Saturday, March 24, 2007

പ്രഭാതഭക്ഷണം കഞ്ഞിയോ ഓര്‍ട്‌സോ ആക്കൂ; ഹൃദ്രോഗമകറ്റാം

ഭക്ഷണക്രമീകരണത്തിലൂടെ ഹൃദ്രോഗമകറ്റാന്‍ വഴി തുറക്കുകയാണ്‌ പുതിയൊരു പഠനം. തവിടുള്ള ധാന്യഭക്ഷണത്തിന്റെ ഗുണം ഇത്‌ ആവര്‍ത്തിച്ചുറപ്പിക്കുന്നു
'പ്രഭാതഭക്ഷണം പ്രധാനഭക്ഷണം' എന്നൊരു ചൊല്ലു തന്നെയുണ്ട്‌. ആ ചൊല്ലിനെ അന്വര്‍ഥമാക്കുകയാണ്‌ പുതിയൊരു പഠനഫലം. പ്രഭാതത്തില്‍ കുത്തരികഞ്ഞിപോലുള്ള ധാന്യഭക്ഷണം ശീലമാക്കിയാല്‍ ഹൃദയാഘാതസാധ്യത വലിയൊരു പരിധിവരെ അകറ്റിനിര്‍ത്താന്‍ കഴിയുമത്രേ. ഓര്‍ട്‌സോ തവിടോ അടങ്ങിയ പ്രഭാതഭക്ഷണമാണ്‌ ഗുണം ചെയ്യുക. അമേരിക്കയില്‍ പതിനായിരത്തിലേറെ ഡോക്ടര്‍മാരുടെ ഭക്ഷണശീലവും രോഗാതുരതയും വിശകലനം ചെയ്‌തു നടത്തിയ 'ഫിസിഷ്യന്‍സ്‌ ഹെല്‍ത്ത്‌ സ്റ്റഡി'യിലാണ്‌ ഈ സുപ്രധാന കണ്ടെത്തല്‍.

കുറഞ്ഞത്‌ 25 ശതമാനം തവിടോ ഓട്‌സോ അടങ്ങിയ ഭക്ഷണമായിരിക്കണം രാവിലെ കഴിക്കുന്നതെന്ന്‌ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരം പ്രഭാതഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നവരില്‍, മറ്റുള്ളവരെ അപേക്ഷിച്ച്‌, ഹൃദയാഘാത സാധ്യത 28 ശതമാനം കുറവാണെന്ന്‌ ഗവേഷകര്‍ കണ്ടു. 'അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷ'ന്റെ അടുത്തയിടെ നടന്ന സമ്മേളനത്തിലാണ്‌ ഈ ഗവേഷണ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കപ്പെട്ടത്‌.

തിവിടുകളയാത്ത ധാന്യമുപയോഗിച്ചുള്ള പ്രഭാതഭക്ഷണം ആഴ്‌ചയില്‍ രണ്ടു മുതല്‍ ആറ്‌ തവണ വരെ ശീലമാക്കിയവരില്‍ ഹൃദ്രോഗ സാധ്യത 22 ശതമാനവും, ആഴ്‌ചയില്‍ ഒരു തവണയെങ്കിലും ശീലമാക്കിയവരില്‍ രോഗസാധ്യത 14 ശതമാനവും കുറവാണെന്ന്‌ പഠനഫലം പറയുന്നു. ഈ പഠനഫലം കൂടുതല്‍ പരീക്ഷണങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടാല്‍, ഭക്ഷണക്രമീകരണത്തിലൂടെ ഹൃദ്രോഗം ചെറുക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്‌ തുറന്നു കിട്ടുകയെന്ന്‌ ഗവേഷകര്‍ കരുതുന്നു.

ബോസ്‌റ്റണില്‍ ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്‌കൂളിലെ ഡോ.ലൂക്‌ ഡിജൗസ്സെയുടെ നേതൃത്വത്തിലാണ്‌ പഠനം നടന്നത്‌. 10,469 ഡോക്ടര്‍മാരുടെ ആഹാരശീലം പഠനസംഘം നിരീക്ഷിച്ചു. 1982 മുതല്‍ 2006 വരെയായിരുന്നു പഠനകാലയളവ്‌. ധാന്യഭക്ഷണത്തില്‍ നാരുകള്‍(ഫൈബര്‍) ധാരാളമടങ്ങിയിട്ടുണ്ട്‌. നാരുകളടങ്ങിയ ഭക്ഷണം രക്തസമ്മര്‍ദ്ദവും രക്തത്തിലെ ചീത്തകൊളസ്‌ട്രോളിന്റെ അളവും കുറയ്‌ക്കുന്നു, ഇതുവഴി ഹൃദയാഘാതം ചെറുക്കപ്പെടുന്നു എന്നുവേണം കരുതാനെന്ന്‌ ഗവേഷകര്‍ പറയുന്നു.(അവലംബം: അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍)

23 comments:

Joseph Antony said...

പ്രഭാതത്തില്‍ ധാന്യഭക്ഷണം ശീലിക്കുക വഴി ഹൃദയാഘാത സാധ്യത ഒരു പരിധിവരെ അകറ്റാനാകും...മലയാളിയുടെ കുത്തരിക്കഞ്ഞിക്ക്‌ വൈദ്യശാസ്‌ത്ര ഗവേഷകരുടെ അംഗീകാരം.

സു | Su said...

ഇതെന്നോട് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അവര്‍ക്ക് അമ്പത് വയസ്സായിട്ടുണ്ടാവും. ഓട്സ് കഴിക്കൂ എന്ന് പറഞ്ഞപ്പോ ഞാന്‍ പറഞ്ഞു. രണ്ടു ദിവസം തട്ടിയും മുട്ടിയും കഴിക്കുമായിരിക്കും. അതു കഴിഞ്ഞാല്‍, ദോശയും, ചട്ണിയും, ഇഡ്ഡലിയും സാമ്പാറും, പുട്ടും കടലയുമൊക്കെ നമ്മുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും എന്ന്. ഇനി ഞാനൊന്ന് ശ്രമിച്ച് നോക്കാം. :)

ദേവന്‍ said...

ഓട്ട് ബ്രാനും ഓട്സിലെ ഫൈബറും കഞ്ഞിയെക്കാള്‍ മികച്ചതാണെങ്കിലും സാധാരണ ആളുകള്‍ ഇത് പാലില്‍ കഴിക്കുന്നതാണു പ്രശ്നം. സീറോ ഫാറ്റ് പാലായാല്‍ പോലും അതിലെ ഹോര്‍മോണ്‍ കണ്ടന്റും ഫാമില്‍ പശുവിനു ആജീവനാന്തം നല്‍കുന്ന സ്റ്റീറോയിഡുകളും ആന്റിബയോട്ടിക്കുകളും ഒക്കെ കൂടി ഓട്ട്സിന്റെ ഗുണത്തെയും അടിച്ചുകളയും. ഓട്ട്സ് ഉപ്പുമാവിന്റെ റെസീപ്പി ആരെങ്കിലും ഇട്ടിട്ടുണ്ടോ സൂ?

ബ്രൌണ്‍ റൈസ് (നമ്മുടെ സ്വന്തം കുത്തരി) അമേരിക്കയില്‍ പണ്ടേ ഉപയോഗത്തിലുണ്ടെങ്കിലും ഇപ്പോഴാണ് കൂടുതലാളുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. 20% ഫാറ്റ് ഡയറ്റ് എന്ന ഉച്ചക്കിറുക്കില്‍ പത്തുമുപ്പത് വര്‍ഷം പിടിച്ചു നിന്ന അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷനെ‍ ബൈപ്പാസ് ഭ്രാന്തില്‍ നിന്നും ഡ്രഗ് ലോബി ലെഡ് ഗവേഷണത്തില്‍ നിന്നും ഊരി വെളിവുള്ള വഴിക്കു കൊണ്ടുവരാന്‍ രോഗിവര്യന്‍ പ്രിറ്റിക്കിനും ഹൃദയാചാര്യന്‍ ഡീന്‍ ഓര്‍ണിഷും ഗുരു മാക്ഡോഗളും പതിനെട്ടറ്റവും പമ്പരമുറയും പയറ്റിയത് ആരോഗ്യരംഗത്തെ 20 നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നാണ് (ജനസംഖ്യയുടെ ശതമാനക്കണക്കില്‍ ഇന്നും ഏറ്റവും കൂടുതല്‍ ഹൃദ്രോഗികള്‍ അമേരിക്കയില്‍ തന്നെ, പക്ഷേ AHA മര്യാദ പഠിച്ചതോടെ 25% കുറവ് ഒറ്റയടിക്ക് അതിലുണ്ടായി). അവസാനത്തെ കരണത്തടി കൊടുത്തത് ലോകപ്രശസ്തമായ ക്ലീവ്‌ലന്‍ഡ് ക്ലിനിക്കിന്റെ പ്രസിഡന്റ് ആയി റിട്ടയര്‍ ചെയ്ത ഡോ. എസ്സത്സ്റ്റിനാണ്. രണ്ടും മൂന്നും ബൈപ്പാസ് കഴിഞ്ഞവരെയും ഒന്നും ചെയ്യാനില്ലെന്ന് എഴുതിതള്ളിയവരെയും (ഇന്നത്തെ ക്ലീവ്ലന്‍ഡ് ചീഫ് അടക്കം) വെറും ജീവിതചര്യ മാറ്റം കൊണ്ട് 100% രക്ഷ കൊടുത്ത് അദ്ദേഹം അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷനു വെളിവു കൊടുത്തു.

കുറുമാന്‍ said...

അത്യുത്തമം ഈ പോസറ്റ്, ദേവേട്ടന്റെ കമനറ്റും (ഇനി ദേവനെ ചേട്ടാ എന്ന് വിളിക്കുന്നില്ല)

G.MANU said...

നല്ല പോസ്റ്റ്‌.. ഒടുവില്‍ കഞ്ഞിയുടെ പേറ്റണ്റ്റും "ലവന്‍" മാരു കൊണ്ടുപോകുമോ എന്നാ പേടി

Siji vyloppilly said...

മൂന്നു വര്‍ഷമായി ഓട്സ്‌ ആണെന്റെപ്രഭാത ഭക്ഷണം, സോയാമില്‍ക്കിന്റെ കൂടെയാണ്‌ കഴിക്കാറ്‌.പിള്ളേര്‍ക്കും കെട്ടിയോനും ദോശയും ഇഡലിയുമൊക്കെ ഉണ്ടാക്കും. ആദ്യമൊക്കെ നല്ല ചമ്മന്തിയും ദോശയുമൊക്കെ കാണുമ്പോള്‍ കൊതിയുണ്ടായിരുന്നു. ഇപ്പോ അതൊന്നുമില്ല. ഇപ്പോ അതൊക്കെ കഴിച്ചാല്‍ പിന്നെ വയറു നിറഞ്ഞ്‌ എനിക്ക്‌ ഒരു സുഖവുമുണ്ടാകില്ല.പിന്നെ ബ്രൗണ്‍ റെസ്‌ അത്‌ നമ്മുടെ കുത്തരിയാണോ ദേവേട്ട? ഞാന്‍ അത്‌ സ്ഥിരമായി ഉപയോഗിക്കാറുണ്ട്‌. പക്ഷെ തികച്ചും വ്യത്യസ്തമാണ്‌ അതിന്റെ ടേസ്റ്റ്‌, ആദ്യമൊക്കെ എനിക്കത്‌ തീരെ പിടിച്ചിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്‌ നമ്മുടെ ശരീരത്തിന്‌ ഗുണമായിട്ടുള്ളതിന്‌ രുചി കുറവായിരിക്കും. പിന്നെ പൊണ്ണത്തടിയുള്ള വര്‍ക്ക്‌ ഇതൊക്കെ ശീലമാക്കിയാല്‍ എല്ല അസുഖങ്ങളും കുറയും, കൂടെ ഒരു 5 പ്രാവശ്യം സൂര്യനമസ്കാരം (യോഗ) കൂടിയെടുത്താല്‍ സംഗതി ശുഭം. അനുഭവം ഗുരു.

അപ്പു ആദ്യാക്ഷരി said...

Informative post and comments...

മൂര്‍ത്തി said...

സാഹചര്യവും വിഭവ ലഭ്യതയും അനുസരിച്ചായിരിക്കും ഓരോ പ്രദേശത്തിന്റെയും ഭക്ഷണരീതികള്‍. കടുകെണ്ണ മലയാളിക്ക് അത്ര പറ്റാത്തതുപോലെ വെളിച്ചെണ്ണ ആന്ധ്രക്കാരനും ശരിയാവുകയില്ല. കുറെക്കാലം മുന്‍പ് വെളിച്ചെണ്ണ ഹൃദ്രോഗം ഉണ്ടാക്കുമെന്നും അതിനുപകരമായി പാമോയില്‍ ഉപയോഗിക്കണം എന്നുമുള്ള പഠനങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. അതിനു പിന്നില്‍ ബഹ്രുരാഷ്ട്രകുത്തകകളുടെ കച്ചവട തന്ത്രം ഉണ്ടായിരുന്നു. പാമോയില്‍ മോശം എന്നല്ല. അതാതു പ്രദേശത്തെ സ്വാഭാവിക ഭക്ഷണരീതികളെ തകിടം മറിച്ചുകൊണ്ട് പുറത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശീലമാക്കുന്നത് ആരോഗ്യപ്രശ്നം വഷളാക്കുകയേ ഉള്ളൂ...

ഇഡ്ഡലിയും പുട്ടും പയറുമൊക്കെ ഒഴിവാക്കി,ഓട്സ് ശീലമാക്കുന്നതിനു മുന്‍പ് രണ്ടുതവണ ആലോചിക്കുന്നത് നന്നായിരിക്കും..

ദേവന്‍ said...

സിജീ, അത്‌ നെല്ലിലെ വത്യാസമാണ്‌. നമ്മുടെ തവളക്കണ്ണനും ഐ ആര്‍ 8 ഉം ഒന്നുമല്ല അവിടങ്ങളില്‍ കൃഷി എന്നാണ്‌ തോന്നുന്നത്‌ (ഞാന്‍ അമേരിക്ക കണ്ടിട്ടില്ല കേട്ടോ. സായിപ്പന്‍ ഡിന്നറിലൊക്കെ അമേരിക്കന്‍ സ്റ്റീം റൈസ്‌ എന്നു പറഞ്ഞു വച്ചിരിക്കുന്ന സംഭവം കഴിച്ചിട്ട്‌ എകദേശം നമ്മുടെ പുഴുക്കലരി ചോറിന്റെ ഒരു രുചി കുറേശ്ശെ കിട്ടാനുണ്ട്‌)

സോയ്‌ മില്‍ക്ക്‌ വെറുതേ കുടിക്കാന്‍ ഇഷ്ടമാണെങ്കിലും ഭക്ഷണത്തില്‍ എന്തോ അത്‌ ചേര്‍ത്താല്‍ എനിക്കു പിടിക്കുന്നില്ല. രുചി എന്നത്‌ ശീലമാണ്‌. ഒരുകാലത്ത്‌ ഏറ്റവും ഇഷ്ടം കള്ളുഷാപ്പിലെ കാളയിറച്ചി വറുത്തതായിരുന്നു. നിര്‍ത്തി കുറേ വര്‍ഷം കഴിഞ്ഞിട്ടിപ്പോള്‍ എരിവു എനിക്ക്‌ ഇഷ്ടമല്ലെന്ന് മാത്രമല്ല, സഹിക്കാന്‍ പറ്റുന്നേയില്ല, എണ്ണയൊലിക്കുന്ന എന്തും കഴിച്ചാല്‍ അപ്പോ ശര്‍ദ്ദിക്കാന്‍ വരുന്നു. ആ സുനില്‍ പറഞ്ഞതുപോലെ സെന്‍സുകളെ അതിഭയങ്കരമായി പ്രകോപിപ്പിച്ച്‌ ശീലിച്ചത്‌ ഇല്ലാതെയാക്കിയാല്‍ പിന്നെ അതു വേണ്ടാതെയുമാകും. സൂര്യനമസ്കാരം വളരെ നല്ല വ്യായാമമാണ്. (ഞാന്‍ യോഗ പഠിച്ചിട്ടില്ല, ടൂറിസത്തിലെ ഹൈ ടെക്ക് ആയുര്‍വേദം പോലെ ഇവിടങ്ങളില്‍ യോഗയും ഒരു തട്ടിപ്പു പ്രസ്ഥാനമായി പോയതുകൊണ്ട് ഞാന്‍ ഏറോബിക്സ് മാത്രം ചെയ്യുന്നു, കുറച്ചു മെഡിറ്റേഷന്‍ ഉണ്ടായിരുന്നത്, ഒറ്റക്ക് താമസം തുടങിയതോടെ പോയിക്കിട്ടി.)

മൂര്‍ത്തി,
പാം ഓയില്‍, കനോല, ഡാല്‍ഡ (ഹൈഡ്രജനേറ്റഡ്‌ വെജി ഫാറ്റ്‌) തുടങ്ങി ഇന്‍ഡസ്റ്റ്രിയല്‍ പ്രോസസ്സിംഗ്‌ നടത്തിയുണ്ടാക്കുന്ന എണ്ണകള്‍ എല്ലാം തീര്‍ച്ചയായും സ്വാഭാവിക എണ്ണകളെക്കാളും മോശമാണ്‌, കാരണം അത്‌ ലിക്വിഡ്‌ ഫാറ്റ്‌ എന്നതിലുമുപരി ഓക്സിഡന്റുമാണ്‌ (ഞാന്‍ ദീര്‍ഘമായി ഒരിക്കല്‍ എണ്ണയെക്കുറിച്ച്‌ എഴുതിയിട്ടുള്ളതുകൊണ്ട്‌ ആവര്‍ത്തിക്കുന്നില്ല) എന്നുവച്ച്‌ മറ്റു തരം എണ്ണകള്‍
വെളിച്ചെണ്ണ ഒലീവ്‌ ഓയില്‍ തുടങ്ങിയവ സുരക്ഷിതമാണെന്ന് അര്‍ത്ഥമില്ല. എല്ലാ എണ്ണകളും ദ്രവരൂപക്കൊഴുപ്പുകളാണ്‌, ചൂടാക്കിയ എണ്ണ അതിലും മോശമാണ്‌.

വെളിച്ചെണ്ണയും മലയാളിയുമായി പരിണാമത്തില്‍ അഡാപ്റ്റേഷന്‍ വരാന്‍ മാത്രം ഉപയോഗിച്ച്‌ പഴക്കമൊന്നുമില്ല. വടക്കേ ഇന്ത്യയിലൊക്കെ ഉണ്ടായിരുന്നിട്ടു പോലും കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ വരും വരെ തേങ്ങ കേട്ടു കേള്‍വി പോലും ഇല്ലായിരുന്നു.

പലപ്പോഴും പ്രകൃതി ചികിത്സകരും വൈദ്യശാസ്ത്രവും പറ്റെ പിണങ്ങിപ്പിരിയുന്നതിന്റെ ഒരു കാരണം നാച്ചുറോപ്പാത്തുകള്‍ നിരീക്ഷണങ്ങളും അനുമാനങ്ങളും മാത്രം അവലംബിക്കുന്നു എന്നതാണ്‌. പരീക്ഷിക്കപ്പെടാത്ത, ആവര്‍ത്തിച്ച്‌ പരീക്ഷിച്ച്‌ തെളിയിക്കപ്പെടാത്ത ഒന്നിലും പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കാത്തതാണ്‌ ശാസ്ത്രീയമായ രീതി. (ശാസ്ത്രീയമായ രീതി അല്ല അപൂര്‍വ്വമായെങ്കിലും ശാസ്ത്രത്തിന്റെ മേല്‍ കെട്ടിവച്ചു കൊടുക്കുന്നതെന്നതും നേരാണ്‌. മുകളില്‍ പറഞ്ഞ 20% ഫാറ്റ്‌ ഡയറ്റ്‌ ഒരിടത്തും പരീക്ഷിച്ച്‌ വിജയിച്ചതല്ല. എന്നിട്ടും അത്‌ കുറേക്കാലം ഡോക്റ്റര്‍മാര്‍ പാടി നടന്നു.)

പട്ടേരി l Patteri said...

പിന്നെ ഓട്ട്സിനു വേറെ ഒരു ഗുണം ഉണ്ട്‌ ..
ചപ്പാത്തി ചവചരച്ചു തിന്നാന്‍ 3-5 മിനുട്ട്സ്... ഓട്ട്സ് തണുപ്പിച്ചതാണെങ്കില്‍ വിത് ഇന്‍ 40 സെക്കന്റ്സ് ഗ്ലപ്പ് ഗ്ലപ്പ്... ഫിനിഷ്
രാവിലെ കിട്ടുന്ന 4.20 മിനുട്ടിസിനെ വില അറിയാവുന്നവറ്ക്ക് ഇത് ഉത്തമ ബ്രേക്ക് ഫാസ്റ്റ് :)
ഓ.ടൊ നാട്ടില്‍ കിട്ടുന്ന ഓട്ട്സിന്റെ ടിന്‍ തുറക്കാന്‍ ഭയങ്കര പാടായിരുന്നു :(

riyaz ahamed said...

പുതിയൊരു കവിതയെഴുതുന്നതു പോലെ, ഒരു ‘തപ്യോക്യാ പുഡ്ഡിംഗോ’ ഇഞ്ചി മുളകോഷ്യമോ പുതിയതായി ആവിഷ്കരിച്ചുണ്ടാക്കുന്നതു പോലെ, അരിയും ഗോതമ്പും ഓട്സും പയറും ചീരയും പച്ചക്കറിയും കൊണ്ട് എളുപ്പം തയാറാക്കാവുന്ന പുതിയ വിഭവങ്ങളെക്കുറിച്ചാലോചിക്കാമോ നമുക്ക്.

പ്രായമായ പുട്ടിനും (വ്ലാദിമിര്‍ പുട്ടിനല്ല) പത്തിരിക്കും പകരം വെക്കാന്‍ ഇപ്പോഴും എന്തുണ്ട് പുതിയതായി നമ്മുടെ കൈയില്‍? ഒരു പുതുമ വേണമല്ലോ. അതു കൊണ്ട് സുവും കുട്ടന്മെനൊനും അതുല്യേച്ചിയും കുറുമാന്‍ജിയും ദേവേട്ടനും ഉള്‍പ്പെടെയുള്ളവര്‍ ‘നല്ല പ്രാതലിനു ഒരു ബദലി’നെക്കുറിച്ചാലോചിക്കാമോ?

മറിച്ചായതു കൊണ്ടാവാം നമ്മള്‍ ബര്‍ഗറിലേക്ക് ഇപ്പോഴും പോകുന്നത്.

ദേവന്‍ said...

ഹയ്യോ എന്റെ പാചകമോ? പാതകം എന്നു പറയൂ റിസ്സേ. ബാക്കിയുള്ളവര്‍ ഇടട്ടെ, നമ്മുടെ മിക്ക പ്രാതല്‍ ഭക്ഷണവും നല്ലതാണ്, ഉണ്ടാക്കുന്ന രീതികളില്‍ ചില്ലറ മാറ്റം വരുത്താറായെന്നു മാത്രം.

[എന്നു വച്ചാല്‍ കടലക്കറിയുടെ റെസീഫ് ആരെങ്കിലും ഇട്ടു കഴിയുമ്പോള്‍ ഞാന്‍ വന്ന് എണ്ണയില്ലാതെ എങ്ങനെ കടുകുവറുക്കാം എന്നു കമന്റ് ഇട്ടിട്ടു പോകും, ഡയറക്ഷന്‍ വിടാന്‍ ഭയങ്കര എളുപ്പമല്ലേ :) ]

Siji vyloppilly said...

ഉണ്ടാക്കുന്ന രീതിയില്‍ മാത്രമമല്ല ദേവേട്ട കഴിക്കുന്ന രീതിയിലും മാറ്റം വരുത്തണം. രാവിലെ വളരെ ലെറ്റായിട്ട്‌ കഴിക്കണം എന്നാണ്‌ എന്റെ അഭിപ്രായം കാരണം നമ്മുടെ ശരീരം ഉറക്കത്തിനു ശേഷം അതിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടയുള്ളു. വേഗം ദഹിക്കുന്ന ഭക്ഷണങ്ങളായിരിക്കണം അപ്പോള്‍ കഴിക്കേണ്ടത്‌. ഉച്ചക്കായിരിക്കണം കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സമയം. ഭക്ഷണത്തിനൊപ്പം വെള്ളം ഒരിക്കലും കുടിക്കരുതെന്ന് ഞാന്‍ അടുത്ത്‌ വായിച്ചു, കാരണം നമ്മുടെ ദഹനത്തിനു സഹായിക്കുന്ന ഹെഡ്രോക്ലോറിക്ക്‌ ആസിഡിനെ നമ്മുടെ ഭഷണത്തിനൊപ്പം ചെല്ലുന്ന വെള്ളം നേര്‍പ്പിക്കുന്നു അതായത്‌ അതിന്റെ പ്രവര്‍ത്തനം അത്‌ കുറക്കുന്നു അതുകൊണ്ട്‌ സാധാരന ഗതിയിലുള്ള ദഹന പ്രക്രിയക്കെടുക്കുന്നതിന്റെ 2 ഇരട്ടി സമയം വേണ്ടിവരുന്നു ഭക്ഷണം ദഹിക്കാന്‍. അതുകൊണ്ട്‌ ഭക്ഷണത്തിന്‌ അരമണിക്കൂര്‍ മുമ്പ്‌ മാത്രമേ വെള്ളം കുടിക്കാവൂ. നമ്മുടെ പ്രഭാത ഭക്ഷണങ്ങള്‍ കുറച്ച്‌ അളവില്‍ കഴിച്ചാല്‍ കുഴപ്പമൊന്നുമില്ല. 6 ഇഡലിക്കുപകരം 3 ആക്കികുറക്കുകയോ ഒരു കുറ്റി പുട്ടിനു പകരം അരയാക്കി കുറക്കുകയോ ചെയ്യാം, പണ്ടുള്ളവര്‍ ദേഹമിനങ്ങി പണി ചെയ്യുന്നവരായതിനാല്‍ കാര്‍ബോഹെഡ്രേറ്റ്സിന്റെ അളവ്‌ എത്രകൂടിയാലും പ്രശ്നമുണ്ടായിരുന്നില്ല. ഇപ്പോള്‍ കൂടിവരുന്ന പ്രമേഹം പോലുള്ള രോഗങ്ങള്‍ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നു. പഠനങ്ങളെ കൂടുതലായി ആശ്രയിക്കണം എന്നില്ല കാരണം ഇന്ന് ഒന്ന് കണ്ടു പിടിച്ചാല്‍ നാളെ അവര്‍ അത്‌ മാറ്റിപ്പറയുന്നതായി കാണാം, ഉദാഹരണത്തിന്‌ പാല്‍ കുടിക്കരുതെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു ഇപ്പോള്‍ പാല്‍ കുടിക്കൂ എന്നാലേ ആരോഗ്യം വരൂ എന്ന പരസ്യങ്ങള്‍ അമേരിക്കയില്‍ കാണുന്നു.വന്‍ കിട കുത്തക കമ്പനിക്കാരാണ്‌ എല്ലാ പരീക്ഷണങ്ങളേയും നിയന്ത്രിക്കുന്നത്‌, അവരെ സാമ്പത്തിക നഷ്ടത്തിലേക്ക്‌ വലിച്ചിഴക്കുന്ന ഒന്നിനേയും അവര്‍ പ്രമോട്ട്‌ ചെയ്യില്ല എന്നാണ്‌ എനിക്കു തോന്നുന്നത്‌.

oru blogger said...

ചേട്ടാ,
ഒരോമ്ലറ്റുമൊക്കെ കഴിച്ചു അമേരിക്കായില്‍ ഇങ്ങനെ സ്റ്റാറ്റസോടെ ജീവിക്കുംബോള്‍, ദെ ഒരു മലയാളി ജ്ഞാനി ആയ താങ്കള്‍ പറയുന്നു രാവിലെ എഴുന്നേറ്റു കഞ്ഞി കുടിക്കാന്‍:)

താങ്കളുടെ ലേഖനങ്ങള്‍ വളരെ വിജ്ഞാനപ്രദമാണു. പക്ഷെ ഇതൊരു കടും കൈ ആയിപ്പോയി കേട്ടോ:)

അത്തിക്കുര്‍ശി said...

ഓട്‌സ്‌ സിന്ദാബാദ്‌!
ഞാന്‍ പരീക്ഷിച്ചു വിജയിച്ചതാണ്‌.. ഇപ്പൊഴും തുടരുന്നു..

കാലത്ത്‌ വെറും വയറ്റില്‍ ഓട്‌സ്‌! അസിഡിറ്റി.. കൊളസ്റ്റ്രോള്‍ രണ്ടിനും അശ്വാസം! എനിക്കും!!

ദേവന്‍ said...
This comment has been removed by the author.
ദേവന്‍ said...

സിജി പറഞ്ഞ ഓരോ വാചകത്തിന്റെയും താഴെ ഞാന്‍ ശരി എന്നു ചേര്‍ക്കുന്നു. രാവിലേ ഭക്ഷണത്തിനു മുന്നേ വെള്ളം കുടിക്കുന്നതെങ്ങനെയെന്ന് പണിക്കര്‍ മാഷ്‌ "ഉഷപാനം" എന്ന പേരില്‍ എവിടെയോ എഴുതിയതാണ്‌, ത്യപ്പിയിട്ടു കാണുന്നില്ല.

എത്രമാത്രം നിത്യ ജീവിതത്തില്‍ സ്ഥിരമായി പ്രായോജികമാക്കും എന്നതിലാണു ക്യാച്ച്‌. ഉദാഹരണത്തിനു പ്രാതല്‍ ഏറ്റവും ലഘുവും അതേ സമയം എട്ടൊമ്പത്‌ മണിക്കൂര്‍ ഗ്യാപ്പിനു ശേഷം കഴിക്കുന്നതായതുകൊണ്ട്‌ ഏറ്റവും പോഷകപുഷ്ടവും ആയിരിക്കണം എന്ന തത്വത്തിന്റെ ഏറ്റവും എക്സ്റ്റ്രീം ബ്രേക്ക്‌ ഫാസ്റ്റിനു ഗ്രീന്‍ സലാഡ്‌ മതി എന്നതാണ്‌. വയര്‍ വല്ലാതെ നിറയുന്ന വരെ അതു കഴിച്ചുപോവുകയുമില്ല. പക്ഷേ ആഴ്ച്കയില്‍ എത്ര ദിവസം അതു പാലിക്കാനാവും എന്നു ചോദിച്ചാല്‍ ഞാന്‍ മെല്ലെ തല കുനിച്ച്‌ "ഒന്ന്" എന്നു പറയും.

പ്രമേഹം കേരളത്തില്‍ ഭീതിദമായി ഉയരുന്നതിനെക്കുറിച്ച്‌ ഡോ. ഇക്ബാല്‍ സാര്‍ ഈയിടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രായപൂര്‍ത്തിയായ മലയാളികളില്‍ ഇരുപതു ശതമാനത്തോളം പേര്‍ ഡയബെറ്റിക്ക്‌ എന്ന കാറ്റഗറിയില്‍ പെടുത്താവുന്നവരാണെന്നും അതിലും കഷ്ടം അതില്‍ ഭൂരിപക്ഷം പേരും അത്‌ അറിയുന്നില്ല എന്നതാണെന്നും അദ്ദേഹത്തിന്റെ ഗവേഷണഫലം. ഹെല്‍ത്ത്‌ പോളിസി മെഡിക്കല്‍ യൂണിവേര്‍സിറ്റിയുടെ ഉത്തരവാദിത്തങ്ങളില്‍ കൊണ്ടുവന്ന് സനാതനവ്യാധികളെ (chronic diseases) നാട്ടില്‍ കുറയ്ക്കുവാനുള്ള ശ്രമവും അദ്ദേഹം ചെയര്‍മാനായ കമ്മിറ്റിയുടെ പരിഗണയിലുണ്ട്‌.

അവസാനമായി പാലിന്റെ കാര്യം. എറ്റവും വലിയ പ്രൊപ്പഗാന്‍ഡ നടക്കുന്ന അമേരിക്കയില്‍ നിന്നും തന്നെയാണ്‌ അതിനെതിരേയുള്ള പ്രതിഷേധവും ഏറ്റവും കൂടുതല്‍ ഉയരുന്നത്‌ milksucks.com whoneedmilk തുടങ്ങിയ സംഘടിത ആന്റി പ്രൊപ്പാഗാന്‍ഡിസ്റ്റുകളും എല്ലാം അവിടെന്നു തന്നെ.

ഇന്ത്യയില്‍ വെജിറ്റേറിയനിസം എന്നത്‌ ജൈന-ബുദ്ധമതക്കാലത്ത്‌ നിലവില്‍ വന്നതാണ്‌ (വേദിക്കുകള്‍ നോണ്‍ വിട്ടുള്ള കളിയില്ലായിരുന്നു) അക്കാരണം കൊണ്ട്‌ ആരോഗ്യം അല്ല അതിനെ നയിച്ചത്‌, അഹിംസാതത്വമായിരുന്നു. അങ്ങനെ എറ്റവും ഹിംസ കുറഞ്ഞ മാംസഭക്ഷണമെന്ന് അവര്‍ കണ്ട പാല്‍ ഒരു വിശിഷ്ട ഭോജ്യമായി പ്രചരിച്ചു. ദൈവത്തിനു മുതല്‍ പാമ്പിനു വരെ പാലു കോരി കൊടുത്തുകളഞ്ഞു. ഈ എരണം കെട്ട വീക്ഷണം മൂത്ത്‌ ഗോ മാതാവ്‌ എന്നു വരെ എത്തി (വിവേകാനന്ദനോട്‌ "ഗോവ്‌ മാതാവാണെ"ന്നു പറഞ്ഞ താടിയോട്‌ അങ്ങോര്‍ "അപ്പോള്‍ അങ്ങയുടെ അച്ഛനൊരു കാളയാണോ?" എന്നു ചോദിച്ചുപോയി)

ഒരു കാര്യം കൂടി. പരിപൂര്‍ണ്ണ വെജ്‌ ആകുന്നത്‌ മനുഷ്യന്റെ സ്വാഭാവിക രീതിയല്ലാതായിപ്പോയി. പരിണാമത്തില്‍ മനുഷ്യന്‍ മാംസാംശങ്ങള്‍ ഉള്‍പ്പെട്ട ഭക്ഷണം പതിനായിരക്കണക്കിനു വര്‍ഷമായി ഉള്‍പ്പെടുത്തിയതാവും കാരണം. വൈറ്റമിന്‍ b12 അതായത്‌ cyanocobalamin എന്ന
ജന്തുജന്യ വൈറ്റമിന്‍ മനുഷ്യനു സ്വയം നിര്‍മ്മിക്കാനുള്ള കഴിവില്ല. അതിനാല്‍ അഞ്ചു വര്‍ഷത്തിലേറെ പാല്‍ അടക്കം എല്ലാം വര്‍ജ്ജിച്ച വെജിറ്റേറിയനായി തുടരുന്നവര്‍ b12 വളരെ ചെറിയ തോതില്‍ സപ്ലിമന്റ്‌ ആയി കഴിക്കുന്നതാണു നല്ലത്‌. b12 അഭാവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായേ ഗൌരവമുള്ള അസുഖങ്ങള്‍ വരുത്തൂ എങ്കിലും ചുവന്ന രക്താണുക്കളുടെ ത്വരിത നിര്‍മ്മാണത്തിനു അതു സഹായിയാണ്‌. വെജിറ്റേറിയന്‍ ഡയറ്റിന്റെ അതിബഹുലമായ അഡ്വാന്റേജിനു മുന്നില്‍ b12 ഒന്നുമല്ല, പക്ഷേ അതും ഉള്‍പ്പെടുത്തുന്നതാണ്‌ നല്ലത്‌.

ഗീര്‍വ്വാണമെല്ലാം വായിച്ചു ബോറടിച്ചവര്‍ക്ക്‌ ഒരു ജോക്ക്‌
പാലില്‍ ഫാറ്റുണ്ട്‌, ബീയറില്‍ ഒട്ടുമില്ല. ഒരു ഗ്ലാസ്‌ പാലില്‍ 20എംജി വരെ കൊളസ്റ്റ്രോള്‍ ഉണ്ട്‌, ബീറില്‍ ഇല്ല. ബീര്‍ ഒരു കപ്പില്‍ അര ഗ്രാം ഫൈബര്‍ ഉണ്ട്‌, പാലില്‍ തീരെയില്ല. പാലിലെ സോഡിയം കണ്ടെന്റ്‌ ഭയങ്കരമായി ഉയര്‍ന്നതാണ്‌ ബീയറിനാ പ്രശ്നമില്ല. പാലില്‍ ഹോര്‍മോണുകളും ആന്റിബയോട്ടിക്കുകളും മറ്റും അപകടകരമായ അളവില്‍ അടങ്ങിയിരിക്കുന്നു, ബീയറില്‍ ലവലേശം ങേ ഹേ.

പാലുകുടി എല്ലുരോഗങ്ങള്‍, ആസ്ത്മ, ഹൃദയാഖാതം സ്തന ക്യാന്‍സര്‍ അലെര്‍ജികള്‍ തുടങ്ങി ഒട്ടേറേ രോഗം വരുത്താനുള്ള സാദ്ധ്യത വളരെയേറേ വര്‍ദ്ധിപ്പിക്കുന്നു. മദ്യാസക്തിയുള്ളയാളല്ലെങ്കില്‍ ബീയര്‍ ഗുരുതരമായ അസുഖങ്ങളൊന്നുമുണ്ടാക്കുന്നില്ല (PETA പ്രസിഡന്റിന്റെ പ്രസംഗത്തില്‍ നിന്ന്) ആ പാല്‍ക്കാപ്പി എടുത്തു തോട്ടിലെറിയൂ സഹോദരന്മാരേ, അതു വിഷമാണ്‌, നമുക്ക്‌ ഒരു ബഡ്‌വൈസര്‍ കഴിക്കാന്‍ പോകാം!
[സത്യവാങ്ങ്മൂലം- ഞാന്‍ ഇനിയും പരിപൂര്‍ണ്ണ വെജിറ്റേറിയന്‍ ആയിട്ടില്ല, മാംസവും മീനും അപൂര്‍വ്വമായെങ്കിലും കഴിക്കുന്നു. പക്ഷേ പാല്‍ തീരെയില്ല]

Kala said...

ദേവാ, ഈ സോയാമില്‍ക് അത്ര ആരോഗ്യകരമാണോ? സോയാ മില്‍ക്കിന്റെ പ്രശ്നങ്ങളെക്കുറിച്ച് കൂടി എഴുതാമോ?

സുല്‍ |Sul said...

മനുഷ്യനെ ആരൊഗ്യവാനാക്കുന്ന പോസ്റ്റ്. സിജിയുടേയും ദേവന്റേയും കമെന്റുകള്‍ അതിനോടൊപ്പം നില്‍ക്കുന്നു. കുറെയേറെ ഭക്ഷണശീല ക്രമങ്ങള്‍ (ഡയറ്റിങ് എന്നു പറയുന്നില്ല. ഉപയോഗിച്ചുപയോഗിച്ച് വികലാര്‍തം ലഭിച്ച ഒരു ആങ്ങലേയ പദം) മലയാളി ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ടെന്ന്, ഉയര്‍ന്നു വരുന്ന പഞ്ച നക്ഷത്ര ആശുപത്രികള്‍ വിളിച്ചു പറയുന്നില്ലേ.

നല്ല ലേഖനം. ഇനിയും പ്രതീക്ഷിക്കുന്നു.

-സുല്‍

ദേവന്‍ said...

കലേ, തീര്‍ച്ചയായും സോയെക്കുറിച്ച് ഒരാര്‍ട്ടിക്കിളെഴുതാം. 1997ല്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ സോയിലെ ഐസോഫ്ലാവന്‍ സ്ത്രീകളില്‍ ആര്‍ത്തവചക്രത്തില്‍ മാറ്റമുണ്ടാക്കുന്നെന്നും കുട്ടികളിലെ സീറം ഐസോഫ്ലാവന്‍ (രക്തത്തിലെ തോത്) സോയമാത്രം കുടിക്കുന്ന കുഞ്ഞുങ്ങളില്‍ കൂടുതലാണെന്നും പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെയുള്ള വിവാദങ്ങളെല്ലാം ഈ ഒറ്റ പഠനത്തെ ആധാരമാക്കി ഉള്ളതാണ്, മറ്റുള്ള മുപ്പതോളം ഗവേഷണങള്‍ ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ നുട്രീഷന്‍ പ്രസിദ്ധീകരിച്ചതിലെല്ലാം ഇങ്ങനെ ഒരു പ്രശ്നം എഴുതി തള്ളുന്ന രീതിയിലാണെങ്കിലും തെളിവായി ഒന്നെങ്കിലും മറിച്ചുള്ള സാഹചര്യത്തില്‍ സോയ ഭക്ഷണത്തിനു ഒരു പരമാവധി വയ്ക്കുന്നതാണു കുട്ടികളഉടെ കാര്യത്തില്‍ ബുദ്ധി എന്നു അനുമാനിക്കാന്‍ ചിലര്‍ പറയുന്നു.

ലാന്‍സെറ്റ് ഡ്രഗ് ലോബിയുടെ പിടിയില്‍ പിടയുന്ന കാലത്തായിരുന്നു ലേഖനമെന്നുവരെ ആക്ഷേപമുണ്ട്. ഇനിയിപ്പോള്‍ അതു ശരിയാണെങ്കില്‍ കൂടി പാലുമായി താരതംയം ചെയ്താല്‍ സോയുടെ പാര്‍ശ്വഫലങ്ങള്‍ പൂജ്യത്തോടടുത്തു തന്നെ നില്‍ക്കുന്നു.
സോയെക്കുറിച്ച് എഫ് ഡി ഏ ലേഖനം ഇവിടെ
http://www.fda.gov/Fdac/features/2000/300_soy.html

വനിത വിനോദ് said...
This comment has been removed by the author.
വനിത വിനോദ് said...

എനിക്കൊരു സംശയം. ഓട്‌സ് പാലില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കണം എന്നുണ്ടോ. വെള്ളം തിളപ്പിച്ച് അതില്‍ ഓട്‌സിട്ട് കുറുക്കി കഴിക്കാമല്ലോ. പാല്‍ ഇഷ്ടമില്ലാത്തവര്‍ക്ക് അതായിരിക്കും നല്ലത് എന്ന് തോന്നുന്നു. ഞാന്‍ അങ്ങിനെ ചെയ്യാറുണ്ട്. പാല്‍ ചിലരില്‍ കഫശല്യമുണ്ടാക്കാറുണ്ട്. പിന്നെ ഓട്‌സിന്റെ രുചി എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം പ്രഭാതഭക്ഷണം ഓട്‌സ് ആക്കുവാന്‍ ശ്രമിച്ചാല്‍ മതിയാകും അല്ലേ.

biju said...

ബ്രൗണ്‍ റെസ്‌ കുത്തരി അല്ല. നമ്മുടെ കുത്തിയും ബ്രാന്‍ മാറ്റിയ അരി ആണ്. യഥാര്‍ത്ഥ ബ്രൌണ്‍ റൈസ് ഉമി മാത്രം മാറ്റിയതാണ്. അതിന്റെ രുചിയില്‍ വല്യ വ്യത്യാസം ഉണ്ട്. പക്ഷെ അത് കഴിച്ചാല്‍ ഉടനെ വിശക്കില്ല. ഉറക്കം വരതുമില്ല.