Tuesday, March 20, 2007

139 വര്‍ഷത്തിന്‌ ശേഷം ആ വയല്‍ക്കുരുവി

ഏതാണ്ട്‌ ഒന്നര നൂറ്റാണ്ടിന്‌ ശേഷം ഒരു അപൂര്‍വ്വ പക്ഷി വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍; അതും ഒരു പക്ഷിനിരീക്ഷകന്റെ മുന്നില്‍


ഭൂ
മുഖത്തെ ഏറ്റവും നിഗൂഢത പേറുന്ന പക്ഷികളുടെ പട്ടികയിലാണ്‌ 'ലാര്‍ജ്‌ ബില്‍ഡ്‌ റീഡ്‌ വാര്‍ബ്ലര്‍' എന്ന വയല്‍ക്കുരുവിയുടെ സ്ഥാനം. 139 വര്‍ഷം മുമ്പാണ്‌ ആ പക്ഷിയെ അവസാനമായി കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്‌; ഹിമാചല്‍പ്രദേശിലെ സത്‌ലജ്‌ താഴ്‌വരയില്‍ നിന്ന്‌. വംശനാശത്തിന്‌ കീഴടങ്ങിയെന്നു കരുതിയിരുന്ന ആ വയല്‍ക്കുരുവി, മറ്റൊരു രാജ്യത്ത്‌ വേറൊരു കാലത്ത്‌ ഒരു പക്ഷിനിരീക്ഷകന്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയിരിക്കും?


2006 മാര്‍ച്ച്‌ 27-ന്‌ അതാണ്‌ സംഭവിച്ചത്‌. മഹിദോല്‍ സര്‍വകലാശാലയില്‍ ജീവശാസ്‌ത്രവകുപ്പിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഫിലിപ്പ്‌ റൗണ്ട,്‌ തായ്‌ലന്‍ഡിലെ ബാങ്കോക്കിന്‌ പുറത്തൊരു വാട്ടര്‍ടാങ്കിന്‌ സമീപം നിരീക്ഷണം നടത്തുകയായിരുന്നു. സാധാരണ വയല്‍ക്കുരുവികളില്‍ നിന്നു വിഭിന്നമായ ഒന്ന്‌ അദ്ദേഹത്തിന്റെ പിടിയില്‍ പെട്ടു. "എന്തോ അസാധാരണത്വം ആ പക്ഷിക്കുണ്ടായിരുന്നു. ഒലിവ്‌ബ്രൗണ്‍ നിറമുള്ള ആ വയല്‍ക്കുരുവിയുടെ കൊക്ക്‌ നിഗൂഢമാംവിധം നീണ്ടതും, ചിറകുകള്‍ അസാധാരണമാംവിധം ചെറുതുമായിരുന്നു"- ഫിലിപ്പ്‌ റൗണ്ട്‌ അറിയിക്കുന്നു.

പെട്ടന്ന്‌ നടുക്കമുളവാക്കുന്ന ഒരു ചിന്ത ഫിലിപ്പ്‌ റൗണ്ടിന്റെ മനസിലൂടെ കടന്നു പോയി. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമെന്നു കരുതുന്ന 'ലാര്‍ജ്‌ ബില്‍ഡ്‌ റീഡ്‌ വാര്‍ബ്ലര്‍' ആണോ തന്റെ കൈയില്‍ പെട്ടിരിക്കുന്നത്‌? 1867-ല്‍ ഇന്ത്യയില്‍ കണ്ട ശേഷം ഈ പക്ഷിയെ തിരിച്ചറിയുന്ന ആദ്യവ്യക്തിയാണോ താന്‍. സംശയം ദൂരീകരിക്കാനായി ആ നീര്‍പക്ഷിയുടെ രണ്ട്‌ തൂവലുകള്‍ അദ്ദേഹം അടര്‍ത്തിയെടുത്ത്‌, ഡി.എന്‍.എ.പരിശോധനയ്‌ക്ക്‌ സ്വീഡനില്‍ ലുന്‍ഡ്‌ സര്‍വകലാശാലയിലെ സ്‌റ്റഫാന്‍ ബെന്‍സ്‌ചിന്‌ അയച്ചുകൊടുത്തു.

ഇന്ത്യയില്‍ പണ്ട്‌ കണ്ടെത്തിയ സ്‌പെസിമെന്റെ ഡി.എന്‍.എ. പരിശോധിച്ചിട്ടുള്ള ബെന്‍സ്‌ച്‌ സ്ഥിരീകരിച്ചു; തായ്‌ലന്‍ഡില്‍ കണ്ടതും ആ വയല്‍ക്കുരുവി തന്നെ, സംശയം വേണ്ട! വിചിത്രമെന്നേ പറയേണ്ടൂ, ഫിലിപ്പ്‌ റൗണ്ടിന്റെ കണ്ടെത്തലിന്‌ ആറുമാസത്തിന്‌ ശേഷം ഇംഗ്ലണ്ടില്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഒരു ഡ്രോയറില്‍ നിന്ന്‌ എന്നോ മറന്നിട്ട സ്റ്റഫ്‌ ചെയ്‌ത പക്ഷിയെ കണ്ടെത്തി. അതും 'ലാര്‍ജ്‌ ബില്‍ഡ്‌ റീഡ്‌ വാര്‍ബ്ലര്‍' ആയിരുന്നു!

ഈ നിഗൂഢവയല്‍ക്കുരുവിയക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ഈ കണ്ടെത്തല്‍ അവസരമൊരുക്കിയെന്ന്‌, ബ്രിട്ടനിലെ 'ബേഡ്‌ ലൈഫ്‌ ഇന്റര്‍നാഷണല്‍' എന്ന സംഘടന അറിയിക്കുന്നു. പഠനറിപ്പോര്‍ട്ട്‌ പുതിയ ലക്കം 'ജേര്‍ണല്‍ ഓഫ്‌ ഏവിയന്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. "ഇന്ത്യയില്‍ മാത്രമുള്ളതെന്നു കരുതിയിരുന്ന, അതും നാമാവശേഷമായെന്നു കരുതിയിരുന്ന, ഈ നീര്‍പക്ഷിയെ തായ്‌ലന്‍ഡില്‍ നിന്നു കണ്ടെത്തിയത്‌ വിചിത്രമാണ്‌"-ബേഡ്‌ ലൈഫ്‌ ഇന്റര്‍നാഷണലിലെ സ്റ്റുവര്‍ട്ട്‌ ബുറ്റ്‌ചാര്‍ട്ട്‌ പ്രസ്‌താവനയില്‍ പറയുന്നു.

തായ്‌ലന്‍ഡില്‍ നിന്നുള്ള കണ്ടെത്തല്‍, ഈ വയല്‍ക്കുരുവിയെ ഇന്ത്യയില്‍ വീണ്ടും കണ്ടെത്താനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണെന്ന്‌ ബോംബൈ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി (BNHS) ഡയറക്ടര്‍ ആസാദ്‌ റഹ്‌മാനി പറയുന്നു. 139 വര്‍ഷത്തിന്‌ ശേഷം ഒരു പക്ഷിനിരീക്ഷകന്റെ മുന്നില്‍ തന്നെ ഈ വയല്‍ക്കുരുവി വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നത്‌ അതിശയകരമാണെന്ന്‌, സ്റ്റുവര്‍ട്ട്‌ ബുറ്റ്‌ചാര്‍ട്ട്‌ അഭിപ്രായപ്പെട്ടു. ശരിക്കുപറഞ്ഞാല്‍ ഈ പക്ഷിയെക്കുറിച്ച്‌ ഗവേഷകര്‍ക്ക്‌ ഒന്നും വ്യക്തമായി അറിയില്ല എന്നതാണ്‌ വാസ്‌തവം. പക്ഷേ, ഈ വയല്‍ക്കുരുവിയെ ബംഗ്ലാദേശ്‌, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്താന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന്‌ അദ്ദേഹം പറയുന്നു.(അവലംബം: ബേഡ്‌ ലൈഫ്‌ ഇന്റര്‍നാഷണല്‍, വാര്‍ത്താഏജന്‍സികള്‍).

7 comments:

Joseph Antony said...

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ഇന്ത്യന്‍ വയല്‍ക്കുരുവി 139 വര്‍ഷത്തിന്‌ ശേഷം തായ്‌‌ലന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു. അതെക്കുറിച്ച്‌...

സു | Su said...

വയല്‍ക്കുരുവിയെ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്നറിഞ്ഞതിലും, അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞതിലും സന്തോഷം.

Kumar Neelakandan © (Kumar NM) said...

ആ വയല്‍കുരുവിയെ കാണാനുള്ള യോഗം എനിക്കാണെങ്കില്‍ നിങ്ങളുടെ ഈ പോസ്റ്റിന്റെ വിവരങ്ങള്‍ അടക്കം ഞാന്‍ അതിനെ “ടാഗ്” ചെയ്തു വിടാം.

ഇപ്പോള്‍ പക്ഷികളെ ടാഗ് ചെയ്യുന്ന ചെറു പക്ഷി പ്രേമി സംഘങ്ങള്‍ നമ്മുടെ നാടിലുണ്ടാകുമോ ആവോ?

Cibu C J (സിബു) said...

എന്തിനാണ് ഈ ചിത്രത്തില്‍ പച്ചനിറം ഇത്ര കൂട്ടിയിട്ടിരിക്കുന്നത്‌. ഒറിജിനല്‍ ചിത്രം വളരെ നാച്ചുറലായി തോന്നുന്നു.

Joseph Antony said...

സിബു,
അത് അബദ്ധത്തില്‍ സംഭവിച്ചു പോയതാണ്.ചൂണ്ടിക്കാട്ടിയതിന് നന്ദി

Cibu C J (സിബു) said...

പറയാന്‍ മറന്നു.. കൌതുകമേറിയ ലേഖനമാണിത്‌. എല്ലാം വായിക്കാറുണ്ട്‌. ഇത്‌ പ്രത്യേകിച്ചും.

Kaippally കൈപ്പള്ളി said...

ഇതുപോലെ ഒന്നും എന്റെ മുന്നില്‍ വരുന്നില്ലല്ലോ.