശം. അടുത്ത വര്‍ഷം അവസാനത്തോടെ അമേരിക്കയും മറ്റ്‌ രാഷ്ട്രങ്ങളും ചേര്‍ന്ന്‌ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, ഇന്ത്യയും ചൈനയും ഉള്‍പ്പടെ ഏറ്റവുമധികം ഹരിതഗൃഹവാതകവ്യാപനം നടത്തുന്ന രാജ്യങ്ങളുടെ തുടര്‍ച്ചയായ യോഗങ്ങള്‍ അമേരിക്കന്‍ മേല്‍നോട്ടത്തില്‍ വിളിച്ചുചേര്‍ത്ത്‌ ലക്ഷ്യം കൈവരിക്കുക-ഇതാണ്‌ നിര്‍ദ്ദേശങ്ങളുടെ കാതല്‍.

ഹരിതഗൃഹവാതകവ്യാപനം 2050 ആകുമ്പോഴേക്കും പകുതിയായി കുറയ്‌ക്കാനുള്ള യൂറോപ്യന്‍ നിര്‍ദ്ദേശം അടുത്തയാഴ്‌ച ജി-എട്ട്‌ ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യാനിരിക്കുകയാണ്‌. ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീരുന്നതിനാല്‍ അതിന്‌ തുടര്‍ച്ചയായി ഏതുതരത്തിലുള്ള അന്താരാഷ്ട്ര സംവിധാനത്തിന്‌ രൂപം നല്‍കണം എന്നകാര്യം ലോകമാകെ ചര്‍ച്ചചെയ്യുന്ന സമയമാണിത്‌. ബാലിയില്‍ ഡിസംബറില്‍ നടക്കുന്ന യു.എന്‍.കാലാവസ്ഥാ സമ്മേളനത്തില്‍ ഇതിനുള്ള നടപടിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അന്തരീക്ഷതാപനിലയിലെ വര്‍ധന രണ്ടുഡിഗ്രി സെല്‍സിയസില്‍ പരിമിതപ്പെടുത്താന്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ കടുത്ത ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലുമാക്കിയിരിക്കുകയാണ്‌ ബുഷിന്റെ നിര്‍ദ്ദേശങ്ങള്‍.

ലോകത്ത്‌ ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യമാണ്‌ അമേരിക്ക. അന്തരീക്ഷത്തിലെ വാതകവ്യാപനത്തില്‍ കാല്‍ഭാഗത്തിനും അമേരിക്കയാണ്‌ ഉത്തരവാദി. എന്നാല്‍, പ്രസിഡന്റ്‌ ബുഷ്‌ അധികാരത്തിലെത്തി ആദ്യമെടുത്ത തീരുമാനം തന്നെ ക്യോട്ടോഉടമ്പടിയില്‍ നിന്ന്‌ അമേരിക്ക പിന്‍മാറുന്നു എന്നായിരുന്നു. അമേരിക്കയുടെ താത്‌പര്യങ്ങള്‍ക്ക്‌ ആ ഉടമ്പടി എതിരാണെന്ന്‌ ബുഷ്‌ ന്യായീകരിച്ചു. ആ പിന്തിരിപ്പന്‍ നിലപാട്‌ തന്നെയാണ്‌ ബുഷ്‌ഭരണകൂടം ഇപ്പോഴും പുലര്‍ത്തുന്നതെന്ന്‌ പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നതായി പരിസ്ഥിതി വിദഗ്‌ധര്‍ പറയുന്നു.

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പക്ഷേ, ബുഷിന്റെ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്‌തു. ആഗോളതാപനത്തിന്റെ കാര്യത്തില്‍ അമേരിക്ക ആദ്യമായി താത്‌പര്യം കാട്ടുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്‌തു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും ബുഷിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്‌തു. എന്നാല്‍, ഗ്രീന്‍പീസ്‌ പോലുള്ള അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകള്‍ ബുഷിന്റെ നിര്‍ദ്ദേശത്തെ 'വിഷമഗുളിക' എന്നാണ്‌ വിശേഷിപ്പിച്ചത്‌. അപകടകരമായ ഒരു തന്ത്രമാണ്‌ അമേരിക്കയുടേതെന്ന്‌ അവര്‍ കുറ്റപ്പെടുത്തുന്നു.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശ്രമങ്ങളില്‍ യു.എന്നിന്റെ നേതൃത്വം ചോദ്യംചെയ്യപ്പെടാന്‍ പാടില്ലെന്ന്‌, കാലാവസ്ഥാചര്‍ച്ചകളില്‍ ജര്‍മനിയെ പ്രതിനിധീകരിക്കുന്ന ബെര്‍ന്‌ഡ്‌ ഫഫെന്‍ബാക്‌ പറഞ്ഞു. ആഗോളതാപനം ചെറുക്കാനുള്ള ജി-എട്ട്‌ ശ്രമങ്ങളെയും യു.എന്‍.നീക്കങ്ങളെയും അപകടപ്പെടുത്താനുള്ള ശ്രമമാണ്‌ അമേരിക്കയുടേത്‌. കാലാവസ്ഥാചര്‍ച്ചകളുടെ നേതൃത്വം അമേരിക്ക ഏകപക്ഷീയമായി ഏറ്റെടുക്കുന്നതിന്‌ സമമാണ്‌ പുതിയ നിര്‍ദ്ദേശങ്ങള്‍-അദ്ദേഹം പറഞ്ഞു. "ഒറ്റ നീക്കത്തിന്‌ നിങ്ങള്‍ യു.എന്നിനോട്‌ ഗുഡ്‌ ബൈ പറയുന്നു"-അദ്ദേഹം ഓര്‍മിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റ്‌ ഇക്കാര്യത്തില്‍ പുതിയ പ്രക്രിയ ആരംഭിക്കേണ്ട കാര്യമില്ല, കാരണം ഒന്നിവിടെ ഇപ്പോള്‍ തന്നെയുണ്ട്‌- ഗ്രീന്‍പീസിലെ ഡാനിയേല്‍ മിറ്റ്‌ലെര്‍ പറഞ്ഞു. ആഗോളതാപനം ചെറുക്കാനുള്ള യു.എന്‍.ശ്രമങ്ങളെ മെല്ലെയാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ ബുഷിന്റേത്‌- അദ്ദേഹം ആരോപിച്ചു.

രണ്ടു ഡിഗ്രി സെല്‍സിയസില്‍ ആഗോളതാപനില പരിമിതപ്പെടുത്തണമെന്നും, ഹരിതഗൃഹവാതകവ്യാപനം തടയാന്‍ നിയമപരമായി രാജ്യങ്ങളെ ബാധ്യതപ്പെടുത്തണമെന്നുമുള്ള യൂറോപ്യന്‍ നിര്‍ദ്ദേശങ്ങളെ അമേരിക്ക അനുകൂലിക്കുന്നില്ല. അതിനു പകരം സന്നദ്ധതയോടെ രാജ്യങ്ങള്‍ വാതകവ്യാപനം കുറയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്‌ ബുഷിന്റെ നിര്‍ദ്ദേശത്തിലുള്ളത്‌. ഇത്‌ അപ്രായോഗികമാണെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. (കടപ്പാട്‌: ഗാര്‍ഡിയന്‍).

8 comments:

JA said...

ആഗോളതാപനം ചെറുക്കാനുള്ള പദ്ധതി അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ മുന്നോട്ടുവെച്ചിരിക്കുന്നു. ഇക്കാലമത്രയും ഇത്തരം ശ്രമങ്ങളോട്‌ ധിക്കാരപരമായ നിലപാട്‌ പുലര്‍ത്തിയിരുന്ന ബുഷിനിപ്പോള്‍ എന്തുകൊണ്ട്‌ മനംമാറ്റമുണ്ടായി. അത്‌ മനംമാറ്റമല്ലെന്നും ആഗോളതാപനം ചെറുക്കാനുള്ള യു.എന്‍.ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും പരിസ്ഥിതി വിദഗ്‌ധര്‍ പറയുന്നു. 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ അതെപ്പറ്റി.

മൂര്‍ത്തി said...

നന്ദി മാഷെ..വിവരങ്ങള്‍ക്ക് നന്ദി...

Dinkan-ഡിങ്കന്‍ said...

“ലിറ്റില്‍ മാസ്റ്റര്‍”, “ഏജന്റ് ഓറഞ്ച്”.. സാം നന്നാവില്ല മാഷെ.. വിട്ടേയ്ക്കാം

“താളം പിടിച്ചും രമിച്ചും മദിച്ചും
മേളക്കൊഴുപ്പിലഹങ്കരിച്ചും
രോമങ്ങളില്‍ നിന്ന് അസുരരെ സൃഷ്ടിച്ചും
മാറിടം കീറി പറിച്ചെടുത്തും
പെറ്റമ്മമുന്നിലായ് പുത്രരെ കൊന്നും
പെറ്റവയറിന്റെ നോവ് ഭുജിച്ചും
ബന്ധങ്ങള്‍ സ്വന്തങ്ങള്‍ അന്ത:രംഗങ്ങളില്‍
ബന്ധന സ്പന്ദന മൂര്‍ച്ചയുണര്‍ത്തി
ഒന്നായ് പിറന്നൊരു മര്‍ത്യര്‍ തന്‍ നെഞ്ചില്‍
എന്തിനു നിങ്ങളാ തേര്‍ തെളിച്ചൂ”

സമര്‍പ്പണം ബുഷിന്

തമ്പിയളിയന്‍ said...

സമയം കിട്ടുമ്പോള്‍ വായിക്കുന്ന ഒരു ബ്ലോഗാണ് കുറിഞ്ഞി!

പക്ഷെ ജോസഫ് സാര്‍;
താങ്കള്‍ ക്ലൈംബിങ് അപ് ഓണ്‍ ദ ഹെഡ് ആന്റ് കുത്തിങ് നൌ:)

ഞാന്‍ ബുഷിന്റെ ഒരാരാധകന്‍ തന്നെ!1 കോടി പ്രാവശ്യം!!
ഇസ്രായേലുകാരനെപ്പോലെ അമേരിക്കക്കാരന്‍ എല്ലാ വീടിന്റെം പിറകില്‍ ബങ്കര്‍ പണീയാന്‍ ഉള്ള സ്ധിതി വരുത്താതെ ബുഷ് അഫ്ഗാനിസ്താനില്‍ പോയി ബങ്കര്‍ ബസ്റ്റര്‍ ഇട്ടുകൊടുത്തു. അമേരിക്കയുടെ ധിക്കാരം എന്നു പറയുമായിരിക്കും. അന്നുമിന്നു വേദം ഉപദേശിച്ച താങ്കളുടെ ഇന്ത്യാ മഹാരാജ്യത്ത് സാധാരണക്കാരന്‍ യാത്ര ചെയ്ത മുംബൈ ട്രെയിനുകളില്‍ ബോബു പൊട്ടിയപ്പോള്‍, ഇനി എന്താ മാഷേ KSRTC യോ? സമാധാനത്തിന്റെ ബുദ്തവിഹാരങ്ങള്‍ അഫ്ഗാനിസ്താനില്‍ തകര്‍ത്തെറിയുന്നത് കണ്ടിട്ടും എഴുതാതിരുന്ന താങ്കളുടെ പത്രങ്ങള്‍ ഞങ്ങടെ ബുദ്തിയെ നിന്ദിക്കാന്‍ എന്താണെഴുതാന്‍ പോകുന്നതും എന്നെനിക്കറിയാം!

അത് ചെയ്യരുത് പ്ലീസ്. കാരണം, ഈ ഒരു തെറ്റ് മറന്ന് ഞാന്‍ ഇനിയും വരും , കുറിഞ്ഞി വായിക്കാന്‍!!

വക്കാരിമഷ്‌ടാ said...

ഇത് പ്രധാനമായും ശാസ്ത്രം, പരിസ്ഥിതി ഇവയൊക്കെ കൈകാര്യം ചെയ്യുന്ന ബ്ലോഗല്ലേ തമ്പിയളിയാ?

ബുഷിന്റെ അഫ്‌ഗാന്‍ ആക്രമണവും തീവ്രവാദവിരുദ്ധമെന്ന് അദ്ദേഹം പറയുന്ന പ്രവര്‍ത്തനങ്ങളും ആഗോളതാപനത്തില്‍ അദ്ദേഹത്തിന്റെ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങളും തമ്മില്‍ എന്തിന് ബന്ധിപ്പിക്കുന്നു?

അദ്ദേഹം ഇനി അമേരിക്കയെയും ലോകത്തെ തന്നെയും ഭീകരന്മാരില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുന്നുവെങ്കില്‍ തന്നെ അത് പരിസ്ഥിതിക്ക് വിഘാതമായ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന്റെ ഭരണകൂറ്റത്തിന് ഒരു രീതിയിലും ലൈസന്‍സ് നല്‍‌കുന്നില്ലല്ലോ.

Ambi said...

തമ്പിയളിയന്‍ തമാശയ്ക്ക് സര്‍കാസ്റ്റിയ്ക്കായി പറഞ്ഞതാണോന്നൊരു സംശയം..:)?

Ambi said...
This comment has been removed by the author.
Inji Pennu said...

വെള്ളത്തില്‍പോലും ബുഷിനേയും റിപ്പബ്ലിക്കന്‍സിനേയും പരിതസ്ഥിതിയുടെ കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല! ദുഷ്ടത്തരം മാത്രേ അവര്‍ കാണിക്കൂ...

ഏറ്റവും കൂടുതല്‍ ഓസോണ്‍ ഹോള്‍ ഉള്ളത് അമേരിക്കേടെ മുകളിലും ന്യൂസിലാന്റിന്റെ മുകളിലും ആണെന്ന് ഞാന്‍ എപ്പോഴൊക്ക്യാ ആയി വായിച്ചിരിക്കുന്നു. എന്നിട്ട് അമേരിക്ക എപ്പോഴും മൂന്നാം രാഷ്ട്രങ്ങളോട് പൊല്ല്യൂഷന്‍ കുറക്കാന്‍ പറയും...ആണവായുധം മറ്റുള്ളവരോട് കുറക്കാന്‍ പറയുന്നതുപോലെ...
എന്ത് രസം അത് കേള്‍ക്കാന്‍! നമ്മുടെയൊക്കെ പൊല്ല്യൂഷന്‍ നിവൃത്തികേടിന്റേതാണ്, അമേരിക്കയുടേത് അഹങ്കാരത്തിന്റേയും!