Tuesday, June 05, 2007

ഓഫ്‌ലൈനിലും ഇനി ഒണ്‍ലൈന്‍

ചുവരില്ലാതെ ചിത്രമെഴുതാന്‍ കഴിയുമോ? ഇല്ലെന്ന സഹജമായ മറുപടി വരുംമുമ്പ്‌ പറഞ്ഞുകൊള്ളട്ടെ, വേണമെങ്കില്‍ അതും കഴിയും എന്ന്‌ തെളിയിക്കാന്‍ പോവുകയാണ്‌ ഇന്റര്‍നെറ്റ്‌ ഭീമനായ 'ഗൂഗിള്‍'. നെറ്റ്‌കണക്ഷന്‍ ഇല്ലാത്തപ്പോഴും (ഓഫ്‌ലൈനിലും) നെറ്റ്‌ പ്രയോഗങ്ങള്‍ സാധ്യമാക്കാന്‍ പോവുകയാണ്‌ ഗൂഗിള്‍! ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ പരിമിതി ഇല്ലാതാകാന്‍ പോകുന്നുവെന്നു സാരം.

-മെയില്‍, വേഡ്‌ പ്രോസസിങ്‌, കലണ്ടറുകള്‍, സ്‌പ്രെഡ്‌ഷീറ്റുകള്‍ തുടങ്ങി ഒട്ടേറെ പ്രയോഗങ്ങള്‍ (applications) നെറ്റ്‌ കണക്ഷനുണ്ടങ്കിലേ നടക്കൂ. ഇതാണ്‌ ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ പോരായ്‌മ. ഓഫ്‌ലൈനില്‍ ഈ പ്രയോഗങ്ങളൊക്കെ അസാധ്യം. എന്നാല്‍, ഓണ്‍ലൈന്‍ പ്രയോഗങ്ങള്‍ ഓഫ്‌ലൈനിലും സാധ്യമാക്കാന്‍ 'ഗൂഗിള്‍ ഗിയേഴ്‌സ്‌'(Google Gears) എന്ന പുതിയ സംവിധാനം സഹായിക്കും. വെബിനെ സംബന്ധിച്ചിടത്തോളം ഇത്‌ അര്‍ത്ഥവത്തായ മുന്നേറ്റമാണെന്ന്‌, ഫയര്‍ഫോക്‌സ്‌ ബ്രൗസറിന്‌ പിന്നിലുള്ള മോസില്ല കോര്‍പ്പറേഷന്റെ ചീഫ്‌ ടെക്‌നോളജി ഓഫീസര്‍ ബ്രെന്‍ഡാന്‍ ഈക്‌ പറയുന്നു.

അടുത്തയിടെ 'ഗ്ലോബല്‍ ഡവലപ്പര്‍ ഡേ'(global developer day) ആചരണത്തിലാണ്‌ പുതിയ ഉത്‌പന്നം ഗൂഗിള്‍ അവതരിപ്പിച്ചത്‌. ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ്‌ തുടങ്ങിയ ബ്രൗസറുകള്‍ക്കുള്ള ഒരിനം 'ഓപ്പണ്‍സോഴ്‌സ്‌ സഹായികള്‍' (open source plug-in) ആയാണ്‌ ഗൂഗിള്‍ ഗിയേഴ്‌സ്‌ പ്രവര്‍ത്തിക്കുക. സാധാരണഗതിയില്‍ വെബ്‌ സെര്‍വറുകളില്‍ സംഭരിച്ചുവെക്കുന്ന ഓണ്‍ലൈന്‍ ഡേറ്റ, ഇനി മുതല്‍ കമ്പ്യൂട്ടറുകളില്‍ തന്നെ സൂക്ഷിക്കാനും വീണ്ടും ഘടിപ്പിക്കുമ്പോള്‍ നെറ്റുമായി താദാമ്യം പ്രാപിക്കാനും ഈ സംവിധാനം സഹായിക്കും.

"ഓണ്‍ലൈനും ഓഫ്‌ലൈനുമായി വേര്‍തിരിവില്ലാത്ത ഒരനുഭവം സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം"-ഗൂഗിള്‍ ഗിയേഴ്‌സ്‌ പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്ന എഞ്ചിനിയര്‍ ക്രിസ്‌ പ്രിന്‍സ്‌ പറഞ്ഞു. ഗ്ലോബല്‍ ഡവലപ്പര്‍ ഡേയുടെ ഭാഗമായി ലണ്ടനില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റ്‌ മഹത്തരമാണ്‌. പക്ഷേ, എല്ലായ്‌പ്പോഴും അതിലേക്ക്‌ പ്രവേശിക്കാന്‍ നമുക്ക്‌ കഴിയാറില്ല. ആ വിടവ്‌ നികത്താന്‍ ഈ സംവിധാനം സഹായിക്കും-ഗൂഗിളിലെ എഞ്ചിനിയറിങ്‌ വിഭാഗത്തിന്റെ വൈസ്‌ പ്രസിഡന്റ്‌ ജെഫ്‌ ഹ്യുബെര്‍ പറഞ്ഞു.

തുടക്കമെന്ന നിലയ്‌ക്ക്‌ ന്യൂസും ബ്ലോഗുകളും വായിക്കാന്‍ പാകത്തില്‍ ഗൂഗിളിന്റെ ആര്‍.എസ്‌.എസ്‌ (RSS) ഫീഡ്‌ റീഡര്‍ നെറ്റ്‌ബന്ധമില്ലാതെ പ്രവര്‍ത്തിക്കും. അതിനുശേഷം മറ്റ്‌ പ്രോഗ്രാമുകളെയും ഇതേപോലെ ഓഫ്‌ലൈനില്‍ ലഭ്യമാക്കാനാകുമെന്നാണ്‌ കമ്പനിയുടെ കണക്കു കൂട്ടല്‍. ഫയര്‍ഫോക്‌സ്‌, ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ തുടങ്ങിയ മിക്ക ബ്രൗസറുകളിലും ഗൂഗിള്‍ ഗിയേഴ്‌സ്‌ പ്രവര്‍ത്തിക്കും. സഫാരി, ഒപ്ര തുടങ്ങിയവയ്‌ക്ക്‌ യോജിക്കുന്ന വകഭേദങ്ങളും താമസിയാതെ രംഗത്തെത്തും.

ഓഫ്‌ലൈനില്‍ കമ്പ്യൂട്ടറിലെ പ്രവൃത്തികള്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ മൈക്രോസോഫ്‌ടിന്റെ കുത്തകയാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. മൈക്രോസോഫ്‌ടിന്റെ ഈ ആധിപത്യം ഒറ്റയടിക്ക്‌ തകര്‍ക്കുകയാണ്‌ പുതിയ സംവിധാനത്തിലൂടെ ഗൂഗിള്‍ എന്നു വിശ്വസിക്കുന്നവരുണ്ട്‌. ഐ.ടി.ലോകത്തെ ഈ ഭീമന്‍മാര്‍ തമ്മിലുള്ള മത്സരത്തിന്റെ പുതിയ മുഖമാണിതത്രേ.

'ഗൂഗിള്‍ മാപ്പ്‌ലെറ്റ്‌സ്‌ '(Google Mapplets) ആണ്‌ ഗൂഗിള്‍ കുടുംബത്തില്‍ നിന്ന്‌ പുറത്തു വരുന്ന പുതയ ഉത്‌പ്പന്നം. ഗൂഗിള്‍ മാപ്പുകളെ അതാത്‌ സ്ഥലത്തെ വാര്‍ത്തകളും കാലാവസ്ഥയും വീടുകളുടെ വിലയും കുറ്റകൃത്യങ്ങളുടെ കണക്കുമെല്ലാം ഉള്‍പ്പെടുത്തി നവീകരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്‌. ഡേറ്റാക്ക്‌ ഭൂമിശാസ്‌ത്രപരമായി മികച്ച പ്രാതിനിധ്യം നല്‍കി അവതരിപ്പിക്കാന്‍ ഇത്‌ അവസരമൊരുക്കുന്നു. ഒരു 'ജിയോ-വെബ്‌'(geo-web) രൂപപ്പെടുത്തുകയാണ്‌ ഗൂഗിളിന്റെ ലക്ഷ്യമെന്ന്‌, ലണ്ടനിലെ സെമിനാറില്‍ കമ്പനിയുടെ വിദഗ്‌ധന്‍ എഡ്‌ പാര്‍സന്‍സ്‌ പറയുകയുണ്ടായി. അതിലേക്കുള്ള ചുവടുവെപ്പാണ്‌ 'ജിയോ-വെബ്‌'.(കടപ്പാട്‌: എ.എഫ്‌.പി, ബിബിസി ന്യൂസ്).

7 comments:

Joseph Antony said...

നെറ്റ്‌കണക്ഷന്‍ ഇല്ലാത്തപ്പോഴും നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുംവിധം പുതിയൊരു സംവിധാനം ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നു. മൈക്രോസോഫ്‌ടുമായുള്ള മത്സരത്തിന്റെ പുതിയ മുഖമാണ്‌ ഗൂഗിള്‍ ഇതിലൂടെ വെളിപ്പെടുത്തുന്നത്‌. 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ അതെപ്പറ്റി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::
അപ്പോള്‍ ഇനി ബൂലോഗത്തൂന്ന് രണ്ടീസം ലീവ് എടുക്കാന്ന് വച്ചാലും നടക്കാണ്ടാവ്വോ?

മൂര്‍ത്തി said...

വിവരങ്ങള്‍ക്ക് നന്ദി മാഷെ..

keralafarmer said...

"നെറ്റ്‌കണക്ഷന്‍ ഇല്ലാത്തപ്പോഴും നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുംവിധം പുതിയൊരു സംവിധാനം ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നു."
ഓണ്‍ ലൈനില്‍ മാത്രമല്ല ബ്ലോഗുകളും കൊണ്ട്‌ നടക്കാമല്ലോ. വിലപ്പെട്ട വിവരം.

SIDHIK MANGALA said...

വായിച്ച്‌ു മാഷേ
goole ന്‌ അഭിനന്ദനം, വാര്‍ത്ത എത്തിച്ച മാഷിന്‌ നന്ദി
സിദ്ധിഖ്‌ മംഗള

Manoj | മനോജ്‌ said...

ഇതൊരുഗ്രന്‍ ഐഡിയയാണ് - സംഗതി ഡൌണ്‍ലോഡ് ചെയ്തു - മലയാളം ബ്ലോഗുകള്‍ വയിക്കമല്ലോ എന്ന പ്രതീക്ഷയോടെ... എന്നാ‍ല്‍ നിരന്തരം IE crash! അതിനാല്‍ സംഗതി uninstall ചെയ്യേണ്ടി വന്നു! :(

Mr. K# said...

ഗൂ‍ഗിള്‍ റീഡറും ഗൂഗിള്‍ ഗിയര്‍സും ഉപയോഗിച്ചു നോക്കി. വളരെ ഉപയോഗപ്രദമായ സോഫ്റ്റ്വയറുകള്‍. ഒരു പ്രാവശ്യം സിന്‍ക്രോണൈസ് ചെയ്താല്‍ എല്ലാ പോസ്റ്റുകളും ഓഫ്‌ലൈന്‍ ആയി വായിക്കാം.