Tuesday, March 27, 2007

ആഗോളതാപനം: കാലാവസ്ഥാമേഖലകള്‍ മാറിമറയും

ആഗോളതാപനം കാലാവസ്ഥയില്‍ വന്‍മാറ്റങ്ങളുണ്ടാക്കുമെന്നും, 2100-ഓടെ നിലവിലുള്ളവയ്‌ക്കു പകരം പുതിയ കാലാവസ്ഥാമേഖലകള്‍ പ്രത്യക്ഷപ്പെടുമെന്നും പഠനറിപ്പോര്‍ട്ട്‌.

വാസവ്യവസ്ഥകള്‍ക്ക്‌ ഇത്‌ കനത്ത ഭീഷണിയാവും, ജീവികളും സസ്യങ്ങളും വംശനാശത്തിന്റെ നിഴലിലാകും -റിപ്പോര്‍ട്ട്‌ പറയുന്നു. മനുഷ്യന്‌ അപരിചിതമായ കാലാവസ്ഥാമേഖലയായിരിക്കും ഉഷ്‌ണമേഖലാപ്രദേശത്ത്‌ രൂപപ്പെടുകയത്രെ.

യൂണിവേഴ്‌സിറ്റി ഓഫ്‌ വിസ്‌കോസിന്‍-മാഡിസണിലെ ഗവേഷകനായ ജാക്ക്‌ വില്യംസും സംഘവും ചേര്‍ന്ന്‌ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യമുള്ളത്‌. "പ്രാദേശികതലത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ കാലാവസ്ഥാമേഖലകള്‍(climate zones) അപ്രത്യക്ഷമാകും"-'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ഒരു പ്രത്യേക മേഖലയില്‍ അവിടുത്ത കാലാവസ്ഥയ്‌ക്കിണങ്ങി കഴിയുന്ന ജീവികള്‍ക്ക്‌ ഒരിടത്തും പോകാനില്ലാത്ത സ്ഥിതിവരും.കാലാവസ്ഥയ്‌ക്ക്‌ വ്യതിയാനം സംഭവിക്കുമ്പോള്‍ ചില പ്രത്യേക പ്രദേശങ്ങളിലെ ജീവജാലങ്ങള്‍ അപകടത്തിലാകുമെന്ന്‌ മുമ്പു ചില പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌; കോസ്‌റ്ററിക്കയിലെ വനമേഖലകളും ദക്ഷിണാഫ്രിക്കയുടെ തെക്കേയറ്റത്തുള്ള പ്രദേശങ്ങളും ഉദാഹരണം. എന്നാല്‍, ആഗോളതലത്തില്‍ തന്നെ കാലാവസ്ഥാമേഖലകള്‍ മറ്റിമറിക്കപ്പെടുമെന്ന്‌ ആദ്യമായാണ്‌ ഒരു റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നത്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും, ഭൂമിയുടെ ചൂട്‌ ചില വിതാനങ്ങളില്‍(latitudes) എട്ടു ഡിഗ്രിസെല്‍സിയസ്‌ വരെ ഉയരുമെന്നാണ്‌ പ്രവചനം. നിലവിലുള്ള കാലാവസ്ഥാമേഖലകള്‍ ഭൂമധ്യരേഖാപ്രദേശത്തുനിന്ന്‌ ധ്രുവങ്ങളുടെ ഭാഗത്തേക്ക്‌ മാറും-റിപ്പോര്‍ട്ട്‌ പറയുന്നു. ധ്രുവങ്ങളിലും ഹിമാലയം പോലുള്ള പര്‍വതങ്ങളിലെയും നിലവിലുള്ള കാലാവസ്ഥ അപ്രത്യക്ഷമാകും. "ധ്രുവക്കരടികളും സീലുകളും പോലുള്ള ജീവികളുടെ ആവാസവ്യവസ്ഥയാണ്‌ ഇതുമൂലം ഇല്ലാതാവുക"-ജാക്ക്‌ വില്യംസ്‌ പറയുന്നു.

കാലാവസ്ഥാവ്യതിയാനത്തിന്റെ കമ്പ്യൂട്ടര്‍ മാതൃകകളുപയോഗിച്ചാണ്‌ വില്യംസും സംഘവും പഠനം നടത്തിയത്‌. താപവ്യതിയാനം ഏറ്റവും കൂടുതല്‍ പ്രകടമാകുക ധ്രുവപ്രദേശത്തായിരിക്കും. കാരണം, ഹിമപാളികള്‍ അപ്രത്യക്ഷമാകുന്നതോടെ അവിടെ വീഴുന്ന സൂര്യപ്രകാശം പ്രതിഫലിപ്പിച്ച്‌ പുറത്തേക്ക്‌ കളയാനുള്ള ശേഷി ധ്രുവങ്ങള്‍ക്ക്‌ നഷ്ടമാകും. സൂര്യതാപം അവിടെ വന്‍തോതില്‍ ആഗിരണം ചെയ്യപ്പെടും.

ഒരു വശത്ത്‌ ധ്രുവകാലാവസ്ഥ അപ്രത്യക്ഷമാകുമ്പോള്‍, ഭൂമധ്യരേഖാപ്രദേശങ്ങളില്‍ അപരിചിതമായ പുതിയ കാലാവസ്ഥാമേഖലകള്‍ രൂപപ്പെടും. സാധാരണഗതിയില്‍, ഭൂമധ്യരേഖാപ്രദേശത്തെ താപനിലയിലും വര്‍ഷപാതത്തിലും വളരെക്കുറച്ച്‌ വ്യതിയാനമേ രേഖപ്പെടുത്താറുള്ളൂ. അതിനാല്‍, താപനിലയിലുണ്ടാകുന്ന ചെറിയ വര്‍ധന പോലും വലിയ മാറ്റങ്ങള്‍ ഈ പ്രദേശത്ത്‌ സൃഷ്ടിക്കും-വില്യംസിനൊപ്പം പഠനത്തില്‍ പങ്കുചേര്‍ന്ന ജോണ്‍ കുറ്റ്‌സ്‌ബാക്‌ പറയുന്നു.

കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വ്യാപനമാണ്‌ ആഗോളതാപനത്തിന്‌ കാരണം. പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗമാണ്‌ ഇത്തരം വാതകങ്ങളെ അന്തരീക്ഷത്തിലേക്ക്‌ വന്‍തോതില്‍ വ്യാപിപ്പിക്കുന്നത്‌. അരനൂറ്റാണ്ടിനിടെ ഭൂമിക്കുണ്ടായ താപവര്‍ധന മനുഷ്യസൃഷ്ടിയാകാനുള്ള സാധ്യത 90 ശതമാനമാണെന്നു വ്യക്തമാക്കുന്ന യു.എന്‍.റിപ്പോര്‍ട്ട്‌ കഴിഞ്ഞ ഫിബ്രവരി ആദ്യമാണ്‌ പുറത്തുവന്നത്‌. ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ആഗോളകാലാവസ്ഥയില്‍ അപകടകരമായ വ്യതിയാനങ്ങള്‍ സംഭവിക്കുമെന്ന്‌, ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ച്‌(ഐ.പി.സി.സി) തയ്യാറാക്കിയ ആ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുകയുണ്ടായി. കാണുക- ആഗോളതാപനം: പ്രതിസ്ഥാനത്ത്‌ മനുഷ്യന്‍ തന്നെ. (കടപ്പാട്‌: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌)

2 comments:

Joseph Antony said...

അടുത്ത നൂറ്റാണ്ടോടെ ഭൂമിയില്‍ ഇപ്പോഴുള്ള കാലാവസ്ഥാമേഖലകളാവില്ല ഉണ്ടാവുകയെന്ന്‌ പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു. ആവാസവ്യവസ്ഥകള്‍ ഇതുമൂലം വന്‍ഭീഷണി നേരിടും. ആഗോളതാപനത്തിന്റെ ആക്കം കൂടുന്നതാണ്‌ പ്രശ്‌‌നമത്രേ. അതെപ്പറ്റി..

oru blogger said...

ബുധന്‍ ശുക്രന്‍ ഭൂമി ചൊവ്വ,
അപ്പോ ശുക്രനിലും ചൊവ്വയിലും ഓരോ എ സി ഫിറ്റ് ചെയ്തു തണുത്ത കാറ്റു ഭൂമിയിലോട്ടടിപ്പിക്കാന്‍ എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍:)