Monday, June 25, 2007

വരുന്നത്‌ പെരുമഴക്കാലം

ഇപ്പോഴത്തെ മഴ തന്നെ സഹിക്കാനാവുന്നില്ല. നാശത്തിന്റെയും ദുരിതത്തിന്റെയും പെരുമഴയാണ്‌ പെയ്യുന്നത്‌. ഓരോവര്‍ഷം കഴിയുന്തോറും മഴയുടെ സംഹാരശേഷി കൂടുകയും ചെയ്യുന്നു. വരുംവര്‍ഷങ്ങളില്‍ മഴയുടെ പ്രഹരശേഷി ഇനിയും വര്‍ധിക്കാന്‍ പോവുകയാണത്രെ-പുതിയൊരു ഗവേഷണം നല്‍കുന്ന മുന്നറിയിപ്പ്‌


ഭൂമിക്ക്‌ ചൂടുകൂടുകയാണ്‌. ആഗോളതാപനമാണ്‌ കാരണം. ചൂടുകൂടുന്നതിനൊപ്പം മഴയുടെ തോതും അന്തരീക്ഷത്തിലെ ഈര്‍പ്പവും വര്‍ധിക്കുകയാണത്രേ. ഭൂമുഖത്ത്‌ വരും വര്‍ഷങ്ങളില്‍ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും കെടുതി രൂക്ഷമാകാന്‍ ആഗോളതാപനം ഇടയാക്കും- പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയില്‍ കനത്ത മഴയുടെ തോത്‌ വര്‍ധിക്കുകയാണെന്നും വരുംനാളുകളില്‍ അത്‌ കൂടുതല്‍ വര്‍ധിക്കാനാണ്‌ സാധ്യതെയെന്നും കഴിഞ്ഞ ഡിസംബറില്‍ ഗവേഷകര്‍ പ്രവചിച്ചിരുന്നു. അതിന്‌ പിന്നാലെയാണ്‌ പുതിയ പഠനഫലം പുറത്തുവന്നിരിക്കുന്നത്‌.

ചൂടാകുന്നതിനൊപ്പം ഭൂമി കൂടുതല്‍ ആര്‍ദ്രമാകുകയും ചെയ്യുന്നു എന്നാണ്‌ പുതിയ ഗവേഷണം പുറത്തു കൊണ്ടുവന്നിട്ടുള്ള വിവരം. കാലിഫോര്‍ണിയയിലെ സാന്റ റോസയില്‍ 'റിമോട്ട്‌ സെന്‍സിങ്‌ സിസ്‌റ്റംസി'(RSS)ലെ ഫ്രന്‍ക്‌ വെന്റ്‌സും സംഘവും കഴിഞ്ഞ 20 വര്‍ഷത്തെ ഉപഗ്രഹവിവരങ്ങള്‍ വിശകലനം ചെയ്‌ത്‌, കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ നടത്തിയ പഠനമാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അന്തരീക്ഷതാപനിലയിലെ വര്‍ധന അതേപടി മഴയുടെ രൂക്ഷതയില്‍ പ്രതിഫലിക്കില്ല എന്നാണ്‌ മുമ്പ്‌ മിക്ക മാതൃകാപഠനങ്ങളും പറഞ്ഞിരുന്നത്‌. അത്തരം നിഗമനങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌ പുതിയ ഫലമെന്ന്‌, അടുത്തയിടെ 'സയന്‍സ്‌' മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

കാലാവസ്ഥ സംബന്ധിച്ച ഉപഗ്രഹവിവരങ്ങള്‍ ലഭ്യമായിത്തുടങ്ങിയത്‌ 1987-ലാണ്‌. അന്നു മുതലുള്ള ഉപഗ്രഹഡേറ്റയും, കാലവസ്ഥ സംബന്ധിച്ച്‌ നിലവിലുള്ള കമ്പ്യൂട്ടര്‍മാതൃകള്‍ നല്‍കുന്ന വിവരങ്ങളും താരതമ്യം ചെയ്‌തായിരുന്നു വെന്റ്‌സിന്റെയും സംഘത്തിന്റെയും പഠനം. അന്തരീക്ഷ ഊഷ്‌മാവിലെ വര്‍ധന കമ്പ്യൂട്ടറുകള്‍ ശരിയായി പ്രവചിച്ചു. എന്നാല്‍, അത്തരം മാതൃകകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത്‌ പ്രവചിക്കുന്നതില്‍ അത്ര കൃത്യത പാലിക്കുന്നില്ല എന്ന്‌ ഗവേഷകര്‍ കണ്ടു. അതുകൊണ്ടുതന്നെ നിലവിലുള്ള കമ്പ്യൂട്ടര്‍ മാതൃകകള്‍ മഴയുടെ രൂക്ഷത വര്‍ധിക്കുന്നത്‌ അത്ര കൃത്യമായല്ല പ്രവചിക്കുന്നതെന്ന തീരുമാനത്തില്‍ ഗവേഷകര്‍ എത്തുകയായിരുന്നു.

മാതൃകാപഠനങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനയോ, ശാന്തസമുദ്രമേഖലയെ ചൂടുപിടിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസത്തെയോ മഴയുടെ രീതിയിലെ മാറ്റമോ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതില്‍ അത്ഭുതമില്ലെന്ന്‌ വെന്റ്‌സ്‌ പറയുന്നു. ആഗോളതാപനത്തിനാണ്‌ ഏറെ ശ്രദ്ധ നല്‍കപ്പെട്ടത്‌; അതാണ്‌ മറ്റ്‌ വസ്‌തുതകള്‍ വേണ്ടത്ര കണക്കാക്കപ്പെടാതെ പോയത്‌. എന്നാല്‍, പുതിയ പഠനം വ്യക്തമാക്കുന്നത്‌ താപനിലയും മഴയുടെ രൂക്ഷതയും ഒരേ തോതിലാണ്‌ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി വര്‍ധിക്കുന്നത്‌ എന്നാണ്‌. വരുംവര്‍ഷങ്ങളിലും ഈ പ്രവണത തുടരാനാണ്‌ സാധ്യതയത്രേ.

വെന്റ്‌സിന്റെയും സംഘത്തിന്റെയും പഠനത്തോട്‌ ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു ഗവേഷണഫലം കഴിഞ്ഞ ഡിസംബര്‍ ഒന്നിന്‌ 'സയന്‍സ്‌' വാരികയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയില്‍ കാലവര്‍ഷത്തിന്റെ കാഠിന്യം വര്‍ഷംതോറും വര്‍ധിക്കുകയാണെന്നും, മണ്‍സൂണ്‍ കെടുതികളുടെ രൂക്ഷത ഏറുന്നതിന്റെ സൂചനയാണ്‌ കാണുന്നതെന്നും ആ പഠനം മുന്നറിയിപ്പു നല്‍കിയിരുന്നു. 1951 മുതല്‍ ദിവസവുമുള്ള മഴയുടെ തോത്‌ പരിശോധിച്ചാണ്‌ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റീരിയോളജി'യിലെ ബി.എന്‍.ഗോസ്വാമിയും സംഘവും ഇക്കാര്യത്തില്‍ നിഗമനത്തിലെത്തിയത്‌.

മധ്യ ഇന്ത്യയിലെ 1803 കേന്ദ്രങ്ങളിലെ 1951 മുതല്‍ 2000 വരെയുള്ള വര്‍ഷപാതത്തിന്റെ തോത്‌ ഗോസ്വാമിയും സംഘവും പരിശോധിച്ചു. പത്തു സെന്റീമീറ്ററോ അതിലധികമോ മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം, 1951-ന്‌ ശേഷം ഓരോ പതിറ്റാണ്ടിലും പത്തുശതമാനം വീതം വര്‍ധിച്ചുവെന്ന്‌ പഠനത്തില്‍ വ്യക്തമായി. 15 സെന്റീമീറ്ററോ അതിലേറെയോ മഴപെയ്യുന്ന ദിവങ്ങളുടെ എണ്ണം ഇരട്ടിയായതായും കണ്ടു. ജൂണ്‍ മുതല്‍ സപ്‌തംബര്‍ വരെയുള്ള കാലത്ത്‌ മിതമായോ മെല്ലെയോ മഴ ലഭിക്കുന്ന ദിവസങ്ങള്‍ കുറയുന്നതായും പഠനത്തില്‍ തെളിഞ്ഞു.

മിതമായി മഴ പെയ്‌താലുള്ള ഗുണം വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടാകില്ല എന്നതാണ്‌. പേമാരിയാണ്‌ ഉണ്ടാകുന്നതെങ്കില്‍ ഇത്തരം കെടുകളുടെ രൂക്ഷത വര്‍ധിക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലവര്‍ഷക്കെടുതി ഒഴിയാബാധയായി മാറാന്‍ പോകുന്നു എന്നാണ്‌, വര്‍ഷപാതത്തിലെ വ്യതിയാനം നല്‍കുന്ന മുന്നറിയിപ്പെന്ന്‌ പുതിയ പഠനം പറയുന്നു. 2005-ല്‍ ജൂലായിലെ ഒറ്റ ദിവസം മുംബൈയെ ഗ്രസിച്ചത്‌ 94 സെന്റീമീറ്റര്‍ മഴയാണ്‌. കേരളത്തിലാകെ ഒരുവര്‍ഷം പെയ്യുന്നത്‌ 300 സെന്റീമീറ്റര്‍ മഴയാണ്‌. എന്നുവെച്ചാല്‍, കേളത്തില്‍ ഒരുവര്‍ഷം പെയ്യുന്ന മഴയുടെ ഏതാണ്‌ മൂന്നിലൊന്ന്‌ ഒറ്റദിവസം കൊണ്ട്‌ മുംബൈയെ അതിന്റെ ഏറ്റവും വലിയ ദുരിതത്തില്‍ പെടുത്തുകയായിരുന്നു.

മുംബൈയുടെ അനുഭവം ഭാവിയുടെ സൂചനയെന്നാണ്‌ മനസിലാക്കേണ്ടത്‌. ആഗോളതാപനം കാലാവസ്ഥയെ തകിടം മറിക്കുകയാണെന്നത്‌ സ്ഥിരീകരിക്കപ്പെട്ട വസ്‌തുതയാണ്‌. അതിന്റെ ഏറ്റവും വലിയ കെടുതി, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും രൂപത്തിലാവാം പ്രത്യക്ഷപ്പെടുന്നതെന്ന്‌ മുംബൈ സൂചന നല്‍കുന്നു. ആഗോളതാപനത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക ദരിദ്രരാഷ്ട്രങ്ങളും, ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നവരുമായിരിക്കുമെന്ന യു.എന്‍.റിപ്പോര്‍ട്ട്‌ പുറത്തു വന്നിട്ട്‌ രണ്ടുമാസം കഴിയുന്നതേയുള്ളു.(അവലംബം: സയന്‍സ്‌, നേച്ചര്‍ ഗവേഷണ വാരികകള്‍).

2 comments:

Joseph Antony said...

കാലവര്‍ഷത്തിന്റെ രൂക്ഷത വര്‍ധിക്കുകയാണത്രേ. ആഗോളതാപനത്തിന്റെ മറ്റൊരു ഫലം. ഇപ്പോള്‍ തന്നെ പ്രളയക്കെടുതിയില്‍ പൊറുതി മുട്ടുന്ന കേരളം പോലുള്ള പ്രദേശങ്ങള്‍ക്ക്‌ വലിയ ആശങ്കയുളവാക്കുന്നതാണ്‌ ഈ കണ്ടെത്തല്‍. അതെപ്പറ്റി.

വി. കെ ആദര്‍ശ് said...

we have to make necessary steps and control methodologies to handle any crisis. See, this 'mazha kkalam' created a chaotic scenario in electric supply management. this underlines the fact that 'how inefficient we are'
thanks for giving us valuable forecasts