Monday, March 19, 2007

മനുഷ്യന്റെ അജ്ഞാതസഹചാരികള്‍

ആരാണ്‌ നമുക്കൊപ്പം ജീവിക്കുന്നതെന്ന്‌ അറിയാമോ? അറിയില്ല എന്നതാണ്‌ സത്യം. മനുഷ്യചര്‍മത്തില്‍ 'സുഖമായി ഉണ്ടുതാമസിക്കുന്ന' ഒരു ഡസനിലേറെ ബാക്ടീരിയകളെ പുതിയതായി കണ്ടെത്തിയെന്ന വാര്‍ത്ത തെളിയിക്കുന്നത്‌ ഈ വസ്‌തുതയാണ്‌

നുഷ്യശരീരം കോടാനുകോടി സൂക്ഷ്‌മജീവികളുടെ കൂടി സങ്കേതമാണ്‌; പ്രത്യേകിച്ചും ബാക്ടീരിയകളുടെ. ഓരോ മനുഷ്യശരീരത്തിലും ഏതാണ്ട്‌ 10 ക്വാഡ്രില്ല്യണ്‍(quadrillion) കോശങ്ങളുണ്ടെന്നാണ്‌ കണക്ക്‌. ഓരോ ശരീരത്തിലും എത്ര ബാക്ടീരിയകളുണ്ടെന്നോ; നൂറ്‌ ക്വാഡ്രില്ല്യണ്‍! കോശങ്ങളും ബാക്ടീരിയകളും തമ്മിലുള്ള അനുപാതം-ഒന്നിന്‌ പത്ത്‌.

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ചര്‍മമാണ്‌. അതുകൊണ്ടു തന്നെ ചര്‍മ്മമാണ്‌ ശരീരത്തില്‍ ബാക്ടിരീയകളുടെ മുഖ്യതാവളങ്ങളൊന്ന്‌. ഇനിയും ശാസ്‌ത്രലോകം തിരിച്ചറിയാത്ത നൂറുകണക്കിന്‌ അജ്ഞാത ബാക്ടീരിയകള്‍ ചര്‍മത്തില്‍ സുഖമായി കഴിയുന്നവത്രേ. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പുതിയൊരു പഠനമാണ്‌ ഈ അജ്ഞാതസഹചാരികളുടെ രഹസ്യം വെളിപ്പെടുത്തിയത്‌.

ആറുപേരുടെ കൈക്കുഴയുടെ മുകള്‍ഭാഗത്തുള്ള ചര്‍മത്തില്‍ നിന്ന്‌ സൂക്ഷ്‌മാണുക്കളെ ശേഖരിച്ചാണ്‌ ഗവേഷകര്‍ പഠനം നടത്തിയത്‌. 182 ഇനം ബാക്ടീരിയകളെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായി. അതില്‍ എട്ടുശതമാനം(ഏതാണ്ട്‌ 15 എണ്ണം) സൂക്ഷ്‌മജീവികള്‍ ശാസ്‌ത്രത്തിന്‌ പുതിയതാണത്രേ. 'തന്മാത്രാമാര്‍ഗ്ഗം'(molecular method) ഉപയോഗിച്ചായിരുന്നു പഠനമെന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

വളരെ ശ്രമകരമായിരുന്നു പഠനമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ന്യൂയോര്‍ക്ക്‌ സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഴാന്‍ ഗാവോ സാക്ഷ്യപ്പെടുത്തുന്നു. മൂന്നുവര്‍ഷമെടുത്തു ബാക്ടീരിയകളെ തിരിച്ചറിയാന്‍. പുതിയൊരു അജ്ഞാതലോകമാണ്‌ ഗവേഷകര്‍ക്കു തുറന്നു കിട്ടിയത്‌. "മനുഷ്യചര്‍മ്മം ശരിക്കുമൊരു 'ബാക്ടീരിയാകാഴ്‌ചബംഗ്ലാവ്‌' തന്നെയാണ്‌"-ഗവേഷണത്തില്‍ പങ്കാളിയായ പ്രൊഫ. മാര്‍ട്ടിന്‍ ബ്ലേസര്‍ പറയുന്നു.

വ്യക്തികള്‍ക്കനുസരിച്ച്‌ അവരുടെ ശരീരത്തിലെ ബാക്ടീരിയകളും മാറുന്നുവെന്നതാണ്‌, ഗവേഷണത്തില്‍ വ്യക്തമായ വിചിത്രവസ്‌തുത. വ്യക്തിയുടെ ഭക്ഷണശീലം, ശുചിത്വം എന്നിവയൊക്കെ ബാക്ടീരിയകളുടെ ഇനങ്ങളില്‍ മാറ്റമുണ്ടാക്കുന്ന ഘടകമാകുന്നു. ലോകത്ത്‌ അറുന്നൂറുകോടിയിലേറെ മനുഷ്യരുണ്ട്‌. ഇത്രയും പേരുടെ ചര്‍മത്തിലും വ്യത്യസ്‌തയിനം ബാക്ടീരിയയുണ്ടെങ്കില്‍...എത്രയെണ്ണത്തെ ഇനിയും കണ്ടുപിടിക്കാനുണ്ടെന്ന്‌ സങ്കല്‍പ്പിച്ചു നോക്കുക.

എന്നാല്‍ ചര്‍മത്തില്‍ പൊതുവായി കാണപ്പെടുന്ന ബാക്ടീരിയകളുടെ ശതമാനമാണ്‌ കൂടുതലെന്ന്‌ ഗവേഷകര്‍ പറയുന്നു. പഠനവിധേയമാക്കിയവരില്‍ മൊത്തം കണ്ടെത്തിയത്‌ 182 ഇനം ബാക്ടീരിയകളാണ്‌. അതില്‍ 91 ശതമാനവും മൂന്നു ഫൈല(phylum)ങ്ങളില്‍ പെട്ടവയായിരുന്നു: ആക്ടിനോബാക്ടീരിയ, ഫിര്‍മിക്യൂട്ടസ്‌, പ്രോട്ടിയോബാക്ടീരിയ എന്നിവയില്‍. ആറുപേരിലും ഈ മൂന്നു ഫൈലങ്ങളില്‍ പെട്ട ബാക്ടീരിയകള്‍ കണ്ടെത്തിയ സ്ഥിതിക്ക്‌ ഇവ മനുഷ്യശരീരത്തിലെ സ്ഥിരം താമസക്കാരാണെന്ന്‌ ഗവേഷകര്‍ നിഗമനത്തിലെത്തി.

ആരോഗ്യമുള്ളവരെ സംബന്ധിച്ച്‌ ഈ ബാക്ടീരിയകള്‍ രോഗാണുക്കളല്ല. നല്ല ബാക്ടീരിയകളില്ലാതെ ശരീരത്തിന്‌ അതിജീവിക്കാന്‍ കഴിയില്ല എന്നതാണ്‌ സത്യം-ഗവേഷകര്‍ പറയുന്നു. രോഗമുള്ള ചര്‍മത്തിലെ ബാക്ടീരിയകളെക്കുറിച്ചാണത്രേ ഴാന്‍ ഗാവോയും സംഘവും ഇനി പഠനം നടത്താന്‍ പോകുന്നത്‌. വ്രണങ്ങളും മറ്റ്‌ രോഗങ്ങളും ബാധിച്ച ചര്‍മത്തിലെ അന്തേവാസികള്‍ ആരാണെന്ന്‌ അറിയുന്നത്‌, തീര്‍ച്ചയായും ചികിത്സാരംഗത്തും ഔഷധഗവേഷണരംഗത്തും പ്രയോജനപ്പെടും (കടപ്പാട്‌: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌).

7 comments:

Joseph Antony said...

മനുഷ്യചര്‍മം ശരിക്കുമൊരു 'ബാക്ടീരിയാകാഴ്‌ചബംഗ്ലാവാ'ണ്‌. അവിടെ കണ്ടുപിടിക്കപ്പെടാത്ത ബാക്ടീരിയകള്‍ ഇനിയും ഒട്ടേറെയുണ്ട്‌. അജ്ഞാതസഹചാരികള്‍ക്കൊപ്പമാണ്‌ മനുഷ്യന്‍ ജീവിക്കുന്നതെന്നു സാരം. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു ഗവേഷണത്തെക്കുറിച്ച്‌.

Unknown said...

കൊള്ളാം. കൌതുകകരമായ ലേഖനം.

വേണു venu said...

thikacchum kouthukam uNartthunna lEkhanangngaL.

സ്വാര്‍ത്ഥന്‍ said...

ശരീരത്തിന്റെ ഗന്ധവും ഈ ബാക്റ്റീരിയകളും ബന്ധപ്പെട്ടിരിക്കുന്നുവൊ?

Joseph Antony said...

ശരീരഗന്ധവും ചര്‍മത്തിലെ ബാക്ടീരിയകളും തമ്മില്‍ തീര്‍ച്ചയായും ബന്ധം ഉണ്ടാകം സ്വാര്‍ത്ഥന്‍

ദേവന്‍ said...

സ്വാര്‍ത്ഥാ,
ബാക്ടീരിയകളും, ഫംഗസുകളും, ശരീരം ചില അവസ്ഥകളിലും രോഗങ്ങളിലും പുറപ്പെടുവിക്കുന്ന ദ്രവങ്ങളും ചലങ്ങളും ഹോര്‍മോണുകളും വിയര്‍പ്പുനാറ്റം ഉണ്ടാക്കുന്നു . വിയര്‍പ്പുനാറ്റത്തിന്റെ വൈദ്യശാസ്ത്രനാമമായ Bromhidrosis എന്നു ഗൂഗിളില്‍ കൊടുത്താല്‍ വിശദമായ പലേ ലേഖനങ്ങളും കിട്ടും. (വിക്കിയിലെ ലേഖനത്തില്‍ പിശകുകള്‍ ഉണ്ടോ എന്നു സംശയം, അതൊഴിവാക്കി ഹോസ്പിറ്റലുകള്‍ പ്രസിദ്ധീകരിക്കുന്ന സൈറ്റുകള്‍ നോക്കുക)

ശരീരം രണ്ടു തരം വിയര്‍പ്പുകള്‍ ഉണ്ടാക്കുന്നുണ്ട്‌. പ്രധാനമായും ശരീരോഷ്മാവ്‌ നിലനിര്‍ത്തുക എന്ന ധര്‍മ്മം വഹിക്കുന്ന എക്രീന്‍ ഗ്രന്ധികളുടെ സ്രവവും, എന്തിനെന്ന് ശാസ്ത്രത്തിനു ഇനിയും വലിയ പിടിയില്ലാത്ത (ഇതില്‍ ഇണയെ ആകര്‍ഷിക്കുന്ന ഫിറോമോണ്‍ മനുഷ്യനുണ്ടെന്നും ഇല്ലെന്നും ഒക്കെ വാദമുണ്ട്‌) അപോക്രിന്‍ സ്രവവും. ഇതില്‍ അപ്പോക്രിന്‍ പുറപ്പെടുവിക്കുന്ന വിയര്‍പ്പാണ്‌ ഏതാണ്ട്‌ എല്ലാ കേസുകളിലും നാറ്റത്തിന്റെ കാരണമാകുന്നത്‌. ഈ ഗ്രന്ഥികളില്‍ മഹാഭൂരിപക്ഷവും ഗോപ്യസന്ധികളില്‍ പ്രായപൂര്‍ത്തിയോടെ വളര്‍ന്നുവരികയാണ്‌ ചെയ്യുന്നത്‌. വിയര്‍പ്പുനാറ്റത്തിന്റെ ഉറവിടം ആ സ്ഥാനങ്ങളായി ഭവിക്കുന്നു.

കുട്ടികളില്‍ വിയര്‍പ്പുനാറ്റം അപൂര്‍വ്വമായി മാത്രമേ കാണാറുള്ളു, കാരണം അപോക്രിന്‍ ഗ്രന്ഥികള്‍ അവരില്‍ സ്രവങ്ങളുണ്ടാക്കുന്നില്ല. (വിയര്‍പ്പ്‌ നാറ്റം കുട്ടികളില്‍ കാണുന്നെങ്കില്‍ ഉടന്‍ വൈദ്യസഹായം
തേടേണ്ടതുണ്ട്‌, സാധാരണയില്‍ നിന്നും വ്യത്യസ്ഥമായ എന്തോ ആയിരിക്കും അത്‌)

സ്വാര്‍ത്ഥന്‍ said...

ദേവോ,
സ്ഥിരമായി ഒരേ ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നവരുടെ വിയര്‍പ്പിലും ആ ഗന്ധം നിറഞ്ഞ് നില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉദാ: മദ്യപാനികള്‍, ചാള/മത്തി മുതലായ മത്സ്യം സ്ഥിരമായി കഴിക്കുന്നവര്‍, കോഴിയിറച്ചി മാത്രം തിന്നേണ്ടി വരുന്ന ലേബര്‍ ക്യാമ്പ് വാസികള്‍...
അപോക്രിന്‍ സ്രവം ശരീരത്തിലെ മാലിന്യം പുറംതള്ളുന്നതിനു സഹായിക്കുന്നുണ്ടാകുമോ?