Thursday, March 01, 2007

ബാക്ടീരിയയില്‍ ഒരു ഡയറിക്കുറിപ്പ്‌

വിവരശേഖരണത്തിന്‌ ബാക്ടീരിയകളെ ഉപയോഗിക്കാമെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ ജപ്പാനിലെ ഗവേഷകര്‍. അങ്ങനെ സംഭരിക്കപ്പെടുന്ന ഡേറ്റായ്‌ക്ക്‌ കാലങ്ങളെ അതിജീവിക്കാനാകും

നുഷ്യവര്‍ഗ്ഗമൊടുങ്ങിയാലും ഭൂമിയില്‍ ബാക്ടീരിയകള്‍ അവശേഷിക്കും. അവയ്‌ക്ക്‌ അത്രയ്‌ക്ക്‌ അതിജീവനശേഷിയുണ്ട്‌. ഏത്‌ പ്രതികൂല സാഹചര്യത്തെയും മറികടന്ന്‌ അവയ്‌ക്ക്‌ ജീവിക്കാനാകും. ആണവമാലിന്യത്തില്‍ മുതല്‍ ആര്‍ട്ടിക്കിന്റെ തണുത്തുറഞ്ഞ അടിത്തട്ടില്‍ വരെ സുഖമായി കഴിയുന്ന ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്‌. അങ്ങനെയുള്ള ബാക്ടീരിയയില്‍ വിവരങ്ങള്‍ സൂക്ഷിച്ചു വെയ്‌ക്കാമെന്നു വന്നാലോ. ആ വിവരങ്ങള്‍ കാലത്തെ അതിജീവിക്കും, തീര്‍ച്ച. ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാന്‍ ഒരു നവീനമാര്‍ഗ്ഗം ആവിഷ്‌ക്കരിച്ചിരിക്കുകയാണ്‌ ജാപ്പനിലെ ഗവേഷകര്‍.


വിവരസാങ്കേതികവിദ്യയുടെ യുഗമാണിത്‌. വിവരശേഖരണത്തിന്‌ മുമ്പെങ്ങുമില്ലാത്ത വിധം പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ ഈ കാലത്തിന്റെ സവിശേഷത. കോംപാക്ട്‌ ഡിസ്‌കു(സിഡി)കളും ഡിജിറ്റല്‍ വെഴ്‌സെറ്റൈല്‍ ഡിസ്‌കു(ഡിവിഡി)കളും ഹാര്‍ഡ്‌ ഡ്രൈവുകളും ഫ്‌ളാഷ്‌ മെമ്മറിയുടെയുമൊക്കെ വഴി ഡിജിറ്റല്‍ രൂപത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവെയ്‌ക്കാന്‍ കഴിയുന്നു. വിവരസാങ്കേതികവിദ്യയുടെ മുഖമുദ്ര തന്നെയാണിത്‌.


എന്നാല്‍, ബാക്ടീരിയയുടെ ജീനുകളില്‍ ഡിജിറ്റല്‍ഡേറ്റ ശേഖരിച്ചു സൂക്ഷിക്കാനുള്ള സങ്കേതമാണ്‌ ജാപ്പനീസ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌. വിവരശേഖരണത്തില്‍ പുത്തന്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലാണിത്‌. മണ്ണില്‍ വസ്‌തുക്കള്‍ ദ്രവിക്കുന്ന ഇടങ്ങളില്‍ കാണപ്പെടുന്ന 'ബാസിലസ്‌ ബാക്ടീരിയ'(bacillus bacterium)ത്തിലാണ്‌, വിവരശേഖരണം നടത്താന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞത്‌. പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാന്‍ ശേഷിയുള്ള സൂക്ഷ്‌മാണുവാണ്‌ ഈ ബാക്ടീരിയ.


ഓരോ ബാക്ടീരയത്തിലും രണ്ട്‌ മെഗാബിറ്റ്‌ (2MB) ഡേറ്റ ശേഖരിക്കാനാകും എന്ന്‌ ഗവേഷകര്‍ കണ്ടു. രണ്ട്‌ മെഗാബിറ്റ്‌ എന്നു പറഞ്ഞാല്‍ 16 ലക്ഷം റോമന്‍ലിപികള്‍ക്കു തുല്യമാണെന്നോര്‍ക്കുക. കീയോ സര്‍വകലാശാലയ്‌ക്കു കീഴില്‍ 'ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ ബയോസയന്‍സസി'ലെ യോഷിയാകി ഒഹാഷിയും സംഘവുമാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. "വേണമെങ്കില്‍ എന്റെ സ്വകാര്യ ഡയറി ഈ ബാക്ടീരിയകളിലേക്ക്‌ ഡിജിറ്റല്‍ രൂപത്തില്‍ പകര്‍ത്താം. എന്റെ കുഴിമാടത്തില്‍ ആ ബാക്ടീരിയകള്‍ സുഖമായി കഴിഞ്ഞോളും. ആയിരക്കണക്കിന്‌ വര്‍ഷം കഴിഞ്ഞാലും അവയിലൂടെ എന്റെ വാക്കുകള്‍ ജീവിക്കും"-ഒഹാഷി അറിയിക്കുന്നു.


ബാക്ടീരിയയുടെ ജീനുകളില്‍ സന്നിവേശിപ്പിച്ച വിവരം ജിനോം വിദ്യയുടെ സഹായത്തോടെ പരീക്ഷണശാലയില്‍ അക്ഷരരൂപത്തില്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ബാക്ടീരിയയുടെ ഡി.എന്‍.എ.യില്‍ നാലു വ്യത്യസ്‌തയിടങ്ങളില്‍ ഡേറ്റാ സന്നിവേശിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ഏതെങ്കിലും രീതിയില്‍ ഒരു സ്ഥലത്തെ വിവിരശേഖരം നശിച്ചാലും മറ്റുള്ളവ 'ബാക്ക്‌അപ്‌' ആയി സ്ഥിതിചെയ്യും! പുതിയ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തുവരാന്‍ പക്ഷേ, ഇനിയും ഏറെ പഠനങ്ങള്‍ വേണമെന്ന്‌ ഗവേഷകര്‍ അറിയിക്കുന്നു.


ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങളെയാകെ നിയന്ത്രിക്കുന്ന രാസനിര്‍ദ്ദേശങ്ങളാണ്‌ ജീനുകളില്‍ സ്ഥിതിചെയ്യുന്നത്‌. ജീനുകളുടെ നിര്‍ദ്ദേശപ്രകാരം കോശങ്ങള്‍ നിര്‍മിക്കുന്ന പതിനായിരക്കണക്കിന്‌ പ്രോട്ടീനുകളാണ്‌ ഏതു ജീവിയുടെയും ജീവിതം സാധ്യമാക്കുന്നത്‌. അതിനാല്‍, ജീനുകളും ഒരു തരത്തില്‍ പറഞ്ഞാല്‍ ഡേറ്റ തന്നെ; 'ജനിതകഡേറ്റ'. ആ രാസനിര്‍ദ്ദേശങ്ങള്‍ക്കിടയില്‍ അന്യവിവരങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള വിദ്യയാണ്‌ ഗവേഷകര്‍ കണ്ടെത്തിയത്‌. ബാക്ടീരിയ തലമുറകള്‍ പിന്നിടുമ്പോള്‍ ഇത്തരത്തില്‍ സൂക്ഷിച്ചുവെച്ച വിവരങ്ങള്‍ 'മലിനമാക്ക'പ്പെടുന്നില്ല എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. അതിനുശേഷമേ പുതിയ വിദ്യ പ്രയോഗതലത്തിലെത്തൂ.


പ്രായോഗിക തലത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാകാം ഈ സങ്കേതത്തിന്റെ ആദ്യ ഗുണഭോക്താക്കളെന്നു കരുതുന്നു. കമ്പനികള്‍ക്ക്‌ തങ്ങളുടെ ഉത്‌പന്നങ്ങളുടെ മാതൃകാവകാശം(patent) സംരക്ഷിക്കാന്‍ ഇത്തരം ബാക്ടീരിയകളെ 'മാര്‍ക്കറുകളാ'യി ഉപയോഗിക്കാം. 'ബാക്ടീരിയാമാര്‍ക്കറു'കളെ മറ്റുള്ളവര്‍ക്ക്‌ എളുപ്പം കബളിപ്പിച്ച്‌ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കാന്‍ കഴിയില്ല. തങ്ങളുടെ ബ്രാന്‍ഡിനെ ഏത്‌ വ്യാജനില്‍ നിന്നും തിരിച്ചറിയാന്‍ സഹായിക്കുന്ന 'സ്റ്റാമ്പു'കളായും ഈ വിദ്യ പ്രയോജനപ്പെടുത്താം; ഉത്‌പന്ന പാക്കറ്റുകളില്‍ ഹോളോഗ്രാം സ്‌റ്റാമ്പുകള്‍ പതിക്കും പോലെ.

1 comment:

Joseph Antony said...

വിവരശേഖരണത്തിന്‌ ഒരു പുത്തന്‍ മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ചിരിക്കുകയാണ്‌ ജപ്പാനിലെ ഗവേഷകര്‍-ബാക്ടീരിയകളുടെ ജീനില്‍ ഡിജിറ്റല്‍രൂപത്തില്‍ വിവരങ്ങള്‍ സന്നിവേശിപ്പിക്കുക; ആവശ്യമുള്ളപ്പോള്‍ തിരിച്ചെടുക്കുക