കിഴക്കന്‍ ഏഷ്യയില്‍ ആര്ട്ടിക്കയത്ര വലിപ്പമുള്ള ഒരു ഭൂഗര്‍ഭസമുദ്രം സ്ഥിതിചെയ്യുന്നു. ഫലകചലന പ്രക്രിയയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് കരുതുന്നു
ഏഷ്യയില്‍ ഭൂപ്രതലത്തില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ ഉള്ളില്‍ ഒരു 'സമുദ്രം' സ്ഥിതിചെയ്യുന്നുവെന്ന കണ്ടെത്തല്‍ ഭൗമശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിന്റെയത്ര വിസ്താരമുള്ള ജലശേഖരമാണത്രേ കിഴക്കന്‍ ഏഷ്യയ്ക്കടിയില്‍ സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ ആന്തരപാളിയിലൂടെ കടന്നുവരുന്ന ഭൂകമ്പതരംഗങ്ങളെ(seismic waves) വിശകലനം ചെയ്യുന്നതിനിടെയാണ്, ഇത്തരമൊരു ജലശേഖരത്തിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
ഭൂപ്രതലത്തില്‍ നിന്ന് 700 മുതല്‍ 1400 കിലോമീറ്റര്‍ വരെ ആഴത്തിലാണ് വിചിത്ര ജലശേഖരം കണ്ടെത്തിയത്. പഴയനിയമത്തില്‍ പറയുന്ന നോഹയുടെ കാലത്തെ പ്രളയം ഈ ജലശേഖരം മൂലമാണോ ഉണ്ടായത് എന്നുപോലും അന്വേഷിക്കുന്ന ഡസണ്‍കണക്കിന് ഇ-മെയിലുകള്‍ തനിക്ക് ലഭിക്കുന്നതായി, 'ഭൂഗര്‍ഭസമുദ്രം' കണ്ടെത്തിയ സംഘത്തിന്റെ മേധാവി മൈക്കല്‍ വിസ്സെഷന് അറിയിക്കുന്നു. അമേരിക്കയില്‍ സെന്റ് ലൂയിസില്‍ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഭൂഗര്ഭശാസ്ത്രജ്ഞനാണ് അദ്ദേഹം.
ഭൂമിക്കടിയില്‍ കണ്ടെത്തിയ ജലശേഖരത്തെ സമുദ്രമെന്നു വിളിക്കുന്നത് പക്ഷേ, ആലങ്കാരികമായി മാത്രമാണ്. ശിലാപാളികള്‍ക്കിടയില്‍ വളരെ ചെറിയൊരു ശതമാനം(ഏതാണ്ട് 0.1 ശതമാനം) മാത്രമാണ് വെള്ളമെന്ന്, മൈക്കല്‍ വിസ്സെഷന് അറിയിക്കുന്നു. എന്നാല്‍, വളരെ വിശാലമായൊരു പ്രദേശത്താണ് ജലശേഖരം സ്ഥിതിചെയ്യുന്നത്. അതിനാല്‍ അതൊരു വലിയ ജലശേഖരമാണ്. സമുദ്രമെന്ന് വിളിക്കുന്നതിന് കാരണം ഇതാണെന്ന്, 'അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്' പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
മൈക്കല്‍ വിസ്സെഷനും ഗവേഷണവിദ്യാര്‍ത്ഥിയായ ജസ്സി ലോറന്‍സും വിദൂര ഭൂകമ്പങ്ങളുണ്ടാക്കുന്ന ഭൗമതരംഗങ്ങള്‍ പരിശോധിക്കുമ്പോഴാണ്, കിഴക്കന്‍ ഏഷ്യയ്ക്കടിയില്‍ ഈര്‍പ്പംനിറഞ്ഞ പ്രദേശം കണ്ടെത്തിയത്. ഭൂവത്ക്കത്തിനടിയിലെ മാന്റിലില്‍ ഭൂഗര്ഭതരംഗങ്ങള് കടന്നു വരുന്ന ഭാഗത്താണ് അതിവസ്തൃതമായ ജലശേഖരം ഉള്ളതായി സൂചന ലഭിച്ചത്. ഇന്‍ഡൊനീഷ്യ മുതല്‍ റഷ്യയുടെ വടക്കന്‍ മേഖല വരെ നീളുന്നു അത്. അതിലൂടെ കടന്നു വരുമ്പോള്‍ ഭൂഗര്ഭതരംഗങ്ങളുടെ ശക്തിക്ഷയിക്കുന്നതായി ഗവേഷകര്‍ കണ്ടു.
ഭൂപ്രതലത്തിലെ ഫലകചലനങ്ങളുടെ (plate tectonics) ഫലമായാണ് നൂറുകണക്കിന് കിലോമീറ്റര്‍ അന്തര്‍ഭാഗത്ത് ഈ 'സമുദ്രം' രൂപപ്പെട്ടതെന്ന് ഗവേഷകര്‍ കരുതുന്നു. ഭൗമപാളിയിലൂടെ ഉള്ളിലേക്ക് കടക്കുന്ന ജലം സാധാരണഗതിയില്‍ നൂറുകിലോമീറ്റര്‍ ആഴത്തിലെത്തുമ്പോള്‍ തന്നെ ചൂടുമൂലം നീരാവിയായി മാറുകയും അഗ്നിപര്‍വത സ്ഫോടനവേളയില്‍ പുറത്തുവരികയും ചെയ്യും. എന്നാല്‍, 'പെസഫിക് വലയം'(Pacific Rim) എന്നറിയപ്പെടുന്ന മേഖലയുടെ കിഴക്കന്‍ ഭാഗത്തെ സവിശേഷത മൂലമാണ് ഇപ്പോള്‍ കണ്ടെത്തിയ ഭൂഗര്‍ഭജലശേഖരം അത്രയും ആഴത്തില്‍ കുടുങ്ങിപ്പോകാന്‍ ഇടയായതെന്ന് ഗവേഷകര്‍ കരുതുന്നു.
ഭൂമിയുടെ വിധിയെക്കുറിച്ചുള്ള സൂചന പുതിയ ഗവേഷണം നല്‍കുന്നതായി, സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഭൗമഭൗതികശാസ്ത്രജ്ഞന് നോര്‍മന്‍ സ്ലീപ്പ് അഭിപ്രായപ്പെടുന്നു. അദ്ദേഹം ഗവേഷണസംഘത്തില്‍ അംഗമായിരുന്നില്ല. ഭൂമിക്കു ചെറുപ്പമായിരുന്നപ്പോള്‍ ഭൂമിയുടെ ആഴങ്ങളില്‍ നിന്ന് അഗ്നിപര്‍വത സ്ഫോടനങ്ങളില്‍ വാതകങ്ങള്‍ക്കൊപ്പം പുറത്തുവന്ന ജലബാഷ്പം ക്രമേണ ഇവിടെ സമുദ്രങ്ങളുടെ രൂപപ്പെടലിന് അടിത്തറ പാകി-നോര്‍മന്‍ സ്ലീപ്പ് അറിയിക്കുന്നു. പ്രായംകൂടി ഭൂമി തണുത്തുവന്നപ്പോള് ഈ പ്രക്രിയ വിപരീത ദിശയിലായി; വെള്ളം ഭൂമിയുടെ അടയിലേക്ക് കടക്കാന്‍ സാധ്യതയേറി.
ഭൂമിക്കുള്ളില്‍ നിന്ന് പുറത്തെത്തി ഘനീഭവിക്കുന്ന ജലത്തെക്കാള്‍ കൂടുതല്‍ വെള്ളം ഇപ്പോള്‍ ഭൂമിക്കടിയിലേക്ക് പോകുന്നുണ്ട്. ഇങ്ങനെ ഭൂവത്ക്കത്തിനടിയില് വെള്ളം ശേഖരിക്കപ്പെടുന്നത് ഭൂമിയുടെ സുസ്ഥിരതയ്ക്ക് സഹായകമാണെന്ന്, നോര്‍മന്‍ സ്ലീപ്പ് പറയുന്നു. ഫലകങ്ങള്‍ (plates) തെന്നിനീങ്ങാനും ഇപ്പോഴത്തെ ഭൂപ്രതലത്തിലെ അവസ്ഥ നിലനില്ക്കാനും സാഹായിക്കുന്ന 'ലൂബ്രിക്കന്റ് ' പോലെ ഭൂമിക്കടിയില്‍ പെടുന്ന ജലം പ്രവര്‍ത്തിക്കുമത്രേ. ഭൂഖണ്ഡങ്ങളുടെ കനവും സ്ഥിതിയും താരതമ്യേന സുസ്ഥിരമായി നിലനിര്‍ത്താന്‍ ഇതു സഹായിക്കും-നോര്‍മന്‍ സ്ലീപ്പ് അഭിപ്രായപ്പെടുന്നു.(അവലംബം: നാഷണല്‍ ജ്യോഗ്രഫിക് ന്യൂസ്)
5 comments:
ആര്‍ട്ടിക് സമുദ്രത്തിന്റെ വലിപ്പമുള്ള ഒരു സമുദ്രം കിഴക്കന്‍ ഏഷ്യയ്ക്കടിയില്‍ കണ്ടെത്തിയത് ഭൗമശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുകയാണ്. ഭൗമഘടനയെക്കുറിച്ച് കൂടുതലറിയാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
റെഫറന്‍സുകളും മറ്റും കൊടുത്ത് ലേഖനം കൂടുതല്‍ വിജ്ഞാനപ്രദമാക്കുമല്ലോ, രസകരമായ വസ്തുതകള്‍.
വിജ്ഞാനപ്രദവും
-പാര്‍വതി.
അറിവുള്ളതിന്റെ പതിന്മടങ്ങാണ് നാമറിയാത്ത കാര്യങ്ങള്‍ . പുതിയവിവരങ്ങള്‍ എത്തിയ്ക്കുന്നതിനു കുറിഞ്ഞി ഓണ്‍ ലൈനിനു നന്ദി.
അന്തര്‍ ഭാഗത്തെ മര്‍ദ്ദം ക്രമാതീതമായി ഉയരുന്ന ഒരു സാഹചര്യം വന്നാല്‍ ഇതെല്ലാം കൂടെ ഭൂമിയുടെ മുകളിലേയ്ക്കെങ്ങാനും ഉയര്‍ന്നു വരുമോ?.
ചുമ്മാതല്ല ഇന്‍ഡോനേഷ്യ എപ്പോഴും കുലുങ്ങുന്നതു !
Good Info...
Thank you for sharing :)
qw_er_ty
കുറിഞ്ഞി, ഇത്തരം പുതിയ അറിവുകള്‍ തരുന്ന ഈ ബ്ലോഗ് പ്രശംസ അര്‍ഹിക്കുന്നു. ഇനിയും ഇത്തരം കാര്യങ്ങള്‍ എഴുതുമല്ലോ.
Post a Comment