Saturday, June 23, 2007

സംസാരിക്കുന്ന കടലാസ്‌

സംസാരിക്കുന്ന ഗ്രീറ്റിങ്‌ കാര്‍ഡിനെക്കുറിച്ച്‌ സങ്കല്‍പ്പിച്ചു നോക്കൂ. ജന്മദിനത്തിന്‌ കിട്ടിയ കാര്‍ഡ്‌ കൈയിലെടുക്കുമ്പോള്‍ തന്നെ അതയച്ച സുഹൃത്തിന്റെ ശബ്ദത്തില്‍ ആശംസ കേള്‍ക്കാന്‍ കഴിഞ്ഞാലോ. സ്വയം സംസാരിക്കാന്‍ കഴിയുന്ന പരസ്യബോര്‍ഡുകളുടെ കാര്യമോ.

അസംഭാവ്യം എന്നു കരുതാവുന്ന ഇത്തരം സംഗതികള്‍ അധികം വൈകാതെ യാഥാര്‍ത്ഥ്യമായേക്കാം. സംസാരിക്കുന്ന ഒരിനം കടലാസിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ മിഡ്‌ സ്വീഡന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ പ്രിന്റ്‌ ചെയ്‌തു ചേര്‍ത്തിട്ടുള്ള സ്‌പീക്കറുകള്‍ ആണ്‌ കടലാസിന്‌ 'സംസാരശേഷി' നല്‍കുക. റിക്കോര്‍ഡ്‌ ചെയ്‌ത ശബ്ദം സ്‌പര്‍ശിക്കുമ്പോള്‍ പുറത്തു വരാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്‌ത പരസ്യക്കടലാസാണ്‌ ഗവേഷകര്‍ രൂപപ്പെടുത്തിയത്‌. ഭാവിയില്‍ ഒട്ടേറെ ഉപയോഗങ്ങള്‍ ഈ ഉത്‌പന്നത്തിന്‌ കണ്ടെത്തനാകും എന്നാണ്‌ പ്രതീക്ഷ.

വൈദ്യുത ചാലകശേഷിയുള്ള മഷി കൊണ്ട്‌ എഴുതിയിട്ടുള്ള കടലാസാണത്‌. മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ അതിനോട്‌ പ്രതികരിക്കാന്‍ മഷിക്കു കഴിയും. "ബീച്ചിന്റെ ചിത്രമുള്ള കാര്‍ഡില്‍ നിങ്ങളുടെ കൈ പതിയുമ്പോള്‍ ആ ബീച്ചിനെക്കുറിച്ചുള്ള ശബ്ദവിവരണം കേള്‍ക്കാന്‍ കഴിയും"-ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ മൈക്കല്‍ ഗ്യുല്ലിക്‌സന്‍ പറഞ്ഞു. പായ്‌ക്ക്‌ ചെയ്യാന്‍ ഇത്തരം കടലാസ്‌ ഉപയോഗിച്ചാല്‍, പാക്കറ്റ്‌ കൈയിലെടുക്കുമ്പോള്‍ തന്നെ കടലാസ്‌ പറഞ്ഞു തരും അകത്തെ ഉത്‌പന്നത്തിന്റെ വിശേഷങ്ങള്‍.

സിഗരറ്റ്‌ പാക്കറ്റായി ഈ കടലാസ്‌ ഉപയോഗിച്ചാല്‍, പുകവലിയുടെ ദൂഷ്യവശങ്ങളും നിയമപരമായ മുന്നറിയുപ്പുകളും പാക്കറ്റിന്‌ കേള്‍പ്പിക്കാനാകില്ലേ-ഗ്യുല്ലിക്‌സന്‍ ചോദിക്കുന്നു. ഇലക്ട്രോണിക്‌സ്‌ സംവിധാനങ്ങള്‍ സൂക്ഷ്‌മമായി ഘടിപ്പിച്ച ഡിജിറ്റല്‍ പേപ്പറാണ്‌ സംസാരിക്കുന്ന കടലാസിന്റെ അടിസ്ഥാനം. ചാലകശേഷിയുള്ള മഷി എഴുത്തിന്‌ ഉപയോഗിക്കുമ്പോള്‍ റിക്കോര്‍ഡ്‌ ചെയ്‌ത ശബ്ദഫയലുകള്‍ ഒരു സൂക്ഷ്‌മ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്നു. ശൂന്യമായ രന്ധ്രത്തിന്‌ പുറത്തുള്ള കടലാസ്‌, സ്‌പീക്കറിലെ ഡയഫ്രമായി പ്രവര്‍ത്തിക്കും. ഇത്തരം സ്‌പീക്കറുകള്‍ കടലാസില്‍ പ്രിന്റ്‌ ചെയ്‌തു ചേര്‍ക്കുകയാണ്‌ ചെയ്യുക.

സംസാരിക്കുന്ന കടലാസിന്റെ അടിസ്ഥാനം ഈ ഡിജിറ്റല്‍ പേപ്പറാണ്‌. അത്‌ ബലമുള്ള കാര്‍ഡ്‌ബോര്‍ഡ്‌ ഷീറ്റിനും പരസ്യം അച്ചടിച്ചിട്ടുള്ള പേപ്പറിനും ഇടയിലാണ്‌ സ്ഥിതിചെയ്യുക. ഡോ. ഗ്യുല്ലിക്‌സനും സംഘവും രൂപപ്പെടുത്തിയ കടലാസ്‌ അല്‍പ്പം ചെലവേറിയതാണ്‌. അതുപയോഗിച്ച്‌ പരസ്യബോര്‍ഡുകളോ പാക്കറ്റ്‌ കടലാസുകളോ ഉണ്ടാക്കുക ലാഭകരമാവില്ല. എന്നാല്‍, കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി ഇതിന്റെ ചെലവ്‌ താങ്ങാവുന്ന നിലയ്‌ക്ക്‌ കൊണ്ടുവരാനാകും എന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ.(കടപ്പാട്‌: ബിബിസി ന്യൂസ്‌)

8 comments:

Joseph Antony said...

അസാധ്യം എന്നത്‌ ഒന്നിനെക്കുറിച്ചും പറയാന്‍ കഴിയാത്ത നിലയിലാണ്‌ കാര്യങ്ങള്‍ പുരോഗമിക്കുന്നത്‌. ഇത്രകാലവും അസംഭാവ്യം എന്നു കരുതിയിരുന്ന പലകാര്യങ്ങളും ആധുനിക സാങ്കേതിവിദ്യയുടെ സഹായത്തോടെ യാഥാര്‍ത്ഥ്യമാകുന്നു. 'സംസാരിക്കുന്ന കടലാസ്‌' ആ ഗണത്തില്‍പെട്ട ഒരു കണ്ടുപിടിത്തമാണ്‌. അതെപ്പറ്റി

സു | Su said...

ഹിഹിഹി. സംസാരിക്കുന്ന കടലാസ്സ്. ആവശ്യമുള്ളത് എടുത്ത് നോക്കുമായിരിക്കും. എന്റമ്മോ ഇതോ എന്ന് വിചാരിക്കുന്നത് ചുരുട്ടി എറിയുമായിരിക്കും. പക്ഷെ ശരിക്കും അങ്ങനെ ആയാല്‍ നല്ല കാര്യം തന്നെ. ചെലവ് കുറഞ്ഞതാണെങ്കില്‍, പരീക്ഷയ്ക്കും പരീക്ഷിക്കാവുന്നതാണ്. പക്ഷെ കോപ്പിയടിയും പുരോഗമിക്കും. എന്തെങ്കിലുമൊക്കെ ചിത്രം വരച്ചുകൊണ്ടുവന്ന് അതില്‍ തൊട്ടാല്‍ ഓരോ പാഠങ്ങള്‍ വരുമെങ്കില്‍ ഉഷാര്‍. സംഗീതം കേള്‍ക്കുന്ന ആശംസാകാര്‍ഡ് ഉണ്ടല്ലോ ഇപ്പോള്‍ വിപണിയില്‍. നമ്മുടെ ശബ്ദത്തില്‍ ആശംസ പറയുന്ന കാര്‍ഡ് വല്യ കാര്യം തന്നെയാവും.

കണ്ടുപിടിത്തങ്ങള്‍, പക്ഷെ, പലപ്പോഴും ഗുണത്തോടൊപ്പം ദോഷവും ചെയ്യും.

മൂര്‍ത്തി said...

IMPOSSIBLE IS 1'M POSSIBLE....എന്നല്ലേ?
വിവരങ്ങള്‍ക്ക് നന്ദി മാഷെ...
ഇനി ഞാന്‍ മിണ്ടുന്നില്ല....:)എന്റെ കടലാസ് സംസാരിക്കും...
qw_er_ty

ദിവാസ്വപ്നം said...

vow ! JA

Unknown said...

ഈ വിവരങ്ങളൊക്കെ പകര്‍ന്നു തരുന്നതിന് നന്ദി:)

അപ്പു ആദ്യാക്ഷരി said...

പുതിയ അറിവ് പകര്‍ന്നുതന്നതിന് നന്ദി.

വള്ളുവനാടന്‍ said...

കളിച്ചുകളിച്ച് കടലാസും കളിച്ചു തുടങ്ങിയോ???

SIDHIK MANGALA said...

idhഈ കടലാസിന്റെ ഒരത്ഭുതെയ്‌...............
കൊള്ളാമല്ലോ സാറെ.....
by sidhik mangala