Monday, March 26, 2007

ചിത്രശലഭങ്ങള്‍ക്ക്‌ ശുഭയാത്ര; ഹൈവെ അടച്ചിടുന്നു

മനുഷ്യര്‍ക്കൊപ്പം മറ്റുജീവകള്‍ക്കു കഴിയേണ്ടേ. ചിത്രശലഭങ്ങളുടെ ദേശാടനപാതയെ ഹൈവെയാക്കി മാറ്റിയപ്പോള്‍ തയ്‌വാന്‍ അധികൃതര്‍ ഇക്കാര്യമോര്‍ത്തില്ല. ഇപ്പോള്‍ അവര്‍ പ്രയശ്ചിത്തം ചെയ്യുകയാണ്‌, ശലഭങ്ങളുടെ ദേശാടനത്തിന്‌ ഹൈവെ അടച്ചിട്ടുകൊണ്ട്‌

രുന്ന ഏപ്രില്‍ മൂന്ന്‌, നാല്‌, അഞ്ച്‌ തിയതികളില്‍ മധ്യതയ്‌വാനിലെ ലിനേയ്‌ ടൗണ്‍ഷിപ്പിലെ തിരക്കേറിയ നാഷണല്‍ ഹൈവെയിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ രാവിലെ അല്‍പ്പം ബുദ്ധിമുട്ട്‌ അനുഭവിക്കും തീര്‍ച്ച. ആ സമയത്ത്‌ അതുവഴി പോകുന്ന ഒരുകൂട്ടം വി.ഐ.പികളുടെ സൗകര്യാര്‍ത്ഥം ഹൈവെയുടെ ഒരു ഭാഗം അധികൃതര്‍ അടച്ചിടുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ 'മില്‍ക്ക്‌വീഡ്‌' ചിത്രശലഭങ്ങള്‍(milkweed butterfly) ആണ്‌ ആ വി.ഐ.പികള്‍. ചിത്രശലഭങ്ങളുടെ ദേശാടനം പാരമ്യത്തിലെത്തുന്ന സമയമാണ്‌ ആ ഏപ്രില്‍ദിനങ്ങളിലെ പ്രഭാതങ്ങള്‍.

ഇതുമൂലം ഹൈവെയില്‍ ട്രാഫിക്‌ജാം ഉറപ്പാണ്‌. ജനങ്ങള്‍ക്ക്‌ മറ്റ്‌ചില ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷേ, ഇത്തരം പ്രശ്‌നങ്ങളൊക്ക സഹിച്ചുകൊണ്ടു തന്നെ ചിത്രശലഭങ്ങള്‍ക്കായി ഹൈവെ അടച്ചിടുന്നത്‌ അത്ര മോശപ്പെട്ട കാര്യമല്ലെന്നെന്ന്‌, നാഷണല്‍ ഫ്രീവേ ബ്യൂറോയുടെ മേധാവി ലീ തായ്‌മിങ്‌ അഭിപ്രായപ്പെടുന്നത്‌. ''മറ്റു ജീവികള്‍ക്കൊപ്പം, അവ ചെറുചിത്രശലഭങ്ങളാണെങ്കില്‍ പോലും, മനുഷ്യന്‍ സഹവസിക്കേണ്ടത്‌ ആവശ്യമാണ്‌"-തായ്‌മിങ്‌ പറയുന്നു.

രാജ്യത്തെ മില്‍ക്ക്‌വീഡ്‌ ചിത്രശലഭങ്ങളില്‍ മൂന്നുലൊന്നു ഭാഗം ശൈത്യകാലത്തിന്റെ അവസാനം വടക്കന്‍ പ്രദേശത്തേക്ക്‌ ദേശാടനം നടത്താറുണ്ട്‌. 300 കിലോമീറ്റര്‍ വരുന്ന അവയുടെ സഞ്ചാരപഥത്തില്‍ ലിനേയ്‌ ടൗണ്‍ഷിപ്പിലെ 600 മീറ്റര്‍ ഹൈവെയും ഉള്‍പ്പെടുന്നു. ഫ്‌ളൈഓവര്‍ മാതിരി ഉയര്‍ന്നു നില്‍ക്കുന്ന ആ ഹൈവെ ഭാഗത്തുകൂടി 2005 ഏപ്രില്‍ മൂന്നിന്‌, മിനിറ്റില്‍ ശരാശരി 11,500 ചിത്രശലഭങ്ങള്‍ പറന്നതായി, പരിസ്ഥിതി വിദഗ്‌ധന്‍ ഝാന്‍ ജിയലോങും സംഘവും കണ്ടെത്തുകയുണ്ടായി. ഈ കണക്കു പ്രകാരം രാവിലത്തെ മൂന്നു മണിക്കൂര്‍കൊണ്ട്‌ ഏതാണ്ട്‌ പത്തുലക്ഷത്തോളം ചിത്രശലഭങ്ങള്‍ ഹൈവെ കടന്നു പോകുന്നു. മൂന്നു ദിവസം കൊണ്ട്‌ മുപ്പതുലക്ഷം ചിത്രശലഭങ്ങള്‍.

ഹൈവെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഒട്ടേറെ ചിത്രശലഭങ്ങള്‍ കാറുകളില്‍ തട്ടിയും വാഹനങ്ങള്‍ക്കടിയില്‍പെട്ടും നശിക്കും, ഝാന്‍ അറിയിക്കുന്നു. ഐ-ഷോവു സര്‍വകലാശാലയിലെ പ്രൊഫ. സ്വീഹു ചെങ്‌ നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍ പ്രകാരം ഓരോ സീസണിലും ആയിരക്കണക്കിന്‌ ചിത്രശലഭങ്ങള്‍ ഹൈവെയില്‍ ചത്തുവീഴാറുണ്ട്‌. സംരക്ഷണ പ്രശ്‌നംനാലുവര്‍ഷം മുമ്പ്‌ ഹൈവെ നിര്‍മിച്ചപ്പോള്‍ ആരും കണക്കിലെടുത്തിരുന്നില്ല. ചിത്രശലഭങ്ങളുടെ കൊലക്കളമാണ്‌ ഹൈവെയെന്ന്‌ പിന്നീടാണ്‌ വ്യക്തമായത്‌.

മൂന്നുദിവസം രാവിലെ ഹൈവെ അടച്ചിടുന്നതുകൊണ്ട്‌ തീരുന്നില്ല ചിത്രശലഭങ്ങളെ രക്ഷിക്കാനുള്ള ശ്രമം. ശലഭങ്ങളെ ഉയര്‍ന്നു പറക്കാന്‍ പ്രേരിപ്പിക്കാനായി ഹൈവെയുടെ ആ ഭാഗത്ത്‌ അധികൃതര്‍ വല സ്ഥാപിച്ചു കഴിഞ്ഞു. ഹൈവെയ്‌ക്ക്‌ അടിയിലൂടെ പറക്കാനായി ചിത്രശലഭങ്ങളെ ആകര്‍ഷിക്കാന്‍ സ്ഥാപിക്കുന്ന ആള്‍ട്രവയലറ്റ്‌ ലൈറ്റുകളുടെ പരീക്ഷണ ഉപയോഗവും തുടങ്ങിക്കഴിഞ്ഞു. മൊത്തം ചെലവ്‌ 30,000 ഡോളര്‍(13.5 ലക്ഷംരൂപ) വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. തയ്‌വാന്‍ മേഖലയിലെ ഭക്ഷ്യശൃംഗലയില്‍ സുപ്രധാന സ്ഥാനമാണ്‌ മില്‍ക്ക്‌വീഡ്‌ ചിത്രശലഭങ്ങള്‍ക്കുള്ളതെന്ന്‌, പ്രൊഫ.ചെങ്‌ അഭിപ്രായപ്പെടുന്നു.

ഓരോ ശൈത്യകാലത്തും ഇത്തരം ലക്ഷക്കണക്കിന്‌ ചിത്രശലഭങ്ങള്‍ തെക്കന്‍ പ്രദേശത്തേക്ക്‌ ദേശാടനം നടത്തുന്നു. തെക്കന്‍ തയ്‌വാനിലെ 'പര്‍പ്പിള്‍ ബട്ടര്‍ഫ്‌ളൈ വാലി"യെന്നറിയപ്പെടുന്ന പ്രദേശത്ത്‌ നവംബര്‍ തുടക്കത്തില്‍ ആറുലക്ഷത്തോളം ചിത്രശലഭങ്ങള്‍ തമ്പടിച്ചിരിക്കും. ശൈത്യത്തില്‍ മൊണാര്‍ക്ക്‌ ചിത്രശലഭങ്ങള്‍ വന്‍തോതില്‍ തമ്പടിക്കുന്ന മെക്‌സിക്കയിലെ പ്രതിഭാസത്തിന്‌ സമാനമായി ഭൂമുഖത്ത്‌ ഒറ്റ സ്ഥലമേയുള്ളൂ. അത്‌ തയ്‌വാനിലെ ഈ താഴ്‌വരയാണ്‌. അവിടെ കൂട്ടമായെത്തുന്ന ശലഭങ്ങളാണ്‌ ഏപ്രില്‍ ആദ്യം വടക്കന്‍ പ്രദേശത്തേക്ക്‌ മടങ്ങുന്നത്‌.(കടപ്പാട്‌: എ.എഫ്‌.പി, ബിബിസി ന്യൂസ്‌)

3 comments:

JA said...

ചിത്രശലഭങ്ങളുടെ ദേശാടനം മുടങ്ങാതിരിക്കാനായി തയ്‌വാനില്‍ ഹൈവെ അടച്ചിടുന്നു. ആയിരക്കണക്കിന്‌ ശലഭങ്ങള്‍ വാഹനങ്ങളില്‍ തട്ടി നശിക്കാതിരിക്കാനാണിത്‌

തമ്പിയളിയന്‍ said...

ഇന്ത്യയില്‍ വിരലിലെണ്ണാവുന്നത്രമാത്രം അവശേഷിക്കുന്ന ബംഗാള്‍ കടുവകളെ രക്ഷിക്കാന്‍ ഇന്ത്യ ഗവര്‍ണ്മെന്റ് എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍!

സ്വപ്നാടകന്‍ said...

environmental മൂരാച്ചികള്‍ക്ക് എന്തും ചെയാമെന്നായിട്ടുണ്ട്... പൂമ്പാറ്റകള്‍ക്കു വേണ്ടി ഹൈവേ അടച്ചിടുന്നു പോലും! :)