Friday, June 08, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-17: എസ്‌.കെ. മിത്ര

റേഡിയോ കമ്മ്യൂണിക്കേഷന്‌ ഇന്ത്യയില്‍ അടിത്തറ പാകിയ ശാസ്‌ത്രജ്ഞനാണ്‌ എസ്‌.കെ.മിത്ര. അയണോസ്‌ഫിയറിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മിത്ര നടത്തിയ കണ്ടെത്തലുകള്‍ ഈ പഠനശാഖയ്‌ക്ക്‌ ആഗോളതലത്തില്‍ തന്നെ നേട്ടമായി

2007 അന്താരാഷ്ട്രധ്രുവവര്‍ഷമായി യു.എന്‍. പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇത്‌ നാലാമത്തെ ധ്രുവവര്‍ഷമാണ്‌. രണ്ടാമത്തെ ധ്രുവര്‍ഷാചരണം നടന്ന 1932-ല്‍ (1882-ല്‍ ഒന്നാമത്തേതും,1957-ല്‍ മൂന്നാമത്തേതും നടന്നു) ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഒരു ഗവേഷകനും ഒരു ലബോറട്ടറിയും ഉണ്ടായിരുന്നു; എസ്‌.കെ. മിത്ര ആയിരുന്നു ആ ഗവേഷകന്‍, കൊല്‍ക്കത്തയില്‍ അദ്ദേഹം സ്ഥാപിച്ച 'ഹരിന്‍ഗത അയണോസ്‌ഫിയര്‍ ഫീല്‍ഡ്‌ സ്റ്റേഷന്‍' ആ സ്ഥാപനവും. ധ്രുവവര്‍ഷത്തിന്റെ ഭാഗമായ ഗവേഷണങ്ങളില്‍ പങ്കുചേരാന്‍ അന്ന്‌ തിരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യന്‍ സ്ഥാപനമായിരുന്നു മിത്രയുടെ ലബോറട്ടറി. മാത്രമല്ല, ഒരു അന്താരാഷ്ട്ര ശാസ്‌ത്രസംരംഭത്തില്‍ ഇന്ത്യ ആദ്യമായി പങ്കുചേരുകയായിരുന്നു അതിലൂടെ.

ഉപഗ്രഹങ്ങളോ റിമോട്ട്‌ സെന്‍സിങോ പോലുള്ള ആധുനിക സങ്കേതങ്ങളൊന്നും ആവിര്‍ഭവിച്ചിട്ടില്ലാത്ത ആ കാലത്ത്‌, അന്തരീക്ഷപാളിയായ അയണോസ്‌ഫിയറിനെക്കുറിച്ച്‌ പഠിക്കാനുള്ള ദൗത്യമായിരുന്നു മിത്രയുടെ സ്ഥാപനത്തിന്‌ ഏല്‍പ്പിക്കപ്പെട്ടത്‌. മിത്രയെന്ന ഗവേഷകനെ സംബന്ധിച്ചിടത്തോളം ആ അംഗീകാരം യാദൃശ്ചികമായി വീണുകിട്ടിയതല്ല. അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത പാതയിലൂടെ നിര്‍ഭയം പോകാനുള്ള സന്നദ്ധതയുടെ സ്വാഭാവിക പ്രതിഫലമായിരുന്നു അത്‌. റേഡിയോ കമ്മ്യൂണിക്കേഷന്‍, അയണോസ്‌ഫിയര്‍ പഠനം എന്നീ പുത്തന്‍ പഠനശാഖകളായിരുന്നു മിത്രയുടേത്‌. ഇന്ത്യയില്‍ ഈ മേഖലയില്‍ പഠനവും ഗവേഷണവും ആരംഭിച്ചത്‌ തന്നെ മിത്രയുടെ താത്‌പര്യത്തിലും നേതൃത്വത്തിലുമായിരുന്നു.

ഭൗമാന്തരീക്ഷത്തില്‍ 80 കിലോമീറ്റര്‍ ഉയരെയുള്ള തെര്‍മോസ്‌ഫിയറിന്റെ ഭാഗമാണ്‌ അയണോസ്‌ഫിയര്‍. ഭൂമിയില്‍ നിന്ന്‌ റേഡിയോ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന വൈദ്യുതകാന്തികതരംഗങ്ങള്‍ അയണോസ്‌ഫിയറാണ്‌ ഭൂമിയിലേക്ക്‌ തിരകെ പ്രതിഫലിപ്പിക്കുന്നത്‌. അതിനാല്‍, ആധുനിക വാര്‍ത്താവിനിമയത്തില്‍ അയണോസ്‌ഫിയറിന്റെ സ്ഥാനം സുപ്രധാനമാണ്‌. അയണോസ്‌ഫിയറിനെപ്പറ്റി പുതിയ ഉള്‍ക്കാഴ്‌ച ലോകത്തിന്‌ സമ്മാനിച്ചവരില്‍ മിത്രയും ഉള്‍പ്പെടുന്നു. അയണോസ്‌ഫിയറിന്‌ D, E, F തുടങ്ങിയ പാളികളുണ്ട്‌. അതില്‍ E പാളിക്കു കാരണം സൂര്യനില്‍ നിന്നെത്തുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങളാണെന്ന്‌ തന്റെ പഠനങ്ങളിലൂടെ മിത്ര സ്ഥാപിച്ചു. രാത്രിയില്‍ ആകാശത്തിന്‌ ശരിക്കുള്ള കറുത്ത നിറമാണ്‌ ഉണ്ടാകേണ്ടത്‌. പക്ഷേ, നരച്ച ഇരുണ്ട നിറമാണ്‌ നമ്മള്‍ കാണുന്നത്‌. അതിന്റെ കാരണം വിശദീകരിച്ചതും മിത്രയാണ്‌. അയണോസ്‌ഫിയറില്‍ F പാളിയിലെ അയോണുകളുടെ സാന്നിധ്യമാണതിന്‌ കാരണമെന്ന്‌ അദ്ദേഹം കണ്ടെത്തി.

കൊല്‍ക്കത്തയില്‍ സ്‌കൂള്‍ അധ്യാപകനായ ജയകൃഷ്‌ണയുടെയും ഡോ.ശരത്‌കുമാരിയുടെയും മകനായി 1889 ഒക്ടോബര്‍ 24-നാണ്‌ സിസിര്‍ കുമാര്‍ മിത്ര (എസ്‌.കെ.മിത്ര)യുടെ ജനനം. ഒന്‍പതാം വയസ്സില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു 'ഹോട്ട്‌എയര്‍ ബലൂണ്‍' (hot air balloon) പരീക്ഷണം നേരിട്ട്‌ കാണാനിടയായ മിത്രയുടെ മനസിലുയര്‍ന്ന കൗതുകമാണ്‌ ശാസ്‌ത്രത്തിന്റെ പാതയിലേക്ക്‌ അദ്ദേഹത്തെ ആകര്‍ഷിച്ചത്‌. മിത്ര ജനിച്ച്‌ അധികം വൈകാതെ കുടുംബം ബിഹാറിലെ ഭഗല്‍പൂരിലേക്ക്‌ താമസം മാറ്റി. ഡോ.ശരത്‌കുമാരിക്ക്‌ അവിടെ ലേഡി ഡഫ്രിന്‍ ഹോസ്‌പിറ്റലിലും ജയകൃഷ്‌ണയ്‌ക്ക്‌ ഭഗല്‍പൂര്‍ മുനിസിപ്പാലിറ്റിയിലും ജോലികിട്ടി. ഭഗല്‍പൂരിലായിരുന്നു മിത്രയുടെ പ്രാഥമിക പഠനം.

അച്ഛന്റെ അകാല വിയോഗത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പരാധീനതകള്‍ കുടുംബത്തെ തളര്‍ത്തിയെങ്കിലും, മിത്രയെ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ബി.എസ്സിക്ക്‌ ചേര്‍ക്കാന്‍ അമ്മയ്‌ക്ക്‌ കഴിഞ്ഞു. അവിടെ ജെ.സി.ബോസ്‌, പി. സി.റായ്‌ എന്നീ പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ അധ്യാപകരായിരുന്നത്‌ മിത്രയിലെ ശാസ്‌ത്രവിദ്യാര്‍ത്ഥിക്ക്‌ ശരിയായ ദിശാബോധമുണ്ടാക്കാന്‍ സഹായിച്ചു. പ്രസിഡന്‍സി കോളേജില്‍ നിന്നു 1912-ല്‍ ബിരുദാനന്തര ബിരുദം നേടിയ മിത്ര, ജെ.സി.ബോസിന്‌ കീഴില്‍ ഗവേഷണത്തിന്‌ ചേര്‍ന്നെങ്കിലും, കുടുംബത്തെ സഹായിക്കാന്‍ ഉദ്യോഗം തേടേണ്ടി വന്നു; ആദ്യം ഭഗല്‍പൂരിലെ ടി.എന്‍.ജെ. കോളേജിലും പിന്നീട്‌ കുറച്ചുനാള്‍ ബങ്കുര ക്രിസ്‌ത്യന്‍ കോളേജിലും അധ്യാപകനായി. ആ സയമത്തായിരുന്നു (1914-ല്‍) മിത്രയും ലീലാവതി ദേവിയും തമ്മിലുള്ള വിവാഹം.

കല്‍ക്കത്ത സര്‍വകലാശാലയില്‍ 1916-ല്‍ നിലവില്‍ വന്ന ഭൗതീകശാസ്‌ത്രവകുപ്പിന്‌ ഇന്ത്യന്‍ ശാസ്‌ത്രചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ട്‌. വൈസ്‌ചാന്‍സലര്‍ അഷുതോഷ്‌ മുഖര്‍ജിയുടെ ക്ഷണപ്രകാരം രാജ്യത്തെ പുതുശാസ്‌ത്രപ്രതിഭകളെല്ലാം ആ വകുപ്പില്‍ ഒത്തുചേര്‍ന്നു. സി.വി.രാമന്‍, സത്യേന്ദ്രനാഥ്‌ ബോസ്‌, മേഘനാഥ്‌ സാഹ, ഡി.എം.ബോസ്‌ എന്നിവരൊക്കെ. മിത്രയും അങ്ങോട്ട്‌ ക്ഷണിക്കപ്പെട്ടു. സി.വി.രാമന്‍ പാലിറ്റ്‌ പ്രൊഫസറായിരുന്നു. മിത്ര അദ്ദേഹത്തിന്‌ കീഴില്‍ പ്രകാശത്തിന്റെ വ്യതികരണം (diffraction)പോലുള്ള പ്രതിഭാസത്തെക്കുറിച്ച്‌ ഗവേഷണം തുടങ്ങി. 1919-ല്‍ ഗവേഷണ ബിരുദം (DSc) നേടിയ മിത്ര, ഉപരിപഠനത്തിന്‌ വിദേശത്തേക്കു പുറപ്പെട്ടു. പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്ന്‌ 1923-ല്‍ രണ്ടാമത്തെ ഗവേഷണ ബിരുദം മിത്ര നേടി. കുറച്ചു നാള്‍ 'ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ റേഡിയ'ത്തില്‍ മാഡം ക്യൂറിക്കു കീഴില്‍ പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിലെത്തിയ ശേഷമാണ്‌ റേഡിയോ കമ്മ്യൂണിക്കേഷനില്‍ മിത്ര ആകൃഷ്ടനാകുന്നത്‌. ആ പുതിയ പഠനമേഖല തന്റെ ജീവിതലക്ഷ്യമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ നാന്‍സി സര്‍വകലാശാലയിലെ 'ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഫിസിക്‌സി'ല്‍ അദ്ദേഹം ഗവേഷകനായി ചേര്‍ന്നു. ഇന്ത്യയില്‍ ആ സമയത്ത്‌ റേഡിയോ കമ്മ്യൂണിക്കേഷന്‍ രംഗത്ത്‌ ഒരുതരത്തിലുള്ള പഠനവും ഗവേഷണവും ആരംഭിച്ചിരുന്നില്ല. ആ മേഖലയുടെ പ്രാധാന്യം കാണിച്ച്‌ അതുകൂടി സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട്‌ അഷുതോഷ്‌ മുഖര്‍ജിക്ക്‌ മിത്ര കത്തെഴുതി. എല്ലാ പിന്തുണയും അറിയിച്ച അഷുതോഷ്‌, അദ്ദേഹത്തോട്‌ ഇന്ത്യയിലെത്താന്‍ ആവശ്യപ്പെട്ടു. അങ്ങനെ 1923-ല്‍ കല്‍ക്കത്ത സര്‍വകലാശാലയില്‍ മിത്ര വീണ്ടും ചേര്‍ന്നു; 'ഖൈര പ്രൊഫസര്‍ ഓഫ്‌ ഫിസിക്‌സ്‌' എന്ന പദവിയില്‍. റേഡിയോ കമ്മ്യൂണിക്കേഷനെക്കുറിച്ചു പഠിക്കാന്‍ ഒരു ലോകോത്തര ലബോറട്ടറിയും അദ്ദേഹം അവിടെ സ്ഥാപിച്ചു. അത്‌ പിന്നീട്‌ കല്‍ക്കത്ത സര്‍വകലാശാലയില്‍ മറ്റൊരു വകുപ്പായി മാറി, മിത്രയുടെ ലബോറട്ടറി 'ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ റേഡിയോ ഫിസിക്‌സ്‌ ആന്‍ഡ്‌ ഇലക്ട്രോണിക്‌സ്‌' ആയി അറിയപ്പെടുകയും ചെയ്‌തു. ഇന്ത്യയില്‍ റേഡിയോ ഇലക്ട്രോണിക്‌സ്‌ എന്ന പഠനശാഖയുടെ തുടക്കം അങ്ങനെയായിരുന്നു.

അതോടൊപ്പം 1930-കളോടെ അയണോസ്‌ഫിയറിനെക്കുറിച്ചുള്ള ഗവേഷണത്തിന്‌ 'ഹരിന്‍ഗത അയണോസ്‌ഫിയര്‍ ഫീല്‍ഡ്‌ സ്റ്റേഷന്‍' എന്ന ലബോറട്ടറി മിത്രയുടെ നേതൃത്വത്തില്‍ തുടങ്ങി. ഏഷ്യയില്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ആദ്യസ്ഥാപമായിരുന്നു അത്‌. മിത്രയുടെ ഏറ്റവും വലിയ സംഭാവനയുണ്ടായത്‌ അയണോസ്‌ഫിയര്‍ പഠനത്തിലാണ്‌. D, E, F എന്നിങ്ങനെ മൂന്നു പാളികളാണ്‌ അയണോസ്‌ഫിയറിലുള്ളത്‌. താന്‍ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ സൂര്യനില്‍ നിന്നെത്തുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങളാണ്‌ E പാളിക്ക്‌ കാരണമെന്ന മിത്രയുടെ കണ്ടെത്തല്‍, ശാസ്‌ത്രലോകത്ത്‌ ചലനം സൃഷ്ടിച്ച ഒന്നായിരുന്നു. `ദി അപ്പര്‍ അറ്റ്‌മോസ്‌ഫിയര്‍' എന്ന തന്റെ പ്രശസ്‌തഗ്രന്ഥം 1947-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയെപ്പറ്റി ലോകത്ത്‌ എഴുതപ്പെടുന്ന ആദ്യ ആധികാരിക ഗ്രന്ഥമായിരുന്നു അത്‌.

1958-ല്‍ റോയല്‍ സൊസൈറ്റി ഫെലോ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മിത്രയെ തേടിയെത്തിയ അസംഖ്യം ബഹുമതികളില്‍ ഒന്നു മാത്രമായിരുന്നു അത്‌. ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി അധ്യക്ഷസ്ഥാനം(1959-60), ദേശീയ പ്രൊഫസര്‍ സ്ഥാനം (1962), പത്മഭൂഷണ്‍ (1962) എന്നിങ്ങനെ ആ പട്ടിക നീളുന്നു. 1963 ആഗസ്‌ത്‌ 13-ന്‌ അദ്ദേഹം അന്തരിച്ചു.(കാണുക: സി.വി.രാമന്‍)
(കടപ്പാട്‌: ഭാരതീയശാസ്‌ത്രജ്ഞര്‍ പരമ്പരയുടെ തുടക്കത്തില്‍ ചേര്‍ത്ത പട്ടിക കൂടാതെ, എസ്‌.കെ.മിത്രയെക്കുറിച്ചെഴുതുന്നുതില്‍ 'സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ മാഗസിന്റെ 1990 ഓക്ടോബര്‍ ലക്കത്തില്‍ എം.കെ.ദാസ്‌ ഗുപ്‌തയുടേതായി വന്ന ലേഖനവും വളരെയേറെ സഹായിച്ചിട്ടുണ്ട്‌).

4 comments:

JA said...

സൂര്യനില്‍ നിന്നെത്തുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങളാണ്‌ അയണോസ്‌ഫിയറിലെ E പാളിക്ക്‌ കാരണമെന്ന മിത്രയുടെ കണ്ടെത്തല്‍, ശാസ്‌ത്രലോകത്ത്‌ ചലനം സൃഷ്ടിച്ച ഒന്നായിരുന്നു. റേഡിയോ കമ്മ്യൂണിക്കേഷനും അന്തരീക്ഷത്തിലെ അയണോസ്‌ഫിയര്‍ എന്ന പാളിക്കും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ശാസ്‌ത്രജ്ഞനായിരുന്നു എസ്‌.കെ.മിത്ര. 'ഭാരതീയശാസ്‌ത്രജ്ഞര്‍' എന്ന പരമ്പരയുടെ പതിനേഴാം ഭാഗം.

തമ്പിയളിയന്‍ said...

“1947-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയെപ്പറ്റി ലോകത്ത്‌ എഴുതപ്പെടുന്ന ആദ്യ ആധികാരിക ഗ്രന്ഥമായിരുന്നു അത്‌“

ന്യൂട്ടണ്‍ ന്യൂട്ടണ്‍ എന്നും(സംഗമഗ്രാമ മാധവനെ മറക്കല്ല്), 1947-ല്‍ ബ്രിട്ടീഷുകാരന്റെ സന്മനസ്സുകൊണ്ട് സ്വാതന്ത്ര്യം സ്വാതന്ത്ര്യം എന്നുമൊക്കെ മാത്രം കാണാപ്പാടം പഠിപ്പിക്കാതെ, ഇതൊക്കെക്കൂടെ കുട്ടികളെ പഠിപ്പിച്ചാല്‍ ഒരു ജനതയും, ഒരു രാജ്യവും രക്ഷപെട്ടുപോവും സാറെ!

തമ്പിയളിയന്‍ said...

സയന്‍സ് റ്റോപ്പിക്കുകള്‍ക്ക് ചാരയ പോസ്റ്റിന്റെ അത്രെം കമന്റ് വരുന്നില്ലല്ലൊ മാഷെ?:)

സോറി, ഓഫ് റ്റോപിക്

കുതിരവട്ടന്‍ | kuthiravattan said...

എസ്‌.കെ.മിത്രയെക്കുറിച്ച് പറഞ്ഞു തന്നതിനു നന്ദി.