Sunday, June 03, 2007

മുറിവുണക്കാന്‍ 'സൂപ്പര്‍വെള്ളം'

വെള്ളംകൊണ്ട്‌ മുറിവുണക്കാന്‍ കഴിയുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. എന്തനുഗ്രഹമായിരിക്കും അതല്ലേ. ബാക്ടീരിയയും വൈറസുകളും പോലുള്ള സൂക്ഷ്‌മാണുക്കളെ കൊല്ലാന്‍ സഹായിക്കുന്നു ഒരിനം 'സൂപ്പര്‍വെള്ളം' രൂപപ്പെടുത്തിയിരിക്കുകയാണ്‌ അമേരിക്കയിലെ ഒരു സ്ഥാപനം. പ്രമേഹബാധിതരുടെ കാല്‍പാദങ്ങളിലും മറ്റുമുള്ള വ്രണങ്ങള്‍ ഭേദമാക്കാന്‍ ഈ വെള്ളത്തിന്‌ സാധിക്കുമെന്ന കാര്യം ലക്ഷക്കണക്കിനാളുകള്‍ക്ക്‌ പ്രീതീക്ഷ നല്‍കുന്നു.
ശക്തിയായി ഓക്‌സീകരിച്ച വെള്ളത്തിനാണ്‌ മുറിവുണക്കാന്‍ കഴിയുന്നതായി കണ്ടെത്തിയത്‌. വെള്ളത്തെ ലവണപാട(salt membrane) യിലൂടെ അരിച്ചാണ്‌ അതിനെ ഔഷധശേഷിയുള്ളതാക്കി മാറ്റുന്നത്‌. 'ഒകുലസ്‌'(Oculus) എന്ന കാലിഫോര്‍ണിയാ കമ്പനി രൂപപ്പെടുത്തിയ ഈ സൂപ്പര്‍വെള്ളം പ്രമേഹരോഗികളില്‍ പരീക്ഷിച്ചപ്പോള്‍ നല്ലഫലമാണ്‌ കിട്ടിയതെന്ന്‌ 'ന്യൂ സയന്റിസ്‌റ്റ്‌' വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പറയുന്നു.

ഈ വെള്ളത്തിന്‌ ഔഷധശേഷി നല്‍കുന്നത്‌ 'മൈക്രോസൈന്‍'(Microcyn) എന്ന ഓക്‌സിക്ലോറിന്‍ അയോണുകള്‍ (oxychlorine ions) ആണ്‌. ചാര്‍ജുള്ള തന്മാത്രകളോ ആറ്റങ്ങളോ ആണ്‌ അയോണുകള്‍. കോശഭിത്തികളിലൂടെ കടന്നു പോകാന്‍ ശേഷിയുള്ളവയാണിവ. അണുമുക്തമാക്കി ശുദ്ധീകരിച്ച വെള്ളം സോഡിയം ക്ലോറൈഡ്‌ (കറിയുപ്പ്‌) പാടയിലൂടെ കടത്തിവിടുമ്പോള്‍ അതില്‍ ഓക്‌സിക്ലോറിന്‍ അയോണുകള്‍ ഉണ്ടാകുന്നു. രോഗാണുക്കളെ മാത്രമേ ഈ വെള്ളം ആക്രമിക്കൂ, മനുഷ്യകോശങ്ങള്‍ക്ക്‌ ദോഷം ചെയ്യില്ല എന്ന പ്രത്യേകതയുമുണ്ട്‌.

പ്രമേഹരോഗികളുടെ ശരീരത്തിലെ, പ്രത്യേകിച്ചും കാല്‍പാദങ്ങളിലെ വ്രണങ്ങള്‍ ഭേദമാക്കുകയെന്നത്‌ ഇപ്പോഴും വലിയ പ്രശ്‌നമായി തുടരുകയാണ്‌. 15ശതമാനം പേരിലും കാല്‍മുറിച്ചു മാറ്റേണ്ട സ്ഥിതിയുണ്ടാകുന്നു. സൂപ്പര്‍വെള്ളമുപയോഗിച്ച്‌ ചികിത്സിച്ചപ്പോള്‍, പ്രമേഹരോഗികളുടെ വ്രണങ്ങള്‍ ഉണങ്ങാനുള്ള സമയം കുറഞ്ഞതായി കണ്ടു. സാധാരണ ചികിത്സകൊണ്ട്‌ വ്രണമുണങ്ങാന്‍ ശരാശരി 55 ദിവസം വേണ്ടിടത്ത്‌, സൂപ്പര്‍വെള്ളമുപയോഗിച്ചു ചികിത്സിച്ചപ്പോള്‍ ഇത്‌ 43 ദിവസമായതായി കണ്ടു.

ബ്ലീച്ചിങിനെ അതിജീവിക്കാന്‍ ശേഷി നേടിയ ബാക്ടീരിയയുടെ പത്ത്‌ വകഭേദങ്ങളെ ഈ വെള്ളത്തിന്‌ നശിപ്പിക്കാന്‍ കഴിയുമെന്ന്‌, അമേരിക്കയില്‍ ഇത്‌ പരീക്ഷച്ചപ്പോള്‍ വ്യക്തമായി. പ്രതീക്ഷനല്‍കുന്ന കണ്ടെത്തലാണ്‌ സൂപ്പര്‍വെള്ളത്തിന്റേതെന്ന്‌, ഇത്‌ ബ്രിട്ടനില്‍ ആദ്യം പരീക്ഷിച്ചവരില്‍ ഒരാളായ മാഞ്ചെസ്‌റ്റര്‍ റോയല്‍ ഇന്‍ഫര്‍മറിയിലെ പ്രൊഫ. ആന്‍ഡ്രു ബൗള്‍ട്ടന്‍ പറയുന്നു. മോന്റെ കാര്‍ലോയില്‍ അടുത്തയിടെ നടന്ന 'ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍' ബയോമെഡിക്കല്‍ കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച പരീക്ഷണഫലങ്ങള്‍ അവതരിപ്പിക്കപ്പെട്ടു (കടപ്പാട്‌: ന്യൂ സയന്റിസ്റ്റ്‌, ബിബിസി ന്യൂസ്‌, മാതൃഭൂമി)

5 comments:

Joseph Antony said...

മുറിവുണക്കാന്‍ വെള്ളത്തിന്‌ കഴിയുമെന്നു വന്നാലോ. അത്തരമൊരു 'സൂപ്പര്‍വെള്ള'ത്തിന്‌ രൂപം കൊടുത്തിരിക്കുന്നു ഒരു അമേരിക്കന്‍ കമ്പനി. 'കുറിഞ്ഞി ഓണ്‍ലൈനില്‍' അതെപ്പറ്റി.

കാളിയമ്പി said...

എന്റെ മുത്തച്ഛന് ഡയബറ്റിക് ഗാങ്രീന്‍ വന്നു..കാലില്. ഏതാണ്ട് ഇരുപതുകൊല്ലം മുന്‍പാണ്.മാംസം സര്‍ജറിചെയ്ത് മുറിച്ച് കളഞ്ഞിട്ട് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തുടയില്‍ നിന്ന് മാംസം പിടിപ്പിയ്ക്കാന്‍ നോക്കി..പല പ്രാവശ്യം ഗ്രാഫ്റ്റിനെ ശരീരം പുറംതള്ളി.അഞ്ചാറു സര്‍ജറി ചെയ്തു. അവസാനം കാലില്‍ എല്ലു തെളിഞ്ഞ് കാണാം എന്ന സ്ഥിതിവന്നു.(എക്സാജറേഷനല്ല.ന്ജാന്‍ കണ്ടിട്ടുണ്ട്)
അന്ന് മെഡിക്കല്‍കോളേജിലെ ഏതോ ഒരു സര്‍ജന്‍ പ്രകൃതിചികിത്സയില്‍ (മോഡേണ്‍ മേഡിസിനിലെ സര്‍ജന്‍ തന്നെ) ഉപ്പുവെള്ളം കൊണ്ട് കഴുകിയാല്‍ മതി എന്നൊരു മാര്‍ഗ്ഗമുണ്ടെന്ന് പറഞ്ഞത്രേ.അത് പരീക്ഷിയ്ക്കാന്‍ ഉപദേശിച്ചു..മുറിയ്ക്കാന്‍ തീരുമാനിയ്ക്കുന്നതിനു മുന്‍പ്.അതുപരീക്ഷിയ്ക്കുകയും മുറിവ് പൂര്‍ണ്ണമായും ഉണങ്ങുകയും ചെയ്തു..എനിയ്ക്കോര്‍മ്മയുള്ളതാണ്..എനിയ്ക്കൊരേഴെട്ട് വയസ്സു വരും അപ്പോള്‍..

കൃത്യമായി എന്താ ചെയ്തതെന്നും ഡോക്ടറുടെ പേരും ഓര്‍മ്മയില്ല.അമ്മയോട് ചോദിച്ചിട്ട് എഴുതാം..
സോഡിയം ക്ലോറൈഡ് എന്നും ലവണപാട എന്നുമൊക്കെ കണ്ടപ്പൊ ഓര്‍മ്മവന്നതാണ്.:)

പക്ഷേ നമുക്ക് ഡോക്യുമെന്റേഷന്‍ ഇല്ല..അല്ലേ..:)

FATHIMASIDHIK said...

നന്നായിട്ടുണ്ട്‌ കുറിഞ്ഞി ഓണ്‍ലൈന്‍


ഫാതിമത്ത്‌ സുഹറ

Paradeshi said...

കുറിഞ്ഞി ഓണ്‍ ലൈന്‍ ലൂടെ ശാസ്ത്രം മലയാളിലേക്കു എത്തിക്കാനുള്ള താങ്കളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.

അടുത്തിടക്കു പ്രസിദ്ധീകരിച്ച സൂപ്പര്‍ വെള്ളത്തെ കുറിചുള്ള വാര്‍ത്ത വായിച്ചപ്പൊള്‍, എനിക്കു തൊന്നിയ ചെറിയൊരു തിരുത്തല്‍ കമന്റ്‌ ആയി ഇടാം എന്നു തൊന്നി. മാത്രുഭുമി യിലും ഇതെ വാര്‍ത്ത വായിച്ചിരുന്നു.


"വെള്ളത്തെ ലവണപാട(salt membrane) യിലൂടെ അരിച്ചാണ്‌ അതിനെ ഔഷധശേഷിയുള്ളതാക്കി മാറ്റുന്നത്‌" എന്ന കാര്യം എത്രത്തൊളം ശരിയണെന്നു എനിക്കറിയില്ല കാരണം കറിയുപ്പു ഉപയൊഗിച്ചു എതെങ്കിലും തരത്തിലുള്ള പാട ഉണ്ടാകിയതയി അറിവില്ല. അതെ സമയം New Scientist വാരികയില്‍ വന്ന വാര്‍ത്ത ഇങ്ങനെയാണു "Ordinarily, water consists of hydroxyl and hydrogen ions as well as H2O molecules. However, by exposing purified water to sodium chloride through a semi-permeable membrane and then using electrolysis, various oxychlorine ions are formed too. These kill microbes and viruses, but are present in much lower amounts than in bleach, which also contains a slightly different combination of ions, including large amounts of the highly reactive hypochlorite ion". (New Scintiest - Bugs struck down by 'super-oxidised' water - 23 May 2007).

അശോക് കർത്താ said...

super vellathinu pandu kshethrangalil ninnu koduthirunna 'theertha'vumaai oru samyam ille? thulasiyum karukayum jalathe oxeekarikkumennu parayunnu. ee vazhikkoranweshanam kurinji nadathumo?